UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിടി തോമസ് എംഎൽഎയുടെ പരാതി: പൊലീസ് കംപ്ലൈന്റ് അതോരിറ്റി ചെയർമാന്‍ നെടുങ്കണ്ടം സ്റ്റേഷൻ സന്ദർശിച്ചു

ഇന്നു തന്നെ ഈ കേസിലുള്ള ആദ്യത്തെ സിറ്റിങ് കുട്ടിക്കാനത്തു വെച്ച് ചേരുമെന്ന് വികെ മോഹനൻ വ്യക്തമാക്കി.

പൊലീസ് കംപ്ലൈന്റ് അതോരിറ്റി ചെയർമാൻ വികെ മോഹനൻ നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ സന്ദര്‍ശിച്ചു. മർദ്ദനം നടന്ന സ്ഥലങ്ങളും രാജ്കുമാറിനെ കൊണ്ടുപോയ സ്ഥലങ്ങളുമെല്ലാം ഇദ്ദേഹം പരിശോധിച്ചു. ഇതിനു ശേഷം സ്റ്റേഷനിലെ രേഖകളും വികെ മോഹനൻ പരിശോധിച്ചു. കംപ്ലൈന്റ് അതോരിറ്റി മെമ്പർമാരായ സുബ്രഹ്മണ്യം കെപി സോമരാജൻ എന്നിവരും കൂടെയുണ്ടായിരുന്നു. ഈ മൂന്നുപേരടങ്ങുന്ന ബഞ്ചിനു മുമ്പാകെയാണ് നെടുങ്കണ്ടം പൊലീസ് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടുള്ള പരാതിയുള്ളത്.

പൊലീസുകാർ മാറിമാറി മർദ്ദിക്കുകയായിരുന്നുവെന്നാണ് കേസിൽ പിടിയിലുള്ള സിപിഒ സജീവിന്റെ മൊഴി. രാജ്കുമാറിനെ എവിടെ വെച്ചാണ് മർദ്ദിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ ഇയാൾ തന്റെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ഒളിവിലുള്ള രണ്ടും മൂന്നും പ്രതികളാണ് മർദ്ദനത്തിന് നേതൃത്വം നൽകിയത്.

മർദ്ദനവിവരം പുറത്തറിയാതിരിക്കാനായി പൊലീസുകാർ രാജ്കുമാറിനെ തിരുമ്മൽ നടത്തിയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. സ്റ്റേഷന് തൊട്ടടുത്തുള്ള പൊലീസ് ക്യാമ്പിൽ നിന്ന് എണ്ണ ചൂടാക്കിക്കൊണ്ടു വന്ന് ചതവുള്ള സ്ഥലങ്ങളിലിട്ട് തിരുമ്മിയെന്നാണ് വിവരം. ചതവുകൾ പുറത്തറിയാതിരിക്കാനാണ് പൊലീസുകാർ ഇത് ചെയ്തത്. നിലവിൽ ഒന്നും നാലും പ്രതികളാണ് പിടിയിലായിട്ടുള്ളത്. ഇവരാണ് മർദ്ദനത്തിന് കൂടുതൽ സമയം നേതൃത്വം നൽകിയത്. ഇവരിപ്പോൾ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലുണ്ടെന്നും അറിയുന്നു.

Also Read: യഥാര്‍ത്ഥത്തില്‍ ആരായിരുന്നു രാജ് കുമാര്‍? ഹരിത ഫിനാന്‍സ് കബളിപ്പിച്ചത് നെടുങ്കണ്ടം പഞ്ചായത്തിനെ ഒന്നടങ്കം; വായ്പയ്ക്കായി പണം നിക്ഷേപിച്ചവരില്‍ അഞ്ച് വനിത മെംബര്‍മാരും

പിടി തോമസ് എംഎൽഎയുടെ പരാതിയിന്മേലാണ് പൊലീസ് കംപ്ലൈന്റ് അതോരിറ്റിയുടെ സന്ദർശനം. പൊലീസുകാർ സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ വിചാരണയ്ക്കു വേണ്ടിയും വകുപ്പുതല നടപടിക്കു വേണ്ടിയും തങ്ങൾക്ക് ശുപാർശ ചെയ്യാനാകുമെന്ന് വികെ മോഹനൻ അറിയിച്ചു. തങ്ങളുടേത് കോടതിക്കു സമാനമായ രീതിയിലുള്ള പ്രവർത്തനമാണെന്നും രണ്ട് ഭാഗത്തുള്ളവരുടെയും വാദം കേട്ടാണ് നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇന്നു തന്നെ ഈ കേസിലുള്ള ആദ്യത്തെ സിറ്റിങ് കുട്ടിക്കാനത്തു വെച്ച് ചേരുമെന്ന് വികെ മോഹനൻ വ്യക്തമാക്കി. മരണത്തെക്കുറിച്ചും എസ്പിക്കെതിരെ ഉയർന്നിട്ടുള്ള പരാതിയെക്കുറിച്ചുമെല്ലാം പരിശോധിക്കണമെന്ന് പിടി തോമസിന്റെ പരാതിയിൽ പറയുന്നുണ്ടെന്ന് വികെ മോഹനൻ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍