UPDATES

അവശേഷിക്കുന്ന നെല്‍വയലുകളും നീര്‍ത്തടങ്ങളും കൂടി ഭൂമാഫിയയ്ക്ക് തീറെഴുതാന്‍ ഭേദഗതി ബില്ലുമായി സര്‍ക്കാര്‍

2008-ല്‍ വിഎസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ നിയമമാണ് 10 വര്‍ഷത്തിനു ശേഷം പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുന്നത്

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതിക്ക് ഒരുങ്ങുന്നു. ഓര്‍ഡിനന്‍സ് വഴി താത്ക്കാലിക ഭേദഗതി വരുത്തിയ സര്‍ക്കാര്‍, ബില്‍ പാസ്സാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. വരുന്ന 23ന് ഭേദഗതി ബില്‍ നിയമസഭയുടെ പരിഗണനയ്ക്ക് വരും. സബ്ജക്ട് കമ്മിറ്റി പാസ്സാക്കിയ ബില്‍ നിയമസഭയുടെ പരിഗണനക്ക് വരുമ്പോള്‍ കൂടുതലൊന്നും സംഭവിക്കാതെ, എതിര്‍പ്പുകളില്ലാതെ പാസ്സാക്കപ്പെടുമെന്ന് തന്നെയാണ് സര്‍ക്കാരും പരിസ്ഥിതിപ്രവര്‍ത്തകരും ഒരുപോലെ വിശ്വസിക്കുന്നത്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ നിയമം കൊണ്ടുവന്ന ആദ്യസംസ്ഥാനമായ കേരളം, എന്നാല്‍ ഭേദഗതികളിലൂടെ ഇതില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ നിയമത്തിന്റെ കാതല്‍ തന്നെയാണ് ഇല്ലാതാവുന്നത്. 2008ല്‍ ഇടത് സര്‍ക്കാര്‍ തന്നെ ആഘോഷിച്ച് കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം മറ്റൊരു ഇടത് സര്‍ക്കാര്‍ ‘പരിഷ്‌ക്കരിക്കു’മ്പോള്‍ ചോര്‍ന്ന് പോവുന്നത് എന്തെല്ലാം? ഒരു അന്വേഷണം.

2008-ല്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നത് കേരളത്തില്‍ ദിനംപ്രതി ഇല്ലാതായിക്കൊണ്ടിരിക്കുന്ന, അവശേഷിക്കുന്ന നെല്‍വയലുകളേയും തണ്ണീര്‍ത്തടങ്ങളേയും എങ്കിലും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ 2018-ല്‍ അതിന് രൂപമാറ്റം വരുന്നത് അവശേഷിക്കുന്ന ചുരുക്കം നെല്‍വയലുകളേയും തണ്ണീര്‍ത്തടങ്ങളേയും ഏതെല്ലാം തരത്തില്‍ പരിവര്‍ത്തനം ചെയ്യാം എന്ന് ലക്ഷ്യമിട്ടുകൊണ്ടാണ് എന്നതാണ് വ്യത്യാസം.

കര്‍ഷകരുടേയും പരിസ്ഥിതിസ്‌നേഹികളുടേയും വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവിലാണ്, 2006-ല്‍ അധികാരത്തില്‍ വന്ന വിഎസ് അച്ചുതാനാനന്ദന്‍ സര്‍ക്കാര്‍ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവരുന്നത്. വളരെ സുതാര്യമായി, പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ടായിരുന്നു നിയമനിര്‍മ്മാണം. എന്നാല്‍ പൊതുജനങ്ങല്‍ക്കോ ജനപ്രതിനിധികള്‍ക്കോ പോലും അഭിപ്രായം പറയാന്‍ അവസരം നല്‍കാതെ മന്ത്രിസഭാ യോഗം ചേര്‍ന്ന് നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 2008-ല്‍ നിയമം കൊണ്ടുവന്നതിന് ശേഷവും നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നത് തുടര്‍ന്നിരുന്നുവെങ്കിലും ചില പരിധികള്‍ വരെയെങ്കിലും അത് തടയാന്‍ സാധിച്ചിരുന്നു. എന്നാല്‍ പരിധികളില്ലാതെ നിലംനികത്താനും, അതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയുമാണ് സര്‍ക്കാര്‍ ബില്ല് നിയമസഭയില്‍ കൊണ്ടുവരുന്നത്. ചുരുക്കത്തില്‍ അവശേഷിക്കുന്ന നെല്‍വയലുകളും ചതുപ്പുകളും നീര്‍ത്തടങ്ങളും കൂടി ഭൂമാഫിയകളുടെ കൈകളിലേക്ക് തീറെഴുതിക്കൊടുക്കാനാണ് ഇപ്പോഴത്തെ നിയമഭേദഗതി. ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകള്‍ പരിശോധിക്കാം.

വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി

ഭേദഗതി ബില്ലിലെ പ്രധാന മാറ്റങ്ങളിലൊന്നാണ് ‘വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി’ എന്ന പ്രയോഗവും അതിന്റെ നിര്‍വ്വചനവും. അടിസ്ഥാന നികുതി രജിസ്റ്റര്‍ അഥവാ ബിടിആറില്‍ നിലമായി രേഖപ്പെടുത്തിയിട്ടുള്ളതും ഡാറ്റാബാങ്ക് വഴി വിജ്ഞാപനം ചെയ്തിട്ടില്ലാത്തതുമായ ഭൂമിയാണ് ‘വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി’. എങ്ങനെയാണ് കേരളത്തില്‍ വിജ്ഞാപനം ചെയ്യപ്പെടാത്ത നിലം ഇനിയും അവശേഷിക്കുന്നത്? അത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. 2008ല്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ തന്നെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനായി വയലുകളുടേയും നീര്‍ത്തടങ്ങളുടേയും ഡാറ്റാബാങ്ക് തയ്യാറാക്കാനും അവ വിജ്ഞാപനം ചെയ്യാനും തീരുമാനമുണ്ടായി. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കേരളത്തിലെ ഒരു പഞ്ചായത്തും ഡാറ്റാബാങ്ക് വിജ്ഞാപനം ചെയ്തിട്ടില്ല. അധികാരത്തിലേറിയാല്‍ ആറ് മാസത്തിനകം ഡാറ്റാബാങ്ക് വിജ്ഞാപനം എന്നതായിരുന്നു ഇടത് മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം. അധികാരത്തിലേറി രണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോഴും അറുന്നൂറോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇനിയും ഡാറ്റാബാങ്ക് വിജ്ഞാപനം ചെയ്തിട്ടില്ല. തെറ്റുകള്‍ തിരുത്തി, പരാതികള്‍ പരിഗണിച്ച് ഡാറ്റാ ബാങ്ക് വിജ്ഞാപനം ചെയ്യുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് നിസ്സാരമായി നടപ്പാക്കാവുന്ന ഒന്നാണ്. എന്നാല്‍ അതിന് മുതിരുന്നതിന് പകരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയെന്ന വര്‍ഗീകരണം ഭേദഗതിയില്‍ കൊണ്ടുവന്ന് കാര്യങ്ങളെ കൂടുതല്‍ അപകടകരമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അന്തിമ വിജ്ഞാപനമാവാത്ത തദ്ദേശസ്ഥാപനങ്ങളിലെ നെല്‍വയലുകളെ ഏത് വിധത്തിലും വ്യാഖ്യാനിക്കപ്പെടാം എന്നത് തന്നെയാണ് അതിലെ അപകടം. അതുവഴി തരംമാറ്റല്‍ വ്യവസ്ഥകള്‍ ലളിതമാവുകയും ചെയ്യും.

എത്രവേണമെങ്കിലും നികത്താം

വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയെ നെല്‍വയല്‍ സംരക്ഷണ നിയമ പ്രകാരം കണക്കാക്കിയിരുന്ന നികത്തല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതാണ് മറ്റൊരു ഭേദഗതി. ഇത്തരത്തില്‍ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എത്ര വേണമെങ്കിലും നികത്താം. അതിനുള്ള അപേക്ഷ നേരിട്ട് ആര്‍ഡിഒയ്ക്ക് സമര്‍പ്പിക്കാം. ഭൂമി നികത്തുന്നതിനുള്ള അനുമതി ആര്‍ഡിഒയ്ക്ക് സ്വന്തം നിലക്ക് നല്‍കുകയുമാവാം. അമ്പത് സെന്റില്‍ കൂടുതല്‍ നിലം നികത്തുകയാണെങ്കില്‍ മാത്രം ഭൂമിയുടെ പത്ത് ശതമാനം ജലസംരക്ഷണത്തിനായി മാറ്റിവക്കണമെന്ന് മാത്രമാണ് വ്യവസ്ഥ. ഗാര്‍ഹിക ആവശ്യത്തിനോ, വാണിജ്യ ആവശ്യത്തിനോ ആര്‍ക്കും നിലംനികത്തുന്നതിനായി അപേക്ഷിക്കാവുന്നതുമാണ്. ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തടസ്സപ്പെടരുതെന്ന് മാത്രം. എന്നാല്‍ ഈ ഭേദഗതി നടപ്പിലാക്കുന്നതോടെ അത് വലിയതോതില്‍ നിലനികത്തലിനും റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്ക് തരംപോലെ ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിലേക്കും വഴിവയ്ക്കാം.

പ്രാദേശിക-സംസ്ഥാന സമിതികള്‍ വേണ്ട

നിലവില്‍ വന്‍കിട പദ്ധതികള്‍ക്കായിപ്പോലും നിലംനികത്താന്‍ സര്‍ക്കാരിന് പരിമിത അധികാരമാണുള്ളത്. നിലംനികത്തല്‍ കൊണ്ട് ചുറ്റുമുള്ള പരിസ്ഥിതിക്കോ നെല്‍കൃഷിക്കോ ദോഷകരമായി ഒന്നും ബാധിക്കില്ല എന്ന് പ്രാദേശികതല സമിതി ശുപാര്‍ശ ചെയ്യണം. അത് സംസ്ഥാനതല സമിതി അംഗീകരിച്ച് അനുകൂല റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ മന്ത്രിസഭാ യോഗത്തില്‍ നികത്തല്‍ അപേക്ഷ പരിഗണിക്കപ്പെടൂ. എന്നാല്‍ ആ വ്യവസ്ഥ ബില്ലില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്തു. പൊതുആവശ്യത്തിന് പരിവര്‍ത്തനം ചെയ്യാന്‍ അനുവദിക്കുന്നത് സംബന്ധിച്ച് 2008ലെ നിയമപ്രകാരം പ്രാദേശിക സമിതിക്കും സംസ്ഥാനതല സമിതിക്കും ശുപാര്‍ശ ചെയ്യാനുള്ള അധികാരം നീക്കി. പകരം റിപ്പോര്‍ട്ട് ചെയ്യാനുള്ള ചുമതല മാത്രമായി ചുരുക്കി.

പരിവര്‍ത്തനം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇനി കണക്കിലെടുക്കേണ്ടതില്ല. പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്ന വ്യവസ്ഥ ബില്ലില്‍ ഒഴിവാക്കിയിട്ടുണ്ട്. നികത്തുന്നതിന് സമീപ പ്രദേശത്ത് നെല്‍കൃഷി ഉണ്ടെങ്കില്‍ അത് പരിഗണിക്കണമെന്ന് മാത്രമാണ് വ്യവസ്ഥ ചെയ്യുന്നത്. ഭൂമി പരിവര്‍ത്തനം ചെയ്യുന്നത് നെല്‍കൃഷിയെ ബാധിക്കുമോ എന്ന് പരിശോധിച്ച് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഭേദഗതി. ഉന്നത ഉദ്യോഗസ്ഥരരും പരിസ്ഥിതി വിദഗ്ദ്ധരും അടങ്ങിയ സംസ്ഥാനതല നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം ലഭിച്ചില്ലെങ്കില്‍ ‘നിര്‍ണയിക്കപ്പെടാവുന്ന പ്രകാരമുള്ള മറ്റ് അധികാരസ്ഥാപനത്തില്‍ നിന്നും’ അതായത് സര്‍ക്കാരിന് താത്പര്യമുള്ള മറ്റ് ഏജന്‍സികളില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അതിനനുസരിച്ച് സര്‍ക്കാരിന് നികത്താനുള്ള തീരുമാനമെടുക്കാം. വയലുകളെ കച്ചവടത്തിന് വയ്ക്കാനായി ഉദ്ദേശിച്ചുള്ള ഈ വ്യവസ്ഥ അപകടം മാത്രമേ ചെയ്യൂ എന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം.

2008ല്‍ നിയമമുണ്ടായപ്പോഴും ‘പൊതു ആവശ്യ’ങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കാമെന്ന് ഉണ്ടായിരുന്നു. എന്നാല്‍ പൊതു ആവശ്യം എന്ന പദത്തിന് നിര്‍വ്വചനങ്ങള്‍ നല്‍കിയിരുന്നുമില്ല. ബില്ലിലൂടെ പൊതു ആവശ്യങ്ങള്‍ക്ക് പുറമെ പൊതു പദ്ധതികള്‍ക്ക് എന്നുകൂടി ചേര്‍ത്തിരിക്കുന്നു. എന്നാല്‍ ഇത് ആറന്‍മുള വിമാനത്താവളം പോലുള്ള പദ്ധതികള്‍ക്കും ഭൂമാഫിയയ്ക്കും സൗകര്യം ചെയ്ത് കൊടുക്കലാവാമെന്ന സംശയവും പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കുവക്കുന്നു.

സങ്കടത്തിന് കൂലി

ഭേദഗതിയിലെ ആശയക്കുഴപ്പമുണ്ടാക്കുന്ന മറ്റൊരു ഭാഗമാണ് സങ്കട നികുതി സംബന്ധിച്ചുള്ളത്. നിലം നികത്തുന്നതില്‍ സങ്കടം അനുഭവിക്കുന്നയാള്‍ 5000 രൂപ ഫീസ് അടച്ച് പരാതി നല്‍കണമെന്നാണ്. ഭേദഗതിയില്‍ 27-ാം വകുപ്പിന്റെ ഉപവകുപ്പുകള്‍ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ ഉടമയ്ക്ക് ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിനായി ആര്‍ഡിഒയെ സമീപിക്കാമെന്നുണ്ട്. ആര്‍ഡിഒയുടെ അനുകൂല ഉത്തരവില്‍ സങ്കടമനുഭവിക്കുന്നവര്‍ക്ക് ഉത്തരവിറക്കി ഒരു മാസത്തിനകം പരാതി നല്‍കാം. ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അയ്യായിരം രൂപ ഫീസും ഉള്‍പ്പെടെയാണ് പരാതി നല്‍കേണ്ടത്.

പരിസ്ഥിതി പ്രവര്‍ത്തകനായ എസ് പി രവി സംസാരിക്കുന്നു: “നിലംനികത്താന്‍ അനുമതി ചോദിച്ച സ്ഥലമുടമ സങ്കടക്കാരനാവില്ല. സമീപത്തെ നിലം ഉടമകളോ പരിസ്ഥിതി പ്രവര്‍ത്തകരോ സാമൂഹ്യ പ്രവര്‍ത്തകരോ ആണ് സാധാരണ ഗതിയില്‍ ഇത്തരം പരാതികളുമായി എത്തുക. അങ്ങനെയിരിക്കെ അയ്യായിരം രൂപ സങ്കടം പറയുവാന്‍ ചിലവാക്കേണ്ടി വരുന്ന മുറയ്ക്ക് അതിന് പലരും തയ്യാറാവാതെ വരും. ഉത്തരവിറങ്ങി ഒരു മാസത്തിനുള്ളില്‍ പരാതി നല്‍കണമെന്നാണ് ചട്ടം. വിവരാവകാശ നിയമ പ്രകാരം ഉത്തരവിന്റെ പകര്‍പ്പ് സ്വന്തമാക്കിയ ശേഷം ഇത്തരം പരാതികളുമായി മുന്നോട്ട് പോവാനുള്ള സമയമുണ്ടാവുമോ എന്നതും സംശയമാണ്. ഉത്തരവായത് അറിഞ്ഞുവരാനെടുക്കുന്ന സമയം, ആര്‍ടിഎ പ്രകാരം ഉത്തരവിന്റെ പകര്‍പ്പ് സ്വന്തമാക്കുന്ന സമയം, ഒരു മാസത്തിനുള്ളില്‍ പരാതി നല്‍കല്‍ പലപ്പോഴും അപ്രായോഗികമായി വരും. സങ്കടത്തിന് പണം കെട്ടുക, പൊതു ആവശ്യത്തിന് തോന്നുംപടി നിലംനികത്താം, വിജ്്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്ന വകുപ്പ്, അങ്ങനെ എല്ലാംകൊണ്ടും വയലുകളേയും തണ്ണീര്‍ത്തടങ്ങളേയും റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് തീറെഴുതിക്കൊടുക്കാനുള്ള പുറപ്പാടിലാണ് സര്‍ക്കാര്‍”.

തരിശുഭൂമി പിടിച്ചെടുക്കും എന്നാല്‍

കൃഷി ചെയ്യാതെ തരിശിടുന്നവരുടെ വയല്‍ നോട്ടീസ് നല്‍കി ഏറ്റെടുത്ത് കൃഷി ചെയ്യുന്നവര്‍ക്ക് നല്‍കുക തുടങ്ങിയ ഗുണകരമായ മാറ്റങ്ങളും ഭേദഗതി ബില്ലിലുണ്ട്. ആര്‍ഡിഒയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. എന്നാല്‍ പല കാര്യങ്ങള്‍ കൊണ്ടും ഈ തീരുമാനത്തിലും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നു. തരിശ് സ്ഥലം പിടിച്ചെടുത്ത് കൃഷിയിറക്കിയാല്‍ കൃഷി ചെയ്യുന്നവര്‍ക്ക് ലാഭത്തിന്റെ പത്ത് ശതമാനവും ബാക്കിയുള്ളത് യഥാര്‍ഥ സ്ഥലമുടമയ്ക്കും എന്നാണ് ബില്ലിലെ വ്യവസ്ഥ. കൃഷി ഇറക്കുന്നവര്‍ക്ക് ലാഭകരമല്ലാത്ത ഈ വ്യവസ്ഥ പൊതുവെ കര്‍ഷകര്‍ അംഗീകരിക്കാതിരിക്കാനാണ് സാധ്യത. മറ്റൊരു കാര്യം ‘നെല്‍വയല്‍ ഉടമസ്ഥന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ സ്ഥിരം നിര്‍മ്മാണങ്ങളോ എടുപ്പുകളോ നിര്‍മ്മിക്കാന്‍ പാടുള്ളതല്ല’ എന്ന നിയമമാണ്. നെല്‍വയലുകളില്‍ സ്ഥരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലാതിരിക്കെ ഇത്തരത്തില്‍ ഒരു വ്യവസ്ഥയുണ്ടാക്കിയത് എന്തുകൊണ്ടാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നു. കാലങ്ങളായി തരിശിട്ട നിലത്തിന്റെ ഉടമ സ്ഥിരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇത്തരത്തില്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന് തന്നെ ആണിയടിച്ച് അവശേഷിക്കുന്ന വയലുകളും നീര്‍ത്തടങ്ങളും ഇല്ലാതാക്കാനുള്ള ശ്രമമാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ ചെയ്യാനൊരുങ്ങുന്നത്. മൂന്ന് തവണ ഓര്‍ഡിനന്‍സ് ഇറക്കിയതിന് ശേഷമാണ് ഇപ്പോള്‍ ബില്ല് ആയി നിയമസഭയില്‍ ഭേദഗതി അവതരിപ്പിക്കപ്പെടാന്‍ പോവുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

സര്‍ക്കാരിനെതിരെ പരിഷത്ത്; നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഉടന്‍ പിന്‍വലിക്കുക

പിണറായി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് രാജ്; ജനം ഇനി നോക്കുകുത്തി, കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കും

ഇടതുസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി ജനാധിപത്യത്തെ അട്ടിമറിക്കുന്നോ? അന്വേഷണം

മുഖ്യമന്ത്രീ, പ്ലാച്ചിമടയൊന്നും മറക്കരുത്; തുള്ളിവെള്ളം കുടിക്കാനില്ലാതാക്കും ജലമൂറ്റാനുള്ള ആ ഓര്‍ഡിനന്‍സ്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍