UPDATES

യൂണിവേഴ്‌സിറ്റി കോളെജ് ദേശീയ തലത്തില്‍ മികവ് തെളിയിച്ച സ്ഥാപനം, തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; പോരായ്മകള്‍ പരിഹരിക്കും

സർക്കാർ സ്കോളർഷിപ്പോടെയാണ് 70% വിദ്യാർത്ഥികൾ പഠിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 32 റാങ്കുകളാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്ന സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സിറ്റി കോളജിനെ തകർക്കാനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ആ സ്ഥാപനത്തിന് യോജിക്കാത്ത എന്തെങ്കിലും കാര്യങ്ങൾ അവിടെ നടക്കുന്നുണ്ടെങ്കിൽ അതിനെ എല്ലാത്തരത്തിലും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമിക നിലവാരം കൊണ്ടും പാരമ്പര്യം കൊണ്ടും ഏറ്റവും മുന്നിൽ നിൽക്കുന്ന സ്ഥാപനമാണ് യൂണിവേഴ്സിറ്റി കോളജെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ തന്നെ സർക്കാർ കോളജുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണിത്. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ പട്ടികയിൽ ഇന്ത്യയിൽത്തന്നെ ഇരുപത്തിമൂന്നാം സ്ഥാനത്താണ് യൂണിവേഴ്സിറ്റി കോളജ്. അക്കാദമിക് മികവ് പരിഗണിച്ചാൽ കേരളത്തിലെ ഓട്ടോണമസ് കോളജ് ഉൾപ്പെടെയുള്ളവയെടുത്താൻ യൂണിവേഴ്സിറ്റി കോളജിന്റെ സ്ഥാനം ഒന്നാമതാണ്. എ ഗ്രേഡ് നാക് അക്രഡിറ്റേഷനും ഈ കോളജിനുണ്ട്. 3294 വിദ്യാർത്ഥികൾ സ്ഥാപനത്തിൽ പഠിക്കുന്നു. ഏറ്റവും മിടുക്കരായ വിദ്യാർത്ഥികളാണ് ഈ കോളജിൽ വന്ന് ചേരുന്നത്. അധ്യാപകരിൽ 70% പേരും പിഎച്ച്ഡി യോഗ്യതയുള്ളവരാണ്. അടിസ്ഥാന വിഭാഗങ്ങളിൽ നിന്നും വരുന്നവരാണ് ഈ സ്ഥാപനത്തിൽ പഠിക്കാൻ വരുന്നവരിൽ ഭൂരിഭാഗവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു സ്ഥാപനത്തെയാണ് ഇല്ലാതാക്കാൻ ശ്രമം നടക്കുന്നത്.

സർക്കാർ സ്കോളർഷിപ്പോടെയാണ് 70% വിദ്യാർത്ഥികൾ പഠിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 32 റാങ്കുകളാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി കോളജിനെ തകർക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ ആരോഗ്യകരമായ സമീപനം തന്നെയാണോ നടത്തുന്നതെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍