UPDATES

അധ്യാപകന്‍ പീഡിപ്പിച്ചെന്ന് 19 പെണ്‍കുട്ടികള്‍; യൂത്ത് ലീഗ് നേതാവായ പ്രതി പോക്സോ കേസില്‍ മുന്‍‌കൂര്‍ ജാമ്യം നേടി സ്വതന്ത്രന്‍

മലപ്പുറം ചെമ്മങ്കടവ് പി.എം.എസ്.എ.എം എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഉറുദു അധ്യാപകനായിരുന്ന ഹഫ്‌സല്‍ റഹ്മാനെക്കുറിച്ച് വിദ്യാര്‍ത്ഥിനികള്‍ പരാതിയുയര്‍ത്തിയത്

ശ്രീഷ്മ

ശ്രീഷ്മ

അധ്യാപകന്‍ പീഡിപ്പിച്ചതായി പത്തൊന്‍പതു പെണ്‍കുട്ടികളുടെ പരാതി, മോശമായി പെരുമാറിയതായി സൂചിപ്പിച്ചുകൊണ്ട് അമ്പതിലധികം പെണ്‍കുട്ടികള്‍ ഒപ്പിട്ട മറ്റു പരാതിക്കത്തുകള്‍, നിയമനത്തട്ടിപ്പെന്നും ആരോപണം – സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ വച്ച് ഏറ്റവും ഗുരുതരമായ പോക്‌സോ കേസുകളില്‍ ഒന്നിലെ പ്രതി പക്ഷേ, ഇപ്പോഴും മുന്‍കൂര്‍ ജാമ്യത്തിന്റെ ബലത്തില്‍ സ്വതന്ത്രനാണ്. മലപ്പുറം ചെമ്മങ്കടവ് പി.എം.എസ്.എ.എം എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഉറുദു അധ്യാപകനായിരുന്ന ഹഫ്‌സല്‍ റഹ്മാനെക്കുറിച്ച് വിദ്യാര്‍ത്ഥിനികള്‍ പരാതിയുയര്‍ത്തിയത് 2018 നവംബറിലാണ്. മാസങ്ങള്‍ പിന്നിടുമ്പോള്‍ കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുന്നത് രാഷ്ട്രീയ സ്വാധീനത്തിന്റെ കഥകളാണ്.

പത്തൊന്‍പതു വിദ്യാര്‍ത്ഥിനികള്‍ സമാനമായ പരാതികള്‍ നല്‍കിയതിനെത്തുടര്‍ന്ന് വലിയ ചര്‍ച്ചയായ വിഷയമായിരുന്നു ചെമ്മങ്കടവ് സ്‌കൂളിലേത്. അധ്യാപകനില്‍ നിന്നും പല തവണ മോശമായ അനുഭവങ്ങളുണ്ടായ പെണ്‍കുട്ടികള്‍ കൂട്ടമായി പ്രിന്‍സിപ്പാളിന് പരാതി നല്‍കുക, അതിനു പിന്തുണയുമായി അമ്പതോളം മറ്റു പെണ്‍കുട്ടികളെത്തുക എന്നതെല്ലാം അതീവ ഗുരുതരമായ കുറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടിയിരുന്നുവെങ്കിലും, അധ്യാപകനെതിരെ നടപടികള്‍ കൈക്കൊണ്ടത് പിന്നേയും വൈകിയാണ്. പരാതി പുറത്തു വന്ന ദിവസം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെല്ലാം ഒറ്റക്കെട്ടായി പഠിപ്പു മുടക്കി പ്രതിഷേധിച്ചതോടെ മാധ്യമശ്രദ്ധയും വിഷയത്തില്‍ പതിഞ്ഞു. ശേഷം നടന്ന നിയമനടപടികള്‍ക്കൊടുവില്‍ ഹഫ്‌സല്‍ റഹ്മാന്‍ ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായാണ് ഹഫ്‌സല്‍ മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍, ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ ശേഷം മാത്രം പൊലീസ് സ്റ്റേഷനിലെത്തിയ ഹഫ്‌സല്‍ റഹ്മാന്‍ നടപടിക്രമങ്ങള്‍ക്കു ശേഷം മടങ്ങുകയായിരുന്നു. പുറത്ത് അധികം കാണാറില്ലെങ്കിലും, ഹഫ്‌സല്‍ സ്വതന്ത്രനായിത്തന്നെ തുടരുകയാണെന്ന് പ്രദേശവാസികളും പറയുന്നു.

പോക്‌സോ കേസുകളില്‍ ജാമ്യം അനുവദിക്കാറില്ലെന്നിരിക്കേ, ആദ്യം ഒളിവില്‍പ്പോയി മുന്‍കൂര്‍ ജാമ്യത്തിനായുള്ള നടപടികള്‍ കൈക്കൊണ്ടതിനു ശേഷം മാത്രം തിരികെയെത്തുന്ന പതിവു രീതിയാണ് ഹഫ്‌സല്‍ സ്വീകരിച്ചിരിക്കുന്നതെന്നും, ഖത്തറിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നുമാണ് പ്രദേശവാസികള്‍ക്ക് പറയാനുള്ളത്. എന്നാല്‍, ആദ്യം ഹഫ്‌സലിനെതിരെ മൊഴി കൊടുത്തിരുന്ന പത്തൊന്‍പതു പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ മാത്രമാണ് നിലവില്‍ കേസുമായി മുന്നോട്ടു പോകുന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് പോക്‌സോ ആയിരുന്നിട്ടും കേസിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ പലയിടങ്ങളില്‍ നിന്നായി നടക്കുന്നുണ്ടെന്ന് തിരിച്ചറിയാനാകുക. കനത്ത ഭീഷണിയുടെയും സമ്മര്‍ദ്ദങ്ങളുടെയുമിടയിലും കേസില്‍ ഉറച്ചു നില്‍ക്കുന്ന ആ രണ്ടു കുടുംബങ്ങളാകട്ടെ, കനത്ത ഭയപ്പാടിലുമാണ്.

അധ്യാപകനെതിരായ പരാതി ഇങ്ങനെ

2012-ല്‍ ചെമ്മങ്കടവ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉറുദു അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഹഫ്‌സല്‍ റഹ്മാന്‍ കാലങ്ങളായി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള പരാതികളില്‍ പറയുന്നത്. ക്ലാസ് മുറികളില്‍ വച്ചും മറ്റും ഉപദ്രവം തുടര്‍ന്നിരുന്നെങ്കിലും ആരും പുറത്തു പറഞ്ഞിരുന്നില്ല. സ്‌കൂളിനു പുറത്തുള്ള മറ്റൊരു വിദ്യാര്‍ത്ഥി വഴിയാണ് അധ്യാപകന്റെ ചെയ്തികള്‍ പുറത്തറിയുന്നത്. മാസങ്ങള്‍ക്കു മുന്നേ ചെമ്മങ്കടവ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍.എസ്.എസ് ക്യാമ്പിനെത്തിയ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളിലൊരാളോട് മോശമായി പെരുമാറിയതാണ് ഹഫ്‌സലിനെതിരെ ഉയരുന്ന ആദ്യ പരാതി. പെണ്‍കുട്ടി വീട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചതോടെ സഹോദരങ്ങളും മറ്റും സ്‌കൂളിലെത്തി അധ്യാപകനെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അധ്യാപകനെ പിന്തുടര്‍ന്ന് പ്രിന്‍സിപ്പാളുടെ വീട്ടിലും ചെന്നിരുന്നു. പ്രിന്‍സിപ്പാളുടെ വീട്ടില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തപ്പോള്‍ അധ്യാപകന്‍ കുറ്റം സമ്മതിച്ചതായാണ് പെണ്‍കുട്ടിയുടെ സഹോദരന്മാരുടെ പക്ഷം.

കേസിനു പോകാന്‍ തയ്യാറല്ലായിരുന്ന അവര്‍ അന്നത്തെ ചോദ്യം ചെയ്യലിനു ശേഷം ഹഫ്‌സലിനെ താക്കീതു ചെയ്തു വിടുകയായിരുന്നെന്ന് പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍, അധ്യാപകനെക്കുറിച്ച് ഉയര്‍ന്നിരിക്കുന്ന പരാതിയുടെ വിശദാംശങ്ങള്‍ പിറ്റേന്ന് സ്‌കൂളില്‍ ചര്‍ച്ചയായതോടെ മാനേജ്‌മെന്റിനെയടക്കം അമ്പരപ്പിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പഠിപ്പു മുടക്കി. രാഷ്ട്രീയഭേദമില്ലാതെ നടന്ന അന്നത്തെ പഠിപ്പു മുടക്കല്‍ സമരത്തിനിടെ അമ്പതിലധികം പെണ്‍കുട്ടികള്‍ ഒപ്പു വച്ച പരാതിയാണ് അധ്യാപകനെതിരെ പ്രിന്‍സിപ്പാളിന് ലഭിച്ചത്. വിവിധ ക്ലാസ്സുകളില്‍ പഠിക്കുന്ന ഈ കുട്ടികളെല്ലാം അധ്യാപകനില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള മോശമായ പെരുമാറ്റം നേരിടേണ്ടി വന്നവരായിരുന്നു.

പത്തൊന്‍പതു പരാതികളിലായി ഇത്രയധികം പെണ്‍കുട്ടികള്‍ ഒപ്പുവച്ചതോടെ വിഷയം നവംബർ 24ന് ചൈല്‍ഡ് ലൈനിനു കൈമാറേണ്ട അവസ്ഥയുമുണ്ടായി. എന്നാല്‍ ഇതിനു ശേഷം നടന്നത് അധ്യാപകനെ സംരക്ഷിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണെന്ന് പ്രശ്‌നത്തില്‍ ഇടപെട്ടിരുന്ന എസ്.എഫ്.ഐ നേതാവ് റംഷാദ് പറയുന്നു. മാനേജ്‌മെന്റിന്റെ ഭാഗമായ മറ്റൊരു അധ്യാപകന്‍, പരാതി നല്‍കിയ പെണ്‍കുട്ടികളുടെ പേരും വിലാസവുമടക്കം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. പൊലീസ് വീട്ടില്‍ അന്വേഷിച്ചെത്തിയ പെണ്‍കുട്ടികള്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥിനികളുടെ പേരുവിവരങ്ങള്‍ പുറത്തായതോടെ പരാതി നല്‍കിയ പെണ്‍കുട്ടികളുടെ കുടുംബത്തിന് അതു നിഷേധിക്കേണ്ട അവസ്ഥ വന്നു. ഇത്തരത്തില്‍ മാനക്കേടു ഭയന്നും വ്യക്തിവിവരങ്ങള്‍ വെളിപ്പെട്ടതിനെത്തുടര്‍ന്നും ഭൂരിഭാഗം പേരും അധ്യാപകനെതിരായ പരാതിയില്‍ നിന്നും പതിയെ പിന്മാറുകയായിരുന്നു.

തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്കും രാഷ്ട്രീയ ഇടപെടലുകളും കൂടിയായതോടെ അധ്യാപകനെതിരായ പരാതികള്‍ പത്തൊന്‍പതില്‍ നിന്നും രണ്ടായി ചുരുങ്ങി. പതിനേഴു പരാതികള്‍ പിന്‍വലിക്കപ്പെട്ടത് ആദ്യം അതിശക്തമായിരുന്ന കേസിനെ വല്ലാതെ ദുര്‍ബലപ്പെടുത്തിയിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യം പരാതിയുമായെത്തിയ എന്‍.എസ്.എസ് ക്യാമ്പിലെ വിദ്യാര്‍ത്ഥിനിയെ സമീപിച്ച് മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി രേഖപ്പെടുത്തിയതോടെ, കേസു തേച്ചു മായ്ച്ചു കളയാനുള്ള ശ്രമങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും അന്ത്യമായി.

മുസ്ലിം ലീഗിന്റേയും പഞ്ചായത്തിന്റേയും ഇടപെടല്‍

യൂത്ത് ലീഗിന്റെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് കുറ്റാരോപിതനായ ഹഫ്‌സല്‍ റഹ്മാന്‍. അതുകൊണ്ടു തന്നെ, ഹഫ്‌സലിനെ സഹായിക്കാന്‍ പ്രദേശത്തെ ലീഗ് നേതൃത്വം പ്രത്യക്ഷമായും പരോക്ഷമായും ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം. ഹഫ്‌സലിന് ഒരുതരത്തിലുള്ള സംഘടനാപരമായ നടപടികളും നേരിടേണ്ടി വന്നതായി അറിവില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പരാതിയുമായെത്തിയ പത്തൊന്‍പതു പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും ലീഗുമായി ബന്ധമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരായതിനാല്‍, സംഘടനാ തലത്തിലുള്ള സ്വാധീനത്തിന് വിധേയരായാണ് പരാതികള്‍ പിന്‍വലിക്കപ്പെട്ടതെന്ന് അധ്യാപകനെതിരെ സമരം ചെയ്തിട്ടുള്ള എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കള്‍ പറയുന്നു.

മുസ്ലിം ലീഗ് ഭരിക്കുന്ന കൊടൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റും പല തരത്തില്‍ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. “പ്രദേശത്തെ നേതൃത്വമുള്‍പ്പടെയുള്ളവര്‍ കുട്ടികളെ സ്വാധീനിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സത്യമെന്താണ് മനസ്സിലാക്കിയതിനു ശേഷം തീരുമാനിക്കാമെന്നു പോലും അവരിലാരും പറഞ്ഞിട്ടില്ല. ആദ്യം തന്നെ ന്യായീകരിക്കാനുള്ള ശ്രമങ്ങളാണുണ്ടായത്. പി.ടി.എ എക്‌സിക്യൂട്ടിവിലടക്കം പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്ത് വിഷയം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. അതു ഞങ്ങള്‍ തടയുകയായിരുന്നു. അധ്യാപകനെ പുറത്താക്കാനാവശ്യപ്പെട്ടും, പിന്നീട് വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടയാള്‍ക്കെതിരെ നടപടി കൈക്കൊള്ളാന്‍ വേണ്ടിയും എസ്.എഫ്.ഐ സമരങ്ങള്‍ നടത്തിയിരുന്നു. രണ്ടും വിജയമായിരുന്നു.”

അതേ സമയം, പെണ്‍കുട്ടികളുടെ പരാതി നിലനില്‍ക്കുമ്പോഴും, അവ പോക്‌സോ പരിധിയില്‍ വരുന്നതല്ലെന്ന അഭിപ്രായമാണ് പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജിക്കുള്ളത്. പീഡനവുമായി ബന്ധപ്പെട്ട പരാതികളൊന്നും നിലവിലില്ലെന്നും, രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണ് മറ്റു നടപടികളെന്നും മുസ്ലിം ലീഗ് നേതാവായ ഷാജി പറയുന്നു. “ഒരു കുട്ടിയും അവരെ പീഡിപ്പിച്ചതായുള്ള പരാതി കൊടുത്തിട്ടില്ല. പത്തൊന്‍പതു പരാതി എന്നു പറയുന്നത് പത്തൊന്‍പതു കുട്ടികള്‍ നല്‍കിയ വ്യത്യസ്ത പരാതികളല്ല. അധ്യാപകര്‍ തന്നെ ക്ലാസ് ലീഡര്‍മാരെക്കൊണ്ട് പത്തൊന്‍പത് കുട്ടികളുടെ ഒപ്പു ശേഖരിപ്പിച്ച് ഹഫ്‌സല്‍ മാഷെ സസ്‌പെന്‍ഡു ചെയ്യണമെന്നാവശ്യപ്പെട്ട് എഴുതിവിട്ട പരാതികളാണ് എന്നാണ് എന്റെ അറിവ്. അതിനിടയില്‍ എന്തെല്ലാമോ നടന്നിട്ടുണ്ട്. അദ്ദേഹം മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുണ്ട്. നിരപരാധിയാണെങ്കില്‍ അയാള്‍ രക്ഷപ്പെടട്ടെ. അന്വേഷണം നടക്കുന്നുണ്ടല്ലോ.”

വിവാദമായി നിയമനത്തട്ടിപ്പു കേസും

ആദ്യ ഘട്ടത്തില്‍ പരാതികള്‍ പുറത്തു വന്നപ്പോള്‍ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായും, കുറ്റം തെളിഞ്ഞാല്‍ പുറത്താക്കുമെന്നും സ്‌കൂളധികൃതര്‍ അറിയിച്ചിരുന്നെങ്കിലും, സമരത്തിലുണ്ടായിരുന്ന സംഘടനകള്‍ക്ക് സംശയങ്ങളുണ്ടായിരുന്നതായും ഇവര്‍ പറയുന്നു. നേരത്തേ അധ്യാപകന്റെ നിയമന ഉത്തരവിനെക്കുറിച്ചു നിലനിന്നിരുന്ന ചോദ്യങ്ങളായിരുന്നു സംശയത്തിനു കാരണം. നിയമവിരുദ്ധമായാണ് ഹഫ്‌സല്‍ റഹ്മാന്റെ നിയമനം നടന്നിരിക്കുന്നത് എന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് മറ്റു പല പരാതികളും പോക്‌സോക്കൊപ്പം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 2012ല്‍ ഹഫ്‌സല്‍ അധ്യാപകനായി നിയമിക്കപ്പെട്ടപ്പോള്‍ വ്യവസ്ഥകളില്‍ തിരിമറികള്‍ നടത്തിയിരുന്നു എന്നാണ് ആക്ഷേപം.

പ്രവര്‍ത്തനമാരംഭിച്ച് അധികകാലമായിട്ടില്ലായിരുന്ന സ്‌കൂളില്‍ അന്നത്തെ നിബന്ധനകളനുസരിച്ച് രണ്ടു ഭാഷാധ്യാപകരെ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. അറബി, മലയാളം ഭാഷകള്‍ പഠിപ്പിക്കുന്ന ഹയര്‍ സെക്കന്ററി അധ്യാപകര്‍ സ്‌കൂളിലുണ്ടായിരുന്നു താനും. എന്നാല്‍, മന്ത്രിയുടെ ഓഫീസില്‍ നിന്നും നേരിട്ടു വന്ന ഉത്തരവു പ്രകാരമാണ് അധ്യാപകനെ നിയമിച്ചതെന്നാണ് ഇടതു സംഘടനകളുടെ ആരോപണം. സ്‌കൂള്‍ മാനേജ്‌മെന്റ് അടക്കം ഇടപെട്ട്, മറ്റു ഭാഷകള്‍ രണ്ടാം ഭാഷയായി എടുത്തവരെ നിര്‍ബന്ധപൂര്‍വം ഉറുദുവിലേക്ക് മാറ്റിയ ശേഷമാണ് ഹഫ്‌സലിനെ നിയമിച്ചതെന്ന് ഇവര്‍ പറയുന്നു. ഇല്ലാത്ത തസ്തിക ഉണ്ടാക്കിയ ശേഷം ഹഫ്‌സലിന് നിയമനം നല്‍കിയത് വീണ്ടും ചര്‍ച്ചയാകുന്നുണ്ടെങ്കിലും, കേസുകളൊന്നും നിലവിലില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്രയേറെ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിക്ക് തന്റെ പേരിലുള്ള കേസ് ഇല്ലാതെയാക്കാനും അധിക കാലം വേണ്ടിവരില്ലെന്നാണ് പ്രദേശവാസികള്‍ പരാതിപ്പെടുന്നത്. പതിനേഴു പരാതിക്കാരികള്‍ പിന്മാറിയതോടെ, കേസിന്റെ ബലം തന്നെ നഷ്ടപ്പെട്ടേക്കും എന്ന ആശങ്കയും ഇവര്‍ക്കുണ്ട്. ബാക്കിയുള്ള രണ്ടു പേരുടെ കുടുംബങ്ങളും ഭീഷണികളും സാമൂഹിക ബഹിഷ്‌കരണവും ഭയന്ന് മാധ്യമങ്ങളോടു സംസാരിക്കാന്‍ പോലും തയ്യാറല്ല. കേസ് സാധിക്കുന്നത്ര ശക്തമായി മുന്നോട്ടു തന്നെ കൊണ്ടു പോകാനും പോക്‌സോ കേസ് പ്രതിക്ക് ജാമ്യമനുവദിച്ച നടപടികള്‍ ചോദ്യം ചെയ്യാനുമാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയുമടക്കമുള്ളവരുടെ അടുത്ത പദ്ധതി. അധ്യാപകന്‍ ഇനി സ്‌കൂളില്‍ തിരിച്ചെത്തിയാല്‍ അകത്തു പ്രവേശിക്കാനനുവദിക്കാതെ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും ഇവര്‍ പറയുന്നു.

(ചിത്രം കടപ്പാട്: ദി ഹിന്ദു)

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍