UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

പിണറായിക്ക് ഒരു സങ്കടഹർജി (ആഗ്രഹം കൊണ്ട് ആക്ഷന്‍ ഹീറോ ബൈജുമാര്‍ മെരുങ്ങുമോ?)

ബ്യൂറോക്രസിയിലെ സംഘിവത്ക്കരണം അടിയന്തിരമായി തടയാനായില്ലെങ്കിൽ ഇരട്ട ചങ്കന് ചങ്കിലും കരളിലും ഒക്കെ അടിയന്തിര ശസ്ത്രക്രിയ വേണ്ടിവരും.

നിലവിലുള്ള സർക്കാർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ആഭ്യന്തര വകുപ്പും പൊലീസുമാണെന്ന് പറയാം. ഇടതുപക്ഷം വരും എല്ലാം ശരിയാകും എന്ന പരസ്യവാചകം തൊട്ട് ഇരട്ട ചങ്കൻ എന്നൊക്കെയുള്ള വിശേഷണങ്ങൾ വരെ തിരിഞ്ഞ് കൊത്തുന്നതും ഈ വകുപ്പിലെ മാളങ്ങളിൽനിന്നാണ്. മന്ത്രി ജി സുധാകരൻ പറയുന്നു, വിപ്ളവം വരാതെ നിവർത്തിയില്ല; അതുവരെ ബ്യൂറോക്രസിയുടെ കയ്യിലാവും ഭരണം എന്ന്. ജനകീയ സർക്കാരുകൾക്ക് ചില നീക്കുപോക്കുകളൊക്കെയേ ചെയ്യാനാകു എന്ന്! മുമ്പും അധികാരത്തിലിരുന്ന് പരിചയമുള്ള സുധാകരനുൾപ്പെടെയുള്ളവർക്ക് ഇത് ഈ ഏതാനും മാസങ്ങൾ കൊണ്ട് ഉണ്ടായ തിരിച്ചറിവാകാൻ തരമില്ല. അപ്പോൾ പിന്നെ എല്ലാം ശരിയാകും എന്ന വാഗ്ദാനം വിപ്ളവാനന്തരം മതിയായിരുന്നു.

പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന വഴിക്ക് എകെജി സെന്ററിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ട് വന്നതല്ല ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന പൊലീസ്. അതുപക്ഷേ, ഉമ്മൻ ചാണ്ടിയോ ഹൈക്കമാന്‍ഡോ ഇറക്കുമതി ചെയ്തതുമല്ല. അതായത് പൊലീസിന്റെ വീഴ്ചകൾക്ക് ആഭ്യന്തര വകുപ്പും മന്ത്രിയും ഉത്തരം പറയേണ്ടിവരുന്നത് ഇതാദ്യമല്ല. പക്ഷേ ഇവിടെ ഇടതുപക്ഷം മാത്രം അഭിസംബോധന ചെയ്യേണ്ടുന്ന ഒരു കാര്യമുണ്ട്. അത് കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്ന ഒരേ ഒരു വികാരം എന്നത് ഇടതുപക്ഷത്തിലുള്ള പ്രതീക്ഷയും, അത് നിറവേറപ്പെടാതെ പോകുമ്പോൾ ഉണ്ടാകുന്ന രോഷവുമാണ് എന്ന വസ്തുതയാണ്. അതിനെ മാധ്യമങ്ങളുടെ സെലക്ടീവ് ഓഡിറ്റിങ്ങുമായി ചേർത്ത് വായിക്കുന്നത് അബദ്ധമായിരിക്കും.

മൊടകണ്ടാൽ ഇടപെടും

വീഴ്ച, നടപടി എന്ന ഈ രണ്ട് വാക്കുകൾ ഉച്ചരിക്കാതെ ആഭ്യന്തര വകുപ്പ് മന്ത്രി പിണറായി വിജയന്റെ ഒരു ദിവസവും പൂർത്തിയാകുന്നില്ല എന്ന പരിഹാസം, ഭരിക്കുന്നത് വിജയനാണെന്ന പ്രതീക്ഷയിലാണ് ജനം പരാതി കൊടുക്കുന്നതും നടപടി പ്രതീക്ഷിക്കുന്നതും തന്നെ എന്ന ഒരു മറുവാദം കൊണ്ട് എത്രത്തോളം നേരിടാനാകുമെന്ന് അറിയില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടും അര ഇഞ്ച് മാറുന്നില്ല എന്ന പ്രതീതി ജനിപ്പിക്കുന്ന ഒരു ഡിപ്പാർട്ട്മെന്റ് പൊലീസാണ് എന്ന് പറയാതിരിക്കാൻ വയ്യ. ഒരു സുനിയെ കോടതി വളപ്പിൽ ഓടിച്ചിട്ട് പിടിച്ചു, പാതിരി നാടുവിടാതെ നോക്കി എന്ന് പറഞ്ഞു തീരും മുമ്പേ കുണ്ടറ, വാളയാർ, കൊച്ചി, മറൈൻ ഡ്രൈവ് എന്നിങ്ങനെ വന്ന് നിറയുകയാണ് വീഴ്ച പട്ടിക.

പിണറായി വിജയൻ പോക്കറ്റിൽ ഇട്ടുകൊണ്ട് വന്നതല്ല പൊലീസ് സേനയെ എന്നത് ശരി. മൊടകണ്ടാൽ ഇടപെടും എന്നതും സമ്മതിക്കാം. പക്ഷേ ഇതുരണ്ടും പോരല്ലോ. ‘മൊട’ ഇങ്ങനെ നിരന്തരം ആവർത്തിക്കാതിരിക്കുക എന്നതാകുമല്ലോ സാധാരണ മനുഷ്യർ ആഗ്രഹിക്കുക. അതിന് ഈ ഇടപെടലുകൾ പര്യാപ്തമാകുന്നുണ്ടോ എന്നതാണ് പ്രസക്തമായ വിഷയം. അതിലേയ്ക്ക് കടക്കുമ്പോഴാണ് തളം കെട്ടുന്ന നിശബ്ദത എന്നൊക്കെ പൈങ്കിളി കുറ്റാന്വേഷണ നോവലുകളിൽ കാണുന്നത്പോലെ ഒന്ന് ഉണ്ടാകുന്നത്. അതിനെ ഭഞ്ജിക്കുന്നതാവട്ടെ ‘വിപ്ളവം വരാതെ ഞങ്ങ എന്തോ ചെയ്യാനാ’ എന്ന ലൈൻ കോമിക്ക് റിലീഫുകളും!

ഇത് ഇടതുപക്ഷത്തിന് മാത്രം ബാധകമായ ഒന്നല്ല എന്ന് പറയാതിരിക്കാം. പുരോഗമന, ജനപക്ഷ രാഷ്ട്രീയമെന്ന അവകാശവാദം കോൺഗ്രസും ബി ജെ പിയും പറയാതിരുന്നാൽ. പക്ഷേ വസ്തുത അതല്ലല്ലോ. പ്രതിപക്ഷത്തിരിക്കുമ്പോൾ പത്തര മാറ്റാകുന്നവരുടെ ചരിത്രം പറഞ്ഞ് വെറുതേ സമയം കളയേണ്ടതില്ല, അത് സർവ്വർക്കും അറിവുള്ളതാണ് എന്നതിനാൽ ആ വിഴുപ്പ് അലക്കൽ അതാത് ടീമുകൾക്ക് വിടുന്നു. വിഷയത്തെ ഇടത് പരിപ്രേക്ഷ്യത്തിലേയ്ക്ക് മാത്രമായി ചുരുക്കി എടുത്താൽ വിപ്ളവം വരുംവരെ ഈ  പൊലീസുകാരെ എങ്ങനെ മേയ്ക്കുമെന്നതാണ്.

വിമർശനങ്ങൾ

പൊലീസിനെതിരേ ഉയരുന്ന വിമർശനങ്ങൾക്ക് ഒരു പുതുമയുമില്ല എന്നത് സത്യം. അഴിമതി മുതൽ സ്വജനപക്ഷപാതം വരെ, അത്യുൽസാഹം മുതൽ നിഷ്ക്രിയത്വം വരെ, അധികാര പ്രമത്തത മുതൽ ദാസ്യവും മുട്ടിന്മേൽ ഇഴയലും വരെയുള്ള തീവ്ര വിപരീതങ്ങളിലേയ്ക്ക് പോലീസ് എന്ന യാഥാർത്ഥ്യം ദോലനം ചെയ്യാൻ തുടങ്ങുന്നത് എന്തായാലും മെറ്റാമോഡേൺ കാലം മുതൽക്കൊന്നുമല്ല. അത് ആധുനികത, അധുനികതാ പൂർവ്വ കാലങ്ങളിൽ ഒക്കെയും അങ്ങനെ തന്നെ ആയിരുന്നു. പ്രശ്നം ഇങ്ങനെ ഒരു വലിയ തെറ്റ് അധികാരവുമായി ബന്ധപ്പെട്ട് നിലനിർത്തിപോരുന്നത് അറിയാതെയാണോ എല്ലാം ശരിയാകുമെന്ന് ഒരു വാഗ്ദാനമെടുത്ത് വീശിയത് എന്നതിലാണ്.

ഇവിടെ വിമർശനങ്ങൾ മുക്കാലും ഊന്നുന്നത് വ്യക്തികളിലാണ്. ഫാദർ റോബിന്റെ കേസ് തെളിയിച്ച പോലീസാണ് ആദർശ പോലീസ്; കുണ്ടറയിലെയും വാളയാറിലെയും, കാണാതെപോയ പെണ്‍കുട്ടിയുടെ മൊബൈലിന്റെ ടവർ ലൊക്കേഷൻ തിരഞ്ഞുകൂടെ എന്ന് ചോദിച്ചപ്പോൾ പള്ളിയുറക്കമൊക്കെ കഴിഞ്ഞ് എസ് ഐ ഏമാന്റെ എഴുന്നള്ളത്ത് ഉണ്ടാകും വരെ ഈ സ്ഥാപനം പ്രവർത്തിക്കുന്നതല്ല എന്ന് പറഞ്ഞ കൊച്ചിയിലെ പോലീസ് സ്റ്റേഷനുകൾ വരെ ഉള്ളവ അതിന്റെ പരിധിക്ക് പുറത്താണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. പ്രശ്നം പൗരനീതിയുടേതാണ്. ടാക്സ് അടച്ചില്ലെങ്കിൽ അവരുടെ മേൽ നടപടിയുണ്ടാകും. അടച്ചിട്ട് നിങ്ങൾ ആ പണം കൊണ്ട് എന്ത് ചെയ്തു എന്ന് ചോദിച്ചാൽ പക്ഷേ മറുപടിയില്ല. ഉണ്ടെങ്കിൽ അത് പണ്ട് എന്താ മെച്ചമായിരുന്നോ എന്നതിലേയ്ക്ക് ചുരുങ്ങും.

ഈ ഇടതുപക്ഷ സർക്കാർ വന്നതിന് ശേഷം ഉണ്ടായ ഒരു മെച്ചം പ്രശ്നങ്ങൾ ചർച്ചയാവുന്ന വഴിക്ക് ഉടനടി ‘നടപടി’ ഉണ്ടാകുന്നു എന്നതാണ്. പക്ഷേ അതും പൊലീസുമായി ബന്ധപ്പെട്ട് ആയതുകൊണ്ട് പ്രശ്ന പരിഹാരത്തിലേയ്ക്കല്ല, പുതിയ മറ്റൊരു പ്രശ്നത്തിലേക്ക് മാത്രമാണ് വിരൽ ചൂണ്ടുന്നത്. ഉദാഹരണമായി കൊച്ചിയിൽ കടപ്പുറത്ത് കാറ്റുകൊണ്ടിരുന്ന ഒരു കുടുംബത്തെ ഓടിച്ച് വിടുകയും കൂട്ടത്തിൽ പുരുഷന്റെ മുഖം ഇടിച്ച് മുഴപ്പിക്കുകയും ചെയ്ത (അയാൾ പാർട്ടി ലോക്കൽ കമ്മിറ്റി അംഗമാണെന്നും കേൾക്കുന്നു) എസ് ഐയ്ക്ക് എതിരെയും നടപടി ഉടൻ ഉണ്ടായി. അയാൾ പക്ഷേ കഴിഞ്ഞ വർഷം ഇറങ്ങി സൂപ്പർ ഹിറ്റായ ‘ആക്ഷൻ ഹീറോ ബിജു’ എന്നോ മറ്റോ പേരുള്ള ഒരു ഊള പടത്തിലെ ഡയലോഗ് എഫ് ബി യിൽ പോസ്റ്റ് ചെയ്ത് സ്ലോമോഷനിൽ ഹണിമൂണിന് പോയി. എന്തായി തുടർക്കഥ? പുള്ളിയിപ്പോ പി എസ് സി ടെസ്റ്റിന്റെ കോച്ചിങ്ങ് ക്ളാസിലാണൊ? അല്ലെങ്കിൽ ഓരോ പോക്കുപോകുമ്പോഴും മിക്കവാറും ‘ഒരു വരവുകൂടി വരേണ്ടി വരും’ എന്ന് പറഞ്ഞുപോകുന്ന ഇൻസ്പെക്ടർ മാണിക്യങ്ങൾ തിരികെ സർവീസിൽ വരുന്നത് എന്ത് കോലത്തിലാകും?

പൊലീസിന്റെ പിഴ, പൊലീസിന്റെ പിഴ, പൊലീസിന്റെ വലിയ പിഴ

പിണറായി വിജയൻ എന്ന രാഷ്ട്രീയ പ്രവർത്തകന്റെ ദീർഘമായ ഒരു പ്രവർത്തന ചരിത്രത്തെ മുമ്പിൽ വച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഇന്നത്തെ പൊലീസ് വകുപ്പ് മന്ത്രി പട്ടത്തെ വിലയിരുത്തുമ്പോൾ കാര്യങ്ങൾ ഇതുവരെ പറഞ്ഞുവന്നതിലും ഒക്കെ സങ്കീർണ്ണമാകുന്നു. 1945ൽ ജനിച്ച അദ്ദേഹം ആദ്യമായി എം എൽ എ ആകുന്നത് 25ആം വയസ്സിലാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത് 1975ൽ. ആ കാലത്ത്, അതായത് തന്റെ ഇരുപത്തിയാറാം വയസ്സിൽ തന്നെ പോലീസ് എന്തെന്ന് വ്യക്തമായി മനസിലാക്കിയ മനുഷ്യൻ. അദ്ദേഹവും 41 വർഷങ്ങൾക്ക് ശേഷം തന്റെ എഴുപത്തിയൊന്നാം വയസ്സിൽ അധികാരത്തിൽ വരുമ്പോൾ പറയുന്നത് പൊലീസിന്റെ ആത്മവീര്യത്തെ കുറിച്ചാണ്.

സ്വന്തം വ്യക്തിഗത അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികളോടോ സമുദായങ്ങളോടോ മറ്റേതെങ്കിലും സാമൂഹ്യമോ രാഷ്ട്രീയമോ സാംസ്കാരികമോ ഭരണ നിർവഹണപരമോ ആയ വിഭാഗങ്ങളോടോ വ്യക്തിസ്പർദ്ധ വച്ച്പുലർത്തുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്ന് എടുത്തു പറയേണ്ട കാര്യമില്ല. എഴുപത്തിയഞ്ചിലെ അടിയന്തിരാവസ്ഥക്കാലത്ത് ഏറ്റ കടുത്ത പോലീസ് മർദ്ദനങ്ങളുടെ പരാധീനതകൾ ഇന്നുമുള്ള ഒരു ശരീരം എന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ പറയുന്നത് അവിശ്വസിക്കേണ്ട കാര്യവുമില്ല. എഴുപത്തിയഞ്ചിന് ശേഷം 77ലും 91ലും എം എൽ എ ആവുകയും 96ൽ മന്ത്രിയാവുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം സിപിഎം പാർട്ടി സെക്രട്ടറി ആയത്, ഇന്നിപ്പൊ മുഖ്യമന്ത്രിയും. വിജയനെ ‘തച്ചതിന്’ ഈ കാലഘട്ടത്തിനിടയിൽ അതിന് ചുക്കാൻ പിടിച്ച ഏതെങ്കിലും പൊലീസ് മേധാവി കൊല്ലപ്പെട്ടത് പോകട്ടെ, പിരിച്ച് വിടപ്പെട്ടതായി കേട്ടിട്ടുണ്ടോ?

അടിതൊട്ട് മുടി വരെ, എന്തിന് നോട്ടത്തിൽ പോലും ധാർഷ്ട്യമുള്ള, വൈരികളെ വിരൽ ഞൊടിക്കുന്നത് പോലെ ‘തീർത്ത്’ കളയുന്ന ഒരു അക്രമ രാഷ്ട്രീയ പുലിയെന്ന് വിശ്വസിക്കാൻ പൊതുബോധത്തിന് ഒരു ശങ്കയുമില്ലാത്ത ഇരട്ട ചങ്കുള്ള ‘വ്യാഘ്ര സിംഹ’ത്തിന്റെ കാര്യമാണ്! പക്ഷേ കാക്കിയിട്ടാൽ ആരെയും ‘തയ്ക്കാ’മെന്നതിൽ മാറ്റമില്ല. ഇത് ഈ ഇരട്ട ചങ്കന് നമ്മൾ തന്നെ വകവച്ച് കൊടുത്ത പ്രതിച്ഛായയുടെ അടിസ്ഥാനത്തിലെങ്കിലും ഒന്ന് പുനർവിചാരണ ചെയ്യേണ്ടേ?

ഈ പോക്ക് പോയാൽ പൊടിപോലും കാണുമോ എസ് ഐ?

നിത്യേനെ ഉയരുന്ന പൊലീസ് വീഴ്ചാ ആരോപണങ്ങളുടെയും എടുക്കുന്ന നടപടികളുടെയും വെളിച്ചത്തിൽ കേരളത്തിൽ സമീപ ഭാവിയിൽ എസ് ഐമാർ ഇല്ലാത്ത സ്റ്റേഷനുകൾ, എസ് ഐമാര്‍ ഉള്ള സ്റ്റേഷനുകളെ ആനുപാതികമായി മറികടക്കുന്ന ഒരു അവസ്ഥ ഉണ്ടാകും എന്നത് ഒരു പരിഹാസം മാത്രമായി കരുതാനാവില്ല. കാരണം നടപടികൾ ഒന്നും  ഒരു ഡിറ്റെറന്റ് അഥവാ താക്കീത് ആകുന്നില്ല എന്നതാണ്. ആദ്യം പറഞ്ഞ അഭിനവ ‘ആക്ഷൻ ഹീറോ ബൈജു’വിന്റെ കാര്യമെടുക്കുക. അയാൾ ഉടൻ സർവീസിൽ തിരിച്ചെത്തുമെന്നും അത് മിക്കവാറും സസ്പെൻഷൻ കാലഘട്ടത്തിലെ ശമ്പളം ഉൾപ്പെടെ ആയിരിക്കുമെന്നും ഉറപ്പ്. അപ്പോൾ പിന്നെ പൊലീസുകാർക്ക് സസ്പെൻഷൻ എന്നുപറയുന്നത് എന്ത് കോപ്പാണാവോ? പെയ്ഡ് അണ്‍ ഒഫീഷ്യൽ വെക്കേഷൻ അഥവാ ശമ്പളമുള്ള അനധികൃത അവധിക്കാലമാണത്. ഇതെങ്ങനെ ഒരു താക്കീത് ആകുമെന്നത് അവിടെ നിക്കട്ടെ, ശിക്ഷ ആകുന്നതെങ്ങനെ?

ശസ്ത്രക്രിയ പരാജയപ്പെട്ടാൽ ഡോക്ടറെ പിരിച്ച് വിടും എന്ന ഒരു നിയമം എവിടെയെങ്കിലും ഉണ്ടെന്ന് വയ്ക്കുക. കുറ്റവാളിയെ കണ്ടുപിടിച്ചില്ലെങ്കിൽ പോലീസിനെ പിരിച്ച് വിടും എന്ന് പറയുന്നത് ഏതാണ്ട് മേല്‍പ്പറഞ്ഞത് പോലിരിക്കും. ശസ്ത്രക്രിയ കൊണ്ട് രക്ഷപ്പെടാൻ സാധ്യതയുണ്ട് എന്ന റിസ്ക് ഏറ്റെടുത്താലല്ലേ അത് പരാജയപ്പെടുന്ന ഒരു സാധ്യത വരൂ. ആദ്യമേ ഇല്ലെന്ന് പറഞ്ഞാൽ പ്രശ്നമില്ലല്ലോ. അങ്ങനെ ഒരു നിയമം ഇല്ല. കാരണം അത് ഭിഷഗ്വരന്മാരുടെ മനോവീര്യത്തെ തളർത്തുകയും അതുവഴി സമൂഹത്തിന് ലഭിക്കാവുന്ന ധനാത്മകമായ റിസൾട്ട് എന്ന സാധ്യതയെ സമ്പൂർണ്ണമായും റദ്ദ് ചെയ്യുകയും ചെയ്യും എന്നതുകൊണ്ടാണ്. പോലീസിന്റെ മനോവീര്യമെന്ന കല്‍പ്പനയ്ക്കും അത്തരം ഒരു അർത്ഥമുണ്ട്. കാരണം ഡോക്ടറെ പോലെ അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് പോലീസും. അപകടത്തിൽ പെട്ട് കലശലായ ആന്തരിക രക്തസ്രാവവുമായി വരുന്ന ഒരു രോഗിയെ എമർജെൻസി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുക പോലെ റിസൾട്ട് മുന്‍കൂർ പ്രവചിക്കാൻ കഴിയാത്ത കാര്യങ്ങൾ, കലാപമുഖത്തേയ്ക്ക് ടിയർ ഗ്യാസ്, ജല പീരങ്കി ഒക്കെ കഴിഞ്ഞ് വെടിവയ്ക്കുന്ന പൊലീസ് എടുക്കുന്ന റിസ്കിലും ഉണ്ട്. നാലുപേരുടെ ദു:ഖകരമായ മരണത്തിലൂടെ നാനൂറുപേരുടെ മരണം ഉണ്ടാക്കുന്ന, കൂടുതൽ ആഴമുള്ള സാമൂഹ്യ ദുരന്തം ഒഴിവാക്കുന്നതിന് അത്തരം ഒരു റിസ്ക്കെടുക്കാൻ (അതുകൊണ്ട് അവർ പിരിഞ്ഞുപോകും എന്ന് ഉറപ്പൊന്നുമില്ല എന്നിരിക്കെ) ഒരു സേനയെന്ന നിലയിൽ പൊലീസിന് ആത്മവീര്യം വേണം; അത് സമ്മതിക്കുന്നു.

രോഗം ഉണ്ടാക്കുന്നത് ഡോക്ടർമാരല്ല എന്നത് പോലെ കുറ്റകൃത്യങ്ങൾ ഉണ്ടാക്കുന്നത് പോലീസുമല്ല. (ചില പോലീസുകാർതന്നെ മാഫിയ തലവന്മാരുമാകുന്ന സിനിമകളുടെ കാര്യമല്ല പറയുന്നത്) അതുകൊണ്ട് കുറ്റകൃത്യത്തെ തടയാനായില്ല എന്നതുകൊണ്ട് അത് നടന്ന സ്റ്റേഷൻ പരിസരത്തെ ചുമതലയുള്ള ഉദ്യോഗസ്ഥരെയോ, കുറ്റവാളിയെ പിടികൂടാനായില്ല എന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥനെയോ പിരിച്ചുവിടണം എന്ന് പറയുന്നത് യുക്തിസഹമല്ല. പക്ഷേ പണ്ടുമുതൽ ഇന്നുവരെ പോലീസ് വിമർശിക്കപ്പെടുന്നതും അത്തരം കാരണങ്ങൾ കൊണ്ടല്ല, മറിച്ച് പ്രത്യക്ഷവും മന:പൂർവ്വവുമായ കൃത്യവിലോപങ്ങൾ കൊണ്ടാണ്. കൊച്ചിനെ കാണാനില്ല, മൊബൈലിൽ റിംഗുണ്ട്, ടവർ ലൊക്കേഷൻ വച്ച് അവളെ കണ്ടെത്താനാവില്ലേ എന്ന് അന്തംവിട്ട് വരുന്ന രക്ഷകർത്താക്കളൊട്, ഏമാൻ കാലത്ത് വരാതെ ടവറും നിലവിൽ വരില്ല എന്ന് പറയുന്ന പൊലീസുകാർക്ക് നേരം വെളുക്കണമെങ്കിൽ, ചില സിനിമകളിൽ കാണുന്നത് പോലെ ഇവരുടെ പെണ്മക്കളെ തട്ടിക്കൊണ്ടുപോയി കുലുക്കി വിളിക്കേണ്ടിവരും എന്നത് നിർഭാഗ്യകരമല്ല, ശരിക്കും ആത്മഹത്യാപരമാണ്.

എന്നാൽ ഭരണകൂടത്തിനെതിരായി അക്ഷരാർത്ഥത്തിൽ നടക്കുന്ന കലാപങ്ങൾ അടിച്ചമർത്താൻ വേണ്ടിവരും എന്ന ഒറ്റക്കാരണത്താൽ വകവച്ച് കൊടുക്കപ്പെടുന്ന ഈ ആത്മവീര്യം പൗരസമൂഹത്തിനുമേൽ മേൽ തങ്ങൾക്കുള്ള അപ്രഖ്യാപിത അധികാരമായി വച്ചുപുലർത്തി പോരുന്ന പൊലീസ് സമ്പ്രദായത്തിൽ എന്ത് വീര്യം? വലതുകാലുവച്ച് കയറിയാൽ പൊറുക്കാൻ വന്നോ എന്നും, ഇടതുകാലുവച്ച് കയറിയാൽ മുടിക്കാൻ വന്നോ എന്നും ഇടി ഉറപ്പാക്കുന്ന ജയിൽ കവാടങ്ങളിലെ നടയടി യുക്തി പറയുന്നുണ്ട് പോലീസ് എന്താണെന്ന്. അത് അടിമുടി അധികാരമാണ്. ആവശ്യപ്പെടുന്നത് വിധേയത്വം മാത്രമാണ്. അല്ലാതെ ഒരു മനോവീര്യമാണ് പൊലീസിൽ നിന്ന് പ്രതീക്ഷിക്കുന്നതെങ്കിൽ, ഇടത് അധികാരത്തിന്റെ, ഭരണകൂടത്തിന്റെ പൊലീസിംഗ് ഏതെങ്കിലും വിധത്തിൽ വ്യത്യസ്തമാണെങ്കിൽ അത് നടപ്പിലാകണം; അതിന് ചിട്ടപ്പടി നടപടികൾ പോര.

പോലീസുകാർ ചെയ്യുന്ന ക്രിമിനൽ കുറ്റങ്ങൾ പോലും പൊലീസുകാർ തന്നെ അന്വേഷിക്കും. ആ ചടങ്ങ് കഴിയുമ്പോൾ അവർ കുറ്റവിമുക്തരാക്കപ്പെടും. ആ കാലഘട്ടത്തിലെ ശമ്പളം ഉൾപ്പെടെ അവർ തിരിച്ച് വരും. ഇടികൊണ്ട് പഴുത്ത മുഖങ്ങളോ? ലോക്കപ്പിൽ തീർന്ന ജന്മങ്ങളോ? അനാസ്ഥകൊണ്ട് ആവർത്തിക്കപ്പെട്ട മരണങ്ങളോ? അസാധ്യമായ കർമ്മങ്ങളുടെ ബലിയാടുകൾ ആവണ്ട, പക്ഷേ സാധ്യമായവ ചെയ്യാത്തതിന്റെ ഉത്തരവാദിത്തം ഏൽക്കണ്ടേ? ലൈംഗിക പീഢനത്തെ സൂചിപ്പിക്കുന്ന നിരവധി സൂചനകൾ ഉള്ള ഒരു പോസ്റ്റുമോർട്ടം റിപ്പോർട്ട് കണ്ടില്ലെന്ന് നടിച്ചു, ത്രിസന്ധ്യയ്ക്ക് ഒരത്യാവശ്യത്തിന് സ്റ്റേഷനിൽ വന്നപ്പോൾ നാളെ ഏമാൻ പള്ളിയുണർന്നിട്ട് വരാൻ പറഞ്ഞയച്ചു തുടങ്ങിയ അപമാനകരമായ കുറ്റകൃത്യങ്ങൾക്ക് പക്ഷേ ശമ്പളമുള്ള അനൌദ്യോഗിക അവധിയാണോ? മറ്റൊന്നും ചെയ്യാനാവില്ലേ? ഇല്ലെങ്കിൽ എന്തുകൊണ്ട്? വിപ്ളവം വന്നില്ലല്ലോ എന്ന ലജ്ജാകരമായ ഒഴികഴിവ് വിട്ട് നടപ്പുള്ള കാര്യങ്ങളെ അഭിസംബോധനയെങ്കിലും ചെയ്യേണ്ടേ എന്നതാണ് ചോദ്യം.

ആഗ്രഹം കൊണ്ട് ആന മെരുങ്ങുമോ?

ഈ ലേഖകൻ ഉൾപ്പെടെ, ഇന്ന് ആഭ്യന്തര വകുപ്പ് കയ്യാളുന്ന പിണറായി വിജയനെ അയാളുടെ രാഷ്ട്രീയ പ്രവർത്തന ചരിത്രം മുൻനിർത്തി ബഹുമാനിക്കുന്നവരും, ലാവ്ലിൻ കേസെന്ന തമാശ മുൻ നിർത്തി അദ്ദേഹം വളഞ്ഞാക്രമിക്കപ്പെട്ട കാലത്തും ഒപ്പം നിന്നവരുമായ ഒരുപാട് പേർക്ക് നൽകാനുള്ള ഒരു നിവേദനം ഇതാണ്. ആഗ്രഹം കൊണ്ട് ആന മെരുങ്ങില്ല. പതിറ്റാണ്ടുകളായി അധികാരത്തിന്റെ തടിപിടിച്ച താപ്പാനകളെയാണ് മെരുക്കേണ്ടത്. ആനയെ മെരുക്കുന്ന തന്ത്രം നമുക്ക് പൊതുവായി അറിയാം. പക്ഷേ താപ്പാനകളെ മെരുക്കുക അങ്ങനെയല്ല. അങ്ങനെ ഒരു ആവശ്യം തന്നെ പുതിയതാണ്.

അധികാരത്തിനൊത്ത് മെരുങ്ങിയ ആനയാണ് പൊലീസ്. അതിന് പിണറായി വിജയന്റെ പ്രസംഗമൊന്നും മനസിലാവില്ല: ആകുന്നത് കാലാകാലമായി നിലനിൽക്കുന്ന ഹെജമണിയുടെ ചുരുക്കത്തെ ആജ്ഞകളായി അനുസരിക്കുക എന്നതാണ്. ആ ഹെജമണിയാകട്ടെ പിണറായി (?) ഉൾപ്പെടെ ധരിച്ചിരിക്കാൻ ഇടയുള്ള ഇടത് രാഷ്ട്രീയത്തിന്റേതല്ല. അവധാനതാ കുറവുകൾ കൊണ്ട് അതിലൂടെ പോലും ഒളിച്ച് കടത്തപ്പെട്ട സംഘി രാഷ്ട്രീയത്തിന്റേതാണ്.

ചുവപ്പ് നരച്ച് കാവിയായി, സഖാവ് സംഖാവായി തുടങ്ങിയ വിമർശനങ്ങൾ, ‘യഥാർത്ഥ ഇടത്’ എന്ന ഒരു വിചിത്ര വിഭാഗം ഉന്നയിക്കുന്നു എന്നതിനാൽ മാത്രം തിരസ്കരിക്കപ്പെടാവുന്നവയല്ല. സുധാകരൻ ഒഴിവുകഴിവായിപറഞ്ഞതൊരു സത്യമാണ്. ബ്യൂറോക്രസിയിലെ സംഘിവത്ക്കരണം അടിയന്തിരമായി തടയാനായില്ലെങ്കിൽ ഇരട്ട ചങ്കന് ചങ്കിലും കരളിലും ഒക്കെ അടിയന്തിര ശസ്ത്രക്രിയ വേണ്ടിവരും. മനോവീര്യം പൊലീസിനല്ല, സിപിഎമ്മിനാവും വേണ്ടിവരിക.

ഇപ്പോഴും ആഗ്രഹം, അത് ആത്മാർത്ഥവും സത്യസന്ധവുമായതുകൊണ്ട് ആന മെരുങ്ങും എന്ന് തന്നെ വിശ്വസിക്കുന്നു. പക്ഷേ വിശ്വാസം, അതല്ല എല്ലാം. എല്ലാ വിശ്വാസത്തിനും ഒരു അന്തിമ ഊഴം ഉണ്ടാകും.

(തലക്കെട്ടിന് എം എൻ കാരശ്ശേരി മാഷിന്റെ  ഉമ്മമാർക്ക് ഒരു സങ്കടഹർജി’ എന്ന പ്രശസ്തമായ പുസ്തകത്തോട് കടപ്പാട്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍