UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ഷേമ പെന്‍ഷനുകള്‍ പടിവാതില്‍ക്കലെത്തുമ്പോള്‍

Avatar

ചൈത്ര ഉണ്ണി

ക്ഷേമ പെന്‍ഷനുകള്‍, പ്രത്യേകിച്ചും വാര്‍ദ്ധക്യകാല പെന്‍ഷനുകള്‍ വീടിന്റെ പടിവാതില്‍ക്കല്‍ എത്തുന്നു എന്നത് എത്രകണ്ട് ആശ്വാസകരമാണെന്ന് പറയാതെ വയ്യ. പെന്‍ഷന്‍ തുക എവിടെയും ചോര്‍ന്നു പോകാതെ അര്‍ഹതപ്പെട്ടവര്‍ക്കു തന്നെ ലഭിക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് ബാങ്ക് അക്കൗണ്ട് വഴി പെന്‍ഷന്‍ വിതരണം ആരംഭിച്ചത്. എന്നാല്‍ അവശരും നിരാലംബരുമായ ഒരു വലിയ വിഭാഗം വൃദ്ധജനങ്ങള്‍ക്ക് പ്രായോഗികതലത്തില്‍ അതുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ കുറച്ചായിരുന്നില്ല. ആ ബുദ്ധിമുട്ട് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ചെല്ലുന്നതുമുതല്‍ തുടങ്ങും. ചിലര്‍ക്ക് ഇലക്ഷന്‍ ഐ.ഡി കാര്‍ഡില്‍ ഒരു പേര്, റേഷന്‍ കാര്‍ഡില്‍ വേറെ പേര്, വീട്ടുപേരില്‍ വ്യത്യാസം…. ചിലര്‍ താല്‍ക്കാലികമായി മക്കളുടെ കൂടെ ആയിരിക്കും താമസം, അപ്പോള്‍ ആ അഡ്രസ്സ് തെളിയിക്കാനുള്ള രേഖ ഹാജരാക്കാന്‍ സാധിക്കില്ല.

 

അങ്ങനെ പോകുന്ന ബുദ്ധിമുട്ടുകള്‍ക്കൊടുവില്‍ അക്കൗണ്ട് തുറന്നാല്‍ തന്നെ പിന്നീട് ഓരോ തവണയും ‘പെന്‍ഷന്‍ വന്നോ?’ എന്ന ചോദ്യവുമായി പലവട്ടം ബാങ്കിന്റെ പടികള്‍ കയറിയിറങ്ങേണ്ടി വരും. അക്കൗണ്ടില്‍ പൈസ വന്നോ എന്നറിയാനുള്ള പലവിധ ആധുനിക സൗകര്യങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ശരിയായി ഉപയോഗിക്കാന്‍ തന്നെ അറിയാത്ത ഈ വയോജനങ്ങള്‍ക്ക് ആരെയെങ്കിലും കൂട്ടി ബാങ്കില്‍ വന്ന് ചോദിക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നും ഉണ്ടാകില്ല. അപ്പോഴും ചിലര്‍ക്ക് കൂട്ടു വരാന്‍ ആരും ഉണ്ടാകില്ല. ഓട്ടോ വിളിച്ച് വരിക തന്നെ. മനുഷ്യത്വമുള്ള ചില ഓട്ടോ ഡ്രൈവര്‍മാര്‍, അടുത്ത വീട്ടിലെ കുട്ടികള്‍ അങ്ങനെ ചിലര്‍ ഇവരെ ബാങ്കില്‍ അനുഗമിച്ച് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാറുണ്ട്. ചിലര്‍ക്ക് അതും ഉണ്ടാകില്ല.

 

ഒരിക്കല്‍ തൊട്ടടുത്ത വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന അമ്മൂമ്മയെ സഹായിക്കാനായി ഒപ്പം വന്ന ഒരു പെണ്‍കുട്ടി അതുപോലെ നിരാലംബയായ മറ്റൊരു അമ്മൂമയെ അക്കൗണ്ട് തുടങ്ങന്‍ സഹായിക്കാനായി കുറെ സമയം ചിലവഴിച്ചു. ഒടുവില്‍ പോകാനുള്ള സമയം ആയതു കൊണ്ടാവാം ആ പെണ്‍കുട്ടി കൗണ്ടറില്‍ തിരക്കു കൂട്ടുന്ന ആളുകള്‍ക്കിടയിലൂടെ വന്ന് എന്നോട് പറഞ്ഞു, ‘ആ അമ്മൂമ്മയുടെ കാര്യം ഒന്നു ശ്രദ്ധിക്കണേ’ എന്ന്. അവള്‍ പോകുന്നതും നോക്കി സങ്കടത്തോടെ ഇരുന്ന അമ്മൂമ്മയെ ഇപ്പോഴും ഓര്‍മ്മയുണ്ട്.

 

പേരെഴുതി ഒപ്പിടാന്‍ അറിയുന്നവര്‍ക്ക് സൗകര്യര്‍ത്ഥം ബാങ്ക് ATM കാര്‍ഡ് നല്‍കും; പക്ഷേ സ്‌നേഹത്തിന്റെ പേരില്‍ കാര്‍ഡും പിന്‍ നമ്പറും കൊടുത്ത വിശ്വസ്ഥരുടെ കയ്യിലേക്ക് തന്നെയാവും ചിലപ്പോള്‍ പൈസയും ചോര്‍ന്നു പോകുക.

 

 

പലര്‍ക്കും എഴുത്തും വായനയും അറിയില്ല. മുകള്‍ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ എത്താന്‍ പടി കയറാന്‍ വിഷമിച്ചു നില്‍ക്കും ചിലര്‍. ‘എന്താ പെന്‍ഷന്‍ വരാത്തത് ‘ എന്ന ചോദ്യം ആവര്‍ത്തിച്ചു കൊണ്ട് കൗണ്ടറില്‍ ആകുലപ്പെട്ട് നില്‍ക്കും ചിലര്‍. ചിലര്‍ ദേഷ്യപ്പെടും, സങ്കടപ്പെടും. പെന്‍ഷന്‍ സര്‍ക്കാര്‍ തരുന്നതാണെന്നും അക്കൗണ്ടില്‍ വന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് അത് എടുക്കാന്‍ കഴിയൂ എന്നുമൊക്കെ പറഞ്ഞു മനസ്സിലാക്കുക പലപ്പോഴും എളുപ്പമാവാറില്ല. പിന്നെ ബാങ്കിന്റെ നിയമങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന വിഷമങ്ങള്‍ വേറെ. ‘അക്കൗണ്ട് ആക്ടീവ് ആക്കി നിര്‍ത്താന്‍ കുറച്ചു രൂപയെങ്കിലും ബാലന്‍സ് നിര്‍ത്തൂ’ എന്ന് നമ്മള്‍ പറയും (ആകെ കിട്ടുന്നത് 600 രൂപയാണ്). ‘എനിക്ക് മരുന്നു വാങ്ങാനുള്ളതാണ്, മുഴുവനും തരൂ’ എന്ന സങ്കടം നിറഞ്ഞ വാക്കുകളാകും പലപ്പോഴും തിരിച്ച്.

 

ഇങ്ങനെ പോകുകയാണ് കാര്യങ്ങള്‍. ഇതിനൊരു മാറ്റം വരുന്നു, ഈ പെന്‍ഷനുകള്‍ അവരുടെ കൈകളില്‍ എത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകും എന്നറിഞ്ഞതില്‍ എന്നെപ്പോലുള്ളവര്‍ക്ക് ഉണ്ടാകുന്ന സന്തോഷത്തിന്റെ എത്ര ഇരട്ടിയായിരിക്കും ഈ തീരുമാനത്തിന്റെ ഗുണഭോക്താക്കള്‍ക്കുണ്ടാവുക. അധികാരത്തിലേറിയാല്‍ പറഞ്ഞ വാക്ക് മറക്കുമോ എന്ന ആശങ്കകള്‍ അസ്ഥാനത്താക്കിക്കൊണ്ട് വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള, ജനതാത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഈ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ തുടരും എന്നു പ്രത്യാശിക്കാം.

 

(ചൈത്ര ബാങ്കില്‍ ജോലി ചെയ്യുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍