UPDATES

എല്ലാവരേയും ജയിച്ച കുഞ്ഞാപ്പ

ആദ്യമായാണ് എങ്കിലും കുഞ്ഞാലിക്കുട്ടിയിലെ രാഷ്ട്രീയക്കാരന് ഡല്‍ഹിയില്‍ അപരിചിതത്വം തോന്നില്ല

മലപ്പുറത്ത് വിജയിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും യുഡിഎഫ് അല്ലെന്നും കെ എം മാണി പറയുമ്പോഴും ഇന്നലെ വന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഒട്ടൊന്നുമല്ല കേരളത്തില്‍ ഐക്യമുന്നണിയെ ഉത്സാഹാത്തിലാക്കിയിരിക്കുന്നത്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പ് മുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തോല്‍വികളില്‍ നിന്നും മുന്നണിക്കും പ്രവര്‍ത്തകര്‍ക്കും മലപ്പുറം വിജയം ആശ്വാസം നല്‍കുകയാണ്.

കുഞ്ഞാലിക്കുട്ടിയുടെ വിജയത്തില്‍ എടുത്തുപറയേണ്ട ഒന്ന് ജില്ലയിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നില്‍ എത്തിയെന്നതാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കൈവിട്ട മണ്ഡലങ്ങള്‍ കൂടി ഒപ്പം ചേര്‍ന്നു എന്നതും പ്രധാനമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ 22, 756 വോട്ടുകള്‍ മുന്നണിക്കു കൂടുകയും ചെയ്തു. അതേസമയം ഈ കണക്ക് എല്‍ഡിഎഫിന് സന്തോഷം നല്‍കുന്നതുമല്ല. അവര്‍ക്ക് 29,572 വോട്ടുകള്‍ കുറഞ്ഞതായാണു കാണുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ വിജയത്താനായി യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ട ശ്രദ്ധേയമായ മറ്റൊരു കാര്യം. യുഡിഎഫില്‍ നിന്നും വിട്ടുനില്‍ക്കുന്ന കെ എം മാണി പോലും മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി. ഈ രണ്ടു നേട്ടങ്ങളും കുഞ്ഞാലിക്കുട്ടിയെന്ന വ്യക്തിയുടേതാണ്. ഇ അഹമ്മദിന്റെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പം എത്താനായില്ലെങ്കിലും തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കേരളത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്കു പോകുന്നത്. മലപ്പുറം ശക്തമായ ലീഗ് കോട്ടയാണെങ്കിലും അട്ടിമറിയെന്നത് വിദൂര സ്വപ്നമാണെങ്കിലും ഭൂരിപക്ഷത്തില്‍ വരുന്ന ചെറിയ കുറവുപോലും തങ്ങളെ പ്രതികൂലമായി ബാധിക്കും എന്ന തിരിച്ചറിവ് ലീഗിനും വ്യക്തിപരമായി കുഞ്ഞാലിക്കുട്ടിക്കും ഉണ്ടായിരുന്നു. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ നേരിയ പിഴവുപോലും മുന്നണിസംവിധാനത്തില്‍ നിന്നും ഉണ്ടാകരുതെന്ന് കുഞ്ഞാലിക്കുട്ടി തീരുമാനിച്ചതും അതനുസരിച്ച് മുന്നണി അദ്ദേഹത്തെ പിന്തുണച്ചതും.

രാഷ്ട്രീയ സംവിധാനങ്ങളുടെ പങ്ക് നിര്‍ണായകമാണെങ്കിലും മലപ്പുറത്തിന് കുഞ്ഞാലിക്കുട്ടിയോടുള്ള ബന്ധം കൂടി ഈ തെരഞ്ഞെടുപ്പില്‍ കണ്ടു. പാര്‍ലമെന്ററി രംഗത്തേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ വളര്‍ച്ച തുടങ്ങുന്നതു തന്നെ മലപ്പുറത്തു നിന്നായിരുന്നു. കടലുണ്ടി പുഴയുടെ കരയിലുള്ള ഊരകം എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന പി കെ കുഞ്ഞാലിക്കുട്ടി ആദ്യമായി ജനങ്ങളുടെ മുന്നില്‍ വോട്ട് ചോദിച്ചെത്തുന്നത് 1978 ലാണ്. മലപ്പുറം നഗരസഭയിലേക്കുള്ള മത്സരത്തില്‍. ജനം ഒപ്പം നിന്നപ്പോള്‍ 27 വയസില്‍ മലപ്പുറം നഗരസഭയുടെ അധ്യക്ഷനായി. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തിന് അടുത്ത നിയോഗം നല്‍കി. മലപ്പുറം നിയമസഭ സീറ്റ്. രണ്ടാമതൊരാളെ അന്വേഷിക്കാതെ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനു പാര്‍ട്ടിക്കു കുഞ്ഞാലിക്കു കുട്ടി തിരിച്ചു നല്‍കിയത് മിന്നുന്നൊരു വിജയം. പേരില്‍ കുട്ടിയുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ ഒരു വലിയ ആളാണു താനെന്നു കുഞ്ഞാലിക്കുട്ടി വ്യക്തമാക്കാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. 1991 ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകളില്‍ ഒന്നായ വ്യവസായം ഏറ്റെടുക്കുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയഭൂമികയില്‍ തനിക്കുള്ള സ്ഥാനം എന്താണെന്ന് കുഞ്ഞാലിക്കുട്ടി അടയാളപ്പെടുത്തുകയായിരുന്നു. പിന്നെയും രണ്ടു മന്ത്രിസഭകളില്‍ കൂടി കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പിന്റെ മന്ത്രിയായി. പാര്‍ലമെന്ററി രംഗത്തു മാത്രമല്ല പാര്‍ട്ടിയിലും ഇക്കാലത്തിനിടയില്‍ കുഞ്ഞാലിക്കുട്ടി വളര്‍ന്നു, കരുത്തനായി. പാര്‍ട്ടി ജനറല്‍ സെക്രട്ടി പദം വരെ എത്തി. പാണക്കാട് തങ്ങള്‍ കഴിഞ്ഞാല്‍ മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ ഏറ്റവും ജനപിന്തുണ കുഞ്ഞാലിക്കുട്ടിക്കുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, മുസ്ലിം ലീഗിലെ ഏറ്റവും ജനകീയനായ നേതാവ് കുഞ്ഞാലിക്കുട്ടിയുമായി.

2005 ല്‍ മന്ത്രിസ്ഥാനത്തു നിന്നുണ്ടായ രാജിയും കുറ്റിപ്പുറത്തെ തോല്‍വിയും ചിലര്‍ക്കൊക്കെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയജീവിതത്തിന്റെ അവസാനമായി തോന്നിയെങ്കിലും കുഞ്ഞാലിക്കുട്ടിക്ക് അങ്ങനെയൊരു നിരാശ ഉണ്ടായിരുന്നില്ല. കാരണം പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്നു നന്നായി പഠിച്ചിരുന്നു കുഞ്ഞാലിക്കുട്ടി.

യുഡിഎഫില്‍ പ്രധാനി കോണ്‍ഗ്രസ് ആണെങ്കിലും യുഡിഎഫിനെ നയിക്കുന്നത് കോണ്‍ഗ്രസുകാരാണെങ്കിലും മുന്നണിയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കുഞ്ഞാലിക്കുട്ടി ക്കുള്ള പങ്ക് ഏറെ നിര്‍ണായകമാണ്.  ഉമ്മന്‍ ചാണ്ടിയെ പോലും തള്ളിയ കെ എം മാണിക്ക് കുഞ്ഞാലിക്കുട്ടി ഇന്നും നല്ല സുഹൃത്തായി ഇരിക്കുന്നതും ലീഗ് നേതാവിന്റെ നയചാതുരിയുടെ വിജയമാണ്.

ഇതുവരെ കേരളത്തിന്റെ രാഷ്ട്രീയമണ്ണിലായിരുന്നു; ഇനി ഡല്‍ഹിയില്‍. ആദ്യമായാണ് എങ്കിലും കുഞ്ഞാലിക്കുട്ടിയിലെ രാഷ്ട്രീയക്കാരന് ഡല്‍ഹിയില്‍ അപരിചിതത്വം തോന്നില്ല. മുഹമ്മദ് ഇസ്മായില്‍ സാഹിബ്, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ബനാത്ത്‌വാല, സി എച്ച് മുഹമ്മദ് കോയ, ഇ അഹമ്മദ്, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരുടെ പിന്‍ഗാമിയായി പാര്‍ലമെന്റില്‍ എത്തുന്ന കുഞ്ഞാലിക്കുട്ടിക്ക് നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രധാന്യമുണ്ട്. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ അടവും തടയും പഠിച്ചിരിക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് ആ മികവ് പുറത്തെടുക്കാനായാല്‍ അങ്ങ് ഡല്‍ഹിയിലും ഒരു സ്റ്റാറാകാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍