UPDATES

ട്രെന്‍ഡിങ്ങ്

പൊലീസിനു മുന്നില്‍ തോറ്റുപോയ പിണറായി വിജയന്‍

മൂന്നുമാസം കഴിഞ്ഞിരിക്കുന്നു പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം നടന്നിട്ട്.

പിണറായി വിജയന്‍ എന്ന ആഭ്യന്തരമന്ത്രി, അങ്ങയുടെ കീഴില്‍ ഇന്റലിജന്‍സ് വിഭാഗം എന്നൊരു കൂട്ടരുണ്ടെന്നാണു വിശ്വാസം. ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളും ബന്ധുക്കളും ഡിജിപി ഓഫിസിനു മുന്നില്‍ സമരം ഇരിക്കുമെന്ന വിവരം ഒരുമാസം മുമ്പേ പറഞ്ഞിരുന്നതാണ്. ഒരു തവണ അതവര്‍ മാറ്റിവച്ചു. പക്ഷേ കേരള പൊലീസിന്റെ കാര്യക്ഷമത കൊണ്ട് മാറ്റിവച്ച സമരം വീണ്ടും നടത്തുമെന്ന് ജിഷ്ണുവിന്റെ അമ്മ സുവ്യക്തമായി പറഞ്ഞിരുന്നു. ഇന്ന് ആ സമരം നടക്കുമെന്ന കാര്യവും ഒരു ദിവസമെങ്കിലും മുമ്പേ എല്ലാവരും അറിഞ്ഞിരുന്നതുമാണ്. ഇത്ര സെന്‍സിറ്റീവായ ഒരു വിഷയം നടക്കാന്‍ പോകുമ്പോള്‍ അതിന്റെ പരിണിതഫലങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് ഏതൊരു സാധാരണക്കാരനും ഊഹിക്കാന്‍ കഴിയുമായിരുന്നിരിക്കെ കേരളത്തിന്റെ ഇന്റലിജന്‍സ് സംവിധാനത്തിന് ഇതേ പറ്റി ഒരു ചുക്കും ചുണ്ണാമ്പും പിടികിട്ടിയില്ലെന്നാണോ? അതോ അറിഞ്ഞിട്ടും അവരൊന്നും മുഖ്യമന്ത്രിയെ അറിയിച്ചില്ലേ? അതോ എല്ലാം അറിഞ്ഞിട്ടും പൊലീസിന്റെ കാര്യക്ഷമതയെ കുറിച്ചു മാത്രം ചിന്തിക്കുന്ന ആഭ്യന്തര മന്ത്രി ഒരമ്മയുടെ കണ്ണീര് അവഗണിച്ചതാണോ? എന്തായാലും ഒരു കാര്യം പറയാതെ വയ്യ;

പിണറായി വിജയന്‍ എന്ന ആഭ്യന്തര മന്ത്രി വലിയൊരു പരാജയമായിരിക്കുന്നു. ഭരണം ഒരു വര്‍ഷം തികയുന്നതിനും മുമ്പ് തന്നെ ഇങ്ങനെ പറയേണ്ടി വന്നിരിക്കുന്നതിന് ഒന്നല്ല, ഒന്നിലേറെ കാരണങ്ങളുണ്ടെന്നത് ആ പരാജയം വലുതാകുന്നു.

Also Read: സ: ഷംസീറേ… തിരക്കാണെന്നറിയാം, കഴിയുമെങ്കില്‍ മാക്‌സിം ഗോര്‍ക്കിയുടെ ‘അമ്മ’ ഒന്നു വായിക്കണം

മൂന്നുമാസം കഴിഞ്ഞിരിക്കുന്നു പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം നടന്നിട്ട്. അതൊരു സ്വാഭാവിക മരണമായിരുന്നില്ല. ആത്മഹത്യയാണെങ്കില്‍ പോലും അതിന് ആ കുട്ടി നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. വൈകാരികമായി പറയുകയല്ല, തെളിവുകള്‍ പുറത്തുവന്നില്ലേ? കുറ്റവാളികള്‍ ആരൊക്കെയാണെന്നു മനസിലായില്ലേ. എന്നിട്ടെന്തു ചെയ്തു പിണറായിയുടെ പൊലീസ്? മകന്‍ നഷ്ടപ്പെട്ട ഒരമ്മ നടുറോഡില്‍ വലിച്ചിഴയ്ക്കപ്പെടുന്നതുവരെ കാര്യങ്ങള്‍ എത്തിച്ചതില്‍ പിണറായി എന്ന ആഭ്യന്തരമന്ത്രിക്ക് വളരെ വലിയ പങ്കുണ്ട്. ഇന്നാട്ടിലെ സകലജനങ്ങള്‍ക്കും പൊലീസിന്റെ ‘കാര്യക്ഷമത’ ബോധ്യപ്പെട്ടിട്ടും താങ്കള്‍ നിശബ്ദനായിരിക്കുകയാണെങ്കില്‍ ചരിത്രം നിങ്ങളെ രേഖപ്പെടുത്താന്‍ കരുതിവയ്ക്കുക നാണക്കേടിന്റെ ഏടായിരിക്കും; സംശയമില്ല.

മൂന്നുമാസം കഴിഞ്ഞിട്ടും ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ എന്തു കാര്യക്ഷമതയാണു പിണറായി, താങ്കളുടെ പൊലീസിന് ഉള്ളത്? കുറ്റവാളികള്‍ക്കു സംരക്ഷണം ഒരുക്കലും ഇരകള്‍ക്ക് നീതിനിഷേധിക്കലുമല്ല പൊലീസിന്റെ കാര്യക്ഷമതയായി കാണേണ്ടത്.

Also Read: ഒരു പട്ടാള മേധാവിയെ ഓര്‍മിപ്പിക്കുന്ന ഭരണാധികാരിയെ അല്ല കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്

സഖാവ് പിണറായി വിജയന് സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പറഞ്ഞു തരേണ്ട കാര്യമില്ല. ഒരു കമ്യൂണിസ്റ്റുകാരന്‍ മുഷ്ടിചരുട്ടി മുദ്രാവാക്യം വിളിച്ചിറങ്ങിയ സംഭവങ്ങള്‍ എതൊക്കെയായിരുന്നെന്ന് ഓര്‍ത്തെടുക്കണം. അതല്ലെങ്കില്‍ ചോരപുരണ്ട വസ്ത്രങ്ങളുമായി നിയമസഭയില്‍ വന്നു പ്രസംഗിച്ചതെന്തിനെക്കുറിച്ചായിരുന്നുവെന്നെങ്കിലും ആത്മഗതം ചെയ്യണം. അതൊക്കെ ഓര്‍ത്തിരിക്കുന്ന ഒരാളായിരുന്നു താങ്കളെങ്കില്‍ മഹിജ എന്ന ആ അമ്മ നടുറോഡില്‍ വലിച്ചിഴയ്ക്കപ്പെടില്ലായിരുന്നു. മൂന്നുമാസത്തിനപ്പിറവും ജിഷ്ണുവിന്റെ കൊലയാളികള്‍ പുറത്തു വിലസില്ലായിരുന്നു. എങ്ങനെയുണ്ണണം, എന്തുടുക്കണം എന്നുവരെ ഉപദേശികളുടെ സഹായം തേടേണ്ടി വരുന്ന ഗതികേടിലേക്കു മാറിപ്പോകുന്ന ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ പോരാട്ട ചരിത്രം കേരളപൊലീസിന്റെ ബൂട്ടിനടിയില്‍ കിടന്നു ചതഞ്ഞരഞ്ഞു പോയിരിക്കുന്നു.

കെ കരുണാകരന്‍ എന്ന മുന്‍ മുഖ്യമന്ത്രിയോട് സാമ്യം പറയുന്നുണ്ട് ചിലര്‍ താങ്കളെ കുറിച്ച്. തീരുമാനം എടുക്കാനും നടപ്പാക്കാനുമുള്ള കഴിവ് ആയിരുന്നു ആ താരതമ്യത്തിനു നിദാനം. പക്ഷേ ഇപ്പോള്‍ കൂടുതല്‍ വ്യക്തതയോടെ പറയാം, കരുണാകരന്റെ പൊലീസ് ഒരച്ഛന്റെ കണ്ണീരാണു വീഴ്ത്തിയതെങ്കില്‍ പിണറായിയുടെ പൊലീസ് ഒന്നിലേറെ ഈച്ചരവാര്യര്‍മാരെ സൃഷ്ടിക്കും.

Also Read: എന്റെ മോന്‍ കൊല്ലപ്പെട്ടിട്ട് 90 ദിവസം കഴിഞ്ഞു’; നിസംഗ കേരളമേ കേള്‍ക്കൂ, ഈ അമ്മയുടെ വാക്കുകള്‍

ഈ സംസ്ഥാനത്ത് ആഭ്യന്തര മന്ത്രിയേക്കാള്‍ മുകളിലാണോ ഡിജിപി എന്നു കൂടി വ്യക്തമാക്കി തരണം പിണറായി വിജയന്‍. ഒന്നല്ല, രണ്ടല്ല, അതിങ്ങനെ നീളുമ്പോഴും പൊലീസിന്റെ വീഴ്ചകളെ പൊതിഞ്ഞു സംരക്ഷിക്കാന്‍ നോക്കുന്ന മിടുക്കു കാണുമ്പോള്‍ തോന്നുക സംശയമാണ്. അതോ ഈ ഡിജിപി ആരുടെയെങ്കിലും നെഗോഷിയേറ്ററാണോ? വിട്ടുവീഴ്ചകളുടെ സ്വഭാവം കാണുമ്പോള്‍ അങ്ങനെയാണു തോന്നുന്നത്. ഒരു പോലീസുകാരനു മുന്നില്‍ അങ്ങയുടെ ഇരട്ടച്ചങ്ക് പ്രവര്‍ത്തനരഹിതമായി പോകുന്നോ? ഒരു വാക്കില്‍ ഡിജിപിക്ക് ഇല്ലാതാക്കമായിരുന്നു ഇന്നത്തെ ക്രൂരത. ഇന്നലെ തന്നെ ജിഷ്ണുവിന്റെ മാതാപിതാക്കളെ വിളിച്ച് ചര്‍ച്ചയ്ക്ക് ഇരിക്കാമെന്നും ഇന്നത്തെ സമരം ഒഴിവാക്കണമെന്നും പറഞ്ഞിരുന്നെങ്കില്‍ വ്യക്തമായ രാഷ്ട്രീയമുള്ള ജിഷ്ണുവിന്റെ കുടുബം അതില്‍ എതിര്‍പ്പ് കാണിക്കില്ലായിരുന്നു. ഡിജിപി ചെയ്തില്ലെങ്കില്‍ ആ രാഷ്ട്രീയബുദ്ധി മുഖ്യമന്ത്രിക്കു തോന്നരുതായിരുന്നോ? എന്തിനാണ് താങ്കള്‍ക്ക് ഒരു പൊളിറ്റിക്കല്‍ സെക്രട്ടറിയും മറ്റും? എന്താണ് ഇവര്‍ക്കൊക്കെ പണി? അപ്പോള്‍ എന്തുനടന്നാലും നടക്കട്ടെ എന്ന ധാര്‍ഷ്ഠ്യമായിരുന്നോ മുഖ്യമന്ത്രിക്കും ഡിജിപിക്കും? എങ്കില്‍ ആ ധാര്‍ഷ്ഠ്യം കേരളത്തില്‍ ചെലവാകില്ല എന്ന് ഏതൊരു ഭരണാധികാരിയും മനസിലാക്കേണ്ടതുണ്ട്. അങ്ങയുടെ മുന്‍ഗാമികളുടെ ഗതിയോര്‍ക്കുക.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍