കടലില്‍ നിന്നും 25 ടണ്‍ പ്ലാസ്റ്റിക്കും, അഷ്ടമുടി കായലില്‍ നിന്നും 3 ടണ്‍ പ്ലാസ്റ്റിക്കും ഇതിനകം ശേഖരിച്ചിട്ടുണ്ട്
കടലില്‍ നിന്നും കായലില്‍ നിന്നും ശേഖരിച്ച 30 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന ടാര്‍ സംസ്ഥാനത്ത് റോഡ് ടാറിംഗിനായി ഉപയോഗിക്കാന്‍ പോകുന്നു.
‘കഴിഞ്ഞ ഒരു വര്‍ഷത്തോളമായി, മീന്‍ പിടിക്കാനുപയോഗിക്കുന്ന വലകളില്‍ കുടുങ്ങുന്ന പ്ലാസ്റ്റിക്ക് ശേഖരിക്കാനായി മത്സ്യബന്ധനത്തിന് പോകുന്നവരുടെ കയ്യില്‍ ഞങ്ങള്‍ പ്രത്യേക ബാഗുകള്‍ നല്‍കാറുണ്ട്. ഇത് തീരത്തേക്ക് എത്തിക്കും. തുടര്‍ന്ന് സ്ത്രീകളടങ്ങുന്ന സ്വയം സഹായ സംഘങ്ങള്‍ അത് വൃത്തിയാക്കും. ഇത് പിന്നീട് റോഡ് ടാറിംഗിനായി ഉപയോഗപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.’ കേരളത്തിലെ കടലില്‍ നിന്നും കായലുകളില്‍ നിന്നും കണ്ടെടുത്ത പ്ലാസ്റ്റിക് വേസ്റ്റുകള്‍ റോഡ് ടാറിംഗിനായി ഉപയോഗപ്പെടുത്താന്‍ പോവുകയാണെന്ന് കൊല്ലം ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ അഴിമുഖത്തോട് പറഞ്ഞു.
ഇങ്ങനെ കണ്ടെടുത്ത പ്ലാസ്റ്റിക്ക് 30 കിലോ ടണ്‍-ഓളമുണ്ട്. കടലില്‍ നിന്നും 25 ടണ്‍ പ്ലാസ്റ്റിക്കും, അഷ്ടമുടി കായലില്‍ നിന്നും 3 ടണ്‍ പ്ലാസ്റ്റിക്കും ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇതാണ് ആദ്യഘട്ടത്തില്‍ ടാറിംഗിനായി ഉപയോഗിക്കുന്നത്. ക്ലീന്‍ കേരള കമ്പനിയുടെ കീഴിലായിരുന്ന ഈ പദ്ധതി കഴിഞ്ഞമാസം മുതലാണ് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന് കൈമാറിയത്. ചില സാങ്കേതിക തകരാറുകള്‍ കൂടെ പരിഹരിച്ച് എത്രയും വേഗം പ്ലാസ്റ്റിക് ടാര്‍ ചെയ്ത റോഡുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഉദ്യോഗസ്ഥര്‍.
സമുദ്രം വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലാണ് ‘ശുചിത്വ സാഗരം’ എന്ന ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ജലാശയങ്ങള്‍ മാലിന്യ സംസ്‌കരണത്തിന് വേണ്ടിയുള്ളതല്ലെന്ന് പൊതു ജനം തിരിച്ചറിയണമെന്ന് മന്ത്രി പറഞ്ഞു. കടലില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ സാന്നിധ്യം മത്സ്യസമ്പത്ത് കുറയുന്നതിനുവരെ കാരണമാകുന്നുണ്ടെന്നും, ശുചിത്വ സാഗരം പദ്ധതി പ്ലാസ്റ്റിക്ക് ഭീഷണി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കൊല്ലത്ത് വിജയകരമായി നടപ്പാക്കിയ പദ്ധതി ഉടന്‍ തന്നെ കൊച്ചിയിലേക്കും വ്യാപിപ്പിക്കും.
എന്നിരുന്നാലും, റോഡുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കത്തക്കവിധം കടലില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉപയോഗപ്രദമാകുമോ എന്ന സംശയം ഉയര്‍ന്നുവന്നിട്ടുണ്ട്. ‘കടലില്‍നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ഒരുതരം പാട രൂപപ്പെട്ടിരിക്കും. അറിവനുസരിച്ച്, ഇതുകൊണ്ട് പ്ലാസ്റ്റിക്ക് റോഡുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കില്ല’ എന്നാണ് ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് (എഫ്.എം.എല്‍) പ്രസിഡന്റായ റോബര്‍ട്ട് പനിപ്പിള്ള പറയുന്നത്. സമുദ്രം എത്രമാത്രം മലിനീകരിക്കപ്പെട്ടിരിക്കുന്നു എന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനായി കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഒഖി ചുഴലിക്കാറ്റ് ഉണ്ടായപ്പോള്‍ റോബര്‍ട്ടും സംഘവും കേവലം 90 മിനുട്ടിനുള്ളില്‍ തിരുവനന്തപുരത്തെ തീരത്തുനിന്നും 400 കിലോയോളം വരുന്ന മീന്‍വലകള്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ പ്ലാസ്റ്റിക്ക് മാന്‍ ഓഫ് ഇന്ത്യ എന്ന പേരിലറിയപ്പെടുന്ന പത്മശ്രീ ഡോ. ആര്‍. വാസുദേവന്‍ അഭിപ്രായപ്പെടുന്നത് കടലില്‍ നിന്നും വീണ്ടെടുക്കപ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം എന്നാണ്. മധുരയിലെ ത്യാഗരാജര്‍ എഞ്ചിനീയറിംഗ് കോളേജിലെ രസതന്ത്ര വിഭാഗം മേധാവിയായ ഡോ. ആര്‍. വാസുദേവന്റെ പേരിലാണ് പ്ലാസ്റ്റിക്ക് ടാര്‍ കൊണ്ട് റോഡ് നിര്‍മ്മിക്കുന്നതിനുള്ള പേറ്റന്റ് ഉള്ളത്. കേരള സര്‍ക്കാര്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് പ്ലാസ്റ്റിക് ടാര്‍ റോഡുകള്‍ നിര്‍മ്മിക്കുന്നത്.
ഇന്ത്യയില്‍ നിലവില്‍ 34,000 കിലോമീറ്റര്‍ പ്ലാസ്റ്റിക് റോഡുകള്‍ ഉണ്ട്. ഗ്രാമീണ മേഖലകളിലാണ് കൂടുതലും ഉള്ളത്. തമിഴ്‌നാട്ടിലെ പകുതിയില്‍ കൂടുതല്‍ റോഡുകളും പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. പ്ലാസ്റ്റിക് റോഡുകളുടെ മെല്‍റ്റിംഗ് പോയിന്റ് 66 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ടാറിന് ഇത് 50 ഡിഗ്രി സെല്‍ഷ്യസാണ്. നിര്‍മ്മാണ ചെലവ് വലിയതോതില്‍ കുറയ്ക്കാം എന്നതാണ് പ്ലാസ്റ്റിക് റോഡുകളുടെ മറ്റൊരു നേട്ടം.
2022-ഓടെ രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂര്‍ണമായും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇതിന്റെ തുടക്കമെന്നോണമാണ് ഡല്‍ഹിയിലെ നഗരപ്രദേശങ്ങളില്‍ പ്ലാസ്റ്റിക് നിരോധിച്ചത്. ഹെല്‍മോള്‍ട്ട്‌സ് സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ചിന്റെ പഠനമനുസരിച്ച്, ഇന്ത്യയിലെ ഇന്‍ഡസ്, ഗംഗ നദികളാണ് കടലിലേക്ക് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങളില്‍ തള്ളിവിടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങളുള്ള കടലുകളില്‍ രണ്ടാം സ്ഥാനം ഇന്ത്യന്‍ മഹാസമുദ്രത്തിനാണ്.