UPDATES

കോക്ക കോള കേരളം വിടുന്നു; ജനകീയ സമരത്തിന്റെ വിജയം

പ്ലാച്ചിമടയില്‍ ഇനി ഫാക്ടറി തുറക്കില്ലെന്ന് കമ്പനി; നഷ്ടപരിഹാരം കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് സമരസമിതി

ഒടുവില്‍ പ്ലാച്ചിമടക്കാരുടെ ഐക്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ കോക്ക കോള കമ്പനി മുട്ടുമടക്കി. പ്ലാച്ചിമടയിലെ കോക്ക കോള പ്ലാന്റ് ഇനി തുറക്കില്ലെന്ന് കമ്പനി സുപ്രീംകോടതിയെ അറിയിച്ചു. ഒരു പ്രദേശത്തെ ശുദ്ധജലം മുഴുവന്‍ ഊറ്റി ജനങ്ങള്‍ക്ക് കുടിവെള്ളം പോലും ഇല്ലാതാക്കിയ കോള കമ്പനിക്കെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരം 15 വര്‍ഷം പിന്നിടുമ്പോഴാണ് പ്ലാച്ചിമടയില്‍ നിന്ന് പിന്മാറാനുള്ള കമ്പനിയുടെ തീരുമാനം.

ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് പ്ലാന്റ് പുനരാരംഭിക്കാന്‍ ഉദ്ദേശമില്ലെന്നാണ് കമ്പനി സുപ്രീം കോടതിയെ അറിയിച്ചത്. കമ്പനിയ്ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച പെരുമാട്ടി പഞ്ചായത്തിന്റെ നടപടിയെ ചോദ്യം ചെയ്യില്ലെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെ കമ്പനിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലനിന്നിരുന്ന എട്ട് കേസുകളും ജസ്റ്റിസുമാരായ രോഹിന്ടന്‍ നരിമാന്‍, എസ്.കെ കൌള്‍ എന്നിവരുടെ ബഞ്ച് തീര്‍പ്പാക്കി. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നിര്‍ദേശം നല്‍കിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും പെരുമാട്ടി പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോര്‍ഡുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കേരളം കണ്ട വലിയ ജനകീയ സമരങ്ങളില്‍ ഒന്നാണ് പ്ലാച്ചിമട. 2000-ത്തിലാണ് പ്ലാച്ചിമടയില്‍ കോക്ക കോള ഫാക്ടറി ആരംഭിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അതിന്റെ ദുഷ്ഫലങ്ങള്‍ നാട്ടുകാര്‍ അനുഭവിക്കാന്‍ തുടങ്ങിയിരുന്നു. പ്രദേശത്തെ ജലസ്രോതസ്സുകളിലെ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നു. കൃഷിയ്ക്കുപയോഗിക്കാമെന്ന് പറഞ്ഞ് കമ്പനി നല്‍കിയ ഖരമാലിന്യം മണ്ണിന്റെ ഫലഭൂയിഷ്ടതയെ ഇല്ലായ്മ ചെയ്തു. മണ്ണില്‍ അപകടകരമായ തോതില്‍ കാഡ്മിയം, ഈയം തുടങ്ങിയ രാസവസ്തുക്കളുടെ അംശം കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയടക്കം അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ജലചൂഷണവും ജലമലിനീകരണവും ശ്രദ്ധയില്‍ പെട്ട പ്രദേശവാസികള്‍ അതിജീവനത്തിനായുള്ള പോരാട്ടം അങ്ങനെ തുടങ്ങുകയായിരുന്നു. 2002 ഏപ്രില്‍ 22ന് കമ്പനിയുടെ മുന്നില്‍ ജനകീയ സമരം ആരംഭിച്ചു. നിരന്തര സമരങ്ങള്‍ കാരണം തുടര്‍ന്ന് പ്രവര്‍ത്തിക്കാനാവാത്ത സ്ഥിതി വന്നതോടെ 2003-ല്‍ കമ്പനി താത്കാലികമായി അടച്ചുപൂട്ടി.

"</p

വീണ്ടും തുറക്കില്ലെന്ന് കമ്പനി തീരുമാനിച്ചതോടെ സമരം വിജയം കണ്ടിരിക്കുകയാണ്. ലോകത്ത് ആദ്യമായാണ് കോക്ക കോള കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങുന്നത്. അത് പ്ലാച്ചിമടയില്‍ സംഭവിച്ചിരിക്കുന്നു. എന്നാല്‍ ഇത് ഒന്നാംഘട്ട വിജയമാണെന്നും സമരത്തിന്റെ ലക്ഷ്യങ്ങള്‍ എല്ലാം നേടിയെടുത്താലേ അത് ആത്യന്തികമായ വിജയമാവുന്നുള്ളൂ എന്നുമാണ് സമരസമിതി പ്രവര്‍ത്തകരുടെ നിലപാട്. ഒന്നാംഘട്ട വിജയത്തെക്കുറിച്ചും ഇനിയും തുടരുന്ന സമരത്തെക്കുറിച്ചും പ്ലാച്ചിമട സംസ്ഥാന ഐകദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനര്‍ അറുമുഖന്‍ അഴിമുഖത്തോട് പറയുന്നതിങ്ങനെ:

ഇപ്പോള്‍ നേടിയ വിജയം ഒരു ഘട്ടത്തിലുള്ള വിജയം എന്നാണ് പറയാന്‍ സാധിക്കുക. സമരം തുടങ്ങി 15 വര്‍ഷമായിട്ടും സമരം പൂര്‍ണമായി വിജയിച്ചോ എന്ന ചോദിച്ചാല്‍, കോക്ക കോള കമ്പനി ശാശ്വതമായി അടച്ചുപൂട്ടുക എന്നത് സമരത്തിന്റെ ഏറ്റവും വലിയ ആവശ്യം തന്നെയായിരുന്നു. 15 വര്‍ഷവും കമ്പനി നിയമപോരാട്ടം നടത്തിയത് ഇവിടെ വീണ്ടും പ്ലാന്റ് തുറക്കാമെന്ന പ്രതീക്ഷ അവര്‍ക്ക് ഉണ്ടായിരുന്നത് കൊണ്ടാണ്. പ്രദേശവാസികളും സമരസമിതി പ്രവര്‍ത്തകരും ഇവിടെ പ്രവര്‍ത്തനം തുടങ്ങാന്‍ അനുവദിക്കില്ലെന്ന ഉത്തമബോധ്യം അവര്‍ക്കുണ്ടായിരുന്നു. എന്നിരുന്നാലും അവര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എട്ട് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഉണ്ടായിരുന്നത്. കമ്പനി നിലപാട് അറിയിച്ചതോടെ എല്ലാ കേസുകളും തീര്‍പ്പാക്കുകയായിരുന്നു. അതുകൊണ്ട് ഒന്നാംഘട്ടത്തില്‍ സമരക്കാര്‍ വിജയിച്ചു എന്ന് പറയാം. മള്‍ട്ടിനാഷണല്‍ കമ്പനിയായ കോക്ക കോളയ്ക്ക് ലോകത്ത് 800 പ്ലാന്റുകളാണുള്ളത്. ആദ്യമായാണ് ഒരു കോക്ക കോള കമ്പനി അടച്ചുപൂട്ടുന്നത്. 2002 ഏപ്രില്‍ 22-ന് ഞങ്ങള്‍ സമരം തുടങ്ങി. ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ കമ്പനി അടച്ചുപൂട്ടി. പിന്നെയും ഈ പതിനഞ്ച് വര്‍ഷക്കാലം സമരം തുടര്‍ന്നത് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. അതില്‍ ഒട്ടേറെ മുന്നോട്ട് പോയിട്ടുണ്ട്. പക്ഷെ ലക്ഷ്യത്തിലെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ഒരു മാസം മുമ്പ് അറുപത് ദിവസത്തോളം പാലക്കാട് കളക്ട്രേറ്റിന് മുന്നില്‍ ഞങ്ങള്‍ സമരം ചെയ്തിരുന്നു. സമരത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഞങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ആ ചര്‍ച്ചയില്‍ അഞ്ച് ആവശ്യങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കോക്ക കോള നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കുക എന്നതായിരുന്നു അതിലെ പ്രധാന ആവശ്യം. അത് മുന്നോട്ട് പോവുന്നുണ്ടെന്നാണ് വിശ്വാസം. ആവശ്യങ്ങളെല്ലാം മൂന്ന് മാസത്തിനുള്ള തീര്‍പ്പാക്കാം എന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അത് നടന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കും. ട്രൈബ്യൂണല്‍ ഉണ്ടാക്കിയതുകൊണ്ട് സമരം നിര്‍ത്തില്ല. ട്രൈബ്യൂണല്‍ ഉണ്ടാക്കി അര്‍ഹമായ വരുമാനം ലഭിക്കുന്നത് വരെ ഇത് തുടരും. നഷ്ടപരിഹാരം ഒരു രൂപയാണെങ്കിലും സാധാരണക്കാരായ ആദിവാസികള്‍ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ നിന്ന് വാങ്ങുന്നത് വലിയ കാര്യമാണ്.

രണ്ട് കാര്യത്തിലാണ് കമ്പനിക്ക് തട്ടുകേട് പറ്റിയത്. ഒന്ന്, ഏറ്റവും ദുര്‍ബലരായ ആദിവാസികളുടെ വെള്ളം ഊറ്റുക എന്നത് വഴി, ആദിവാസികളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരി എന്ന തരത്തില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി. രണ്ട്, പ്രവര്‍ത്തനമാരംഭിച്ച് ഒന്നരവര്‍ഷം കഴിയുമ്പോള്‍ തന്നെ കോക്ക കോള കമ്പനി അടച്ചുപൂട്ടേണ്ടി വന്നു എന്നുള്ളതാണ്. ഇപ്പോള്‍ ശാശ്വതമായി അടച്ചുപൂട്ടേണ്ടി വന്നു എന്നത് മൂന്നാമത്തെ വലിയ തിരിച്ചടിയാണ്. ചെറിയ തുകയാണെങ്കില്‍ പോലും നഷ്ടപരിഹാരം നല്‍കേണ്ടി വന്നാല്‍ അതവര്‍ക്ക് രാഷ്ട്രീയപരമായ തിരിച്ചടിയുമാവും.

"</p

ഗാന്ധിയന്‍മാരും മാവോയിസ്റ്റ് അനുഭാവികളുമെല്ലാം പങ്കെടുത്ത സമരമാണ് പ്ലാച്ചിമട സമരം. അതാണ് ഈ സമരത്തിന്റെ പ്രത്യേകതയും. മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, സാമൂഹിക പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം അണിചേര്‍ന്ന സമരവുമാണ്. ലോക ജലസമ്മേളനം ഇവിടെ നടന്നു. വന്ദനാ ശിവയും മേധാപട്കറും പോലെ ഇന്ത്യയ്ക്കകത്തുള്ളവരും പുറത്തുള്ളവരുമെല്ലാം അണിചേര്‍ന്ന സമരമായതിനാല്‍ ഇപ്പോഴത്തെ വിജയം കേവലം പ്ലാച്ചിമടക്കാരുടെ മാത്രം വിജയമല്ല. മറിച്ച് ആഗോളതലത്തില്‍ തന്നെ ബഹുരാഷ്ട്ര കുത്തകകളും, മൂലധന, സാമ്രാജ്യത്വ ശക്തികളും പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരായ ഒരു പോരാട്ടത്തിന്റെ വിജയമായിട്ട് തന്നെയാണ് ഇതിനെ കാണേണ്ടത്. പ്ലാച്ചിമട സമരം സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടം എന്ന നിലയ്ക്കല്ല ഉയര്‍ന്ന് വന്നത്. മനുഷ്യര്‍ക്ക് നിലനില്‍ക്കാനുള്ള ജീവജലം, അതില്ലാതാവുമ്പോള്‍, അവരുടെ ആവശ്യങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ നിലനില്‍പ്പിന് വേണ്ടി പോരാടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. അതിലുപരിയായി കോര്‍പ്പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള പോരാട്ടം എന്ന തലം അതിനുണ്ടായിരുന്നില്ല. നിലനില്‍പ്പ് പ്രശ്‌നമാണ് സ്ത്രീകളെ സമരത്തിലേക്കെത്തിച്ചത്.

കുടിവെള്ളവും കൃഷി ആവശ്യത്തിനുമുള്ള വെള്ളവും ഇല്ലാതാക്കി. വെള്ളം ഇല്ലാതായപ്പോള്‍ അത് തേടിപ്പോയതിനാല്‍ പലര്‍ക്കും ജോലിക്ക് പോവാനോ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ചെയ്യാനോ പോലും കഴിഞ്ഞില്ല. തൊഴില്‍ നഷ്ടം, വിദ്യാഭ്യാസ നഷ്ടം, ജലചൂഷണം, ജലമലിനീകരണം, സാമൂഹ്യ നഷ്ടം, കാര്‍ഷിക നഷ്ടം, ആരോഗ്യ നഷ്ടം എന്നിങ്ങനെ കണക്കാക്കാവുന്ന നഷ്ടങ്ങള്‍ നിരവധിയാണ്. 216.7 കോടി രൂപ മാത്രമാണ് നഷ്ടപരിഹാരമായി വിദഗ്ദ്ധ സമതി കണക്കാക്കിയത്. 487 പേരില്‍ നിന്ന് മാത്രം തെളിവെടുത്താണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കമ്പനിയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ മാത്രം പരിഗണിച്ചാല്‍ പോലും അമ്പതിനായിരത്തോളം പേര്‍ വരും. ഏകദേശം മുപ്പതിനായിരം കോടി രൂപയുടെയെങ്കിലും നഷ്ടം കോക്ക കോള കമ്പനി ഇവിടെ ഉണ്ടാക്കിവച്ചിട്ടുണ്ട്. ഇനി നഷ്ടപരിഹാരം കിട്ടുക എന്നതാണ് സമരത്തിന്റെ അന്തിമ ലക്ഷ്യം’.- അദ്ദേഹം പറഞ്ഞു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍