UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അൻവറിന് പരാതിയുണ്ടെങ്കിൽ സിപിഎമ്മിനോട് പറയണം; തെരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായി: സിപിഐ

പൊന്നാനിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ജയിക്കുമെന്ന വിശ്വാസമാണ് തങ്ങൾക്കുള്ളതെന്നും കൃഷ്ണദാസ് പറഞ്ഞു.

പൊന്നാനി മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ തന്നെ സിപിഐ ‘ഉപദ്രവിച്ചെ’ന്ന ആരോപണത്തിന് മറുപടിയുമായി സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പികെ കൃഷ്ണദാസ്. സിപിഐക്കും ലീഗിനും ഒരേ നിലപാടാണെന്ന അൻവറിന്റെ ആരോപണത്തെ തികഞ്ഞ അവജ്ഞയോടെ തങ്ങൾ തള്ളിക്കളയുകയാണെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ പ്രാരംഭഘട്ടം മുതൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം ഇടതുമുന്നണി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നതാണെന്നും ഇതിൽ ഒരു വീഴ്ചയും മലപ്പുറത്തെ സിപിഐ ഘടകത്തിന് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സിപിഎമ്മും സിപിഐയും വളരെ ഐക്യത്തോടെ നടത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേതെന്നും കൃഷ്ണദാസ് പറഞ്ഞു.

അൻവറിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അതുന്നയിക്കേണ്ടത് അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയ സിപിഎമ്മിനോടാണെന്നും കൃഷ്ണദാസ് പറഞ്ഞു. സിപിഎം സിപിഐയോട് വിഷയം ഉന്നയിച്ചാൽ അതിൽ മറുപടി നൽകാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയുടെ സ്ഥാനാർത്ഥിയായി അൻവർ മത്സരിക്കുമ്പോൾ പഴയ ശത്രുത തങ്ങൾ പരിഗണിച്ചിട്ടില്ല. നിലമ്പൂരിൽ എല്ലാവരും ചേർന്നാണ് അഭിമാനകരമായ വിജയമുണ്ടാക്കിയത്. നിലവിലുള്ള നിയമം അനുസരിക്കലാണ് സിപിഐയുടെ മന്ത്രിമാർ ചെയ്യുന്നത്. അൻവർ കൂടുതലെന്തെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ അതിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

പൊന്നാനിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ജയിക്കുമെന്ന വിശ്വാസമാണ് തങ്ങൾക്കുള്ളതെന്നും കൃഷ്ണദാസ് പറഞ്ഞു.

ഏറനാട്ടിലും വയനാട്ടിലും നിയമസഭയിലേക്ക് താൻ സ്വതന്ത്രനായി മത്സരിച്ചപ്പോൾ സിപിഐക്കുണ്ടായ ശത്രുത ഇത്തവണ പൊന്നാനിയിൽ തീർത്തുവെന്നാണ് പിവി അൻവറിന്റെ ആരോപണം. അൻവർ 35,000 വോട്ടിന് തോൽക്കുമെന്ന് സിപിഎം ജില്ലാക്കമ്മറ്റിയുടെ കണക്കുകൂട്ടൽ പുറത്തുവന്നതും ഇതിനിടെയാണ്. തെരഞ്ഞെടുപ്പിനു ശേഷം അൻവറിനെതിരായ പ്രചാരണങ്ങൾ എഐവൈഎഫിന്റെയും സിപിഐയുടെയും പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍