UPDATES

‘മണ്ണെണ്ണയില്‍ കുതിര്‍ന്ന് തീപ്പെട്ടി കത്തിയില്ല, അതുകൊണ്ട് ഞാന്‍ ബാക്കിയായി’

വിശ്വാസത്തിന് വേണ്ടി മരിക്കാന്‍ ഒരുങ്ങുന്നതും, പിറവം പള്ളിക്കായി പോര് തുടരുന്നതുമെല്ലാം പലതരത്തില്‍ ചര്‍ച്ചകളാവുമ്പോള്‍ ‘എന്തിന് ഞങ്ങള്‍ ആത്മഹത്യ ചെയ്യാനൊരുങ്ങി?’ എന്ന് പറയുകയാണ് കുഞ്ഞൂഞ്ഞും സിനിയും.

‘മണ്ണെണ്ണയില്‍ കുതിര്‍ന്ന് ആ തീപ്പെട്ടിയും കത്തിയില്ല. ഒരിക്കല്‍ കത്തിയെങ്കിലും പെട്ടെന്ന് കെട്ടുപോയി. അതുകൊണ്ട് ഞാന്‍ ബാക്കിയായി. ഇല്ലെങ്കില്‍ നിങ്ങളോട് സംസാരിക്കാന്‍ ഞാനിന്ന് ഇവിടെയുണ്ടാവുമായിരുന്നില്ല’ കുഞ്ഞൂഞ്ഞിനെ നേരിട്ടല്ലെങ്കിലും പലര്‍ക്കും കണ്ടു പരിചയമുണ്ടാവും. പിറവം പള്ളിയില്‍ മുഴങ്ങിയ കൂട്ടമണിക്കൊപ്പം ഇയാളുടെ ശബ്ദമാണ് പലരും കേട്ടത്. ദേഹം മുഴുവന്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് തയ്യാറായി നിന്നയാള്‍. പോലീസ് പള്ളിയില്‍ കയറിയാല്‍ താന്‍ തീയില്‍ വെന്ത് ചാവും എന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നയാള്‍. ഒരു വേള പോലീസ് പള്ളിയുടെ ഗേറ്റ് തള്ളിത്തുറക്കാന്‍ പോലീസ് തുനിഞ്ഞപ്പോള്‍ തീപ്പെട്ടിയെടുത്ത് കത്തിക്കാനാഞ്ഞയാളാണ് കുഞ്ഞൂഞ്ഞ്. പക്ഷെ പോക്കറ്റില്‍ കിടന്ന തീപ്പെട്ടിയും മണ്ണെണ്ണയില്‍ കുതിര്‍ന്നതിനാല്‍ കത്തിയില്ല. അതുകൊണ്ട് കുഞ്ഞൂഞ്ഞ് ഇപ്പോള്‍ ബാക്കിയാവുന്നു.

‘കുലസ്ത്രീയെന്നോ, എന്നാ വേണേലും വിളിച്ചോ. പള്ളികൊടുക്കണ്ടി വന്നാല്‍ ഞാന്‍ മരിക്കും. ശവത്തേ ചവിട്ടിയിട്ടേ അവര്‍ പള്ളീല് കേറുവൊള്ളൂ’ പിറവം പള്ളിയ്ക്ക് മുകളില്‍ താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി നിലയുറപ്പിച്ച സിനി സൈമണ്‍. സിനി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കൂടിയാണ്.

വിശ്വാസത്തിന് വേണ്ടി മരിക്കാന്‍ ഒരുങ്ങുന്നതും, പള്ളിക്കായി പോര് തുടരുന്നതുമെല്ലാം പലതരത്തില്‍ ചര്‍ച്ചകളാവുമ്പോള്‍ ‘എന്തിന് ഞങ്ങള്‍ ആത്മഹത്യ ചെയ്യാനൊരുങ്ങി?’ എന്ന് പറയുകയാണ് കുഞ്ഞൂഞ്ഞും സിനിയും. കോടതി വിധിയെന്ത് എന്നത് കുഞ്ഞൂഞ്ഞിനും സിനിക്കും പൂര്‍ണമായും അറിയില്ല. ഇരുവരും സംസാരിച്ചത് വിശ്വാസവും അതിന്റെ വൈകാരികതകളും മുന്നില്‍വച്ചുകൊണ്ടാണ്.

ആദ്യം സംസാരിച്ചത് കുഞ്ഞൂഞ്ഞാണ് ‘ഞാന്‍ അന്തോഖ്യ വിശ്വാസത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നയാളാണ്. എനിക്കിപ്പോള്‍ 50 വയസ്സായി. 17 വയസ്സുവരെ വിശ്വാസം എന്തെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ അതിന് ശേഷം പള്ളിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നയാളാണ്. ഒരു കോടതി വിധി വരുമ്പോള്‍ അന്തോഖ്യ വിശ്വാസത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്നത് എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. കോടതിവിധിയില്‍ എന്താണുള്ളതെന്ന് മുഴുവന്‍ എനിക്കറിയില്ല. പക്ഷെ പാത്രിയാര്‍ക്കീസ് കക്ഷികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധിയാണെന്ന് അറിയാം. ഈ പള്ളിയില്‍ ഭൂരിപക്ഷവും പാത്രിയാര്‍ക്കീസ് വിശ്വാസികളാണ്. അതില്‍ ന്യൂനപക്ഷമായ ഇടവകക്കാരുടെ വിശ്വാസത്തിന് വേണ്ടി അന്തോഖ്യ വിശ്വാസികള്‍ മാറിനില്‍ക്കണമെന്നും, പുറത്തുപോണമെന്നും പറഞ്ഞാല്‍ അത് അനുസരിക്കാന്‍ കഴിയില്ല. എന്റെ പിതാക്കന്‍മാരെല്ലാം അന്തിയുറങ്ങുന്നത് ഈ മണ്ണിലെ ശവക്കോട്ടയിലാണ്. എനിക്കൊരു തിരി കത്തിക്കാനോ പിതാവിന്റെയടുത്ത് കര്‍മ്മം ചെയ്യുകയോ വേണ്ടി വന്നാല്‍ മറ്റൊരു വിശ്വാസത്തില്‍ നില്‍ക്കുന്നവര്‍ പള്ളിയുടെ ഭരണത്തില്‍ വന്നാല്‍ ആ ഒരു കാര്യം ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് എന്റെ വിശ്വാസവും എന്റെ പള്ളിയും, എന്റെ വീട് ഞാനെങ്ങനെ കാത്തുസൂക്ഷിക്കുന്നോ അതുപോലെ കാത്തുസൂക്ഷിക്കുന്നതാണ്. അതിന് ഒരു മാറ്റം അല്ലെങ്കില്‍ ദോഷം സംഭവിക്കും എന്ന് വന്നപ്പോള്‍ എന്റെ ജീവിതം എന്നത് ഞാന്‍ മുമ്പോട്ട് കണ്ടില്ല.

പോലീസിന്റെ പെട്ടെന്നുള്ള ആക്രമണം കണ്ടപ്പോള്‍ എന്തും ചെയ്യാനുള്ള ധൈര്യം ദൈവം തന്നതാണോ രാജാക്കള്‍ തന്നതാണോ എന്ന് എനിക്കറിയില്ല. അതില്‍ എന്ത് വരും എന്നത് ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ വീടെന്നോ മക്കളെന്നോ ഒരു പ്രതീക്ഷയും ആ സമയത്ത് എനിക്ക് ഉണ്ടായിട്ടില്ല. എന്റെ ഭാര്യയും മക്കളുമെല്ലാം ഇതിനകത്തുണ്ടായിരുന്നു. ഞാന്‍ ജീവനൊടുക്കിയാലും അവരെ രക്ഷപെടുത്തണമെന്നായിരുന്നു. ഈ പള്ളിവിട്ടുകൊടുക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. അതില്‍ ഭേദം എന്റെ ജീവന്‍ പൊയ്‌ക്കോട്ടെ എന്നായിരുന്നു.

പോലീസ് ആക്രമണം ഉണ്ടായാല്‍ ഞാന്‍ താഴേക്ക് ചാടും എന്ന് ഉറപ്പായിരുന്നു. പോലീസ് പിന്‍മാറിയതുകൊണ്ടും കുടുംബക്കാരുടെ ഗുണംകൊണ്ട്, മറ്റുള്ളവര്‍ വന്ന് പിടിച്ച് മാറ്റിയത് കൊണ്ട് മാത്രം പുറകോട്ട് മാറിയതാണ്. അന്ന് ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാണ് മണ്ണെണ്ണയുമായി മുകളില്‍ കയറിയത്. പെട്ടെന്ന് പോലീസ് വരികയും അവര്‍ എണ്ണത്തില്‍ കൂടുതല്‍ ഉണ്ടെന്നും മനസ്സിലായപ്പോഴായിരുന്നു അത്. നെച്ചൂര്‍, കോലഞ്ചേരി പള്ളികളിലെല്ലാം കണ്ടിട്ടുണ്ട്. നെച്ചൂര്‍ പള്ളിയില്‍ അന്നത്തെ സര്‍ക്കാരും പോലീസും പറഞ്ഞത്, നിങ്ങള്‍ പ്രശ്‌നമുണ്ടാക്കരുത്, ഞങ്ങള്‍ വിധി ഒന്ന് നടപ്പാക്കട്ടെ, നിങ്ങളെ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞു. പക്ഷെ ഞാന്‍ കണ്ടുകൊണ്ട് നില്‍ക്കുമ്പോള്‍ പോലീസ് അടിച്ച്, മര്‍ദ്ദിച്ച്, കൈക്ക് പിടിച്ച് എറിഞ്ഞാണ് അന്തോഖ്യായ വിശ്വാസികളെ നേരിട്ടത്. ഇവിടെ പോലീസ് വന്നപ്പോള്‍ അതേ കാര്യം എന്റെ മനസ്സിലേക്ക് കയറി. അതേ അവസ്ഥ പിറവം പള്ളിയില്‍ വരുകയാണ് എന്ന് ചിന്തിച്ചപ്പോള്‍ മറ്റൊന്നും എന്റെ മനസ്സിലേക്ക് വന്നില്ല. പിന്നെ എന്റെ മരണമാണ് ഞാന്‍ ചിന്തിച്ചത്.

12 മണിക്ക് മുകളില്‍ മണ്ണെണ്ണ കന്നാസ് കൊണ്ടുവച്ചിരുന്നു. അതിന്റെ ആവശ്യം വരുമെന്ന് കരുതിയിട്ടല്ല. കരുതി വച്ചു എന്നേയുള്ളൂ. പക്ഷെ പോലീസ് ഗേറ്റിന്റെ ചങ്ങല പൊട്ടിച്ച് അകത്തുകയറാന്‍ നോക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ മണ്ണെണ്ണ ഒഴിച്ച് ദേഹത്തൊഴിച്ചു. തീപ്പെട്ടി മേടിച്ച് പോക്കറ്റിലിട്ടെങ്കിലും അത് മണ്ണെണ്ണ വീണ് നനഞ്ഞുപോയി. തീപ്പെട്ടിയുരച്ചപ്പോള്‍ അതിന്റെ മരുന്ന് അടര്‍ന്ന് വീഴുകയായിരുന്നു. ഒരു തവണ കത്തിയെങ്കിലും പെട്ടെന്ന് കെട്ടുപോയി. പിന്നെ താഴേക്ക് ചാടാം എന്നായി. പോലീസ് അകത്തേക്ക് കയറിയാല്‍ താഴേക്ക് ചാടും എന്ന് തന്നെ ഉറപ്പിച്ചിരുന്നു.

അത് നാളെയായാലും പള്ളിക്ക് ദോഷം വരാന്‍ ഞാന്‍ സമ്മതിക്കില്ല. എന്റെ വിശ്വാസമാണ്, ജീവിതമാണ്. സര്‍ക്കാരോ കോടതിയോ വിധിക്കുന്ന എന്ത് ശിക്ഷയും ഏറ്റ് വാങ്ങാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ മുകളിലേക്ക് കയറുന്ന കണ്ടപ്പോള്‍ ഇടവകക്കാരായ സഹോദരികള്‍ കുഞ്ഞൂഞ്ഞേട്ടന്‍ തനിയെ അല്ല, ഞങ്ങളും ഉണ്ടാവും എന്ന് പറഞ്ഞ് എന്നോടൊപ്പം മുകളില്‍ കയറി. രണ്ട് ദിവസം മുമ്പ് തന്നെ പോലീസ് ബാരിക്കേഡുകള്‍ കൊണ്ടുവച്ചപ്പോള്‍ മുതല്‍ പള്ളിക്കെതിരെ എന്തോ നടക്കുന്നു എന്ന തോന്നലുണ്ടായിരുന്നു. പക്ഷെ സംഭവം നടന്നയന്നാണ് പോലീസ് സമ്മര്‍ദ്ദത്തിന് വഴങ്ങി പള്ളിപിടിച്ചുകൊടുക്കുകയാണ് എന്ന തോന്നല്‍ വന്നത്.’

കുഞ്ഞൂഞ്ഞിനൊപ്പം പള്ളിക്ക് മുകളില്‍ നിലയുറപ്പിച്ച സിനി പറഞ്ഞതിങ്ങനെ, ‘ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്‍മാരായി കാത്തു സൂക്ഷിച്ച് പോന്ന ഒരു വിശ്വാസമുണ്ട്. ആ വിശ്വാസത്തിലൂടെയാണ് ഞങ്ങള്‍ എല്ലാവരും വളര്‍ന്ന് വന്നതും. അത് അന്തോഖ്യായ വിശ്വാസമാണ്. ഞങ്ങളുടെ മരണം വരെ അതിന് വേണ്ടി പൊരുതും. അവസാന തുള്ളി ചോര വീഴുന്നത് വരെ അതിനായി പോരാടും. പക്ഷെ ഞങ്ങള്‍ സുപ്രീംകോടതി വിധിയെ നിഷേധിക്കുന്നില്ല. പക്ഷെ ഞങ്ങളുടെ പള്ളിക്കായി ഞങ്ങള്‍ നില്‍ക്കും. ഇവിടെ വന്ന കാലം മുതല്‍ പള്ളിയുമായി സഹകരിച്ച്, അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നയാളാണ് ഞാന്‍. അങ്ങനെതന്നെയുള്ള ഒരു ചേട്ടനാണ് മരിക്കാനായി തയ്യാറെടുത്തത്. അതില്‍ വിഷമം കൊണ്ടാണ് ഞങ്ങളും ആ സ്റ്റേജിലേക്കെത്തിയത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകളോടൊന്നും ഞങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല, വിരോധവുമില്ല. പറയുന്നവര്‍ പറഞ്ഞോട്ടെ. ഞങ്ങളുടെ സഭയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ നിലകൊണ്ടത്. സഭയ്ക്ക് വേണ്ടി ജീവന്‍ നഷ്ടപ്പെട്ടു എന്ന് വച്ച് ഞങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല. ഈ സഭയുടെ കാര്യങ്ങളിലൂടെ, അന്തോഖ്യായയുടെ വിശ്വാസത്തിലൂടെയാണ് ഞങ്ങള്‍ ജീവിച്ച് പോന്നത്. വേറൊരു സഭയില്‍ കയറി ആ വിശ്വാസത്തിലേക്ക് പോവാന്‍ എന്ത് വന്നാലും ഞങ്ങള്‍ക്ക് താത്പര്യമില്ല.’

പിറവം പള്ളി ഇപ്പോഴും ശാന്തമായ അന്തരീക്ഷത്തിലേക്ക് പോയിട്ടില്ല. കോടതിവിധിയുമായി ഇനിയും പോലീസും ഓര്‍ത്തഡോക്‌സ് സഭയും എത്തുമെന്ന് ഇവര്‍ ഇപ്പോഴും കണക്കുകൂട്ടുന്നു. അങ്ങനെവന്നാല്‍ ജീവന്‍ പൊലിയേണ്ടി വന്നാലും പോരാടുമെന്ന ഉറച്ച് തീരുമാനത്തിലാണ് വിശ്വാസ സമൂഹവും.

എന്താണ് പിറവം പള്ളി കേസ്? എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇത്രകാലവും അതില്‍ ഇടപെട്ടില്ല?

പിറവത്ത് സംഘര്‍ഷാവസ്ഥ: ആത്മഹത്യാ ഭീഷണി മുഴക്കി വിശ്വാസികള്‍ പള്ളിക്ക് മുകളില്‍

‘പിറവം പള്ളി പൊളിക്കാനുള്ള വിധി പിണറായി എന്താ നടപ്പാക്കാത്തത്?’ ഇങ്ങനെ ചോദിക്കുന്നവര്‍ ഈ കുറിപ്പ് വായിക്കുക

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍