UPDATES

ശബരിമല ബാധിച്ചില്ല; സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലല്ല; എന്റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കും: പിണറായി വിജയന്‍

വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും.

അപ്രതീക്ഷിതമായ ഒരു ഫലമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണയുണ്ടായതെങ്കിലും ഇതൊരു താൽക്കാലിക തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “ചില കാര്യങ്ങള്‍ പ്രചാരണമായത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഞങ്ങൾക്ക് സാധാരണ ഗതിയിൽ ലഭിക്കേണ്ടിയിരുന്ന ഒരു വിഭാഗം വോട്ടര്‍മാര്‍ക്കിടയില്‍ ഞങ്ങളല്ല ഇവിടെ ജയിക്കേണ്ടത് കോൺഗ്രസ്സാണ് എന്ന പ്രചാരണം വന്നു. ബിജെപിയെ സീറ്റിന്റെ കാര്യത്തിൽ മറികടക്കാൻ കോൺഗ്രസ്സിന് ലഭിച്ചില്ലെങ്കിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെയാണ് രാഷ്ട്രപതി വിളിക്കുക അതിനാൽ വോട്ട് കോൺഗ്രസ്സിന് ചെയ്യണമെന്ന് പ്രചാരണമുണ്ടായി. ഇതിന്റെ കൂടെ മറ്റു നിരവധി ഘടകങ്ങളും ബാധിച്ചിരിക്കാം,” അദ്ദേഹം വിശദീകരിച്ചു.

മോദി ഭരണം വീണ്ടും വരരുതെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ കേരളത്തിലുണ്ടെന്നും ഇടതുപക്ഷത്തിന് വോട്ട് ചെയ്താൽ ഭരണത്തിന് നേതൃത്വം കൊടുക്കേണ്ട കോൺഗ്രസ്സിന് വോട്ട് ചെയ്യുകയാണ് നല്ലതെന്ന് ആളുകൾക്കുണ്ടായി. ഇതാണ് സിപിഎമ്മിന്റെ പരാജയ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയം വിധിയെ ബാധിച്ചുവെന്ന് താൻ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. മറ്റൊരു വിഷയം രാഹുൽ ഗാന്ധിയുടെ സാന്നിധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ മത്സരത്തിനെത്തിയപ്പോൾ തന്നെ ആരോടാണ് മത്സരിക്കാൻ വരുന്നതെന്നും അത് രാജ്യത്തിന് എന്ത് സന്ദേശമാണ് നൽകുകയെന്നും താൻ ചോദിച്ചിരുന്ന കാര്യം മുഖ്യമന്ത്രി ഓർമിപ്പിച്ചു. ബിജെപിയ പരാജയപ്പെടുത്തേണ്ട തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെയാണ് തകർക്കേണ്ടത് എന്ന സന്ദേശം നൽകാനല്ലേ വരുന്നതെന്ന് താൻ ചോദിക്കുകയുണ്ടായി. രാഹുൽ എന്തിനാണ് വന്നതെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന് ഇപ്പോഴും നല്ല അംഗീകാരം തന്നെയാണ് പൊതുസമൂഹത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാണെന്ന് ആരും പറയുന്നില്ല. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ വോട്ടർമാരെ വഴിതിരിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇപ്പോഴത്തെ വിധിയുടെ അടിസ്ഥാനത്തിൽ ശൈലി മാറ്റുമോയെന്ന ചോദ്യത്തെ മുഖ്യമന്ത്രി കളിയാക്കി തള്ളിക്കളഞ്ഞു. “എന്റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കും,” അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍