UPDATES

ട്രെന്‍ഡിങ്ങ്

ലോകസഭാ സീറ്റ് വിട്ടുകൊടുത്തുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് മാണി; ജോസഫ് പോകുന്നെങ്കിൽ പോകട്ടെ

ജോസഫിനെ കൂടെക്കൂട്ടിയതിൽ തങ്ങൾക്ക് നഷ്ടമാണുണ്ടായതെന്ന വാദവും മാണി വിഭാഗം ഉന്നയിക്കുന്നുണ്ട്.

ലോകസഭാ സീറ്റിന്റെ പേരിൽ പിജെ ജോസഫും കൂട്ടരും പാർട്ടി വിട്ടുപോകുകയാണെങ്കിൽ അങ്ങനെയാകട്ടെയെന്ന് നിലപാടെടുത്ത് മാണി ഗ്രൂപ്പ്. അനുനയ ചർച്ചയ്ക്കെത്തിയ കുഞ്ഞാലിക്കുട്ടിയെ നേതാക്കൾ നിലപാടറിയിച്ചു. പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനം കൈക്കാലാക്കാനുള്ള നീക്കമാണ് ജോസഫിന്റേത്. ഇതിനു വേണ്ടിയാണ് ലോകസഭാ സീറ്റ് ആവശ്യപ്പെടുന്നതെന്ന് നേതാക്കൾ ആരോപിക്കുന്നു. നിലവിൽ പാർലമെന്ററി പാർട്ടി ലീഡർ കെഎം മാണിയാണ്.

ജോസഫിനൊപ്പം ഉണ്ടായിരുന്ന അണികളിൽ വലിയൊരു വിഭാഗം ഫ്രാൻസിസ് ജോർജിനൊപ്പം പോയതായാണ് മാണി ഗ്രൂപ്പിന്റെ വിലയിരുത്തൽ. ലോകസഭാ സീറ്റിനുള്ള അവകാശവാദമുന്നയിക്കാൻ ജോസഫിന് സാധിക്കില്ലെന്ന് സ്ഥാപിക്കാൻ മാണി ഗ്രൂപ്പ് നേതാക്കൾ ഈ കാര്യങ്ങളും എടുത്തിട്ടതായാണ് വിവരം. ജോസഫ് ഗ്രൂപ്പ് നടത്തിയ പ്രാർത്ഥനാ യജ്ഞത്തിൽ ആളുകൾ കുറവായിരുന്നു. അതെസമയം കെഎം മാണി നയിച്ച കേരളയാത്ര വൻ വിജയമായെന്നും പാർട്ടി വിലയിരുത്തുന്നു.

ജോസഫിനെ കൂടെക്കൂട്ടിയതിൽ തങ്ങൾക്ക് നഷ്ടമാണുണ്ടായതെന്ന വാദവും മാണി വിഭാഗം ഉന്നയിക്കുന്നുണ്ട്. അർഹമായ മന്ത്രിസ്ഥാനവും പാർട്ടി ഭാരവാഹിത്വങ്ങളും നഷ്ടമായി. ബാർകോഴ ആരോപണമുണ്ടായപ്പോൾ ജോസഫ് സഹായത്തിനെത്തിയില്ലെന്നും വിലയിരുത്തലുണ്ട്.

രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന ജോസഫിന്റെ പ്രസ്താനയ്ക്കു പിന്നാലെയാണ് പികെ കുഞ്ഞാലിക്കുട്ടി ഇടനിലയ്ക്കെത്തിയത്. അധിക സീറ്റ് വേണമെന്ന ആവശ്യത്തിൽ തങ്ങൾ സമവായത്തിന് തയ്യാറാണെന്ന തരത്തിൽ വരുന്ന വാർത്തകളെ അദ്ദേഹം നിഷേധിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഇരുകൂട്ടരുമായും കുഞ്ഞാലിക്കുട്ടി ചർച്ചകൾ നടത്തിയെങ്കിലും കാര്യമായൊരു ഫലമുണ്ടാക്കായില്ല. 26ന് കേരള കോൺഗ്രസ്സുമായി ഉഭയകക്ഷി ചര്‍ച്ചകൾ നടക്കും. ഇതിലൊരു പോംവഴി ഉരുത്തിരിയുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. പാർട്ടിയിൽ കൂടുതൽ സ്ഥാനം നൽകിയാൽ ജോസഫ് പിന്മാറിയേക്കുമെന്നാണ് പൊതുവിലുള്ല പ്രതീക്ഷ.

ഇടുക്കി സീറ്റി ലഭിച്ചാൽ മത്സരിക്കാനുള്ള സന്നദ്ധത ജോസഫ് അറിയിച്ചിട്ടുണ്ട്. ചെയർമാൻ സ്ഥാനത്തേക്ക് ജോസ് കെ മാണി വരുന്നതിൽ ജോസഫ് എതിർപ്പ് പ്രകടിപ്പിച്ചതിൽ നിന്ന് സൂചനകൾ വ്യക്തമാണ്. പാർട്ടിയിൽ കൂടുതൽ സ്ഥാനം നൽകിയാൽ ജോസഫ് തുടർന്നേക്കും. കൂടുതൽ ചർച്ച ആവശ്യമായി വരുമെന്നല്ലാതെ വലിയ പ്രതിസന്ധിയൊന്നും യുഡിഎഫ് ഇപ്പോൾ കാണുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍