UPDATES

ട്രെന്‍ഡിങ്ങ്

കസ്റ്റഡിമരണങ്ങളിൽ ആശങ്കയുള്ള ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ആദ്യം സന്ദർശിക്കേണ്ട ചില സംസ്ഥാനങ്ങൾ

ഇപ്പറഞ്ഞ സംസ്ഥാനങ്ങളിലൊന്നും പോകാതെ, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് സമയത്ത് പാഞ്ഞെത്തി കസ്റ്റഡിമരണം ആഘോഷിക്കുന്നത് ബിപ്ലബിന് കേരളത്തോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടാകാനേ തരമുള്ളൂ!

വാരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി തീരുമാനമെടുത്തിട്ടുണ്ട് എന്നാണ് ഇന്നത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ത്രിപുര മുഖ്യമന്ത്രി ആദ്യം പോയത് ശ്രീജിത്തിന്റെ വീട്ടിലേക്കാണ്. 5 ലക്ഷം രൂപ ആശ്വാസധനം പ്രഖ്യാപിച്ച് ശ്രദ്ധ നേടുകയും ചെയ്തു. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇത്തരമൊരു നീക്കം നടത്തുന്നത് സംശയാസ്പദമാണെന്നു പറഞ്ഞാൽ അതിൽ തെറ്റ് പറയാനാകില്ല.

കസ്റ്റഡി മരണങ്ങളുടെ കാര്യത്തിൽ ബിപ്ലബ് കുമാറിന് ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം വരേണ്ടതും നഷ്ടപരിഹാരം(ങ്ങൾ) പ്രഖ്യാപിക്കേണ്ടതും കേരളത്തിലല്ലെന്ന് കണക്കുകൾ പറയുന്നു.

ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തു വിട്ട കണക്കുകൾ പ്രകാരം 2016ൽ മാത്രം 60 കസ്റ്റഡി മരണങ്ങളാണ് നടന്നത്. ഇതിൽ 12 മരണങ്ങളുമായി ഒന്നാംസ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. 2014 മുതൽ ബിജെപി സർക്കാർ ഭരിക്കുന്ന സംസ്ഥാനമാണിത്.

രണ്ടരപ്പതിറ്റാണ്ടായി ബിജെപി സർക്കാർ ഭരിക്കുന്ന ഗുജറാത്താണ് കസ്റ്റഡി മരണങ്ങളുടെ കാര്യത്തിൽ രണ്ടാംസ്ഥാനത്തുള്ളത്. ബിപ്ലബ് കുമാറിന്റെ സേവനം ഏറ്റവും അടിയന്തിരമായി വേണ്ടയിടം 2016ൽ 9 കസ്റ്റഡി മരണം നടന്ന ഗുജറാത്തായിരിക്കുമെന്നതിൽ സംശയമില്ല.

2005 മുതൽ ബിജെപിയുടെ ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായി ഭരണം നടത്തുന്ന മധ്യപ്രദേശിലെ കണക്കുകളും ബിപ്ലബ് ശ്രദ്ധിക്കണം. ഇവിടെ 2016ൽ 5 കസ്റ്റഡി മരണം നടന്നിട്ടുണ്ട്.

ഇതിനെക്കാൾ ഞെട്ടിക്കുന്ന കണക്കുകളാണ് 2017 ഓഗസ്റ്റ് മാസത്തിൽ firstpost.com വിവരാവകാശ നിയമപ്രകാരം നേടിയെ വിവരങ്ങൾ പറയുന്നത്. 2017 ജനുവരി 1 മുതൽ ഓഗസ്റ്റ് 2 വരെയുള്ള ജുഡീഷ്യൽ കസ്റ്റഡി മരണങ്ങളെപ്പറ്റിയുള്ള കണക്കുകളാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

2017ൽ രാജ്യത്ത് ആകെ നടന്നത് 894 കസ്റ്റഡി മരണങ്ങളാണെന്ന് ഫസ്റ്റ്പോസ്റ്റ് റിപ്പോർട്ട് പറയുന്നു. ഇവയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത് ഉത്തർപ്രദേശിലാണ്. 204 ജുഡീഷ്യൽ‌ കസ്റ്റഡി മരണങ്ങൾ!

76 കസ്റ്റഡിമരണം നടന്ന പഞ്ചാബിനാണ് രണ്ടാംസ്ഥാനം. മൂന്നാം സ്ഥാനത്ത് വരുന്നത് ബിജെപി 2005 മുതൽ ഭരണം നടത്തുന്ന മധ്യപ്രദേശിലാണ്.

2014 മുതൽ ബിജെപി ഭരണം നടക്കുന്ന മഹാരാഷ്ട്രയിൽ 2017ൽ മാത്രം 63 കസ്റ്റഡി മരണങ്ങൾ നടന്നിട്ടുണ്ട്. ത്രിപുരയിൽ നിന്നും കരമാർഗം കേരളത്തിലേക്ക് വരികയാണെങ്കിൽ കയറിയിറങ്ങേണ്ട സംസ്ഥാന‌ങ്ങളിലൊന്നാണ് പശ്ചിമബംഗാൾ. ഇവിടെ 2017ൽ 77 കസ്റ്റഡി മരണം നടന്നിട്ടുണ്ട്.

2013 ഡിസംബറിൽ രാജസ്ഥാനിൽ‌ മനുഖ്യമന്ത്രിയായി അധികാരത്തിലേറിയ വസുന്ധര രാജെ സിന്ധ്യയെ ബിപ്ലബ് കുമാറിന് അടുത്ത പരിചയമുണ്ടായിരിക്കും. ത്രിപുരയിലെ കോൺഗ്രസ്സിന്റെ ഉന്നതനേതൃത്വങ്ങളുമായി സിന്ധ്യക്ക് റോയൽ ബന്ധങ്ങളുള്ളതും ആ ബന്ധങ്ങൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ നിർവ്വീര്യമാക്കാൻ ഉപയോഗപ്പെട്ടതുമെല്ലാം എല്ലാവര്‍ക്കും അറിവുള്ള കഥകളാണ്. ഈ സിന്ധ്യയുടെ രാജസ്ഥാനിൽ 2017ൽ 44 കസ്റ്റഡി മരണങ്ങളാണ് നടന്നത്.

എല്ലാക്കാര്യത്തിലും ബിപ്ലബ് കുമാർ ആത്മീയഗുരുവായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തിലെ ജുഡീഷ്യൽ കസ്റ്റഡി മരണങ്ങളുടെ എണ്ണം 34 ആയിരുന്നു 2017ൽ.

മുഖ്യമന്ത്രിയായി ചുമതലയേറ്റ് അധികമായിട്ടില്ല എന്നതിനാൽ എല്ലായിടത്തും ഓടിയെത്താനുള്ള ബിപ്ലബ് കുമാറിന്റെ അസൗകര്യം മനസ്സിലാക്കാം. എന്നാൽ, മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിലൊന്നും പോകാതെ, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് സമയത്ത് പാഞ്ഞെത്തി കസ്റ്റഡിമരണം ആഘോഷിക്കുന്നത് ബിപ്ലബിന് കേരളത്തോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടാകാനേ തരമുള്ളൂ!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍