UPDATES

കേരളം

മുഖ്യമന്ത്രീ, താങ്കള്‍ മറ്റൊരു മോദിയാകരുത്; ഓര്‍ഡിനന്‍സ് രാജ് അല്ല ഭരണം

പ്ലാച്ചിമടയിലും മാവൂരിലും കാതികൂടത്തും ഉയര്‍ന്നുവന്ന ജനമുന്നേറ്റം നമ്മുക്ക് മറക്കാതിരിക്കാം

‘ഈസ് ഓഫ് ഡുയിങ് ബിസിനസ്’ റാങ്കിങ് മെച്ചപ്പെടുത്താന്‍ ദി കേരള ഇന്‍വെസറ്റ്‌മെന്റ് ആന്റ് പ്രമോഷന്‍ ആക്ട് 2017 എന്ന പേരില്‍ ഓര്‍ഡിനെന്‍സ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ലോകബാങ്ക് വികസിപ്പിച്ചെടുത്ത ഈ റാങ്കിങ് സൂചികയില്‍ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ ഉയര്‍ന്ന റാങ്കില്‍ വരാനുളള മാനദണ്ഡം വ്യവസായങ്ങള്‍ക്ക് ലളിതമായ നിയന്ത്രണങ്ങളും അവയുടെ ആസ്തി സംരക്ഷിക്കുന്നതിന് ശക്തമായ അവകാശങ്ങളും നല്‍കുന്നതാണ്. ഈ മാനദണ്ഡം വഴി; സ്വകാര്യവല്‍ക്കരണം, ക്ഷേമപദ്ധതികള്‍ വെട്ടിചുരുക്കുക, തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുക, തൊഴില്‍ നിയമങ്ങള്‍ ലളിതമാക്കുക, ബഹുരാഷ്ട്ര കുത്തകളെ പ്രീണിപ്പിക്കുന്നതിനായി കുറഞ്ഞ കൂലി, കരാര്‍ തൊഴിലുകള്‍ വ്യാപകമാക്കുക എന്നീ നവ ഉദാരവല്‍ക്കരണ നയങ്ങളെയാണ് ലോക ബാങ്ക് പ്രോല്‍സാഹിപ്പിക്കുന്നതെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

2015 ല്‍, 189 രാജ്യങ്ങളുളള ഈ പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് 134 ആണ്. സര്‍ക്കാറിന്റെ പരിഷ്‌കാര നയങ്ങളും അവ നടപ്പിലാക്കുന്നതും തല്‍സമയം വിലയിരുത്തുന്നതിനു വേണ്ടി ‘ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ വകുപ്പ്’ 2016 ലാണ് ഒരു വെബ് പോര്‍ട്ടല്‍ ആരംഭിച്ചത്. ‘പോളിസി പ്രമോഷന്‍ വകുപ്പി’ന്റെ കണക്കനുസരിച്ച് രാജ്യത്തെ ഏകദേശം 10 സംസ്ഥാനങ്ങള്‍ 90 ശതമാനത്തിലേറെ പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കിയുട്ടുണ്ട്. 2016 ലെ സൂചികയില്‍ കേരളം 20 ാം സ്ഥാനത്താണ്. 2015 ല്‍ ഇത് 18 ആയിരുന്നു. അത് പാരിസ്ഥിതികാനുമതി നല്‍കുന്നതിലെ കാര്യക്ഷമതക്കും (51.61) ബിസിനസ് നിയന്ത്രണം സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതിലുളള പുരോഗതിക്കുമാണ് (46.15). കേരളം, കേന്ദ്രാവിഷ്‌കൃത പരിഷ്‌കാര നിര്‍ദ്ദേശങ്ങളില്‍ 231 നയങ്ങള്‍ നടപ്പിലാക്കിയിട്ടില്ല. സുപ്രധാന തൊഴില്‍ മേഖല പരിഷ്‌ക്കരണം, ഏകജാലക സംവിധാനം, കരാര്‍ വ്യവസ്്ഥ നടപ്പിലാക്കുക എന്നിവയുള്‍പ്പെടുന്ന പദ്ധതികളാണ് കേരളം നടപ്പിലാക്കാതിരുന്നത്. മൂല്ല്യനിര്‍ണ്ണയത്തിന്റെ പരിധികള്‍ കേരളം ശ്രദ്ധിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

ഇത്തരം ഒരു സാഹചര്യത്തെ മുന്‍ നിര്‍ത്തി ഏഴോളം നിയമങ്ങള്‍ ഭേദഗതി ചെയ്താണ് പിണറായി വിജയന്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ട് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം ഓര്‍ഡിനന്‍സ് വഴി നിയമ നിര്‍മ്മാണം നടത്തിയപ്പോള്‍ ഇടതുപക്ഷം അങ്ങേയറ്റം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ‘ഓര്‍ഡിനെന്‍സ് രാജ്’ ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കും എന്ന ആശങ്കയാണ് എതിര്‍പ്പിനു കാരണം. ഓര്‍ഡിനന്‍സ് ഇറക്കി നിയമ നിര്‍മ്മാണം നടത്തുന്നത് ജനപ്രാധിനിത്യ നിയമം അട്ടിമറിക്കുമെന്ന ആശങ്കയും ഇടതുപക്ഷവും ജനാധിപത്യവിശ്വാസികളും പ്രകടിപ്പിച്ചു. ഇതേ രീതികള്‍ പിന്തുടരുമ്പോള്‍ മോദിയുടെ ഏകാധിപത്യ പ്രവണത തന്നെയാണ് പിണറായി വിജയനും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ തലത്തില്‍ നരേന്ദ്ര മോദി സമഗ്രാധിപത്യം നടപ്പിലാക്കി ഭരണഘടന അട്ടിമറിക്കുന്നതിനെതിരെ പ്രചാരണം നടത്തുന്ന സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ അതെ രീതി പിന്തുടരുന്നത് ജനവഞ്ചനയായി കണക്കാക്കേണ്ടി വരും. സഭയില്‍ വലിയ ഭുരിപക്ഷമുളള മുന്നണി ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു ശ്രമിക്കുമ്പോള്‍, സ്വാഭാവികമായും കരടു നയത്തില്‍ ചില ഒളിഅജണ്ടകള്‍ ഉണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. സ്വന്തം മുന്നണിയില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്ന് ഭയം പിണറായിക്കുണ്ടാവണം.

ഓഡിനന്‍സിലേക്കുളള ഒളിഞ്ഞുകളി അതാണ് തെളിയിക്കുന്നത്. 2001 ല്‍ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ പ്രഖ്യാപിച്ച ഒരു പ്രസ്താവനയുണ്ട്. ‘സര്‍ക്കാര്‍ പ്രൊവൈഡര്‍ അല്ല, ഫെസിലിറ്റേറ്റര്‍ ആണ്’ ഈ പരാമര്‍ശത്തില്‍ ഒളിഞ്ഞിരിക്കുന്ന മുതലാളിത്തത്തിന്റെ വിഷവിത്തുകള്‍ തുടര്‍ന്നു വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ‘ജിം’ എന്ന പേരില്‍ മുളപ്പിച്ചെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജിമിന്റെ പരാജയത്തിനു മുഖ്യകാരണങ്ങളില്‍ ഒന്ന് നിക്ഷേപകര്‍ക്ക് മതിയായ ഫെസിലിറ്റീസ് ലഭ്യമായിരുന്നില്ലെന്നാണ്. അതുകൊണ്ട് അവ ലഭ്യമാക്കാനാണ് ഇപ്പോള്‍ പഞ്ചായത്ത് ആക്്ടുമുതല്‍ സുപ്രധാനമായ നിയമങ്ങളെല്ലാം ഓര്‍ഡിനനെന്‍സ് വഴി ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. അതില്‍ ഏറ്റവും അപകടകരമാണ് തൊഴില്‍ നിയമം മാറ്റാനുളള നീക്കം. പുതിയ കോര്‍പ്പറേറ്റുകള്‍ക്ക് എളുപ്പത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ പറ്റിയ രീതിയില്‍ തൊഴില്‍ നിയമം മാറ്റി എഴുതാനുളള നീക്കമാണിതെന്നതുകൊണ്ടാണ് തൊഴിലാളി യുണിയന്‍ നേതാക്കളുടെ യോഗം വിളിക്കാതെ കരട് തയാറാക്കിയിരിക്കുന്നത്.

44 ദേശീയ തൊഴില്‍ നിയമങ്ങള്‍ നാലു നിയമങ്ങളാക്കി ചുരുക്കുന്ന ബിജെപി സര്‍്ക്കാറിന്റെ നിര്‍ദ്ദിഷ്ട തൊഴില്‍ നിയമ ഭേദഗതിയയെ ബിഎംഎസ് അടക്കമുളള ട്രേഡ് യൂണിയനുകള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. പുതിയ ഭേദഗതി തൊഴിലാളികള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനുളള അവകാശങ്ങള്‍ നഷ്ടപ്പെടുത്തുമെന്നതിനാലാണ് ബിഎംഎസും ഇടതുയൂണിയനുകളും പുതിയ ഭേദഗതിയെ എതിര്‍ക്കുന്നത്. ട്രെഡ് യുണിയന്റെ അവകാശങ്ങള്‍ ഭരണഘടന ഉറപ്പ് നല്‍കിയിട്ടുണ്ട്. പുരോഗമന ജനാധിപത്യത്തിനു ഉറച്ച തൊഴില്‍ നിയമം സര്‍വ്വപ്രധാനമാണ്. 44 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് അവ 4 നിയമങ്ങളാക്കുന്നതിനു ത്രികക്ഷിതല ചര്‍ച്ചകള്‍ മറികടക്കാതിരിക്കാന്‍ മോദി പോലും നിര്‍ബന്ധിതനായി. അതുപോലെ, പ്രദേശിക സ്വയംഭരണ സ്ഥാപനങ്ങളായ പഞ്ചായത്തുകള്‍ക്കാണ് അതാത് പ്രദേശങ്ങളില്‍ ഏതുതരം വ്യവസായം വരണമെന്നും വരരുതെന്നും തിരുമാനിക്കാനുളള അവകാശമുളളത്. പുതിയ ഭേദഗതി, ഈ അവകാശങ്ങള്‍ക്കു മേല്‍ നിയന്ത്രണം തീര്‍ക്കും. അങ്ങനെ ഉണ്ടായാല്‍ പ്ലാച്ചിമടയിലും മാവൂരിലും കാതികൂടത്തും ഉയര്‍ന്നുവന്ന ജനമുന്നേറ്റം ഒരു തുടര്‍ക്കഥയാവും സംസ്ഥാനത്ത്.

നമ്മുടെ, കൊച്ചുസംസ്ഥാനത്തിന് ആനുപാതികവും സന്തുലിതവുമായ വേഗതയും സുതാര്യതയും സന്തോഷവും വേണമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ, വിവേകമില്ലാത്ത വേഗത, വലിയ വിപത്തായിരിക്കും സമ്മാനിക്കുക. അതുകൊണ്ട്, മുഖ്യമന്ത്രീ, താങ്കള്‍ മോദിയുടെ വഴിയെ പോകരുത്. ഓര്‍ഡിനന്‍സ് പിന്‍വലിക്കാനും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ എല്ലാവരുമായും നടത്താനും തയ്യാറാകണം. ബംഗാളിനെ കുറിച്ച് കൂടി താങ്കള്‍ ഇടയ്ക്ക് ഓര്‍ക്കുന്നത് നല്ലതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍