UPDATES

ട്രെന്‍ഡിങ്ങ്

കോടതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടരുത്; പിറവം പള്ളി കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പിന്മാറി

ജസ്റ്റിസുമാരായ പി ആര്‍ രാമചന്ദ്രമേനോനും ദേവന്‍ രാമചന്ദ്രനുമാണ് വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയത്‌

പിറവം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഒഴിവായി. ജസ്റ്റിസുമാരായ പി ആര്‍ രാമചന്ദ്രമേനോനും ദേവന്‍ രാമചന്ദ്രനുമാണ് പിന്‍മാറിയത്. കോടതിയുടെ നിഷ്പക്ഷത ഭാവിയല്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് ഒഴിവാവുന്നതെന്ന് ജസ്റ്റിസുമാര്‍. പള്ളിത്തര്‍ക്കം കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന് യാക്കോബായ വിഭാഗം ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കവെ കോടതി ഹര്‍ജിക്കാരനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ഇന്നലെ പിറവം പള്ളിയിലുണ്ടായ പോലീസ് നടപടിയാകാം ഹര്‍ജിക്ക് പിന്നിലെന്നും പിന്‍മാറ്റത്തിന് ശേഷം ജസ്റ്റിസുമാര്‍ പറഞ്ഞു. ഇനി കേസ് മറ്റൊരു ഡിവിഷന്‍ ബഞ്ച് പരിഗണിക്കും.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. കേസ് മറ്റൊരു ബഞ്ചിലേക്ക് കൊണ്ടുപോയി വിധി തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമമാണ് ഹര്‍ജിക്കാരന്റേത്. ആറ് മാസത്തിനിടയില്‍ ഒരിക്കല്‍ പോലും കേസില്‍ നിന്ന് പിന്‍മാറണമെന്ന് ഇരുവിഭാഗവും ആവശ്യപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പിന്നീട് പിന്‍മാറ്റം അറിയിക്കുകയായിരുന്നു. ഓര്‍ത്തഡോക്‌സ് സഭ പോലീസ് സംരക്ഷണമാവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയാനിരിക്കെയാണ് പിന്‍മാറ്റം. ഇത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വലിയ തിരിച്ചടിയാവും. ഇന്നലെ പോലീസ് സംരക്ഷണം വാഗ്ദാനം ചെയ്തതിന് ശേഷമാണ് ഓര്‍ത്തഡോക്‌സ് സഭക്കാര്‍ പിറവം പള്ളിയില്‍ എത്തിയത്. എന്നാല്‍ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസിന് പിന്‍വാങ്ങേണ്ടി വന്നു. ഈ സാഹചര്യത്തില്‍ ഇന്നത്തെ കോടതി വിധിയിലായിരുന്നു ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളുടെ പ്രതീക്ഷ. എന്നാല്‍ ഡിവിഷന്‍ ബഞ്ചിന്റെ പിന്‍മാറ്റത്തോടെ ആ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ സുപ്രീംകോടതി വിധി നടപ്പിലാവാന്‍ പോലീസ് സംരക്ഷണമാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധിപറയുമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ വൈകിട്ട് യാക്കോബായ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസുമാരുടെ പിന്‍മാറ്റത്തിന് കാരണമായത്. ഇരുകക്ഷികളും ബെഞ്ചില്‍ വിശ്വാസം അറിയിച്ചെങ്കിലും കേസില്‍ തുടരാന്‍ താത്പര്യമില്ലെന്ന് ജസ്റ്റിസുമാര്‍ അറിയിക്കുകയായിരുന്നു. പുതിയ ബെഞ്ച് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരമാനമെടുക്കും.

എന്നാല്‍ കേസ് ഇപ്പോഴത്തെ ബെഞ്ചില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജി യാക്കോബായ സഭയുടേതല്ലെന്ന് കുര്യാക്കോസ് മാര്‍ തെയോഫിലോസ്. സു്ന്നഹദോസ് പൂര്‍ത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018 ഏപ്രില്‍ 19ന് സുപ്രീംകോടതി വിധി വന്നതിന് ശേഷം സര്‍ക്കാര്‍ വിധി നടപ്പിലാക്കാതെ കോടതിയലക്ഷ്യം പ്രവര്‍ത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം തന്നെ ഹൈക്കോടതിയില്‍ നല്‍കിയ പോലീസി സംരക്ഷണം സംബന്ധിച്ച ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍, ആ കേസ് മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതി ഹൈക്കോടതിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ കേസ് ആണ് ഇന്ന് വിധി പറയേണ്ടിരുന്നത്. സര്‍ക്കാര്‍ എന്ത് വിലകൊടുത്തും വിധി നടപ്പാക്കാന്‍ തയ്യാറാണെന്ന് ഇന്ന് രാവിലെ കേസ് പരിഗണിക്കവെ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു.

പിറവം പള്ളി: എന്ത് വിലകൊടുത്തും വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍; തര്‍ക്കപരിഹാരത്തിന് മന്ത്രിസഭാ ഉപസമിതി വേണമെന്ന് സുന്നഹദോസ്

എന്താണ് പിറവം പള്ളി കേസ്? എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇത്രകാലവും അതില്‍ ഇടപെട്ടില്ല?

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍