UPDATES

വീണ്ടും പോലീസ്; ദളിത്‌ യുവാവിന് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം; പുറത്ത് പറഞ്ഞാല്‍ ശ്രീജിത്തിന്റെ അവസ്ഥയെന്നും ഭീഷണി

വാക്കുതര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയില്‍ ചോദ്യം ചെയ്യാനാണ് സുധീഷിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദളിത് യുവാവിന് സ്‌റ്റേഷനില്‍ നിന്ന് ക്രൂരമര്‍ദനം ഏറ്റതായി പരാതി. ആലപ്പുഴ അരൂര്‍ പൊലീസിനെതിരേയാണ് പരാതി. മര്‍ദ്ദിച്ച വിവരം പുറത്തു പറഞ്ഞാല്‍ വരാപ്പുഴയിലെ ശ്രീജിത്തിന്റെ കേസില്‍ സംഭവിച്ചപോലെ തെളിവില്ലാതാക്കുമെന്നും കൊട്ടേഷന്‍ കേസില്‍ കുടുക്കുമെന്നും എസ് ഐ ഭീഷണിപ്പെടുത്തിയതായും മര്‍ദനത്തിനിരയായ അരൂര്‍ തേവാത്തറ വീട്ടില്‍ സുധീഷ് അഴിമുഖത്തോട് പറഞ്ഞു. അയല്‍വാസിയുമായി ഉണ്ടായ വാക്കുതര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് സുധീഷിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയത്. പൊലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോള്‍ ചികിത്സയിലാണ്. തന്നെ പോലുള്ളവരെ എന്ത് ചെയ്താലും ആരും ചോദിക്കില്ലെന്നതുകൊണ്ടല്ലേ പോലീസുകാര്‍ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് എന്നാണ് സുധീഷ് ചോദിക്കുന്നത്.

തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് സുധീഷ് പറയുന്നതിങ്ങനെയാണ്: അയല്‍വാസിയായ ഷൈല എന്ന സ്ത്രീയാണ് പരാതി നല്‍കിയത്. അവരുടെ മകളുടെ വിവാഹം മുടങ്ങിയതിന് പിന്നില്‍ താനുള്‍പ്പെടെ സമീപത്തെ അയല്‍വാസികളാണെന്ന് ആരോപിച്ച് അസഭ്യം പറയുന്നത് പതിവായിരുന്നു. ഷൈലയുടെ നഴ്‌സിംഗിന് പഠിക്കുന്ന മകളുടെ വിവാഹം മുടക്കിയത് അയല്‍വാസികളല്ല, മകള്‍ക്ക് വിവാഹത്തിന് താത്പര്യമില്ലെന്ന് പറഞ്ഞതോടെ ബന്ധുക്കള്‍ തന്നെ ഇടപെട്ടാണ് വിവാഹം വേണ്ടെന്നു വയ്പ്പിച്ചത്. മകള്‍ വിവാഹത്തിന് എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് ആ പെണ്‍കുട്ടിയുടെ നഴ്‌സിംഗ് പഠനത്തിനുവേണ്ട ഫീസ് നല്‍കാന്‍ ഷൈല വിസമ്മതിച്ചു. ഇതിനെതിരെ ബന്ധുക്കള്‍ അരൂര്‍ പോലീസ് സ്‌റ്റേഷനില്‍ തന്നെ ഷൈലയ്‌ക്കെതിരേ പരാതിപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ എല്ലാത്തിനും കാരണം അയല്‍വാസികളായ ഞങ്ങള്‍ കുറച്ചുപേരാണെന്നു പറഞ്ഞ് ഷൈല ഞങ്ങള്‍ക്കെതിരേ നിരന്തരം മോശം വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇതിന്റെ പേരില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ പുറത്താണ് ഞാന്‍ അവരെ അസഭ്യം പറഞ്ഞു എന്നു കാണിച്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഈ പരാതി കിട്ടിയതിന്റെ പുറത്ത് ഞായറാഴ്ച പൊലീസ് വീട്ടില്‍ തിരക്കിയെത്തി. ചൊവ്വാഴ്ച എന്നോട് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് അറിയിച്ചു. പോലീസ് അറിയിച്ചതനുസരിച്ച് ചൊവ്വാഴ്ച പത്ത് മണിയോടെ സ്‌റ്റേഷനിലെത്തുമ്പോള്‍ പരാതിക്കാരിയായ സ്ത്രീയും മറ്റൊരാളും അവിടെ ഉണ്ടായിരുന്നു. ഒരു ബന്ധുവിനെയും കൂട്ടിയാണ് ഞാന്‍ എത്തിയത്.

സ്‌റ്റേഷനില്‍ എത്തിയ ശേഷം എന്നെ ഒറ്റക്ക് ഒരു മുറിയിലേക്ക് വിളിപ്പിച്ചു. ഉണ്ടായ സംഭവം എസ്‌ഐയോട് തുറന്നു പറഞ്ഞെങ്കിലും എസ്‌ഐ തനിക്കെതിരെ തിരിയികുകയായിരുന്നു. ഇതിനു മുമ്പ് ഷൈലക്കെതിരെ ബന്ധുക്കള്‍ തന്നെ നല്‍കിയ പരാതിയില്‍ അവര്‍ പ്രതിയല്ലേ എന്നും അവര്‍ സ്‌റ്റേഷനില്‍ ഹാജരായിട്ടില്ലല്ലോ എന്നു ചോദിച്ചതോടെ എസ് ഐ പ്രകോപിതനായി. കസേരയില്‍ ഇരുന്നുകൊണ്ട് തന്നെ അടിനാഭിക്ക് ശക്തിയായി ചവിട്ടുകയും കുനിച്ച് നിര്‍ത്തി പുറത്തിന് ശക്തിയായി ഇടിക്കുകയുമായിരുന്നു. മര്‍ദ്ദന വിവരം പുറത്തു പറഞ്ഞാല്‍ വരാപ്പുഴയിലെ കേസറിയമല്ലോ, അതേ പോലെ തേയ്ച്ച് മാച്ച് കളയുമെന്നും സ്‌റ്റേഷനിലെ സംഭവങ്ങള്‍ മറ്റാരോടെങ്കിലും പറഞ്ഞാല്‍ കൊട്ടേഷന്‍ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പെയിന്റിംഗ് ജോലി ചെയ്ത് കുടുംബം പോറ്റുന്നൊരാളാണ് ഞാന്‍. പോലീസ് സ്്‌റ്റേഷനില്‍ നിന്നേല്‍ക്കേണ്ടി വന്ന മര്‍ദ്ദനത്തിന് ശേഷം നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. അരൂരിലെ പ്രാഥമിക ആശുപത്രിയില്‍ ആദ്യം ചികിത്സ തേടിയെങ്കിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും കളമശേരി മെഡിക്കല്‍ കോളജിലും ചികിത്സ തേടേണ്ടി വന്നു. നട്ടെല്ലിനു പൊട്ടലും നാഭിക്ക് ചതവും സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട് എനിക്ക്. ഞാന്‍ കിടപ്പിലായാല്‍ അവരെല്ലാം പട്ടിണിയില്‍ ആയിപ്പോകും. എന്നെപ്പോലുള്ളവരെ എന്തു ചെയ്താലും ആരും ചോദിക്കാന്‍ ഉണ്ടാകില്ലെന്ന് പൊലീസിന് അറിയാം. അതാണവര്‍ ഇങ്ങനെയെല്ലാം എന്നോട് ചെയ്തത്; സുധീഷ് പറയുന്നു.

അതേസമയം സുധീഷിനെ സ്റ്റേഷനില്‍ മര്‍ദ്ദിച്ചെന്ന ആരോപണം നിഷേധിക്കുകയാണ് അരൂര്‍ പൊലീസ്. ഷൈലയെന്ന സ്ത്രീയെ മദ്യപിച്ച് അസഭ്യം പറഞ്ഞതായുള്ള പരാതിയെ തുടര്‍ന്നാണ് സുധീഷിനെ സ്‌റ്റേഷനില്‍ വിളിപ്പിച്ചത്. പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സുധീഷ് സ്‌റ്റേഷനില്‍ വന്നതു തന്നെ മദ്യപിച്ചാണ്. സുധീഷിനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിപ്പിക്കുകയോ മര്‍ദ്ദിക്കുകയോ ചെയ്തിട്ടില്ല. താക്കീത് നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. ഈ സംഭവങ്ങള്‍ക്കെല്ലാം പരാതിക്കാരിയായ സ്ത്രീയും ഒപ്പം വന്ന വ്യക്തിയും സാക്ഷികളാണ്; എസ് ഐ മനോജ് അഴിമുഖത്തോട് പറയുന്നു.

സുധീഷിന് അരൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നേല്‍ക്കേണ്ടി വന്ന മര്‍ദനത്തില്‍ മുഖ്യമന്ത്രിക്കും എസ്പിക്കും കെപിഎംഎസ് ഇടപെട്ട് പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാണ് ആവശ്യം.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍