UPDATES

വായന/സംസ്കാരം

എഴുത്തുകാരനെ ഭീഷണിപ്പെടുത്തുന്നത് കണ്ടുനില്‍ക്കാനാവില്ല; ഹരീഷിനെ പിന്തുണച്ചു പെരുമാള്‍ മുരുകന്‍

ഹിന്ദുത്വസംഘടനകളുടെ നിരന്തരഭീഷണിയെ തുടർന്ന് മാതോരുഭഗൻ എന്ന തന്റെ നോവൽ വിപണിയിൽ നിന്നും പിൻവലിക്കേണ്ടി വരികയും പിന്നീട് എഴുത്ത് നിറുത്തുകയാണെന്ന് പ്രഖ്യാപിക്കേണ്ടി വരികയും ചെയ്ത എഴുത്തുകാരനാണ് പെരുമാൾ മുരുകൻ

ഹിന്ദുത്വ സംഘടനകളുടെ എതിർപ്പ് മൂലം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന എസ് ഹരീഷിന്റെ മീശ എന്ന നോവൽ പിൻവലിക്കാൻ എഴുത്തുകാരന് തീരുമാനിക്കേണ്ടി വന്നത് രാജ്യത്ത് നിലനിൽക്കുന്ന അപായകരമായ സാഹചര്യത്തിന്റെ പ്രതിഫലനമാണെന്ന് പ്രശസ്ത തമിഴ് നോവലിസ്റ്റ് പെരുമാൾ മുരുകൻ. അഭിപ്രായങ്ങളെ സ്വതന്ത്രമായി വിഹരിക്കാൻ വിടുന്നതിനെയാണ് ജനാധിപത്യമെന്ന് വിളിക്കുകയെന്ന് പെരുമാൾ മുരുകൻ അഴിമുഖത്തോട് പറഞ്ഞു.

“എഴുത്തിൽ വരുന്ന വിഷയങ്ങളിൽ വിവാദങ്ങളിലേർപ്പെടുന്നതിൽ താൽ‌പര്യമുള്ളയാളല്ല ഞാൻ. എന്നാൽ, ഒരെഴുത്തുകാരന്റെ വാക്കുകൾ തടയുന്നത്ര പോകും വിധത്തിൽ പ്രക്ഷോഭം നടത്തുന്നതും ഭീഷണിപ്പെടുത്തുന്നതും കണ്ടു നിൽക്കാനാകില്ല. അത് തെറ്റാണ്. അത് ജനാധിപത്യവ്യവസ്ഥയ്ക്ക് എതിരായ ഒരു രീതിയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.” പെരുമാൾ മുരുകൻ പറഞ്ഞു.

എല്ലാ അഭിപ്രായങ്ങൾക്കും ഇടം ലഭിക്കേണ്ട ഒന്നാണ് ജനാധിപത്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരഭിപ്രായത്തിന് എതിരഭിപ്രായം വരുന്നത് സാധാരണമാണ്. അതിൽ വിവാദങ്ങളുമുണ്ടാകും. അത് ജനാധിപത്യത്തിന്റെ കാതൽ. അതിനെ അംഗീകരിക്കാതെ ഒരഭിപ്രായത്തെ മുടക്കണമെന്ന് കരുതുന്നതും, അത്തരം അഭിപ്രായത്തെ മുന്നോട്ടുവെക്കുന്ന എഴുത്തുകാർ അടക്കമുള്ള സർഗാത്മ പ്രവൃത്തിയിലേർപ്പെടുന്ന മനുഷ്യരെ അടക്കിവെക്കാൻ ശ്രമിക്കുന്നതും അങ്ങേയറ്റം അപലപിക്കപ്പെടേണ്ട ഒരു വിഷയമാണെന്നും പെരുമാൾ മുരുകൻ പറഞ്ഞു.

വളരെയധികം അപായകരമായ ഒരു സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നതെന്ന ആശങ്കയും പെരുമാൾ മുരുകൻ പങ്കുവെച്ചു. ജനാധിപത്യത്തിന് ആപത്തുണ്ടാക്കുന്ന സാഹചര്യമാണിത്. സ്വന്തമായ വാക്ക് എഴുതാൻ കഴിയില്ലെന്നും, പറയാൻ കഴിയില്ലെന്നും വന്നാൽ ജനാധിപത്യമല്ല, അവിടെ സർവ്വാധിപത്യമോ സർവ്വാധിപത്യ പ്രവണതയോ ആണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ വാക്കുകൾ മുടക്കപ്പെടുമ്പോൾ ജനാധിപത്യം നിലനിൽക്കുന്ന നാടും സർവ്വാധിപത്യം നിലനില്‍ക്കുന്ന നാടും തമ്മിൽ എന്താണ് വ്യത്യാസമുള്ളതെന്നും അദ്ദേഹം ചോദിച്ചു. എന്തുതരം അഭിപ്രായമാണെങ്കിലും അത് എഴുതുന്നതിന് സ്വാതന്ത്ര്യം വേണം. ഇല്ലെങ്കിൽ അത് വലിയ ആപത്താണെന്ന് പെരുമാൾ മുരുകൻ പറഞ്ഞു.

ഹിന്ദുത്വസംഘടനകളുടെ നിരന്തരഭീഷണിയെ തുടർന്ന് മാതോരുഭഗൻ എന്ന തന്റെ നോവൽ വിപണിയിൽ നിന്നും പിൻവലിക്കേണ്ടി വരികയും പിന്നീട് എഴുത്ത് നിറുത്തുകയാണെന്ന് പ്രഖ്യാപിക്കേണ്ടി വരികയും ചെയ്ത എഴുത്തുകാരനാണ് പെരുമാൾ മുരുകൻ.

എസ് ഹരീഷിന്റെ നോവലിൽ ഹിന്ദുവിരുദ്ധമായ പരാമർശങ്ങളുണ്ടെന്ന് കാട്ടി ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ പരസ്യമായി രംഗത്തു വന്നിരുന്നു. നോവലിന്റെ തുടർഭാഗങ്ങൾ മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കില്ലെന്നാണ് ഹരീഷ് പറയുന്നത്. ഹരീഷിനും കുടുംബാംഗങ്ങൾക്കുമെതിരെ ഭീഷണികൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് നോവൽ പിൻ‍വലിക്കാൻ അദ്ദേഹം നിർബന്ധിതനായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍