UPDATES

156 വര്‍ഷം പഴക്കമുള്ള ഈ ‘കെട്ടിടം’ എത്രനാളുണ്ടാകുമെന്നറിയില്ല; കുറെ മനുഷ്യര്‍ അത് സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്

എവിടയോ എന്തോ കേട്ട് വികാരഭരിതരായ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് ഫേസ്ബുക്ക് വഴി ഇത്തരത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് സ്കൂള്‍ മാനേജ്മെന്റ്

കോഴിക്കോട് ബീച്ചിനോട് ചേര്‍ന്നാണ് ചരിത്രം അവകാശപ്പെടാവുന്ന ആ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 1862-ല്‍ സ്ഥാപിച്ച ആ കെട്ടിടം അന്നത്തെ ‘കണ്ടംപററി’ ഡിസൈന്‍ ആയിരുന്നിരിക്കണം. യൂറോപ്യന്‍ മാതൃകയിലുള്ള കെട്ടിട നിര്‍മ്മാണം ഇന്ന് കേരളത്തില്‍ ‘കണ്ടംപററി’ ഡിസൈന്‍ ആണ്. എന്നാല്‍ തീപ്പെട്ടിക്കൂടുകള്‍ അടുക്കിവച്ചപോലെ കോണ്‍ക്രീറ്റ് നിരത്തിയതല്ല ബീച്ചിനോട് ചേര്‍ന്ന് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ആ കെട്ടിടം. പുരാതന ഇന്തോ-യൂറോപ്യന്‍ വാസ്തുശില്പ രീതികളോട് സാമ്യമുള്ള, മനോഹരമായ മിനുക്കുപണികളുള്ള ഈ കെട്ടിടം ഒരു സ്‌കൂളാണ്. മലബാറിലെ ആദ്യ പെണ്‍പള്ളിക്കൂടം. സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.

രണ്ടുനിലകളുള്ള കെട്ടിടങ്ങളില്‍ താഴെനില ക്ലാസ് മുറികളും മേല്‍നില ഹോസ്റ്റലുമായിരുന്നു പഴയകാലത്ത്. 156 വര്‍ഷം പഴക്കമുള്ള, കാലപ്പഴക്കത്തിന്റേതായ പഴക്കം സംഭവിച്ച കെട്ടിടങ്ങളില്‍ ഇപ്പോഴും ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നു. കോഴിക്കോട് അവശേഷിക്കുന്ന ഏതാനും പൈതൃക നിര്‍മ്മിതികളില്‍ ഒന്നാണ് ഈ സ്‌കൂള്‍ കെട്ടിടം. മലബാറില്‍ സ്ത്രീകളുടെ ഇംഗ്ലീഷ് വിദ്യഭ്യാസത്തിനായി തുടങ്ങിയതാണ് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. അപ്പോസ്തലിക്ക് കാര്‍മ്മല്‍ സഭാംഗമായ മദര്‍ വെറോണിക്കയാണ് അന്ന് അതിന് നേതൃത്വം നല്‍കിയത്. കോഴിക്കോട് കടല്‍ത്തീരത്ത് തന്നെ സ്‌കൂള്‍ തുടങ്ങുക എന്നതും അവരുടെ ആവശ്യമായിരുന്നു. പൊതുവെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രധാന്യം നല്‍കാതിരുന്ന, ദൂരങ്ങളില്‍ ചെന്ന് വിദ്യാഭ്യാസം ചെയ്യാന്‍ അനുവദിക്കപ്പെടാതിരുന്ന കാലത്താണ് ഇത്. പെണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യമടക്കമാണ് സ്‌കൂള്‍ തുടങ്ങുന്നത്. നിര്‍മ്മാണത്തിലെ മനോഹാരിതയില്‍ കോഴിക്കോടുള്ള മറ്റൊരു സ്‌കൂളും ഈ സ്‌കൂളിനോളം വരില്ല എന്നത് കോഴിക്കോട്ടുകാരുടെ വിശ്വാസം.

കോഴിക്കോടിന്റെ ഹൃദയത്തിലെ കോംട്രസ്റ്റ് ഫാക്ടറി, ഹുജൂര്‍ കച്ചേരി എന്നിവ ഇന്ന് തീര്‍ത്തും ഓര്‍മ്മകള്‍ മാത്രമായിരിക്കുന്നു. സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പോലെ ഇനി ആ ഗണത്തില്‍ ബാക്കിയുള്ളവയെങ്കിലും സംരക്ഷിക്കപ്പെടണമെന്നാണ് കോഴിക്കോട്ടുകാരുടെ ആവശ്യം. ഇപ്പോള്‍ ഈ ആവശ്യത്തെക്കുറിച്ച് പറയുന്നതെന്തിനാണ് എന്നതിന് കാരണമുണ്ട്. 156 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ മാനേജ്‌മെന്റ് ശ്രമം തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ തന്നെയാണ് ആ ആവശ്യം ഒന്നുകൂടി ശക്തിപ്പെടാന്‍ കാരണം. എന്നാല്‍ ഇത്തരത്തിലുള്ള ഒരു കാര്യവും അംഗീകരിക്കില്ലെന്നറിയിച്ച് പൂര്‍വ്വ വിദ്യാര്‍ഥികളടക്കമുള്ളവര്‍ രംഗത്തെത്തിയിരിക്കുകയാണ്.

കെട്ടിടം പൊളിച്ചുമാറ്റാനുള്ള മാനേജ്‌മെന്റ് ശ്രമത്തിനെതിരെ പൂര്‍വ്വവിദ്യാര്‍ത്ഥികളും കോഴിക്കോട് ഹെറിറ്റേജ് വാക്ക് എന്ന സംഘടനയുമാണ് രംഗത്ത് വന്നിരിക്കുന്നത്. കൂടുതല്‍ ആളുകളെ അണിനിരത്തി പൊളിക്കല്‍ ശ്രമം തടയാനാണ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ശ്രമം. പൈതൃകമന്ദിരം പൊളിക്കുന്നത് തടയുക എന്ന രീതിയിലാണ് സോഷ്യല്‍മീഡിയയില്‍ ക്യാംപെയിന്‍ നടക്കുന്നത്. change.org വഴിയും ഓണ്‍ലൈനായി ആളുകളെ പങ്കാളികളാക്കുന്നുണ്ട്. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് കോഴിക്കോട് കലക്ടറെ കാണാനിരിക്കുകയാണ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഘം.

ഈ വരുന്ന വേനലവധിക്കാലത്ത് സ്‌ക്കൂള്‍ കെട്ടിടം പൊളിക്കാന്‍ പദ്ധതിയുണ്ട് എന്നറിഞ്ഞാണ് സംഘടിച്ചതെന്ന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പറയുന്നു. “കുട്ടികള്‍ക്ക് ഭീഷണിയാണെന്നാണെങ്കില്‍ അവര് കെട്ടിടം പൊളിച്ചോട്ടെ, കുഴപ്പമില്ല. അല്ലാതെ പണമുണ്ടാക്കുക എന്നത് മാത്രമാണ് ലക്ഷ്യമെങ്കില്‍ പൊളിക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ ഞങ്ങള്‍ സമ്മതിക്കില്ല. പുതിയ കെട്ടിടങ്ങള്‍ ആവശ്യം തന്നെയാണ്; പക്ഷെ, പൈതൃക കെട്ടിടങ്ങള്‍ അനാവശ്യമായാണ് സ്‌കൂള്‍ പൊളിക്കുന്നത്. സ്‌കൂളിലെ പല പൈതൃക കെട്ടിടങ്ങളും മാനേജ്‌മെന്റ് പൊളിച്ചുകഴിഞ്ഞു. ഇനി ബാക്കിയുള്ളത് ഇതുമാത്രമാണ്. കോഴിക്കോടിന്റെ പല ഭാഗങ്ങളിലുമുണ്ടായിരുന്ന പൈതൃകങ്ങളെല്ലാം തന്നെ അധികാരികളുടെ അറിവോടെയും മറ്റും തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. അതിപ്പോള്‍ ഹുജൂര്‍ കച്ചേരിയുടെ കാര്യംപോലെ, പൊളിച്ചുകഴിഞ്ഞിട്ട് അയ്യോ എന്ന് നിലവിളിച്ചിട്ടു കാര്യമില്ലല്ലോ. സ്‌കൂളില്‍ ഒരു തവണയെങ്കിലും വന്നിട്ടുള്ളവര്‍ക്ക് അത് പൊളിക്കണമെന്ന് പറയുമ്പോള്‍ വിഷമം ഉണ്ടാകുന്നു എന്നത് സത്യാണ്. പിന്നെയാണ് ഒരു കാലഘട്ടം മുഴുവന്‍ അവിടെ ജീവിച്ച ഞങ്ങള്‍ക്ക്. എല്ലാവരും കാര്യക്ഷമമായിത്തന്നെ കാര്യത്തില്‍ ഇടപെടുമെന്നാണ് കരുതുന്നത്.’

ഹെറിറ്റേജ് വോക്ക് സംഘാടകരുടെ വാദം ഇങ്ങനെ –“ഇത് പൈതൃകങ്ങളെ നശിപ്പിക്കാനുള്ള കോര്‍പ്പറേഷന്റെ വ്യഗ്രതയാണ് കാണിക്കുന്നത്. മലാപ്പറമ്പിലെ സ്‌കൂള്‍ പൂട്ടാന്‍ തുടങ്ങിയപ്പോള്‍ സംഘടിച്ചത് പോലെതന്നെ കോഴിക്കോട്ടുകാര്‍ ഇതിനുവേണ്ടിയും സംഘടിക്കുമെന്നു തന്നെയാണ് കരുതുന്നത്. അവര്‍ എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയാണ് പൊളിക്കുന്നത് എന്ന് തോന്നുന്നില്ല. ഇപ്പോള്‍തന്നെ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങള്‍ അവിടുണ്ട്, പുതിയത്. അതിലൊന്നും ക്ലാസുകള്‍ തുടങ്ങാതെ ഈ പൈതൃക കെട്ടിടങ്ങള്‍ പൊളിച്ച് പുതിയ കെട്ടിടങ്ങള്‍ തുടങ്ങുന്നത് എന്തിനാണെന്നാണ് മനസ്സിലാകാത്തത്. വിദ്യഭ്യാസസ്ഥാപനങ്ങള്‍ കച്ചവടച്ചരക്കായിമാത്രം കാണുന്നതാണ് മാനേജ്‌മെന്റുകളുടെ പ്രശ്‌നം. ഇവിടെയും അതുതന്നെയാകണം. ഇപ്പോഴുള്ളത് രണ്ടുനില കെട്ടിടമാണ്. അത് പൊളിച്ച് മൂന്നോ നാലോ നില കെട്ടിയാല്‍ കിട്ടുന്ന സാമ്പത്തിക ലാഭത്തെപ്പറ്റി മാത്രമാണ് മാനേജ്‌മെന്റിന് ചിന്ത. ആര്‍ക്കിടെക്ടിന്റെ അഭിപ്രായത്തോടെയാണ് പൊളിക്കുന്നതെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. കോര്‍പ്പറേഷന്റെ അനുമതി കിട്ടിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. എന്താണ് സത്യമെന്നത് ഇനിയും മനസ്സിലായിട്ടില്ല. ഏതായാലും പണം എന്നത് മാത്രം മനസ്സില്‍ കണ്ടുകൊണ്ടാണ് അവര്‍ പൊളിക്കല്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതെന്നത് നഗ്‌നസത്യമാണ്”.

എന്നാല്‍ സ്‌ക്കൂളിലെ പൈതൃകകെട്ടിടങ്ങള്‍ പൊളിക്കുന്നുവെന്നത് തീര്‍ത്തും തെറ്റായ വാര്‍ത്തയാണെന്നാണ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ നിതീഷ പറയുന്നത്. “അങ്ങനൊരു തീരുമാനത്തെക്കുറിച്ച് മാനേജ്‌മെന്റ് സംസാരിച്ചിരുന്നു. എന്നാല്‍ അതില്‍ യാതൊരുവിധ തീരുമാനങ്ങളും ഇന്നേവരെ എടുത്തിട്ടില്ല. തീര്‍ത്തും വ്യാജമായ വാര്‍ത്തയാണ് സ്‌കൂള്‍ പൊളിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് പരക്കുന്നത്. എവിടയോ എന്തോ കേട്ട് വികാരഭരിതരായ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് ഫേസ്ബുക്ക് വഴി ഇത്തരത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. മാനേജ്‌മെന്റ് സ്‌കൂള്‍ പൊളിക്കുന്നതിന് എവിടെനിന്നും അനുമതി തേടിയിട്ടില്ല. കെട്ടിടം പുതുക്കി പണിയണം എന്ന് പറയുന്നത് കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്. അല്ലാതെ ഈ പറയുന്നതുപോലെ കച്ചവടവത്ക്കരണത്തിന്റെ ഭാഗമായല്ല കെട്ടിടം പൊളിക്കുന്നത്.”

കോഴിക്കോടിന്റെ ചരിത്രത്തിലെ തന്നെ 150 വര്‍ഷത്തിലധികം പഴക്കമുള്ള, ഇപ്പോഴും നിലനില്‍ക്കുന്ന രണ്ട് കെട്ടിടങ്ങളാണ് ഈ സ്കൂളും കോംട്രസ്റ്റ് ഫാക്ടറിയും. അതില്‍ കോംട്രസ്റ്റ് ഒട്ടൊക്കെ ഇല്ലാതായി കഴിഞ്ഞു. മലബാര്‍ മാനുവലില്‍ വില്യം ലോഗന്‍ എടുത്തു പറഞ്ഞിരിക്കുന്ന ഒന്നാണ് സെന്റ്‌ ജോസഫ് സ്കൂളിന്റെത്. കോഴിക്കോടിന്റെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഈ സ്കൂള്‍ വഹിച്ച ചരിത്രപരമായ പങ്ക് കാണാതെ പോകുന്നത് മോശമാണ്. ഇത് പൊളിച്ചു കളഞ്ഞാല്‍ വരും തലമുറ നമ്മെ നോക്കി ചിരിക്കും. സ്കൂള്‍ കെട്ടിടം സംരക്ഷിക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ”യെന്ന് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും സ്കൂള്‍ കെട്ടിടം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരില്‍ ഒരാളുമായ അയിഷ മെഹമൂദ് പറയുന്നു.

സ്കൂള്‍ മാനേജ്മെന്റും സ്കൂള്‍ കെട്ടിടം സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരും തമ്മില്‍ ഇതിനകം നിരവധി കൂടിക്കാഴ്ചകള്‍ കഴിഞ്ഞുവെന്നാണ് അറിയുന്നത്. സ്കൂള്‍ കെട്ടിടം നിലനിര്‍ത്തിക്കൊണ്ട് തന്നെ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ഉള്‍പ്പെടെ മാനേജ്മെന്റ് ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ അവര്‍.

മലാപ്പറമ്പ സ്കൂള്‍ ഇന്ന് തുറക്കുകയാണ്; വീണ്ടും

കേള്‍ക്കൂ, ആലപ്പുഴയില്‍ നിന്ന് ഒരു മലയാളം മീഡിയം സ്കൂളിന്‍റെ വിജയഗാഥ

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന കാലത്ത് അട്ടക്കുളങ്ങര സ്‌കൂള്‍ മുന്നോട്ടുവയ്ക്കുന്ന മാതൃക

നിര്‍മല സദന്‍ സ്പെഷ്യല്‍ സ്കൂള്‍ അടച്ചുപൂട്ടരുത്; ആ കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും

മലാപ്പറമ്പ് സ്കൂള്‍ മാനേജരുടെ സഹോദരനുമുണ്ട് ഒരു സ്കൂള്‍; പൊളിക്കില്ല, മാതൃക വിദ്യാലയമാക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍