UPDATES

കേരളത്തിലേത് രാജ്യത്തെ ഏറ്റവും മികച്ച പിഎസ്‌സി; ഇല്ലാക്കഥകളുണ്ടാക്കി യുവജനങ്ങളിൽ ഭീതി സൃഷ്ടിക്കാൻ ശ്രമം: മുഖ്യമന്ത്രി

ഇന്ത്യയിലെ തന്നെ മറ്റ് പിഎസ്‍സികൾക്ക് മാതൃകയായ പ്രവർത്തനം നടത്തുന്ന സ്ഥാപനമാണ് കേരളത്തിലെ പബ്ലിക് സർവീസ് കമ്മീഷനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനെ തകർക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തു തന്നെ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് പിഎസ്‌സിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാനാണ് ശ്രമിച്ചു വരുന്നത്. അത്തരം ശ്രമങ്ങളെ കഴിയുന്നത്ര തമസ്കരിക്കാനും, നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്‌സി പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനുമുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് അദ്ദേഹം ആരോപിച്ചു.

തങ്ങളുടെ സർക്കാർ നിലവിൽ വന്നതിനു ശേഷം ഒരു ലക്ഷത്തി പതിനായിരം നിയമനങ്ങളാണ് നടന്നത്. 22,000 തസ്തികകൾ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സ‍ൃഷ്ടിച്ചിട്ടുണ്ട്. പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ അതിവേഗം പ്രസിദ്ധീകരിക്കുന്നുണ്ട്. ഒഴിവുകൾ ഏറ്റവും വേഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാനുള്ള നടപടിയും എടുക്കുന്നുണ്ട്. ഇതിൽ വീഴ്ച വരുന്നത് റിപ്പോർട്ട് ചെയ്യാൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും പ്രവർത്തിക്കുന്നുണ്ട്. ഈ സന്ദർഭത്തിലാണ് ഇല്ലാത്ത കഥകൾ സൃഷ്ടിച്ച് യുവജനങ്ങളിൽ അങ്കലാപ്പ് സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ തന്നെ മറ്റ് പിഎസ്‍സികൾക്ക് മാതൃകയായ പ്രവർത്തനം നടത്തുന്ന സ്ഥാപനമാണ് കേരളത്തിലെ പബ്ലിക് സർവീസ് കമ്മീഷനെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ പിഎസ്‌സി സംവിധാനങ്ങൾ കേരളത്തിലേതു പോലെ ശക്തമല്ല. ചിലയിടങ്ങളിൽ ക്ലാസ് വൺ തസ്തികകളിലേക്കു മാത്രമേ പിഎസ്‌സിയിലൂടെ നിയമനം നടക്കുന്നുള്ളൂ.

പൊലീസ്, ലാസ്റ്റ് ഗ്രേഡ്, എൽപി സ്കൂൾ തുടങ്ങിയവയ്ക്കായി സമാന്തര റിക്രൂട്ട്മെന്റ് ബോർഡുകളാണ് പലയിടത്തും പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചില സംസ്ഥാനങ്ങളിൽ സ്വകാര്യ ഏജൻസികൾ വഴിയാണ് നിയമനം. എന്നാൽ കേരളത്തിലെ 125ഓളം പൊതുമേഖല, ബോർഡ്, കോർപ്പറേഷൻ തുടങ്ങിയവയിലേക്കുള്ള നിയമനങ്ങളടക്കം എല്ലാം പിഎസ്‌സിയാണ് നിയമനം നടത്തുന്നത്. ഇതല്ല മറ്റിടങ്ങളിലെ സ്ഥിതി.

കേരളത്തിന്റെ പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത നേടിയിട്ടുള്ള സ്ഥാപനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് കാരണം അവരുടെ വിശ്വാസ്യത തന്നെയാണ്. കേരളത്തിലെ മാറിമാറി വന്ന സർക്കാരുകളെല്ലാം പിഎസ്‌സിയെ കൂടുതൽ ഉത്തരവാദിത്വങ്ങള്‍ ഏൽപ്പിക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ്. ഇത്തരമൊരു സ്ഥാപനത്തെ തകർക്കാനാണ് ശ്രമം നടക്കുന്നത്. മാധ്യമങ്ങളിൽ ഇതിലെല്ലാം എടുത്ത നിലപാടുകൾ സംബന്ധിച്ച് ഈയവസരത്തിൽ താനൊന്നും പറയുന്നില്ലെന്നും മാധ്യമങ്ങൾ സ്വയം ആലോചിക്കാൻ സന്നദ്ധമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍