UPDATES

എസ്.സി/എസ്.ടി കുട്ടികളുടെ ‘ക്വാളിറ്റി’ ഉറപ്പാക്കാന്‍ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് കട്ട് ഓഫ്; നടപടി വേണമെന്ന് കമ്മീഷന്‍

ഈ സര്‍വകലാശാലയിലാണ് മതിയായ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ പഠിപ്പ് നിര്‍ത്തി പോകുകയും, പെണ്‍കുട്ടികള്‍ സര്‍വകലാശാല ലൈബ്രറികളില്‍ രാപ്പകല്‍ സമരം നടത്തുകയും ചെയ്തത്.

കേരള കേന്ദ്ര സര്‍വകശാലയുടെ 2017ലെ പിഎച്ച്ഡി എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികജാതി/പട്ടികവര്‍ഗ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന എസ് സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ പരാതിയിന്മേല്‍ കേന്ദ്ര പട്ടികജാതി, പട്ടിക വര്‍ഗ കമ്മിഷന്‍ ഇടപെടുന്നു. വിദ്യാര്‍ത്ഥിയുടെ പരാതി സ്വീകരിച്ച കമ്മിഷന്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാറോട് ആവശ്യമായ നടപടി എടുക്കാനും, എടുത്ത നടപടിയും പരാതിയുമായി ബന്ധപ്പെട്ട വിഷയത്തിന്റെ വസ്തുതകളും ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് കമ്മിഷന് ഇരുപതു ദിവസത്തിനകം സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

ഇപ്പോള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നു വ്യക്തമാക്കി, പരാതി നല്‍കിയ വിദ്യാര്‍ത്ഥി സംസാരിക്കുന്നു-  ‘കഴിഞ്ഞ വര്‍ഷം വരെ പിഎച്ച്ഡി പരീക്ഷ DET (Departmental Entrance Test) എന്ന രീതിയിലായിരുന്നു. എന്നാല്‍ ഇത്തവണ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന CUCET എന്ന പൊതുപ്രവേശന പരീക്ഷ വഴിയാണ് നടത്തിയത്. അതില്‍ നെഗറ്റീവ് മാര്‍ക്കും ഉണ്ടായിരുന്നു. ആദ്യം എല്ലാ വിഷയങ്ങള്‍ക്കും 50 ശതമാനം കട്ട് ഓഫ് നിശ്ചയിക്കുകയും ചെയ്തു. പക്ഷെ ഈ ഉയര്‍ന്ന കട്ട് ഓഫില്‍ ആരും ഇന്റര്‍വ്യൂന് എത്തിയില്ല. തുടര്‍ന്ന് കട്ട് ഓഫ് കുറച്ചു. സയന്‍സ് വിഷയങ്ങള്‍ക്ക് 50 ശതമാനം നിലനിര്‍ത്തുകയും ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ക്ക് 5 ശതമാനം കുറച്ച് 45 ശതമാനം എന്നാക്കി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതൊരു ജനറല്‍ കട്ട് ഓഫ് എന്ന രീതിയില്‍ വെച്ചപ്പോള്‍ SC/ ST വിഭാഗങ്ങള്‍ക്ക് ജനറല്‍ കട്ട് ഓഫിനേക്കാള്‍ 5 ശതമാനം കുറയ്ക്കാനുള്ള മാനദണ്ഡമുണ്ടെന്നു കാണിച്ചു പരാതി നല്‍കി. അങ്ങനെയാണ് പിന്നെയും 5 ശതമാനം കുറച്ച് 40 ശതമാനമാക്കിയത്. എന്നാലും ഇതും ഓരോ വിഷയങ്ങളില്‍ വന്ന ചോദ്യങ്ങളുടെ തീവ്രത അനുസരിച്ചല്ല നിശ്ചയിച്ചത്. പല വിഷയങ്ങളുടെ ചോദ്യങ്ങളുടെ സ്വഭാവം പലതായിരിക്കും. അതുപോലെതന്നെ സീറ്റുകളുടെ എണ്ണവും. അപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും ഒരേ കട്ട് ഓഫ് നിശ്ചയിക്കുന്നത് തെറ്റല്ലേ? ഓരോ വിഷയങ്ങള്‍ക്കും ചോദ്യങ്ങളുടെ തീവ്രതയും വിഷയത്തിന്റെ പൊതു സ്വഭാവത്തിന്റെ അടിസ്ഥാനത്തിലും കട്ട് ഓഫ് നിശ്ചയിക്കണമെന്നു ഞങ്ങള്‍ ആവശ്യപ്പെട്ടു. ഇതേ CUCET വഴി പിഎച്ച്ഡി വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തതാണ് തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാല. അവിടെ ചില ഡിപ്പാര്‍ട്‌മെന്റുകളില്‍ എസ്‌സി /എസ് ടി കുട്ടികളെ എല്ലാം തന്നെ ഇന്റര്‍വ്യൂന് വിളിച്ചിട്ടുണ്ട്. കെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റില്‍ എസ് സി വിഭാഗത്തിന് 15 ശതമാനം കട്ട് ഓഫും എസ് ടി വിഭാഗത്തിലെ എല്ലാരേയും ഇന്റര്‍വ്യൂന് വിളിക്കുകയുമാണ് ചെയ്തത്.

പിഎച്ച്ഡി സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ ഒരു സീറ്റിനു മൂന്ന് പേര്‍ അല്ലെങ്കില്‍ ഒരു സീറ്റിന് ആറു പേര്‍ എന്ന അനുപാതമാണ് സാധാരണയായി പാലിക്കാറ്. ഇവിടെ എന്നാല്‍ അങ്ങനെയല്ല. ഒരാള്‍ ആണെങ്കിലും വിളിക്കും. അപ്പോള്‍ അത് ഇന്റര്‍വ്യൂ അല്ലല്ലോ. മെറിറ്റില്‍ കുട്ടികള്‍ ഇല്ലാത്തതു കാരണമാണ് ഇങ്ങനെ എന്നൊരു ന്യായികരമാണ് അവര്‍ പറയുന്നത്. ലിസ്റ്റില്‍ കുട്ടികള്‍ വരണമെങ്കില്‍ ഈ ഉയര്‍ന്ന കട്ട് ഓഫ് കുറയ്ക്കണം. 60 ശതമാനം എന്‍ട്രന്‍സ് പരീക്ഷ മാര്‍ക്കും ബാക്കി 40 ശതമാനം ഇന്റര്‍വ്യൂ മാര്‍ക്കും ആകുമ്പോള്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വരുന്നത് അവസരം നിഷേധിക്കലല്ലേ? ഉയര്‍ന്ന കട്ട് ഓഫ് കാരണം ബയോ കെമിസ്ട്രി, മോളിക്യൂലാര്‍ ബിയോളജി, ജീനോം സയന്‍സ്, ഫിസിക്‌സ്, മാത്സ്, എന്‍വിയറോണ്‍മെന്റല്‍ സയന്‍സ്, ലോ, കെമിസ്ട്രി തുടങ്ങി പല ഡിപ്പാര്‍ട്‌മെന്റുകളിലും വിദ്യാര്‍ത്ഥികള്‍ ഇല്ല. എസ് സി/ എസ് ടി വിഭാഗത്തിലെ കുട്ടി ഉയര്‍ന്ന മാര്‍ക്കോടെ ജനറല്‍ മെറിറ്റില്‍ വന്നാല്‍ അയാളുടെ എസ് സി/ എസ് ടി സീറ്റും ഒഴിഞ്ഞു കിടക്കും. ഇവിടെ ഇതേ വിഭാഗങ്ങളില്‍ പെടുന്ന മറ്റൊരു കുട്ടിക്ക് അപേക്ഷിക്കാന്‍ സാധിക്കും- വിദ്യാര്‍ഥി പറയുന്നു.

"</p

മറ്റു യൂണിവേഴ്‌സിറ്റികള്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ ഒബ്ജക്റ്റീവ് ചോദ്യങ്ങളോടൊപ്പം വിശകലനാത്മക ചോദ്യങ്ങളും ഉള്‍പ്പെടുത്തുമ്പോള്‍ CUCET, MPhil/PhD പരീക്ഷയ്ക്ക് ഒബ്ജക്റ്റീവ് ചോദ്യങ്ങള്‍ മാത്രമടങ്ങിയ ഒറ്റ ചോദ്യപേപ്പര്‍ ആണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. ഗവേഷണം നടത്തുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിയുടെ വിശകലന പാടവം കൂടെ വിലയിരുത്തേണ്ടത് അത്യാവശ്യമായിരിക്കെയാണ് ഇത്തരം അശാസ്ത്രീയപരമായ പരീക്ഷ രീതികള്‍ സര്‍വകലാശാല പിന്തുടരുന്നതെന്നാണ് ആക്ഷേപം. അതോടൊപ്പം തന്നെ നെഗറ്റീവ് മാര്‍ക്കും കൂടെ വന്നപ്പോള്‍ കുട്ടികളുടെ അവസരം നഷ്ടപ്പെടുന്നൊരു സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്നു ചൂണ്ടിക്കാണിക്കുന്നു. ഇതിനോടൊപ്പം കേരള കേന്ദ്ര സര്‍വകലാശാല ഉയര്‍ന്ന കട്ട് ഓഫ് നിശ്ചയിച്ചതോടെ പിഎച്ച്ഡി എന്ന സ്വപനം പല വിദ്യാര്‍ത്ഥികള്‍ക്കും സ്വപ്നമായിത്തന്നെ നിന്നുപോയൊരു അവസ്ഥയാണ്.

‘സര്‍വ്വകലാശാലകള്‍ സ്വയംഭരണം ഉള്ളവയാണല്ലോ. അപ്പോള്‍ കട്ട് ഓഫ് നിശ്ചയിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. എന്നാല്‍ പ്രൊട്ടക്റ്റീവ് ഡിസ്‌ക്രിമിനേഷന്‍ എന്നൊന്നുമുണ്ട്. എസ് സി/ എസ് ടി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന കട്ട് ഓഫ് വയ്ക്കുന്നത് വഴി ഭരണഘടന അനുശാസിക്കുന്ന അവകാശം ലംഘിക്കപ്പെടുകയാണ് ചെയ്യുന്നത്. ഉയര്‍ന്ന കട്ട് ഓഫ് പല സ്ഥാപനങ്ങളിലും എസ് ടി /എസ് സി വിഭാഗത്തിലെ കുട്ടികളെ ഒഴിവാക്കാന്‍ എടുക്കുന്നൊരു നടപടിയാണ്. CUCET എന്‍ട്രന്‍സില്‍ നെഗറ്റീവ് മാര്‍ക്കും ഉണ്ടായിരുന്നു. അപ്പോള്‍ പിന്നെയും കുട്ടികള്‍ ഒഴിവാക്കപ്പെടുകയാണ്. ഈ പരീക്ഷ രീതി തന്നെ തെറ്റാണ്. ഗവേഷണ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കാനുള്ള പരീക്ഷയില്‍ വിശകലനപരമായ ചോദ്യങ്ങള്‍ ഇല്ലെങ്കില്‍ ആ കുട്ടിയുടെ ഗവേഷണ പാടവം എങ്ങനെ മനസിലാക്കാന്‍ സാധിക്കും. അതുകാരണം ഞാനുള്‍പ്പെടെയുള്ള പല അദ്ധ്യാപകരും ഈ പരീക്ഷയെ ഒരു പ്രാഥമിക ഘട്ടമായി പരിഗണിച്ചു ബാക്കി ഇന്റര്‍വ്യൂ കുടി നോക്കി നിശ്ചയിക്കാമെന്നു നിര്‍ദേശിച്ചിരുന്നു. ഇന്റര്‍വ്യൂവിനും ഒരു നിശ്ചിത ശതമാനം മാര്‍ക്കുള്ളപ്പോള്‍ അവിടെ കുട്ടികള്‍ക്ക് എത്തിപ്പെടാനുള്ളൊരു അവസ്ഥ കൂടി ഇല്ലെങ്കില്‍ കുട്ടികള്‍ പറയുന്നപോലെ അതൊരു അവസര നിഷേധമാണ്. സംവരണം എന്നത് ഇത്തരം സാഹചര്യങ്ങളില്‍ പാലിക്കപ്പെടാതെ പോകുന്നു. എന്റെ അഭിപ്രായത്തില്‍ എന്‍ട്രന്‍സ് പരീക്ഷയെ ആദ്യ പടിയായി കണ്ട്, കട്ട് ഓഫ് എന്ന രീതി മാറ്റി മെറിറ്റ് ലിസ്റ്റ് വഴി കുട്ടികളെ ഇന്റര്‍വ്യൂവിന് വിളിക്കണം. അതിലെ അവരുടെ പ്രകടനം കൂടി നോക്കി തിരഞ്ഞെടുക്കയാണെങ്കില്‍ മികച്ച ഗവേഷണ വിദ്യാര്‍ത്ഥികളെ നമുക്ക് കണ്ടെത്താനാകും; കേരള കേന്ദ്ര സര്‍വകലാശാലയിലെ (പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത) അധ്യാപകന്‍ കുട്ടികളുടെ വ്യാകുലതകളെ ശരിവെക്കുന്നു.

പരീക്ഷ കഴിഞ്ഞയുടന്‍ തന്നെ മറ്റു എസ് സി/എസ് ടി വിദ്യാര്‍ത്ഥികളും രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. കൂട്ടത്തില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന മുഖേന പോയ പരാതിക്ക് കേരള കേന്ദ്ര സര്‍വകലാശാല ഗവേഷണ ഏകോപന മേധാവി പ്രൊഫ. എം.എസ് ജോണ്‍ നല്‍കിയ മറുപടിയില്‍ ഉയര്‍ന്ന കട്ട് ഓഫ് ഗവേഷണ വിദ്യാര്‍ത്ഥികളുടെ ‘ക്വാളിറ്റി’ ഉറപ്പു വരുത്തുമെന്നാണ് പറഞ്ഞിരുന്നത്. എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് കട്ട് ഓഫ് 5 ശതമാനം കുറച്ച് പുതിയ ലിസ്റ്റ് ഇടുമെന്നും അദ്ദേഹം പറയുന്നു.

ഞാന്‍ വിദ്യാര്‍ത്ഥി സംഘടന മുഖേനയാണ് പരാതി നല്‍കിയത്. ഇപ്പോള്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന രീതി ശരിയാണ് എന്നുള്ള നിലയിലാണ് എനിക്കുത്തരം ലഭിച്ചത്. ഇവിടെ ബിരുദാനന്തരബിരുദത്തിനു കുട്ടികളെ എടുക്കുന്നതുപോലെയാണ് ഗവേഷണത്തിന് കുട്ടികളെ എടുക്കുന്നത്. ഒരു സീറ്റ് ഉണ്ടെങ്കില്‍ ഒരാളെ വിളിക്കും. ഉള്ള സീറ്റിന്റെ ഇരട്ടി ആളുകള്‍ വരാറില്ല. അതിനാല്‍ തന്നെ എസ് സി/എസ് ടി സീറ്റുകളൊക്കെ ഒഴിഞ്ഞു കിടക്കുകയാണ്, മറ്റൊരു വിദ്യാര്‍ത്ഥി പറയുന്നു.

"</p

സര്‍വകലാശാല അധികൃതരുടെ ഈ സമീപനം കാരണമാണ് വിദ്യാര്‍ഥികള്‍ കേന്ദ്ര പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷന് പരാതി നല്‍കിയത്. പരാതി ഗൗരവതരമാണെന്നും ഉടന്‍ നടപടി ഉണ്ടാകേണ്ടതാണെന്നുമാണ് കമ്മിഷന്റെ കത്തില്‍ പറയുന്നത്. കേരള കേന്ദ്ര സര്‍വകലാശാല രജിസ്ട്രാറുടെ പേരില്‍ 2017 സെപ്റ്റംബര്‍ 26 ന് കമ്മിഷന്‍ അയച്ച കത്ത് എന്നാല്‍ തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് രജിസ്ട്രാര്‍ ഡോ. എ. രാധാകൃഷ്ണന്‍ നായര്‍ പറയുന്നത്. ‘വിദ്യാര്‍ത്ഥികളുടെ പരാതിയിന്മേല്‍ നടപടി കൈക്കൊണ്ടിട്ടുണ്ട്. കേന്ദ്ര പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനില്‍ നിന്നും ഞങ്ങള്‍ക്ക് കത്തൊന്നും ലഭിച്ചിട്ടില്ല’ ഡോ. എ. രാധാകൃഷ്ണന്‍ നായര്‍ പറയുന്നു.

"</p

എന്നാല്‍ CUCET എന്‍ട്രന്‍സ് എന്നത് MPhil/ NET/ JRF എന്നിവ ഇല്ലാത്തവര്‍ക്കായി നടത്തുന്ന പരീക്ഷയാണെന്നും അതിനു ഒരു പരിധിയില്‍ കൂടുതല്‍ സ്‌കോര്‍ കുറയ്ക്കാന്‍ സാധിക്കില്ല എന്നുമാണ് ഗവേഷണ ഏകോപന മേധാവി പ്രൊഫ. എം.എസ് ജോണ്‍ അഭിപ്രായപ്പെടുന്നത്. ‘അഞ്ച് ശതമാനം കുറച്ചു കൊടുത്തിരുന്നു. അതില്‍ കൂടുതല്‍ CUCET സ്‌കോര്‍ കുറയ്ക്കാന്‍ പറ്റില്ല. CUCET എന്ന എന്‍ട്രന്‍സ് ടെസ്റ്റ് MPhil/ NET/ JRF ഇല്ലാത്തവര്‍ക്ക് നടത്തുന്ന പരീക്ഷയാണ്. ഇത് മൂന്നും ഉള്ളൊരു എസ് സി /എസ് ടി വിദ്യാര്‍ത്ഥി ഇവിടെ വന്നിട്ടില്ല. വന്നിരുന്നെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും എടുക്കുമായിരുന്നു. അഞ്ച് ശതമാനം കുറച്ചു, അതിനപ്പുറം കുറയ്‌ക്കേണ്ട ആവശ്യമില്ലലോ, വേറെ പല ഓപ്ഷന്‍സ് ഉള്ളപ്പോള്‍. അവസരം നിഷേധിച്ചു എന്നൊന്നും പറയാന്‍ പറ്റില്ല. അവര്‍ക്കുള്ള സീറ്റുകള്‍ അവിടെത്തന്നെ കാണും. അത് ഞങ്ങള്‍ എല്ലാ അധ്യാപകര്‍ക്കും കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 35 ശതമാനത്തില്‍ താഴെ കുറച്ചാലും ആരും വരില്ല. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇവിടെ ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തതുകൊണ്ട് വരില്ല. വിദ്യാര്‍ത്ഥിയെ കിട്ടുന്നതുവരെ കട്ട് ഓഫ് കുറയ്ക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണ്. ഈ വര്‍ഷം ഈ പോളിസി കാരണം പ്രശ്‌നം ഉണ്ടായെങ്കില്‍ ഒരുപക്ഷെ അടുത്ത വര്‍ഷം മാറുമായിരിക്കാം. ഇനി ഇത്തവണ കട്ട് ഓഫ് താഴ്ത്തിയാല്‍ പോലും കേരളത്തിലെ കുട്ടികള്‍ ലിസ്റ്റില്‍ വരില്ല. കേന്ദ്ര പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷനില്‍ നിന്ന് കത്ത് വന്നിട്ടുണ്ടോ എന്നതിനെപ്പറ്റി എനിക്കറിയില്ല;  പ്രൊഫ .ജോണ്‍ പറഞ്ഞു.

മറ്റു പല സര്‍വകലാശാലകളും എസ് സി/എസ് ടി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കട്ട് ഓഫ് ഇല്ലാതെതന്നെ ഇന്റര്‍വ്യൂവിന് വിളിക്കുമ്പോഴാണ് കേരള കേന്ദ്ര സര്‍വകലാശാല അധികൃതര്‍ പ്രായോഗിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ട്ടപ്പെടുത്തുന്നത്. ഇതേ സര്‍വകലാശാലയിലാണ് കുറച്ചു നാളുകള്‍ക്കു മുന്‍പ് മതിയായ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഇല്ലാതെ ചില വിദ്യാര്‍ത്ഥികള്‍ പഠിപ്പ് നിര്‍ത്തി പോകുകയും, പെണ്‍കുട്ടികള്‍ കൂട്ടമായി സര്‍വകലാശാല ലൈബ്രറികളില്‍ രാപ്പകല്‍ സമരം നടത്തുകയും ചെയ്തത്.

ശില്‍പ മുരളി

ശില്‍പ മുരളി

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍