UPDATES

ബന്ധുക്കള്‍ വരാന്‍ പാടില്ല, കുറുവല്ല ദളിത്‌ കോളനിയില്‍ പൊലീസ് അതിക്രമം

കോളനി നിവാസികളുടെ പരാതിയെ തുടര്‍ന്നാണ് തങ്ങള്‍ കോളനിയിലെത്തിയതെന്ന് പൊലീസ്‌

ദളിത് കോളനിയില്‍ പോലീസ് അതിക്രമമെന്ന് പരാതി. തിരുവനന്തപുരം പോത്തന്‍കോട് കുറുവല്ല ദളിത് കോളനിയില്‍ താമസിക്കുന്ന അനീഷിന്റെ വീട്ടിലെത്തി പോത്തന്‍കോട് എസ്.ഐ ഉള്‍പ്പെടുന്ന പോലീസ് സംഘം അതിക്രമം നടത്തിയെന്നാണ് ആരോപണം. ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരുള്‍പ്പെടെ താമസിക്കുന്ന ദളിത് കോളനിയാണ് കുറവല്ല. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

ഡിഎച്ച്ആര്‍എം പ്രവര്‍ത്തകനും അനീഷിന്റെ ബന്ധുവുമായ സതീഷ് സംഭവം വിശദീകരിക്കുന്നു; ‘പ്രവര്‍ത്തകന്റെ കുട്ടിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ സംബന്ധിക്കാന്‍ പലയിടത്തു നിന്നുമുള്ള പ്രവര്‍ത്തകര്‍ കുറവല്ല കോളനിയിലെത്തിയിരുന്നു. ബുധനാഴ്ചയായിരുന്നു പിറന്നാള്‍ പാര്‍ട്ടി. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ വ്യാഴാഴ്ച തന്നെ മടങ്ങുകയും ചെയ്തു. എന്നാല്‍ ഞാനുള്‍പ്പെടെ അനീഷിന്റെ ബന്ധുക്കളില്‍ ചിലര്‍ അയാളുടെ വീട്ടില്‍ തങ്ങുകയും ചെയ്തു. ഞങ്ങള്‍ ദൂരെ നിന്ന് വരുന്നവരാണ്. ഇത്തരം അവസരങ്ങളെന്തെങ്കിലും വന്നാലേ ബന്ധുവീട്ടില്‍ പോവാറുള്ളൂ. അതുകൊണ്ട് ഒരു ദിവസം കൂടി അവിടെ തങ്ങിയിട്ട് പോവാമെന്ന് കരുതി. ഇന്ന് പതിനൊന്ന് മണിയോടെ ഞങ്ങള്‍ രാവിലത്തെ ഭക്ഷണമൊക്കെ കഴിച്ച് പുറത്തിരിക്കുമ്പോഴാണ് രണ്ട് മൂന്ന് പോലീസുകാര്‍ അങ്ങോട്ട് നടന്നുവന്നത്. ‘ഇവിടെ ആരൊക്കെയുണ്ട്. പുറത്ത് നിന്ന് വന്നവരാരാ’ എന്നാണ് അവര്‍ ആദ്യം ചോദിച്ചത്. ബന്ധുക്കളായ ചിലര്‍ അവിടെയുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളോട് ചാടിക്കടിച്ചുകൊണ്ട് ‘ ഐഡന്റിറ്റി കാര്‍ഡ് കാണിക്കെടാ’ എന്ന് പറഞ്ഞു. എന്റെ ഐഡന്റിറ്റി കാര്‍ഡ് പുറത്ത് വണ്ടിയിലായിരുന്നു. അത് എടുത്ത് കൊണ്ട് വരുന്നതിനിടെ അനീഷിന്റെ സഹോദരിയുടെ ഭര്‍ത്താവ് ആദിദ്രാവിഡിനോട് ‘നീയൊക്കെ ആരാടാ’ എന്ന് ചോദിച്ച് പോലീസ് കയറിപ്പിടിച്ചു. ഐഡന്റിറ്റി കാര്‍ഡ് കൊടുത്തിട്ട് ‘സാറിനെന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഇന്റര്‍നെറ്റില്‍ വെരിഫൈ ചെയ്‌തോ’ എന്ന് ആദിദ്രാവിഡ് തിരിച്ച് പറഞ്ഞു. അപ്പോ പോലീസുകാര്‍ക്ക് അവനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോണം. അത് ഞങ്ങള്‍ സമ്മതിച്ചില്ല. കാരണം ഞങ്ങളുടെ അടുത്ത് നിന്ന് പിടിച്ചുകൊണ്ട് പോയവരെയൊന്നും ജീവനോടെയല്ല തിരിച്ചുതന്നത്. അത് പേടിച്ചിട്ടാണ് സ്‌റ്റേഷനില്‍ കൊണ്ടുപോവാന്‍ സമ്മതിക്കാതിരുന്നത്. വര്‍ക്കല കൊലപാതക കേസില്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് പിടിച്ചുകൊണ്ട് പോയവരെ ആരേയും പിന്നീട് കൊണ്ടുപോയപോലെ തിരിച്ച് കിട്ടിയില്ല. പോലീസുമായി മുമ്പ് ഉള്ള അനുഭവങ്ങളെല്ലാം ദുരനുഭവങ്ങളാണ്. ഞങ്ങള്‍ക്ക് ഒരു പോലീസുകാരേയും വിശ്വാസമില്ല. ഞങ്ങളുടെ എതിര്‍പ്പ് വകവക്കാതെ ആദിദ്രാവിഡിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവാന്‍ ഒരുങ്ങിയപ്പോള്‍ വീട്ടിലെ സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെ എത്തി അത് തടഞ്ഞു. അതിന് സ്ത്രീകളേയും വൃദ്ധരേയുമടക്കം പോലീസ് ഉപദ്രവിച്ചു. അപ്പഴേക്കും രണ്ട് വണ്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.

ഈ സംഘര്‍ഷത്തിനിടെ അവിടേക്ക് സി ഐ വന്നു. അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞങ്ങളെയെല്ലാവരേം വെറുതെ വിട്ടു. പക്ഷെ ഇതിനെല്ലാം നിങ്ങള്‍ അനുഭവിക്കും എന്ന് പറഞ്ഞാണ് എസ് ഐ അശ്വിനി പോയിരിക്കുന്നത്. നമ്മുടെ വീട്ടില്‍ ബന്ധുക്കള്‍ വരുന്നതിന് പോലീസുകാര്‍ക്കെന്ത് കാര്യം? ഡിഎച്ച്ആര്‍എം പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് പോലീസ് എത്തിയത്. ചോദിക്കാനും പറയാനും ഇല്ലാത്തവര്‍ക്കെതിരെ എന്തും ആവാമെന്നായിരിക്കും.’

പോലീസ് അക്രമത്തിനിരകളായ രഞ്ജു, ആദിദ്രാവിഡ്, നീതു, ഷിജു എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ കോളനി നിവാസികളുടെ പരാതിയെ തുടര്‍ന്നാണ് തങ്ങള്‍ കോളനിയിലെത്തിയതെന്ന് പോത്തന്‍കോട് എസ്.ഐ. അശ്വനി പറഞ്ഞു. ‘കോളനിയില്‍ ഇല്ലാത്ത, പുറത്തുനിന്നുള്ളവര്‍ അവിടെ പ്രശ്‌നമുണ്ടാക്കുന്നു എന്ന് പരാതി ലഭിച്ചിരുന്നു. കോളനി നിവാസികള്‍ എല്ലാം ഇവര്‍ക്കെതിരാണ്. കോളനിക്കാര്‍ തന്നെയാണ് പരാതി തന്നതും. ഇവിടെ ഡിഎച്ച്ആര്‍എമ്മിന്റെ ആള്‍ക്കാര് പുറത്തുനിന്ന് വന്ന് അവിടെ സ്റ്റഡിക്ലാസ്സും മറ്റും നടത്തുന്നുവെന്നും അവിടെയുള്ള കുട്ടികളെ പഠിക്കാന്‍ വിടാതെ ഡിഎച്ച്ആര്‍എം ഐഡിയോളജി പഠിപ്പിക്കുകയാണെന്നും കോളനി നിവാസികള്‍ തന്നെ പരാതി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് പോലീസ് എത്തിയത്. അവിടെ ചെന്നപ്പോള്‍ പുറത്തുനിന്നുള്ള ആളുകളുള്‍പ്പെടെ പ്രതിഷേധവുമായി നില്‍ക്കുകയായിരുന്നു. പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് അവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.’

പോലീസ് അതിക്രമമുണ്ടായി അല്‍പ്പ സമയത്തിനകം ഡിഎച്ചആര്‍എം ഫേസ് ബുക്കിലൂടെ അതിക്രമത്തിന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍