UPDATES

ശ്രീറാമിന്റെ സ്ഥലംമാറ്റം: അപ്പോള്‍ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ്?

കേരളത്തില്‍ സാധാരണക്കാരെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുകാലത്തും അധികം ബുദ്ധിമുട്ടിയിട്ടില്ലെന്ന്
തെളിയിക്കുന്നതാണ് മൂലമ്പള്ളിയും കൊച്ചി മെട്രോയും

ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തു നിന്നും ശ്രീറാം വെങ്കിട്ടരാമനെ നീക്കം ചെയ്ത് സര്‍ക്കാര്‍ പുതിയൊരു വിവാദത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. വി.വി ജോര്‍ജ്ജ് എന്ന റിസോര്‍ട്ട് ഉടമ കയ്യേറിയ ഭൂമി ഒഴിപ്പിച്ച ശ്രീറാമിന്റെ നടപടി ഹൈക്കോടതി ശരിവച്ചതിന് പിന്നാലെയുള്ള സര്‍ക്കാരിന്റെ നീക്കം വന്‍തോതില്‍ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാം ശരിയാക്കാന്‍ ഇനി ആര് വരുമെന്ന കോടതിയുടെ ഇന്നത്തെ ചോദ്യം പ്രസക്തമാണ്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ കോണ്‍ഗ്രസും സിപിഎമ്മും ശ്രീറാമിനെതിരെ ഒറ്റക്കെട്ടായിരുന്നുവെന്നതും ഇവിടെ പ്രസക്തമാണ്. സിപിഎം പ്രാദേശിക നേതൃത്വമാണ് ഏറ്റവും ശക്തമായ എതിര്‍പ്പ് ഉന്നയിച്ചത്.

മൂന്നാറില്‍ ഏത് ഉദ്യോഗസ്ഥന്‍ കടുത്ത നടപടികളുമായി രംഗത്തെത്തുമ്പോഴും പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങള്‍ അതിനെതിരെ രംഗത്തെത്തുന്നത് പതിവ് കാഴ്ചയാണ്. മുമ്പ് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും നാം ഇത് കണ്ടതാണ്. ഉദ്യോഗസ്ഥരെ നിശബ്ദരാക്കി കയ്യേറ്റത്തിന് അനുകൂലമായ നിലപാടെടുക്കുന്നതെന്തിനെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മറുപടി പറയേണ്ടതുണ്ട്.

കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ രംഗത്തെത്തുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പതിവ് ന്യായീകരണം പാവപ്പെട്ട തേയില കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നുവെന്നാണ്. എന്നാല്‍ കണ്ണന്‍ദേവന്‍ ഹില്‍സിന്റെ പരിധിയിലുള്ള 113 കുത്തകപാട്ടക്കാരില്‍ എത്രപേരാണ് കര്‍ഷകരുള്ളതെന്ന് വ്യക്തമാക്കാന്‍ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണം. വി.വി ജോര്‍ജ്ജ് കര്‍ഷകനല്ലെന്നും ലൗഡേല്‍ എന്ന റിസോര്‍ട്ടിന്റെ ഉടമയാണെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാണ്.

കേരളത്തില്‍ സാധാരണക്കാരെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുകാലത്തും ഏറെയൊന്നും ബുദ്ധിമുട്ടിയിട്ടില്ലെന്ന് മൂലമ്പള്ളിയിലും കൊച്ചി മെട്രോയ്ക്ക് വേണ്ടിയും നടത്തിയ കുടിയൊഴിപ്പിക്കലുകളില്‍ നിന്നും വ്യക്തമാണ്. കൊച്ചി മെട്രോയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തപ്പോള്‍ സര്‍ക്കാരിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നത് സാധാരണക്കാരായ ജനങ്ങളോടല്ല, പകരം ശീമാട്ടി എന്ന വ്യവസായ ഭീമനോട് ആയിരുന്നു. ഒരു വില്ലേജ് ഓഫീസ് സ്ഥാപിക്കാന്‍ പോലും സ്ഥലം ഏറ്റെടുക്കേണ്ട സാഹചര്യമുള്ളപ്പോഴാണ് കയ്യേറ്റം ഒഴിപ്പിക്കലുകളില്‍ കണിശമായ നിലപാട് സ്വീകരിക്കുന്ന ശ്രീറാമിനെ പോലുള്ള ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തത്സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നതെന്നത് കേരള സമൂഹത്തിന് ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാലാണ് നന്നാക്കാന്‍ ഇനി ആരുവരുമെന്ന രാഷ്ട്രീയ ചോദ്യം കോടതിയ്ക്ക് ചോദിക്കേണ്ടി വരുന്നതും.

"</p

വി.വി ജോര്‍ജ്ജ് ഒരു കുത്തക പാട്ടക്കാരനല്ലെന്നും പാലാ സ്വദേശിയായ മൈക്കളില്‍ നിന്നും ഉപപാട്ടത്തിനെടുത്ത 22 സെന്റ് ഭൂമിയിലാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നുമാണ് കോടതി വിധിയില്‍ നിന്നും വ്യക്തമാകുന്നത്. പാട്ടക്കാലാവധിക്ക് ശേഷം ഉപപാട്ടം നല്‍കാന്‍ അധികാരമില്ലാതിരുന്ന കാലത്താണ് മൈക്കിള്‍ ഉപപാട്ടം നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീറാമിന്റെ നേതൃത്വത്തില്‍ ഈ കയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യു വകുപ്പ് നീക്കം നടത്തിയത്. എന്നാല്‍ കര്‍ഷകരെ ഒഴിപ്പിക്കുന്നുവെന്ന ആരോപണവുമായാണ് മന്ത്രി എംഎം മണിയും സിപിഎം എംഎല്‍എ കെ രാജേന്ദ്രനും സിപിഎം പ്രാദേശിക നേതൃത്വവും രംഗത്തെത്തിയത്. നേരത്തെ സ്പിരിറ്റ് ഇന്‍ ജീസസിന്റെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ശ്രീറാമിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു.

ലൗഡേല്‍ റിസോര്‍ട്ട് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളിലാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്. സിപിഐയുടെ നിര്‍ദേശം അവഗണിച്ചായിരുന്നു ഇത്. കര്‍ഷകരുടെ പേര് പറഞ്ഞ് റിസോര്‍ട്ട് ഉടമയുടെ അനധികൃത കയ്യേറ്റം സംരക്ഷിക്കുന്ന നിലപാടാണ് ഇവിടെ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പറയേണ്ടി വരുന്നത് അതിനാലാണ്. മൂന്നാര്‍ ഭൂമാഫിയയുടെ കൈകളിലാണെന്ന ആരോപണം ശക്തമായിരിക്കെ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കളക്ടറെ മാറ്റുന്നത് സര്‍ക്കാരിനെ സംശയത്തിന്റെ നിഴലിലാക്കാന്‍ മാത്രമേ സഹായിക്കൂ. പരസ്യങ്ങളില്‍ മാത്രമേ ജനങ്ങള്‍ക്കൊപ്പമുള്ളോയെന്നാണ് സര്‍ക്കാര്‍ ഇനി വ്യക്തമാക്കേണ്ടത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍