UPDATES

ട്രെന്‍ഡിങ്ങ്

ആത്മഹത്യ പാപമാണെന്ന് പഠിപ്പിക്കുന്ന പൌരോഹിത്യം വിശ്വാസികളെ ചാടി ചാവാന്‍ പ്രേരിപ്പിക്കുമ്പോള്‍

മെത്രാന്‍ കക്ഷിയും ബാവ കക്ഷിയും ചേര്‍ന്ന് കെടുത്തന്നത് ക്രൈസ്തവ ദര്‍ശനത്തിന്റെ ശോഭയാണ്

കെ എ ആന്റണി

കെ എ ആന്റണി

സ്വന്തം ശത്രുവിനോട് ക്ഷമിക്കുക മാത്രമല്ല അവനെ സ്‌നേഹിക്കണമെന്നുകൂടി പഠിപ്പിച്ച യേശു ക്രിസ്തുവിന്റെ അനുയായികളെന്നു മേനി നടിക്കുന്നവര്‍ പരസ്പരം പോര്‍ വിളി നടത്തുന്നതിന് കേരളം വീണ്ടും സാക്ഷ്യം വഹിക്കുന്നു എന്നുതന്നെയാണ് പിറവം വലിയ പള്ളിയില്‍ ഇന്നലെ അരങ്ങേറിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. ആത്മീയതയുടെ പേരിലോ ക്രൈസ്തവ മൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയോ അല്ല മറിച്ചു സ്വത്തിന്റെ അഥവാ സമ്പത്തിന്റെ പേരിലാണ് യാക്കോബായ – ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഇവിടെ പോരടിക്കുന്നതെന്നതെന്നത് ക്രൈസ്തവ സഭക്ക് മാത്രമല്ല ക്രൈസ്തവ ദര്‍ശനത്തിനു തന്നെ ഉണ്ടാക്കുന്ന നാണക്കേട് എത്ര വലുതാണെന്ന് ഇരു വിഭാഗങ്ങളെയും നയിക്കുന്ന സഭാ നേതൃത്വം എന്നാണാവോ തിരിച്ചറിയുക?

സുപ്രീം കോടതി വിധി അനുസരിച്ചു പിറവം വലിയ പള്ളിയും അതിന്റെ സ്വത്തും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അവകാശപ്പെട്ടതാണ്. കോടതി വിധി നടപ്പിലാക്കുന്നതിനുവേണ്ടി അധികൃതര്‍ നടത്തിയ നീക്കത്തെ പരാജയപ്പെടുത്തുന്നതിനുവേണ്ടിയാണ് യാക്കോബായ വിഭാഗം പള്ളിയില്‍ തമ്പടിച്ചതും അവരില്‍ ചിലര്‍ (സ്ത്രീകളടക്കം) ദേഹത്തു മണ്ണെണ്ണ ഒഴിച്ചും കയ്യില്‍ കുരുക്കിട്ട കയറുമായും പള്ളിമേടയുടെ മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയതും. ആത്മഹത്യ പാപമാണെന്നു വിശ്വാസികളെ പറഞ്ഞു പഠിപ്പിക്കുന്ന പൗരോഹിത്യം തന്നെയാണ് ഇവരെക്കൊണ്ട് ആത്മഹത്യാ ഭീഷണി മുഴക്കിച്ചതെന്നത് അവരുടെ മനസ്സിലെ കുടിലതയും സമ്പത്തിനോടുള്ള ആര്‍ത്തിയും എത്രകണ്ട് വലുതാണെന്ന് വ്യക്തമാക്കാന്‍ പോന്നതാണ്.

കോടതി വിധി അംഗീകരിക്കാനാവില്ലെന്നും ഇപ്പോഴത്തെ വിധി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ഇന്നലെ നടന്ന നാണംകെട്ട കലാപരിപാടികള്‍ ആവര്‍ത്തിക്കും എന്നാണ് ഇന്നലെ ബാവാ കക്ഷി എന്ന് അറിയപ്പെടുന്ന യാക്കോബായ വിഭാഗത്തിന്റെ മേലധ്യക്ഷന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതെന്നതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ സംങ്കീര്‍ണമാകുന്നു എന്നതില്‍ തര്‍ക്കമില്ല. പള്ളികളുടെയും അവയുടെ സ്വത്തിന്റെയും പേരില്‍ ബാവാ കക്ഷിയും മെത്രാന്‍ കക്ഷിയും (ഓര്‍ത്തഡോക്‌സ്) തമ്മിലുള്ള ഈ പോരിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവര്‍ തമ്മിലുള്ള ഗുസ്തിയുടെ പേരില്‍ ശവ സംസ്‌കാരങ്ങള്‍ പോലും മുടങ്ങിയ സംഭവങ്ങളും നിരവധിയാണ്. ഇക്കഴിഞ്ഞ മാസവും അത്തരത്തിലൊരു സംഭവം ഉണ്ടായപ്പോള്‍ കോടതി ഇടപെട്ടാണ് പരേതന്റെ ജഡം സംസ്‌കരിക്കാന്‍ ഏര്‍പ്പാടുണ്ടാക്കിയത്.

വിശ്വാസ കാര്യങ്ങളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന് വാദിക്കുന്ന ഇരു പക്ഷവും സ്വത്തിന്റെ കാര്യം വരുമ്പോള്‍ കോടതികളെ തന്നെയാണ് ശരണം പ്രാപിക്കുന്നതെന്നതാണ് ഏറെ വിചിത്രമായ കാര്യം. പിറവം വലിയ പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം ഇരു വിഭാഗത്തിന്റെയും മേലധ്യക്ഷന്മാര്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചാല്‍ പോരെ എന്ന ചോദ്യത്തിന് ഇന്നലെ ഈ വിഷയം സംബനധിച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ബഹുമാന്യനായ ഒരു പാതിരി ചോദിച്ച മറു ചോദ്യം ‘എല്ലാവരും പരസ്പരം സ്‌നേഹിക്കുകയും ക്ഷമിക്കുകയും ചെയ്താല്‍ പിന്നെതിനാണ് നാട്ടില്‍ കോടതികള്‍’ എന്നായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ പക്ഷെ ഒരു പരമാര്‍ത്ഥം മറക്കുന്നു. സ്വത്തിനും സാമ്പത്തിനുംവേണ്ടി കടിപിടികൂടുന്നവര്‍ക്ക് യേശു ക്രിസ്തുവിന്റെ അനുയായികള്‍ എന്ന് പറഞ്ഞു നടക്കാന്‍ അവകാശമില്ലെന്ന്.

മരിക്കേണ്ടി വന്നാലും വിശ്വാസത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് യാക്കോബായ സഭ, പിറവം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്സ്‌ വിഭാഗം; ഇന്ന് സുന്നഹദോസ്

എന്താണ് പിറവം പള്ളി കേസ്? എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇത്രകാലവും അതില്‍ ഇടപെട്ടില്ല?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍