UPDATES

ട്രെന്‍ഡിങ്ങ്

പാലാ: പിടിച്ച പിടി വിടാതെ ജോസഫ്, സമവായ ചര്‍ച്ചക്കില്ലെന്ന് പ്രഖ്യാപനം; ‘എപ്പോഴും തോൽക്കുന്ന കാപ്പൻ’ മാറണമെന്ന് എൻസിപിയില്‍ ആവശ്യം

പാലായിലെ സ്ഥാനാര്‍ത്ഥിയെ കോൺഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

പാലാ നിയോജക മണ്ഡലത്തിൽ സെപ്തംബർ‌ 23ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണ് ഇന്ന്. ഓഗസ്റ്റ് 25നു തന്നെ പെരുമാറ്റച്ചട്ടം നിലവിൽ‌ വന്നു കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചൂടിലേക്ക് മണ്ഡലം ഇറങ്ങിത്തുടങ്ങിയെങ്കിലും കേരളാ കോൺഗ്രസ് എമ്മിലെ ഉൾപ്പോര് തുടരുകയാണ്. പ്രശ്നങ്ങളിൽ ഇടപെടാൻ കോൺഗ്രസ്സിന് താൽപര്യമുണ്ടെങ്കിലും ഇതിൽ കേരളാ കോൺഗ്രസ്സിലെ ഇരുവിഭാഗങ്ങളിൽ നിന്നും ഒരു അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല.

പൊതുസമ്മതനായ സ്ഥാനാർത്ഥിയായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥിയായി നിൽക്കുക എന്നാണ് പിജെ ജോസഫ് ഏറ്റവുമൊടുവിൽ ആവർത്തിച്ചത്. ഇരുവിഭാഗങ്ങളും കൂടി തമ്മിലടിച്ച് വിജയത്തിന് മങ്ങലേൽപ്പിക്കുമോയെന്ന ഭീതിയാണ് കോൺഗ്രസ്സിനുള്ളത്. കേരളാ കോൺഗ്രസ് തയ്യാറാണെങ്കിൽ താൻ ഇടപെടാമെന്ന് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി രംഗത്തു വന്നിട്ടുണ്ട്. അവർക്ക് തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളൂവെന്നും ചാണ്ടി ചൂണ്ടിക്കാട്ടുന്നുമുണ്ട്. എന്നാൽ തങ്ങൾക്കിടയിൽ സമവായ ചർച്ചകളൊന്നും ഇപ്പോൾ നടക്കുന്നില്ലെന്നാണ് പിജെ ജോസഫ് പറയുന്നത്. സമവായത്തിനായി ആരും വരേണ്ടെന്നു തന്നെയാണ് ജോസഫ് വിഭാഗം ഉറപ്പിച്ച് പറയുന്നത്. മാണിയുടെ കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി എന്നത് ജോസഫ് വിഭാഗം അംഗീകരിക്കാൻ പോകുന്നില്ലെന്നു തന്നെയാണ് സന്ദേശം.

ഇന്ന് ജോസഫ് വിഭാഗവും ജോസ് വിഭാഗവും പ്രത്യേകം യോഗം ചേർന്നത് പ്രശ്നത്തിന്റെ രൂക്ഷത എത്രത്തോളമെന്നതിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. നിഷയെ ഒട്ടും അടുപ്പിക്കില്ലെന്നാണെങ്കിൽ ജോസ് കെ മാണി തന്നെ നിൽക്കണമെന്ന നിർദ്ദേശത്തോടും ജോസഫ് അടുക്കുന്നില്ല. ഉന്നതാധികാര സമിതി അംഗം ഇജെ ആഗസ്തിയെ നിർത്തിയാൽ ജോസഫ് പിന്തുണയ്ക്കും. എന്നാൽ മാണിയുടെ വിശ്വസ്തനായ ബേബി ഉഴുത്തുവാലിന്റെ പേരാണ് ഇതിന് ബദലായി ജോസ് വിഭാഗം നൽകുന്നത്.

ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത തീരുമാനത്തിന് തൊടുപുഴ മുൻസിഫ് കോടതി ഏർപ്പെടുത്തിയ വിലക്കിൽ മാറ്റം വന്നിട്ടില്ല ഇതുവരെ. ഇക്കാരണത്താൽ തന്നെ ഇപ്പോൾ പിടിച്ച പിടി അയച്ചാൽ കാര്യങ്ങൾ പിന്നീട് കൈയിൽ കിട്ടില്ലെന്നാണ് ജോസഫിന്റെ ജാഗ്രത. ഇക്കാരണത്താൽ തന്നെയാണ് യുഡിഎഫ് വിലക്ക് ലംഘിച്ച് കോട്ടയത്ത് ജോസഫ് വിഭാഗം രഹസ്യയോഗം ചേർന്നത്. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് യുഡിഎഫ് യോഗത്തിൽ ജോസഫ് വിഭാഗം സ്ഥാപിക്കാൻ ശ്രമിക്കും.

ഇതിനിടെ കഴിഞ്ഞദിവസം രാത്രിയിൽ കോട്ടയം ജില്ലയിലെ കോൺഗ്രസ് നേതൃത്വം യോഗം ചേർന്നു. ആര് സ്ഥാനാർത്ഥിയായാലും ഇതൊരു അഭിമാന പോരാട്ടമായി കാണണമെന്ന് യോഗത്തിൽ പങ്കെടുത്ത ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. നാളെ ജില്ലയിലെ യുഡിഎഫ് ചേരുന്നുണ്ട്. ഈ യോഗത്തിൽ കോൺഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കും. അട്ടിമറിക്ക് അവസരം നൽകലാണ് ഇപ്പോഴത്തെ വിഭാഗീയതയെന്ന് കോൺഗ്രസ് കേരളാ കോൺഗ്രസ് നേതാക്കളെ ധരിപ്പിക്കും.

പാലായിലെ സ്ഥാനാര്‍ത്ഥിയെ കോൺഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

“എപ്പോഴും തോൽക്കുന്നയാൾ”

അതെസമയം എൽഡിഎഫ് സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ തന്നെ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എൻസിപി സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം നിൽക്കുന്നതിനെതിരെ എൻസിപിയിൽ തന്നെ എതിർശബ്ദമുയരുന്നത് നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട് എൽഡിഎഫിൽ. എൻസിപിയുടെ സംസ്ഥാന നിർവ്വാഹക സമിതിയംഗമായ സാബു എബ്രഹാമാണ് എതിർപ്പുയർത്തി എത്തിയിരിക്കുന്നത്. എപ്പോഴും തോൽക്കുന്നയാളാണ് മാണി സി കാപ്പനെന്നും അദ്ദേഹത്തെ ഇനിയും നിർത്തരുതെന്നുമാണ് സാബുവിന്റെ ആവശ്യം. പാർട്ടിയിൽ ഇനിയും നേതാക്കളുണ്ട്. ഇടതുമുന്നണിയുടെ വിജയത്തിനായി കാപ്പൻ മാറി നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. പാർ‌ട്ടിക്കകത്ത് ഇത് നിരവധി പേർ പറയാതെ അടക്കിവെച്ചിരിക്കുന്ന അഭിപ്രായമാണെന്നും സാബു പറയുന്നു.

മാണിയുടെ പേരിൽ കിട്ടാനിടയുള്ള അനുഭാവ തരംഗത്തെ നിർവ്വീര്യമാക്കാൻ നിലവിലെ കേരളാ കോൺഗ്രസ് വിഭാഗീയത കാരണമായേക്കുമെന്ന് എല്‍ഡിഎഫ് കരുതുന്നുണ്ട്. കെഎം മാണിയുടെ മരണം സൃഷ്ടിച്ച വലിയ വിടവും, കേരളാ കോൺഗ്രസ്സിലെ വിഭാഗീയതയും മുതലെടുത്ത് ഇത്തവണ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ എൽഡിഎഫ് നിൽക്കവെയാണ് ഈ വിമതശബ്ദം ഉയർന്നിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിൽ നിന്ന് എഴുന്നേറ്റ് നിൽക്കുകയെങ്കിലും ചെയ്യണമെങ്കിൽ നില മെച്ചപ്പെടുത്തുകയെങ്കിലും വേണം ഇടതുമുന്നണിക്ക് പാലായിൽ.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെറും നാലായിരം വോട്ടുകൾക്കാണ് കെഎം മാണി ജയിച്ചു കയറിയത്. ഇത് മാണി സി കാപ്പന്റെ മിടുക്ക് കൂടിയാണെന്ന് എൽഡിഎഫ് വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. കാപ്പനെ മാറ്റുന്ന പ്രശ്നം ഏതായാലും ഉദിക്കുന്നില്ല. നിഷ ജോസ് സ്ഥാനാർത്ഥിയായാൽ ജോസഫ് വിഭാഗത്തെക്കൂടാതെ കോൺഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും എൽ‌‍ഡിഎഫിന് ലഭിക്കാനിടയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍