UPDATES

രൂപേഷ് കുമാര്‍

കാഴ്ചപ്പാട്

ബ്ളാക്ക് ലെറ്റേഴ്സ്

രൂപേഷ് കുമാര്‍

ന്യൂസ് അപ്ഡേറ്റ്സ്

പൊലയാടി മോന്‍ തന്നെയല്ലേ ഇപ്പോഴും മലയാളിയുടെ തെറി?

രാവിലെ തന്നെ വെറുപ്പിക്കല്‍ തുടങ്ങിയതാണ്; അല്ലെങ്കില്‍ ഇന്നലെ രാത്രി തന്നെ തുടങ്ങിയതാണ്. തുമ്പപ്പൂ നൈര്‍മല്യവും മലയാള മണ്ണിന്റെ കൊണാണ്‍ട്രം മണവും ഒക്കെ ചേര്‍ന്ന് കേരളപ്പിറവി ആശംസകള്‍. വെറുപ്പിക്കല്‍ അപ്പിയിട്ടു വെക്കുന്നത് പല വാട്‌സപ്പ് ഗ്രൂപ്പുകളിലുമാണ്. മലയാളി… മലയാളം… മാതൃഭാഷ… ആന മുട്ട. പിന്നെ പിക്ചര്‍ മെസ്സേജുകളുടെ അയ്യര് കളിയാണ്. കഥകളി മലയാളപ്പിറവി, ഭരതനാട്യം മലയാളപ്പിറവി, ഭാരതനാട്യം കേരളപ്പിറവി. അല്ല അറിയാന്മേലാഞ്ഞിട്ടു ചോരിക്കുവാന്. അല്ല ഈ അറുപതു വര്‍ഷമായിട്ടും മലയാളികള്‍ എന്നൊക്കെ പറയുന്ന ‘മഹത്തായ സംസ്കാരം’ ഈ രണ്ടു സാധനങ്ങളേ കണ്ടുപിടിച്ചിട്ടുള്ളോ? നേരത്തെ ആരാണ്ടൊക്കെയോ പറഞ്ഞ പോലെ മനുഷ്യന്മാര് 7ജി യുഗത്തില്‍ ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍, ഇറാനിയന്‍, പലസ്തീനിയന്‍ പോലുള്ള നിരവധി സംസ്‌കാരങ്ങളുമായി പലപ്പോഴും സംവദിക്കാനും ഡിബേറ്റ് നടത്താനും ഒക്കെ തുടങ്ങുമ്പോഴും ചെല ഓഞ്ഞ സ്‌കൂള്‍, കോളേജ്, പത്രപ്രവര്‍ത്തന, വിദ്യാഭ്യാസ, സിനിമ ഗ്രൂപ്പുകളിലൊക്കേ ഇപ്പോഴും ഭാരതനാട്യം – കഥകളി,  കഥകളി – ഭാരതനാട്യം എന്ന് മാറി മാറി എന്റെ ഫുള്‍ മലയാളം, എന്റെ ക്ലോസ് അപ് കഥകളി എന്ന രീതിയില്‍ തന്നെ കാണിക്കുമ്പോ അത്യാവശ്യം ഇവര്‍ക്ക് ബോറടിക്കുന്നില്ലെങ്കിലും തലയില്‍ ഓളമുള്ളവര്‍ തലയില്‍ കൈവെക്കും. ഇജ്ജാതി വെറുപ്പിക്കലാ ഇഷ്ടാ ഈ കഥകളി – ഭരതനാട്യം മലയാളി വിഷ്?

 

നിയമസഭയില്‍ ബിഷപ് മാർ ക്രിസോസ്റ്റമാണ് മലയാളപ്പിറവി ആഘോഷം ഉത്ഘാടിക്കാൻ വരുന്നതെന്ന് കെട്ടു. ചെങ്ങറയില്‍ ആദിവാസികളും ദളിതരും ഭൂമിക്ക് വേണ്ടി സമരം ചെയ്തപ്പോൾ വല്ലവന്റെയും ഭൂമിയിൽ കേറി സമരം ചെയ്യുന്നു എന്നു തട്ടിവിട്ടയാളാണ് കക്ഷി. അവിടെയൊന്നും ഒരു ആദിവാസിയും ദളിതനും മുസ്ലീമും ഒന്നും വരരുത്. പകരം തിരുമേനിമാര്‍ തന്നെ വേണം. അപ്പൊ മലയാളിയുടെ നിഘണ്ടുവില്‍ നിന്ന് ആദിവാസി – ദളിത് മേഖലയില്‍ ഈ തിരുമേനിമാരുടെ ഇടവകക്കുഞ്ഞുങ്ങള്‍ നടത്തിയ കുടിയേറ്റ, ജാതി വംശീയതയൊക്കെ അങ്ങ് സൌകര്യപൂര്‍വം മറക്കണം. ബാലനെപ്പോലുള്ളവര്‍ ‘ആദിവാസികള്‍ നാലെണ്ണം ചത്തു’ എന്ന് മൊഴിഞ്ഞ മധുരമനോജ്ഞ മലയാളം വെള്ളത്തില്‍ വിട്ട വളി പോലെ ഇങ്ങനെ മായിച്ചു കളയാം. എന്നിട്ട് പിണറായിയും ബാലനും രമേശ് ചെന്നിത്തല നായര്‍ ഒക്കെ അങ്ങ് മലയാളിത്വം അടിച്ചു പൊളിച്ചു എആര്‍ റഹ്മാന്റെ ജെയ് ഹോ മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് അങ്ങ് കോള്‍മയിര്‍ കൊള്ളണം. പുലയന്‍ മന്ത്രിയായാല്‍ തനിക്ക് സഹിക്കൂല്ല എന്ന് പറഞ്ഞ മന്നത്ത് പത്മനാഭനെ സാമൂഹികപരിപരിഷ്‌കര്‍ത്താവ് (ഉച്ചരിക്കാന്‍ തന്നെ എന്തൊരു പാട്) എന്ന് പറഞ്ഞു അങ്ങ് ആഘോഷിച്ച് അര്‍മാദിക്കണം. അപ്പൊ പിന്നെ പത്രം സിനിമേല്‍ ജനാര്‍ദ്ദനന്‍ പറഞ്ഞതുപോലെ ‘അപ്പോ തോന്നും നായര്‍ ചായ്വാണെന്ന്‍’. ഉടനെ വരണം ദേശാഭിമാനി ബാലകൃഷ്ണപിള്ളേടെ പത്രപ്രവര്‍ത്തന സംഭാവനകള്‍. അവിടെയും അങ്ങേരു പറഞ്ഞ പുലയര് പഠിക്കരുത്, അവര്‍ എരുമകളെ പൂട്ടുന്നത് പോലെ വരമ്പത്ത് പൂട്ടാന്‍ പോയേ പറ്റൂ എന്നതൊക്കെ വീണ്ടും ചരിത്രത്തില്‍ സൌകര്യപൂര്‍വം മറക്കുന്ന കാര്യങ്ങളാകണം. എന്നിട്ട് കഥകളി… കഥകളി!

 

 

പിന്നെയാണ് അളിയന്‍ മോഹന്‍ലാല്‍. അങ്ങേരുടെ നിഷ്കളങ്കമായ ചിരി മലയാളിയുടെ ട്രേഡ് മാര്‍ക്ക് ആവണം. അങ്ങേരു മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് എന്ന് കീച്ചണം. ചിത്രം സിനിമയില്‍ മണിയന്‍പിള്ള രാജുവിന്റെ ആദിവാസി, മുടിവെട്ടാന്‍ കാശ് ചോദിക്കുന്ന അത്ര മാത്രം വളരുന്നു എന്നാ രീതിയില്‍ ചിത്രീകരിച്ചു തുടങ്ങി, പുലി മുരുകനില്‍ എത്തുമ്പോഴേക്കും വടിയും കുത്തിപ്പിടിച്ച് പുലിമുരുകന്‍ സംഭവം… പുലിമുരുകന്‍ സംഭവം എന്ന് നാഴികക്കു നാല്പതു വട്ടം പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും പുലി വരുന്നേ രക്ഷിക്കൂ എന്നും പറഞ്ഞ് മോഹന്‍ലാലിന്റെ പിന്നാലെ കൂടണം. അങ്ങനെയും മലയാളിത്തം ആഘോഷിക്കുന്ന ചില രീതികളുണ്ട്. അണ്ണന്‍ എന്നിട്ട് ചെല ബ്ലോഗുകള്‍ ഒക്കെ പടച്ചു വിട്ട് ഭാരതത്തിനു വേണ്ടി ജീവിക്കൂ… ഭാരതത്തിനു വേണ്ടി ജീവിക്കൂ എന്ന് അടിച്ചു വിടണം. അപ്പൊ മറക്കേണ്ടത് ബീമാപ്പള്ളി വെടിവെപ്പ്, ഇന്നലെ ഭോപ്പാലില്‍ മുസ്ലീങ്ങളായ എട്ടു ചെറുപ്പക്കാരെ കൊന്നൊടുക്കിയത്. തീര്‍ന്നില്ല നാണയത്തിന്റെ മറുവശം കേരളത്തിലാണ്, മലയാളികളെ ഒട്ടും ആലോസരപ്പെടുത്താത്ത് മലയാളിയുടെ, അല്ലെങ്കില്‍ പിണറായിയുടെ സുരേഷ് ഗോപി പോലീസ്, ദളിതരെ കസ്റ്റഡിയില്‍ അങ്ങോളം ഇങ്ങോളം തല്ലിച്ചതയ്ക്കണം, പറ്റുമെങ്കില്‍ കൊല്ലണം. എന്നിട്ട് മലയാളത്തിന്റെ നന്മയും തുമ്പപ്പൂവും ഒക്കെ അങ്ങ് മണത്ത് കോള്‍മയിര്‍ കൊള്ളണം. സുഗതകുമാരിയെ വിളിക്കണം. സുരേഷേട്ടന്‍ സാമ്പത്തിക സംവരണം വേണം, സമുദായിക സംവരണം ജാതി കൊണ്ടു വരും എന്ന നായര്‍ ഡയലോഗ് കീച്ചിക്കൊണ്ടേ ഇരിക്കണം. ശ്യാമസുന്ദര കേര കേദാര ഭൂമി…!

പണ്ട് നമ്മടെയൊക്കെ ‘കോളനീ’ന്ന്’ ചോന്ന ടീ ഷര്‍ട്ടും ജീന്‍സുമൊക്കെ ഇട്ട് മുടിയൊക്കെ നീട്ടി വളര്‍ത്തി നമ്മള്‍ രജനികാന്തിന്റെ തമിഴ് പടങ്ങള്‍ കാണാന്‍ പോകുവാരുന്നു. അപ്പോഴാണ് കമന്റുകളുടെ കുത്തൊഴുക്ക്. ആ ദക്ഷിണാഫ്രിക്കക്കാര് ഇറങ്ങീട്ടുണ്ട്. മലയാളികള്‍ക്ക് ഇപ്പഴും കോളനികള്‍ ദക്ഷിണാഫ്രിക്കകളാണ്. ചോന്ന ടീ ഷര്‍ട്ട് ഇട്ടാല്‍ അത് പെല കളര്‍ ആയി. ജീന്‍സ് ഇട്ടാല്‍ ‘സിറ്റി’ക്കാര്‍ ആയി. മുടി നീട്ടി വളര്‍ത്തിയാല്‍ ആദിവാസികളുടെ രൂപം അല്ലെങ്കില്‍ പുലവേട്ടുവന്‍ ആയി. അപ്പോഴും മലയാളികളുടെ ഈ കമന്റ് ഫാക്ടറികളായ ഗ്രാമത്തിലെ നമ്പ്യാര്‍ – നായര്‍ ഇടങ്ങളിലുള്ള ചായക്കടകളിലെ റേഡിയോ (അത് വലിയ നോസ്റ്റാള്‍ജിയ ആയല്ലോ)യിലെ പാട്ട് ഇതായിരിക്കും ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്’. ആദിവാസികളും ദളിതരും ഒക്കെ അത് ഇങ്ങനെ തിരിച്ചു പാടി ചിരിക്കും. ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണും ഇല്ല, ഒരു മൈരും ഇല്ലാ’ന്ന്. പറഞ്ഞുവന്നത് രജനികാന്തിന്റെ പടത്തിനെക്കുറിച്ചാണ്. ഇങ്ങനെ ടീ ഷര്‍ട്ടും ഒക്കെയിട്ട് പയ്യന്നൂര്‍ കോളേജിലെ ബോറന്‍ ഇംഗ്ലീഷ് ക്ലാസും കട്ട് ചെയ്ത് രജനി പടം ഉഴൈപ്പാളി കാണാന്‍ പോയാല്‍ തിരിച്ചു വന്നാല്‍ കിട്ടുന്ന ഇരട്ടപ്പേര് ഉഴൈപ്പാളി എന്നായിരിക്കും. ഒരു തമിഴ് പേര് വിളിച്ച് അപരവത്ക്കരിക്കുമ്പോള്‍ അവര്‍ക്കൊക്കെ കിട്ടുന്ന ഒരു ആനന്ദം! വല്ലാത്ത ഒരു രതിനിര്‍വേദം ആയിരിക്കും. മലയാളി – തുമ്പപ്പൂ എന്നൊക്കെ നോസ്റ്റാള്‍ജിക്കുന്ന സ്കൂള്‍ ഗ്രൂപ്പില്‍ പണ്ട് തമിഴ് പാട്ട് പാടിയതിന് നമ്മക്കൊക്കെ കിട്ടിയ പേര് അണ്ണാച്ചി എന്നായിരുന്നു. നമ്മടെ അച്ഛന്‍ ഞങ്ങളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിച്ചതിന് ഒരു സിപിഎം നേതാവ് പറഞ്ഞത് ഇങ്ങനെ: ‘ഇങ്ങക്ക് പിന്നെ ഇംഗ്ലീഷ് പറഞ്ഞാലല്ലേ മനസ്സിലാകൂ.’ കാലം കുറെ കഴിഞ്ഞ് അങ്ങേരുടെ മക്കള്‍ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത് എന്നത് വേറെ കാര്യം.

 

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ടിവിയില്‍ ചന്ദ്രലേഖ സിനിമ തന്നെയാണ് കേരളപ്പിറവി ദിനത്തിലും കോമഡി ക്ലിപ്പ് കാണിക്കുന്നത്. ‘ഞാന്‍ നായരാടോ, നല്ല തറവാട്ടില്‍ പെറന്ന നായര്’. പിന്നെ ആഴ്ചക്ക് രണ്ടു തവണ ആര്യന്‍ സിനിമയിലെ പട്ടികജാതിക്കാരനോട്, ‘സവര്‍ണ്ണ സ്ത്രീയെ പ്രാപിക്കാനുള്ള തന്റെ ഒക്കെ ആഗ്രഹം’. അതും കഴിഞ്ഞു  മാതൃഭൂമിയിലെ കണ്ടതും കേട്ടതും എന്ന പക്തിയില്‍ പ്രിയദര്‍ശന്‍റെ കൊട്ടേഷന്‍. അതൊക്കെ ടി ദാമോദരന്‍ മാഷ് എഴുതിയതാണ്. പക്ഷെ അദ്ദേഹം നല്ല കമ്യൂണിസ്റ്റുകാരന്‍ ആയിരുന്നു. നല്ല കറകളഞ്ഞ കമ്യൂണിസ്റ്റുകാരന്‍. ശരിയാണ് ടി ദാമോദരന്‍ നല്ല കറ കളഞ്ഞ കമ്യൂണിസ്റ്റ് ആയിരുന്നു. കറ കളഞ്ഞ മലയാളി കമ്മ്യൂണിസ്റ്റുകള്‍ വേറെയുമുണ്ട്. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ദളിതര്‍ ഹര്‍ത്താല്‍ നടത്തിയപ്പോള്‍ ‘ഊരും പേരും ഇല്ലാത്തവര്‍ ഹര്‍ത്താല്‍ നടത്തുന്നു’ എന്ന കൊട്ടേഷന്‍ നടത്തിയ കോടിയേരിയും ടി സഹോദര മലയാള പ്രസ്ഥാനത്തിന്റെ വാഗ്ദാനങ്ങള്‍ അല്ലേ?

 

 

പിന്നെ മാധ്യമങ്ങള്‍; ഓണത്തിനൊക്കെ മാതൃഭൂമി ടിവി (അനേകങ്ങളില്‍ ഒന്ന്) തുറന്നാല്‍ പിന്നെ കസവ് സാരി, വെള്ള മുണ്ട്, മുല്ലപ്പൂ, ഊഞ്ഞാലാട്ടം, തിരുവാതിര… ഒരു നായര്‍ തറവാട്ടില്‍ പോയ അവസ്ഥ. എന്നിട്ട് അത് മുഴുവന്‍ മലയാളി എന്നൊരു കാച്ചും കാച്ചും. ആദിവാസികളും മുസ്ലീങ്ങളും ദളിതരും മറ്റു പല അപരസമൂഹങ്ങളൊന്നും അവിടെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍. പിന്നെയൊരു സമാധാനമുള്ള കാര്യം ഈ മാധ്യമാങ്ങളിലൊക്കെ ദളിതരെയും ആദിവാസികളെയും ഒക്കെ വാര്‍ത്താവായനക്കാരായും ബ്യൂറോ ചീഫുകകളായും ഒക്കെ തട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട് എന്നതാണ്! എന്നിട്ട് രാത്രി എട്ടു മണിക്ക് സോഷ്യലിസത്തെക്കുറിച്ചുള്ള മലയാളി ചര്‍ച്ചകള്‍ ഇവര്‍ നടത്തുന്നത് കണ്ടാല്‍ കുളിര് കോരും; അത് വേറൊരു ആശ്വാസം! പിന്നെ മലയാളിത്തം തുളുമ്പുന്ന കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ ദളിത് പ്രാതിനിധ്യം. മാമ… മലയാളി മാമാ!

 

അല്ല, കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുമ്പോ ഒരു ‘മലയാളി’ എന്ന നിലയില്‍ ഇത്രയെങ്കിലും എഴുതി നമ്മളും ഒരു സോളിഡാരിറ്റി അങ്ങ് പ്രഖ്യാപിക്കണ്ടേ. അത് പ്രഖ്യാപിച്ചു. പക്ഷേ ചോദ്യം, മലയാളിയുടെ മാതൃഭാഷയായ മലയാളത്തില്‍ ഇപ്പോഴും പൊലയാടി മോന്‍ തന്നെ അല്ലേ തെറി?

 

വാല്‍ക്കഷ്ണം: ഇതെഴുതുമ്പോൾ പാലാവയല്‍ കണ്ണിവയല്‍ സ്കൂളില്‍ 100 കണക്കിന് കുട്ടികള്‍ പഠിക്കുന്നിടത്ത് യുപി ക്ലാസ്സിലെ 3 ആദിവാസിക്കുട്ടികളെ ചാണകം വാരാന്‍ 5 കിലോമീറ്റര്‍ അപ്പുറത്തുള്ള അധ്യാപകന്റെ വീട്ടില്‍ കൊണ്ടുപോയി പണിയെടുപ്പിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ രാജകുടുംബാംഗങ്ങളെ ഒക്കെ വിളിച്ചിരുത്തി കേരളപ്പിറവി ആഘോഷിക്കുന്ന അതേ, സെയിം ടൈമില്‍. കേരളം ശ്യാമസുന്ദരം; എന്താ അല്ലേ!

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

രൂപേഷ് കുമാര്‍

രൂപേഷ് കുമാര്‍

പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. Documentaries Don’t be our fathers Don’t be our fathers Music video Black Board Twinkle Twinkle Little Caste Crime and Punishment 3D Stereo Caste All Indians are… Sabitha: A Woman and a Day By the side of a River Love stories In Black letters Underworld Memories of Untouchables ബ്ളാക്ക് ലെറ്റേഴ്‌സ് 1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്‌സ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍