UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി കെ ഫിറോസിന്റെ ആരോപണം അടിസ്ഥാനരഹിതം; എല്ലാ യോഗ്യതകളും ഉള്ളതിന്റെ അടിസ്ഥാനത്തിലാണ് കരാറുകാരെ സ്ഥിരപ്പെടുത്തിയത്: എ കെ ബാലന്‍

സ്‌പെഷ്യല്‍ റൂള്‍ പ്രകാരം സര്‍വ്വീസില്‍ തുടരുന്ന കരാര്‍ ജീവനക്കാര്‍ക്ക് വേണ്ട എല്ലാ യോഗ്യതകളും ഉള്ളതിന്റെ അടിസ്ഥാനത്തിലാണ് മണിഭൂഷണന്‍ അടക്കമുള്ള 10 പേരെയും അവരവരുടെ തസ്തികകളില്‍ സ്ഥിരപ്പെടുത്തിയത്.

മന്ത്രി എ കെ ബാലന്‍ നടത്തിയ പത്രസമ്മേളനത്തിന്റെ കുറിപ്പ്

എന്റെ ഓഫീസിലെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ മണിഭൂഷണന്റെ നിയമനത്തെ സംബന്ധിച്ച് അടിസ്ഥാനരഹിതവും വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാജ ആരോപണങ്ങളാണ് പി കെ ഫിറോസ് ഉന്നയിച്ചത്.

ശ്രീ. മണിഭൂഷണന്‍ കിര്‍ത്താഡ്‌സില്‍ റിസര്‍ച്ച് അസിസ്റ്റന്റായി 1993 ലാണ് കരാര്‍ അടിസ്ഥാനത്തില്‍ ആദ്യമായി നിയമിതനാകുന്നത്. അന്നത്തെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കമ്മീഷണര്‍ & സെക്രട്ടറി ചെയര്‍മാനായുള്ള ഇന്റര്‍വ്യൂ ബോര്‍ഡാണ് മതിയായ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ മണിഭൂഷണനെ നിയമിക്കുന്നത്.

1995 ല്‍ കിര്‍ത്താഡ്‌സില്‍ ലക്ചറര്‍/റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടും സുതാര്യമായും മതിയായ യോഗ്യതകളുള്ള മണിഭൂഷണനെ ലക്ചററായി കരാര്‍ അടിസ്ഥാനത്തില്‍ മാറ്റി നിയമിക്കുകയുണ്ടായി. ഈ രണ്ട് നിയമനങ്ങളും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കാലത്താണ് നടത്തിയിട്ടുള്ളത്. പിന്നീട് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശ്രീ. വി കെ മോഹന്‍കുമാര്‍ റിട്ടയര്‍ ചെയ്ത ഒഴിവില്‍ കെഎസ്&എസ്എസ്ആര്‍ റൂള്‍ 9 എ (1) പ്രകാരം ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു. 1982 മുതല്‍ റിസര്‍ച്ച് ഓഫീസറായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ശ്രീ. വി കെ മോഹന്‍കുമാറിനെ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് 2005 ലെ യുഡിഎഫ് സര്‍ക്കാര്‍ പ്രമോഷന്‍ നല്‍കിയിരുന്നു. അതേ മാനദണ്ഡം മാത്രമാണ് മണിഭൂഷണന്റെ കാര്യത്തിലും അവലംബിച്ചിട്ടുള്ളത്.

Read: എ.കെ ബാലന്റെ സ്റ്റാഫിനുള്‍പ്പെടെ കിര്‍താഡ്‌സില്‍ അനധികൃത നിയമനം, അന്വേഷണം ആവശ്യപ്പെട്ട് ലീഗ് നേതാവ് പി.കെ ഫിറോസ്‌; വാര്‍ത്ത‍ പുറത്തെത്തിച്ചത് അഴിമുഖം

എ.കെ ബാലന്റെ സ്റ്റാഫിനുള്‍പ്പെടെ കിര്‍താഡ്‌സില്‍ അനധികൃത നിയമനം, അന്വേഷണം ആവശ്യപ്പെട്ട് ലീഗ് നേതാവ് പി.കെ ഫിറോസ്‌; വാര്‍ത്ത‍ പുറത്തെത്തിച്ചത് അഴിമുഖം

1979 ല്‍ രൂപീകരിച്ച കിര്‍ത്താഡ്‌സില്‍ സ്‌പെഷ്യല്‍ റൂള്‍ നിലവിലുണ്ടായിരുന്നില്ല. പിന്നീടുള്ള സര്‍ക്കാരുകള്‍ സ്‌പെഷ്യല്‍ റൂള്‍ ഫ്രെയിം ചെയ്യുന്നതിനുള്ള നടപടികള്‍ തുടരുകയും 2007 ല്‍ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷം സ്‌പെഷ്യല്‍ റൂള്‍ അംഗീകരിക്കുകയും ചെയ്തു. സ്‌പെഷ്യല്‍ റൂളിലെ നിലവിലുള്ള ജീവനക്കാരെ സംരക്ഷിക്കുന്നതിനുള്ള ചട്ടം 10 പ്രകാരം അതുവരെ ദീര്‍ഘകാലമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മണിഭൂഷണന്‍ അടക്കമുള്ള 10 ജീവനക്കാരെ 2010 ല്‍ സ്ഥിരപ്പെടുത്തി.

സ്‌പെഷ്യല്‍ റൂള്‍ പ്രകാരം സര്‍വ്വീസില്‍ തുടരുന്ന കരാര്‍ ജീവനക്കാര്‍ക്ക് വേണ്ട എല്ലാ യോഗ്യതകളും ഉള്ളതിന്റെ അടിസ്ഥാനത്തിലാണ് മണിഭൂഷണന്‍ അടക്കമുള്ള 10 പേരെയും അവരവരുടെ തസ്തികകളില്‍ സ്ഥിരപ്പെടുത്തിയത്. സ്‌പെഷ്യല്‍ റൂള്‍ നിലവില്‍ വരുമ്പോള്‍ ദീര്‍ഘകാലമായി സുതാര്യമായ വ്യവസ്ഥകള്‍ പാലിച്ച് ജോലി ചെയ്തുവരുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നത് സാധാരണ അവലംബിച്ചുവരുന്ന ഒരു രീതി മാത്രമാണ്. മണിഭൂഷണന് മാത്രമായി പ്രത്യേകമായി ഒരു സൗജന്യവും ചെയ്തിട്ടില്ല.

2010 ല്‍ ധനകാര്യ, നിയമ, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷം മന്ത്രിസഭായോഗമാണ് പ്രസ്തുത സ്ഥിരപ്പെടുത്തല്‍ തീരുമാനം കൈക്കൊണ്ടത്. സുപ്രീംകോടതി പുറപ്പെടുവിച്ച ഉമാദേവി കേസിലെ വ്യവസ്ഥകള്‍ പ്രകാരവും 1993 മുതല്‍ സ്ഥിരമായി സര്‍വ്വീസിലുള്ള ഒരു ഉദ്യോഗാര്‍ത്ഥിയെ സ്ഥിരപ്പെടുത്തുന്നതിന് യാതൊരു നിയമതടസ്സവും ഇല്ലാത്തതാണ്.

2010 ല്‍ സ്ഥിരപ്പെടുത്തിയ ശേഷം കിര്‍ത്താഡ്‌സ് സര്‍വ്വീസില്‍ തുടരുന്ന മണിഭൂഷണനെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് പിന്നോക്ക വിഭാഗ വികസന വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ (കോഴിക്കോട് റീജിയണല്‍ ഓഫീസ്) ആയി ഡെപ്യൂട്ടേഷനില്‍ നിയമിക്കുകയുണ്ടായി. 2010 ലെ നിയമനത്തില്‍ എന്തെങ്കിലും അപാകത ഉണ്ടായിരുന്നെങ്കില്‍ തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരിന് പ്രസ്തുത തീരുമാനം പുനഃപരിശോധന നടത്താമായിരുന്നു. 5 വര്‍ഷം അധികാരത്തിലിരുന്നിട്ടും അപ്രകാരം ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല, മണിഭൂഷണനെ പിന്നോക്ക വിഭാഗ വികസന വകുപ്പിലേക്ക് ഡെപ്യൂട്ടേഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയതില്‍ നിന്നു തന്നെ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പകല്‍പോലെ വ്യക്തമാണ്.

2010 ല്‍ സ്ഥിരപ്പെടുത്തിയ ഉദ്യോഗാര്‍ത്ഥികളില്‍ ആറ് പേരുടെ പ്രൊബേഷന്‍ കിര്‍ത്താഡ്‌സ് ഡയറക്ടര്‍ തലത്തില്‍ തന്നെയാണ് ചെയ്യേണ്ടത്. ആയത് മുന്‍പ് തന്നെ ചെയ്തുപോയിട്ടുണ്ട്. മണിഭൂഷണന്‍ അടക്കമുള്ള മറ്റ് നാല് പേരുടെ പ്രൊബേഷന്‍ സര്‍ക്കാരാണ് ഡിക്ലയര്‍ ചെയ്യേണ്ടത്, കെഎസ്&എസ്എസ്ആര്‍ റൂള്‍ 21 പ്രകാരം പ്രൊബേഷന്‍ കാലാവധിയായ 2 വര്‍ഷത്തിന് ശേഷം ഒരു വര്‍ഷം കൂടി മാത്രമേ നീട്ടുവാന്‍ നിയമപ്രകാരം കഴിയുകയുള്ളു. എന്നാല്‍ മണിഭൂഷണന്‍ അടക്കമുള്ള നാല് പേരുടെ കാര്യത്തില്‍ നിയമനം നടന്ന് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാന്‍ ഏഴ് വര്‍ഷത്തെ കാലതാമസം നേരിടുകയുണ്ടായി. ഒരു സ്ഥിരം ഉദ്യോഗസ്ഥന് അയാളുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത് കിട്ടുവാന്‍ നിയമപരമായി അവകാശമുണ്ട്. ഏഴ് വര്‍ഷത്തിന് ശേഷം സര്‍വ്വീസ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നിയമ, ധനകാര്യ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷം എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തത്. അതില്‍ യാതൊരുവിധ നിയമവിരുദ്ധ സംഗതികളും ഇല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍