UPDATES

ട്രെന്‍ഡിങ്ങ്

നാമജപ യജ്ഞങ്ങളല്ല, ശബരിമലയില്‍ നടന്നത് ആസൂത്രിത അക്രമങ്ങള്‍

ശബരിമലയുടെ പേരില്‍ നടന്ന അക്രമങ്ങള്‍ക്കെതിരേ ദര്‍ശനത്തിനെത്തിയ വിശ്വാസികളില്‍ നിന്നു തന്നെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ പമ്പയിലും നിലയ്ക്കലും നടന്നത് ആസൂത്രിതമായ കുഴപ്പങ്ങള്‍. തങ്ങള്‍ സമാധാനപരമായ പ്രതിഷേധമേ നയിക്കൂ എന്ന് പൊലീസിന് ഉറപ്പ് നല്‍കിയവര്‍ തന്നെയാണ് അക്രമവും അഴിച്ച് വിട്ടത്. മാധ്യമപ്രവര്‍ത്തകരുടെയും പൊലീസിന്റെയും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തവര്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ വളഞ്ഞുവച്ച് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു. പ്രാര്‍ത്ഥന യജ്ഞങ്ങള്‍ സംഘടിപ്പിച്ചും ശരണമന്ത്രങ്ങള്‍ മുഴക്കിയും തീര്‍ത്തും സമാധാനപരമായി മാത്രമായിരിക്കും തങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് അറിയിച്ചവര്‍ തന്നെ അക്രമത്തിനും ഭീഷണികള്‍ക്കും നേതൃത്വം നല്‍കുകയായിരുന്നുവെന്ന് പൊലീസും ജില്ല ഭരണകൂടവും വ്യക്തമാക്കുന്നുണ്ട്. ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള സമരമായിരിക്കും നയിക്കുകയെന്ന് തങ്ങളോട് ഉറപ്പ് പറഞ്ഞിരുന്നയാളാണ് രാഹുല്‍ ഈശ്വര്‍ എന്നും എന്നാല്‍ പിന്നീട് നടന്നത് അതില്‍ നിന്നെല്ലാം വ്യത്യസ്തമായ കാര്യങ്ങളായിരുന്നുവെന്ന് പത്തനംതിട്ട ജില്ല കളക്ടര്‍ പി ബി നൂഹ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിയായ മാധവി എന്ന യുവതിയെ സന്നിധാനത്തിന് സമീപം തടഞ്ഞ് ഭീഷണിപ്പെടുത്തി തിരിച്ചയച്ച കുറ്റത്തിന് രാഹുല്‍ ഈശ്വറിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തിട്ടുമുണ്ട്.

ശബരിമലയുമായി ബന്ധപ്പെട്ട് ഇന്നേവരെ കാണാത്ത രീതിയിലുള്ള അക്രമ സംഭവങ്ങളായിരുന്നു ബുധനാഴ്ച നടന്നത്. കലാപസമാനമായ പ്രവര്‍ത്തികള്‍ക്കാണ് വിശ്വാസികള്‍ എന്ന പേരില്‍ കൂടിയവര്‍ തയ്യാറായത്. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളെ മര്‍ദ്ദിക്കുകയും ചെയ്തു. പൊലീസ് വാഹനങ്ങളും ഇവര്‍ തകര്‍ത്തു. പോലീസിനു നേരെ വലിയ തോതില്‍ കല്ലേറ് നടത്തുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുടെയും ജില്ല ഭരണകൂടത്തിന്റെയും വാക്കുകള്‍ വ്യക്തമാക്കുന്നത് ഈ അക്രമങ്ങളെല്ലാം തന്നെ കരുതിക്കൂട്ടിയുള്ളതായിരുന്നുവെന്നാണ്. പൊലീസ് ഇന്നലെ രാവിലെ മുതല്‍ വളരെ സമാധാനപൂര്‍വം കാര്യങ്ങള്‍ ചെയ്യാനായിരുന്നു ശ്രമിച്ചത്. ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ട സഹായസൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനൊപ്പം പ്രതിഷേധക്കാര്‍ക്കെതിരേ ലാത്തിച്ചാര്‍ജ്ജോ ബലപ്രയോഗമോ ഒന്നും വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതും. പ്രതിഷേധം ഒരുതരത്തിലും അക്രമ സ്വഭാവത്തിലേക്ക് നീങ്ങില്ലെന്ന് നേതാക്കളില്‍ നിന്നും ഉറപ്പ് കിട്ടിയിരുന്നതിനാലും പൊലീസ് സംയമന സ്വഭാവത്തോടെയാണ് നിന്നതെന്നും കളക്ടറും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ എല്ലാ ഉറപ്പുകളും ലംഘിച്ചാണ് പൊടുന്നനെയുള്ളപോലെ അക്രമങ്ങള്‍ ആരംഭിച്ചത്. ദര്‍ശനത്തിനെത്തിയ സ്ത്രീകളെ വളഞ്ഞു വച്ച് ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നതില്‍ തുടങ്ങി ആദ്യം മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും ഉപകരണങ്ങളും തല്ലിത്തകര്‍ക്കുന്നതിലേക്കും പിന്നീട് സ്ത്രീകളായ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിലേക്കും കാര്യങ്ങളെത്തിയതോടെയാണ് സമരക്കാരില്‍ നിന്നും കിട്ടിയ ഉറപ്പ് പാഴ് വാക്കായിരുന്നുവെന്ന് പോലീസിന് വ്യക്തമാക്കിയത്. ഇതോടെ പോലീസ് സമരക്കാരെ നിയന്ത്രിക്കാന്‍ തുടങ്ങുകയും അതിനെതിരെ അക്രമസ്വഭാവത്തോടെ സമരക്കാര്‍ പ്രതികരിക്കുകയുമായിരുന്നു. നിലയ്ക്കലില്‍ സമരക്കാരില്‍ നിന്നും കല്ലേറ് ഉണ്ടായതോടെയാണ് ലാത്തി വീശാന്‍ പൊലീസ് നിര്‍ബന്ധിതരായത്.

വലിയ സംഘങ്ങളായി കൂടിയാണ് അക്രമങ്ങള്‍ നടന്നത്. പലരും മുഖം മറച്ചുവച്ചാണ് അക്രമങ്ങള്‍ നടത്തിയത്. ദേശീയ ചാനലുകളുടെ പ്രതിനിധികളായി എത്തിയ വനിത മാധ്യമപ്രവര്‍ത്തകരോട് പോലും പ്രകോപനപരമായി ഇടപെടുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പലകോണുകളില്‍ നിന്നെത്തിയാണ് പൊലീസിനു നേരെ ഇവര്‍ അക്രമം നടത്തിയത്. പരിക്കേറ്റ വനിത മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനായി എത്തിയ പൊലീസ് വാഹനത്തിനു നേരെ പോലും കല്ലേറ് ഉണ്ടായി. കല്ലേറില്‍ പല പോലീസുകാര്‍ക്കും പരിക്കേറ്റു. വനിത പോലീസിനെപോലും പമ്പ കടന്നു പോകാന്‍ അനുവദിക്കില്ലെന്ന രീതിയിലായിരുന്നു പ്രതിഷേധക്കാരുടെ പ്രവര്‍ത്തികള്‍. വാഹനങ്ങള്‍ ബലമായി തടഞ്ഞു നിര്‍ത്തി പരിശോധനകള്‍ നടത്തി. ദേവസ്വം ഉദ്യോഗസ്ഥരായ സ്ത്രീകളെ പോലും പ്രായം സംബന്ധിച്ച വിവരങ്ങള്‍ പറയാതെ പോകാന്‍ അനുവദിക്കില്ലെന്ന വാശിയിലായിരുന്നു.

സമാധാനപരമായി നടന്നുവന്ന നാമജപ, പ്രാര്‍ത്ഥന യജ്ഞങ്ങള്‍ക്കു നേരെ പോലീസ് അതിക്രമം നടത്തിയെന്നായിരുന്നു രാവിലെ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചത്. തന്ത്രി കുടുംബത്തിലെ പ്രായമായ സ്ത്രീകളെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതൊക്കെ പ്രകോപന വിഷയമാക്കിയാണ് കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ ബിജെപി നേതാക്കള്‍ പ്രചരിപ്പിച്ചത്. സമരം ബിജെപി ഏറ്റെടുക്കുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കിയിരുന്നു. എന്നാല്‍ അക്രമം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തില്‍ ബിജെപിക്ക് ഇതില്‍ പങ്കൊന്നും ഇല്ലെന്നും അയ്യപ്പ ഭക്തരുടെ പ്രതിഷേധമാണ് കണ്ടതെന്നും പറഞ്ഞ് ബിജെപി നേതാക്കള്‍ രംഗത്തു നിന്നും ഒഴിഞ്ഞുപോവുകയും ചെയ്തു.

നാമജപ പ്രതിഷേധത്തില്‍ രാവിലെ പങ്കെടുക്കാനെത്തിയവരല്ല, പിന്നീട് പുറത്തു നിന്നും എത്തിയവരാണ് അക്രമങ്ങള്‍ നടത്തിയതെന്നാണ് മറ്റൊരു വിവരം. അമ്പതോളം പേര്‍ക്കെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്. അക്രമം നടത്തിയവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ നടപടികള്‍ വരുമെന്നും പോലീസ് അറിയിക്കുന്നുണ്ട്.

ശബരിമലയുടെ പേരില്‍ നടന്ന അക്രമങ്ങള്‍ക്കെതിരേ ദര്‍ശനത്തിനെത്തിയ വിശ്വാസികളില്‍ നിന്നു തന്നെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. നാമജപം എന്നു പേര് പറഞ്ഞിട്ട് കല്ലേറും വാഹനം തടയലും ഭീഷണികളുമായി രംഗത്ത് ഇറങ്ങിയത് ഒട്ടും ശരിയായില്ലെന്നും വിശ്വാസികളെന്ന് കരുതിയവരില്‍ നിന്നും ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ഉണ്ടാകുമെന്ന് കരുതിയില്ലെന്നുമാണ് തുലാമാസ പൂജയ്ക്ക് ദര്‍ശനത്തിനെത്തിയ പല ഭക്തരും മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇവര്‍ എത്തിയ വാഹനങ്ങള്‍ അടക്കം ബലമായി തടഞ്ഞു നിര്‍ത്തി പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. കെ എസ് ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്ത സ്ത്രീകളെ ശബരിമലയിലേക്കാണോ എന്നു ചോദിച്ച് ഭീഷണിപ്പെടുത്തുകയും ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ ആരും ഇല്ലെന്നു പറഞ്ഞ കെസ്ആര്‍ടിസി ബസ് ഡ്രൈവറെ കള്ളം പറയുന്നുവെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

ഇവരാരും വിശ്വാസികളല്ല, മതതീവ്രവാദികളാണ്: ശബരിമലയില്‍ സമരക്കാരുടെ ആക്രമണത്തിനിരയായ സരിത ബാലന്‍ സംസാരിക്കുന്നു

ശബരിമല LIVE: ബിജെപി – കര്‍മ്മസമിതി ഹര്‍ത്താലില്‍ പരക്കെ അക്രമം; ബസുകള്‍ക്ക് നേരെ കല്ലേറ്‌

“വിഎച്ച്പി-ബിജെപിക്കാര്‍ കോളനിയിലെത്തി കൂട്ടിക്കൊണ്ടുപോയതാണ് ഞങ്ങടെ സ്ത്രീകളെ; കേസ് വന്നപ്പോള്‍ ആരുമില്ല”, ശബരിമല സമരത്തില്‍ ആദിവാസികളെ ബലിയാടാക്കുന്നുവെന്ന് ആരോപണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍