UPDATES

ട്രെന്‍ഡിങ്ങ്

കെഎസ്‌യു പ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചെന്ന പരാതി; വിവാദം കൊഴുക്കുന്നു

യദുകൃഷ്ണനെതിരേ ഉയര്‍ത്തിയ പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് പെണ്‍കുട്ടി

കോണ്‍ഗ്രസ് യുവ നേതാവ് ലൈംഗിക താത്പര്യത്തോടെ പെരുമാറി എന്നാരോപണവുമായി കെഎസ്‌യു പ്രവര്‍ത്തക കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയത് നവംബര്‍ 28-നാണ്. തന്റെ പീഡന പരാതിയില്‍ നീതി നിഷേധിക്കപ്പെടുന്നു എന്നാണ് രാഹുല്‍ ഗാന്ധിയ്ക്കും എഐസിസി നേതൃത്വത്തിനും അയച്ച കത്തില്‍ പെണ്‍കുട്ടി പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിനു പോക്‌സോ പ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം മരവിക്കാന്‍ കാരണം കെപിസിസി തൃശൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഇടപെടലുകളാണെന്നു മനസ്സിലാക്കിയപ്പോള്‍ തനിക്ക് നീതി കിട്ടാനുള്ള അവസാന മാര്‍ഗം എന്ന നിലയിലാണ് എഐസിസിയെ സമീപിച്ചതെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി പറയുന്നു.

എന്നാല്‍ തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്നും പാര്‍ട്ടിയില്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ചിലരാണ് ഇതിനു പിന്നിലെന്നും കുറ്റാരോപിതനും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗവവുമായ യദുകൃഷ്ണന്‍ പറയുന്നു. പോക്‌സോ കോടതി യദുകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിച്ച് ശനിയാഴ്ച ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയെ താന്‍ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്നും ആ പെണ്‍കുട്ടിയെ ചിലര്‍ തനിക്കെതിരേ ഉപയോഗിക്കുകയാണെന്നും യദുകൃഷ്ണന്‍ ആരോപിക്കുന്നു. ഈ കേസ് ഉണ്ടാക്കിയെടുത്ത കോണ്‍ഗ്രസ് നേതാക്കളെ താന്‍ വെളിപ്പെടുത്തുമെന്നും യദുകൃഷ്ണന്‍ അഴിമുഖത്തോട് പറഞ്ഞു.

അതേസമയം യദുകൃഷ്ണനെതിരേ ഉയര്‍ത്തിയ പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് പെണ്‍കുട്ടി. യുകൃഷ്ണന്‍ തന്നോട് മോശമായി പെരുമാറിയെന്നും കുറ്റക്കാരനായിട്ടും യദുകൃഷ്ണനെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും ആരോപിക്കുന്ന പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് അഴിമുഖത്തോട് തുറന്നു പറയുന്ന കാര്യങ്ങള്‍; “ചെറുപ്പത്തിലെ അച്ഛന്‍ നഷ്ടപ്പെട്ട കുട്ടിയാണ് ഞാന്‍. രോഗിയായ അമ്മ മാത്രമാണുള്ളത്. ഞങ്ങള്‍ക്ക് സ്വന്തമായി വീടുണ്ടായിരുന്നില്ല. കഴിമ്പ്രം സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് ഞങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചു. അതിനു വേണ്ടി രൂപീകരിച്ച കമ്മറ്റിയില്‍ അംഗമായിരുന്നു യദുകൃഷ്ണന്‍. അങ്ങനെയാണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടത്. കഴിഞ്ഞ ജൂലൈ മാസം അഞ്ചാം തീയതി രാത്രി 9 മണിക്ക് അയാള്‍ എന്റെ വീട്ടില്‍ വന്നു. എനിക്ക് കാലിനു പരിക്ക് പറ്റിയിരിക്കുന്ന സമയമായിരുന്നു. കട്ടിലില്‍ കിടക്കുകയായിരുന്ന എന്റെ കാലില്‍ ദുരുദ്ദേശത്തോടെ അയാള്‍ പിടിച്ചു. ഞാന്‍ അയാളുടെ കൈ തട്ടി മാറ്റി. ഇത് എന്റെ അമ്മ കണ്ടിരുന്നു. പിന്നീട് പലപ്പോഴും അയാള്‍ എന്നോട് അമ്മ വീട്ടിയിലില്ലാത്ത സമയത്ത് അയാളെ വിളിക്കണമെന്നും പറഞ്ഞു ശല്യപ്പെടുത്താന്‍ തുടങ്ങി. അമ്മയില്ലാത്തപ്പോള്‍ അയാള്‍ക്ക് എന്നെ കാണാന്‍ വീട്ടിലേയ്ക്ക് വരണമെന്നുണ്ട് എന്നാണ് അയാള്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. ഞാന്‍ പറ്റില്ലെന്ന് പറയുമ്പോഴൊക്കെ, അയാളാണ് ഞങ്ങള്‍ക്ക് വീടുണ്ടാക്കി തന്നതെന്നും മറ്റാരും സഹായത്തിനില്ലാത്ത ഞങ്ങള്‍ അയാളെ പിണക്കാതെയിരിക്കുന്നതാണ് നല്ലതെന്നും പറയുമായിരുന്നു. ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വലപ്പാട് ബീച്ച് റോഡില്‍ക്കൂടി ഞാന്‍ നടന്നു വരികയായിരുന്നു. അപ്പോള്‍ യദുകൃഷ്ണന്‍ അവിടെ എത്തുകയും എന്നോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു. ഞാന്‍ എതിര്‍ത്തപ്പോള്‍ അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ എന്നെ അയാള്‍ കയ്യില്‍ പിടിച്ചു വലിച്ച് ഉപദ്രവിച്ചു. അന്നത്തെ ദിവസം ഞാന്‍ ഉറങ്ങിയിട്ടില്ല. ചത്തു കളഞ്ഞാലോ എന്നു പോലും തോന്നിപ്പോയി. പിന്നീട് ഇതേ യദുകൃഷ്ണന്‍ തന്നെ എന്നെക്കുറിച്ച് നാട്ടില്‍ വളരെ മോശമായി അപവാദ പ്രചരണം നടത്താന്‍ തുടങ്ങി. അത്രയുമായപ്പോള്‍ എനിക്ക് മനസ്സിലായി ഇനിയെങ്കിലും നടന്നതെന്താണെന്നു എല്ലാവരെയും അറിയിച്ചില്ലെങ്കില്‍ അയാള്‍ പറയുന്നത് എല്ലാവരും വിശ്വസിക്കുമെന്ന്. അങ്ങനെയാണ് ഞാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി കൊടുക്കുന്നത്. എന്റെ പരാതി കേട്ട രാമചന്ദ്രന്‍ സര്‍ ഇതന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കാം എന്നു പറഞ്ഞു. പക്ഷെ ഞാന്‍ കെപിസിസി ക്ക് പരാതി കൊടുത്ത വിവരം അറിഞ്ഞതോടെ എനിക്കെതിരെയുള്ള അപവാദ പ്രചാരണങ്ങള്‍ വല്ലാതെ കൂടി. ശരിക്കും എനിക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായി. അങ്ങനെ സഹികെട്ടാണ് ഒടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 28-ന് ഞാന്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് പരാതി കൊടുക്കുന്നത്. പോക്‌സോ വകുപ്പ് പ്രകാരം വലപ്പാട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് യാതൊരുവിധ അന്വേഷണമോ അറസ്‌റ്റോ നടത്തിയില്ല. എനിക്കുണ്ടായ എല്ലാ വിഷമത്തിനും കാരണക്കാരനായ ആള്‍ ഈ സമയത്തൊക്കെ എന്നെക്കുറിച്ച് മോശമായി പറഞ്ഞ് ഈ നാട്ടില്‍ക്കൂടി നടന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരുമാസം കഴിഞ്ഞ് ഇപ്പോള്‍ എഐസിസിക്ക് കത്ത് കൊടുക്കുന്നത് എനിക്ക് പാര്‍ട്ടിയെ വിശ്വാസമില്ലാഞ്ഞിട്ടല്ല. പക്ഷെ പാര്‍ട്ടി നടപടി എന്തായാലും പോലീസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും ഉണ്ടാവുക. എന്നാല്‍ ഇപ്പോള്‍ പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരു അന്വേഷണവും നടക്കാത്ത സാഹചര്യത്തില്‍ എനിക്ക് ഉടനെയൊന്നും നീതി കിട്ടില്ല എന്നു തോന്നിയപ്പോഴാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്”.

കെ എസ് യു പ്രവര്‍ത്തകയായ പെണ്‍കുട്ടി നല്‍കിയ പരാതി അന്വേഷിക്കാന്‍ കെപിസിസി ഒരു അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. പത്മജ വേണുഗോപാല്‍, വത്സല പ്രസന്നകുമാര്‍, അഡ്വക്കേറ്റ് ലാലി വിന്‍സന്റ് എന്നിവരായിരുന്നു അംഗങ്ങള്‍. അന്വേഷണ കമ്മിഷന്‍ കണ്‍വീനറായിരുന്ന അഡ്വക്കേറ്റ് ലാലി വിന്‍സന്റ് അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു; “ഞങ്ങള്‍ മൂന്ന് സ്ത്രീകളും സാധ്യമായ എല്ലാ രീതിയിലും ആ പെണ്‍കുട്ടിയുടെ ഒപ്പം നില്‍ക്കാനാണ് നോക്കിയത്. അന്വേഷണ ഘട്ടത്തിലും തെളിവെടുപ്പിലുമെല്ലാം. പക്ഷെ ആ പെണ്‍കുട്ടി പറയുന്ന കാര്യങ്ങളില്‍ യാതൊരു സത്യവുമില്ല എന്നാണ് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. അപമാനത്തിനു കാരണമായ സംഭവങ്ങള്‍ നടന്ന സ്ഥലവും സമയവും ഒക്കെ ആ കുട്ടി പറഞ്ഞത് തെറ്റാണെന്നു ബോധ്യപ്പെട്ടു. തെളിവും സാക്ഷികളുമെല്ലാം യദുകൃഷ്ണന് അനുകൂലമായിരുന്നു. ഈ പെണ്‍കുട്ടിയും യദുകൃഷ്ണനും നല്ല സുഹൃത്തുക്കളും ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നവരുമൊക്കെയാണ്. നല്ല സൗഹൃദ മല്ലാതെ ഒരു ലൈംഗിക അതിക്രമവും യദുകൃഷ്ണന്റെ ഭാഗത്തു നിന്നുണ്ടായതായി ഞങ്ങള്‍ക്ക് തോന്നിയില്ല. കോണ്‍ഗ്രസ്സിലെ തന്നെ മറ്റൊരു നേതാവ് ഈ പെണ്‍കുട്ടിയെ ഉപയോഗിച്ച് യദുകൃഷ്ണനെ തേജോവധം ചെയ്യാനും അയാളുടെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനും വേണ്ടി നടത്തുന്ന ശ്രമങ്ങളാണ് ഇതെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ അയാള്‍ ഈ പെണ്‍കുട്ടിയെ യദുകൃഷ്ണന് എതിരെ ഉപയോഗിക്കുകയാണുണ്ടായത് എന്നാണ് കമ്മീഷന്റെ നിഗമനം. പെണ്‍കുട്ടിയുടെ പരാതിയില്‍ യാതൊരു വാസ്തവവുമില്ല എന്ന റിപ്പോര്‍ട്ടാണ് ഞങ്ങള്‍ കെപിസിസിക്ക് നല്‍കിയത്. മാത്രമല്ല, ഇങ്ങനെ ചെറിയ പെണ്‍കുട്ടികളെ ഉപയോഗിച്ച് ഒരു യുവനേതാവിന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം മോശമായ പ്രവണതയാണ്. അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നടപടിഎടുക്കണമെന്നും ഞങ്ങള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്'”.

താന്‍ നിരപരാധിയാണെന്നാണ് യദുകൃഷ്ണനും പറയുന്നത്. തന്റെ ഭാഗത്തെ സത്യം തെളിയിക്കാന്‍ വേണ്ട എല്ലാ രേഖകളും തെളിവുകളും കൈവശമുണ്ടെന്നും യദുകൃഷ്ണന്‍ അഴിമുഖത്തോട് പറയുന്നു. “സാധാരണ പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഒരാളും പോക്‌സോ കോടതിയെ സമീപിക്കാറില്ല. എന്റെ ഭാഗത്ത് നൂറു ശതമാനം ന്യായവും സത്യവുമുള്ളതുകൊണ്ടാണ് ഞാന്‍ പോക്‌സോ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ കൊടുത്തത്. സാധാരണ മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്പോള്‍ തന്നെ തള്ളുന്നതാണ് പോക്‌സോ കോടതിയുടെ രീതി. പക്ഷേ, എനിക്ക് കോടതി ജാമ്യം നല്‍കി. അവര്‍ കൊടുത്ത പരാതിയില്‍ കോടതിക്ക് സംശയം തോന്നിയതുകൊണ്ടാണ് എന്റെ ജാമ്യാപേക്ഷ ഒറ്റയടിക്ക് നിഷേധിക്കാന്‍ കോടതി മുതിരാഞ്ഞത്. ഈ കേസ് എങ്ങനെ വന്നു എന്നതുമായി ബന്ധപ്പെട്ട് പുറത്തു പറയാന്‍ കുറേ കാര്യങ്ങളുണ്ട്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഒരു പാര്‍ട്ടിക്കുള്ളില്‍ തന്നെ നിന്ന് ചിലര്‍ നടത്തുന്ന വൃത്തികെട്ട കളികള്‍. ഇപ്പോഴിതാ ഒരു ചെറിയ  പെണ്‍കുട്ടിയെക്കൂടി കരുവാക്കിയാണ് അവരുടെ കളി. പതിനെട്ടു വയസ്സുപോലുമില്ലാത്ത ആ പെണ്‍കുട്ടിയുടെ ഭാവിയെകുറിച്ച് അല്പമെങ്കിലും ചിന്തയോ മന:സാക്ഷിയെ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു കാര്യം ചെയ്യുമായിരുന്നോ? എനിക്ക് പറയാനുള്ളത് കഴിഞ്ഞ കുറേ കാലമായി എനിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ഉപജാപങ്ങളെക്കുറിച്ചാണ്. നിങ്ങളോടത് ഞാന്‍ തീര്‍ച്ചയായും വെളിപ്പെടുത്തും”.

(പാര്‍ട്ടിയില്‍ തനിക്കെതിരെ നടക്കുന്ന ഉപചാപങ്ങളെക്കുറിച്ച് യദുകൃഷ്ണന്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും)

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍