UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല കയ്യടക്കി വീണ്ടും സംഘപരിവാര്‍ സംഘടനകള്‍

പഴുതടച്ച സുരക്ഷയൊരുക്കിയിട്ടും പ്രതിഷേധങ്ങളെ എങ്ങനെ ചെറുക്കണമെന്നറിയാതെ പോലീസ്‌

ശബരിമല കയ്യടക്കി വീണ്ടും ബിജെപിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകള്‍. ശബരിമലയില്‍ പോലീസ് തന്ത്രം പാളുന്നു. പഴുതടച്ച സുരക്ഷയൊരുക്കിയിട്ടും പമ്പയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയോ, സന്നിധാനത്ത് മണിക്കൂറുകളായി തങ്ങുന്നവരെയോ നീക്കാന്‍ പോലീസിനായിട്ടില്ല. മൊബൈല്‍ജാമര്‍, നിരീക്ഷണ ക്യാമറകള്‍, ഫേസ് ഡിറ്റക്ഷന്‍ ക്യാമറകള്‍, മെറ്റല്‍ ഡിറ്റക്ടര്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളുമായി ശബരിമലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ് പോലീസ്. അമ്പത് കഴിഞ്ഞ വനിതാപോലീസുകാരെ സന്നിധാനത്ത് പ്രത്യേകം നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഈ സംവിധാനങ്ങളെയെല്ലാം പ്രതിരോധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ശബരിമലയില്‍ വിജയം നേടുന്ന കാഴ്ചയാണ് നട തുറന്ന ദിവസം കണ്ടത്.

തുലാംമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നപ്പോള്‍ നടന്ന സംഘര്‍ഷങ്ങളില്‍ ബിജെപിക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലുകള്‍ ഇന്നലെ പുറത്ത് വന്നു. അന്ന് ശബരിമലയിലെത്തിയ ഒമ്പത് യുവതികളേയും മടക്കിയയക്കാന്‍ പ്രതിഷേധക്കാര്‍ക്കായിരുന്നു. ഒടുവില്‍ രഹിന ഫാത്തിമയും കവിത ജക്കാലും നടപ്പന്തല്‍ വരെ എത്തിയപ്പോള്‍ നടപൂട്ടിയിറങ്ങുമെന്ന് ക്ഷേത്രം തന്ത്രി വരെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബരിമല ആക്ടിവിസ്‌ററുകള്‍ക്കുള്ള ഇടമല്ലെന്ന് പ്രഖ്യാപിച്ച് രഹനയെ മടക്കി അയക്കുകയായിരുന്നു. തുലാംമാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ സ്ഥിതിഗതികള്‍ പോലീസിന്റെ നിയന്ത്രണത്തിലായിരുന്നില്ല. പലപ്പോഴും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ട് പോലും പ്രതിഷേധക്കാരെ നിയന്ത്രിക്കാനോ പ്രതിഷേധത്തിന് തടയിടാനോ പോലീസിനായിരുന്നില്ല.

എന്നാല്‍ ഈ പോരായ്മകളെല്ലാം പരിഹരിച്ചുകൊണ്ട് പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്ന് പോലീസ് അവകാശപ്പെടുമ്പോഴും സംഘര്‍ഷമുണ്ടാക്കാതിരിക്കാന്‍ മാത്രമാണ് പോലീസ് ഇതേവരെ ശ്രമിച്ചിട്ടുള്ളത്. ബിജെപി, ഹിന്ദുഐക്യവേദി നേതാക്കള്‍ സന്നിധാനത്ത് എത്തിയപ്പോഴും സര്‍ക്കാര്‍ തീരുമാനിച്ച സന്ദര്‍ശനം സമയം കഴിഞ്ഞും അവര്‍ സന്നിധാനത്ത് നിലയുറപ്പിക്കുമ്പോഴും പോലീസിന് ഒരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആയിരത്തോളം തീര്‍ഥാടകര്‍ ദര്‍ശനത്തിന് സന്നിധാനത്തേക്ക് പോലും പോവാതെ വലിയ നടപ്പന്തലില്‍ മണിക്കൂറുകളോളം തമ്പടിച്ച് നിന്നിട്ടും പോലീസിന് ഒന്നും ചെയ്യാനായില്ല. ‘ഞങ്ങള്‍ ഭക്ചര്‍ക്ക് നെയ്യഭിഷേകം ചെയ്യണ്ടേ? എന്നിട്ടേ പോവാന്‍ പറ്റൂ. ശയന പ്രദക്ഷിണം ചെയ്യാന്‍ വന്നവരുണ്ട്. അവര്‍ അത് നടത്തിയിട്ടേ പോവൂ. ശബരിമലുടെ കാര്യത്തില്‍ സര്‍ക്കാര്‍ രണ്ട് മണിക്കൂറും പന്ത്രണ്ട് മണിക്കൂറും ഇരുപത്തിനാല് മണിക്കൂറും എന്ന നിയന്ത്രണം കൊണ്ടുവന്നിട്ടൊന്നും ഒരു കാര്യവുമില്ല. ഭക്തര്‍ നെയ്യഭിഷേകവും ചെയ്ത് ദര്‍ശനത്തിന് ശേഷമേ മടങ്ങൂ’ എന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വാക്കുകളില്‍ ശബരിമലയില്‍ അവര്‍ എന്താണ് നടപ്പാക്കുന്നത് എന്നതിന്റെ സൂചനയുണ്ടായിരുന്നു.

ആചാരലംഘനം നടന്നാല്‍ ഭക്തര്‍ക്കൊപ്പം ബിജെപിയും യുവതികളെ തടയുമെന്ന് നേതാക്കളായ ശ്രീധരന്‍ പിള്ളയും പി കെ കൃഷ്ണദാസും പറയുന്നതില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമാണ്. പോലീസ് പഴുതുകളടച്ച സുരക്ഷയൊരുക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ ബിജെപി പ്രാദേശിക പ്രവര്‍ത്തകനായ ബാലാനന്ദന്‍ പറഞ്ഞത് ‘എത്ര പോലീസുകാരെ വേണമെങ്കിലും, എന്ത് സുരക്ഷാ വേണമെങ്കിലും അവര്‍ ഒരുക്കിക്കോട്ടെ. ഞങ്ങള്‍ ഇവിടെ നിന്ന് പോവുന്നുണ്ട്. പോലീസിനേക്കാള്‍ രണ്ടിരട്ടി ആളുകള്‍ ശബരിമലയില്‍ ഉണ്ടാവും. ഒരു യുവതിയും അവിടെ കയറാന്‍ ഞങ്ങള്‍ അനുവദിക്കില്ല’ എന്നാണ്. ഈ വാക്കുകളെ ശരിവക്കുന്ന തരത്തിലായിരുന്നു നടതുറന്ന ദിവസത്തെ താര്‍ഥാടകരുടെ പ്രവാഹം. കേവലം ആയിരത്തില്‍ താഴെ മാത്രം തീര്‍ഥാടകര്‍ എത്തിയിരുന്ന ചിത്തിരയാട്ട വിശേഷ പൂജയ്ക്ക് ആദ്യ ദിനം തന്നെ പതിനായിരത്തോളം പേരാണ് ശബരിമലയിലേക്ക് എത്തിയത്. മണ്ഡലപൂജയ്ക്ക നടതുറക്കുന്ന ദിവസത്തിന് സമാനമായ തിരക്കാണ് ഇന്നലെ ശബരിമലയില്‍ അനുഭവപ്പെട്ടത്. രണ്ട് മണിക്കൂര്‍ മാത്രമേ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കൂ എന്ന സര്‍ക്കാര്‍ തീരുമാനവും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. സന്നിധാനത്ത് ആരും തങ്ങാതിരിക്കുക എന്ന ഉദ്ദേശത്തോടെ ഗസ്റ്റ് ഹൗസുകളെല്ലാം പൂട്ടി പോലീസ് തക്കോല്‍ വാങ്ങിച്ചിരുന്നു. ചിത്തിരയാട്ടത്തിന് നടതുറക്കുന്ന ദിവസം പ്രത്യേകമായ പൂജകളൊന്നും ശബരിമലയില്‍ ഉണ്ടാവാറില്ല. നെയ്യഭിഷേകമുള്‍പ്പെടെയുള്ളവ പിറ്റേന്ന് രാവിലെ മുതലാണ് നടത്തപ്പെടുക എന്നുള്ളതുകൊണ്ട് നെയ്യഭിഷേകത്തിനായി കാത്ത് നില്‍ക്കുന്ന ഭക്തരെ സന്നിധാനത്തു നിന്ന് മടക്കിയയക്കാന്‍ പോലീസിനായതുമില്ല.

ഇരുമുടിക്കെട്ടുകളുമായി എത്തിയ തീര്‍ഥാടകരെ പോലീസിന് തടയാന്‍ കഴിയില്ലാത്തതിനാല്‍ ആ തന്ത്രം ഉപയോഗിച്ച് തന്നെ പരമാവധി പ്രവര്‍ത്തകരെ ശബരിമലയിലേക്കെത്തിക്കാനായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ നീക്കം. ഇത് പല സംഘടനകളും തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ സംരക്ഷണം നല്‍കും. മുതിര്‍ന്ന സ്ത്രീകളടക്കം കൂട്ടംകൂടി പ്രതിഷേധിച്ചാല്‍, നാമജപയജ്ഞം നടത്തിയാല്‍ പോലും, അറസ്റ്റ് ചെയ്ത് നീക്കും തുടങ്ങിയ ഉറപ്പുകളും വാഗ്ദാനങ്ങളുമായിരുന്നു പോലീസ് മുന്നോട്ട് വച്ചത്. എന്നാല്‍ ഈ ഉറപ്പുകളൊന്നും പാലിക്കപ്പെടാതെ പോയതും കണ്ടു. നടതുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു കുഞ്ഞിന്റെ ചോറൂണ് നടത്താനായി നാല് സ്ത്രീകളും കുഞ്ഞുമുള്‍പ്പെടുന്ന സംഘം പമ്പയില്‍ എത്തി. ഇവരെ കണ്ടതും താര്‍ഥാടകര്‍ കൂട്ടം കൂടി ശരണംവിളിയുമായി പ്രതിഷേധിച്ചു. തങ്ങള്‍ സന്നിധാനത്തേക്ക് പോവില്ലെന്നും കുഞ്ഞും അച്ഛനും മാത്രമേ പോവൂ എന്നും പലതവണ ആ സ്ത്രീകള്‍ പ്രതിഷേധക്കാരോട് വിളിച്ചുപറഞ്ഞെങ്കിലും അവര്‍ ശരണംവിളിച്ചുള്ള പ്രതിഷേധം അവസാനിപ്പിച്ചില്ല. പിന്നീട് പോലീസ് എത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ച് മാറ്റുകയായിരുന്നു.

ചേര്‍ത്തല അരീപ്പറമ്പ് സ്വദേശിയായ 30 വയസ്സുകാരി അഞ്ജുവും രണ്ട് കുട്ടികളും ഭര്‍ത്താവും അതിന് മുമ്പ് തന്നെ ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് പമ്പയിലെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തി. ഇവരുടെ ആവശ്യം പരിഗണിച്ച പോലീസ് ആദ്യം യുവതി ആക്ടിവിസ്റ്റ് ആണോ എന്ന് വിവിധയിടങ്ങളില്‍ വിളിച്ച് പരിശോധിച്ചു. പിന്നീട് സന്നിധാനത്തെ സാഹചര്യം ബോധ്യപ്പെടുത്തി. എണ്ണായിരത്തോളം തീര്‍ഥാടകര്‍ എത്തിയിട്ടുള്ളതിനാല്‍ ഇവരില്‍ നിന്ന് ഏത് സമയവും പ്രതിഷേധം പ്രതീക്ഷിക്കുന്നതിനാല്‍ അഞ്ജുവിനെ സന്നിധാനത്തെത്തിക്കുക അപ്രായോഗികമാണെന്നായിരുന്നു പോലീസ് നിലപാട്. എണ്ണായിരത്തോളം ഭക്തരുടെ പ്രതിഷേധത്തെ എതിരിടാന്‍ 1200 പോലൂസുകാര്‍ അശക്തരാണെന്നും അവരെ അറിയിച്ചു. എന്നാല്‍ യുവതി ആവശ്യത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ പോലീസ് അതിന് ശ്രമം നടത്താമെന്നും അവരെ അറിയിച്ചു. ഒന്നര മണിക്കൂര്‍ നേരത്തെ അനുനയചര്‍ച്ചകള്‍ക്കൊടുവില്‍ താന്‍ ശബരിമല ദര്‍ശനത്തില്‍ നിന്ന പിന്മാറുകയാണെന്ന് അഞ്ജു എസ് പി രാഹുല്‍ ആര്‍ നായരോടും മറ്റ് പോലീസുകാരോടും അറിയിച്ചു. തനിക്ക് ശബരിമലയില്‍ ദര്‍ശനത്തിന വരാന്‍ താത്പര്യമില്ലായിരുന്നു എന്നും ഭര്‍ത്താവ് നിര്‍ബന്ധിച്ചത് കൊണ്ടാണ് വന്നതെന്നും, യുവതി ആവശ്യപ്പെടാത്ത സ്ഥിതിക്ക് ദര്‍ശനത്തിന് സുരക്ഷയൊരുക്കില്ലെന്നുമാണ് എസ് പി മാധ്യമങ്ങളാട് പറഞ്ഞത്. പിന്നീട് പോലീസ് ആലപ്പുഴയുള്ള അഞ്ജുവിന്റെ ബന്ധുക്കളെ പമ്പയിലേക്ക് വിളിച്ചുവരുത്തി. അഞ്ജുവിന്റെ ഭര്‍ത്താവ് തനിക്കും കുടുംബത്തിനും ദര്‍ശനത്തിന് സംരക്ഷണം ഒരുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ അഞ്ജുവിനെ ബന്ധുക്കളോടൊപ്പം മടക്കി അയക്കുക എന്നതായിരുന്നു പോലീസ് ഉദ്ദേശം.

യുവതി സംരക്ഷണം ആവശ്യപ്പെട്ട് പമ്പയില്‍ എത്തിയത് അറിഞ്ഞതും ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം തീര്‍ഥാടകര്‍ പമ്പ ഗണപതി കോവിലില്‍ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ശരണംവിളികളും നാമജപങ്ങളുമായി പ്രതിഷേധമാരംഭിച്ചു. എന്നാല്‍ നിരോധനാജ്ഞ നിലവിലുള്ള പ്രദേശമായിട്ടു കൂടി പോലീസിന് പ്രതിഷേധക്കാരെ മാറ്റാനായില്ല. ക്ഷേത്രപരിസരമായതിനാല്‍ പോലീസ് ബലപ്രയോഗം നടത്തിയാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചേക്കുമെന്ന ആശങ്കയിലാണ് പോലീസ് ഇടപെടാതിരുന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇത്രത്തോളം ഭക്തരെ നേരിടുന്നതിനുള്ള സംവിധാനങ്ങളോ ആള്‍ബലമോ തങ്ങള്‍ക്കില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ബിജെപി നേതാക്കളായ എം ടി രമേശ്, കെ സുരേന്ദ്രന്‍, വല്‍സന്‍ തില്ലങ്കേരി എന്നിവരും രാഹുല്‍ ഈശ്വറും അയ്യപ്പകര്‍മ്മ സമിതി പ്രവര്‍ത്തകരുമടക്കം ശബരിമലയില്‍ വൈകിട്ടോടെ എത്തിച്ചേര്‍ന്നിരുന്നു. ഇവരാരും സന്നിധാനവും പമ്പയും വിട്ട് പോയിട്ടുമില്ല. 2300 പോലീസുകാരെയും കമാന്‍ഡോകളെയുമാണ് ശബരിമലയില്‍ വിവിധയിടങ്ങളിലായി ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ശബരിമലയുടെ ഇരുപത് കിലോമീറ്റര്‍ ചുറ്റളവില്‍ പോലീസ് സുരക്ഷയൊരുക്കിയിട്ടും, രണ്ട് ദിവസം മുന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ഇതൊന്നും കാര്യമായ വിജയം കണ്ടിട്ടില്ല എന്ന സൂചനകളാണ് ലഭ്യമാവുന്നത്. നിലവില്‍ സംഘപരിവാര്‍ സംഘടനകളുടെ തന്ത്രപരമായ നീക്കങ്ങളെ ചെറുക്കാന്‍ പോലീസിന് കഴിയാനിടയില്ലെന്ന വിവരമാണ് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ലഭിക്കുന്നത്. അങ്ങനെവന്നാല്‍ ശബരിമലയില്‍ ഒരിക്കല്‍ കൂടി സംഘപരിവാര്‍ സംഘടനകള്‍ക്ക് വിജയം നേടാനുള്ള അവസരമാവും അത് ഒരുക്കുക. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിനും പോലീസിനും ഒരു കീറാമുട്ടിയായി നിലനില്‍ക്കുകയും ചെയ്യും.

ഹിന്ദുക്കള്‍ക്ക് വിപത്തുണ്ടാക്കുന്ന ഗുജറാത്തുകാരന്‍; ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം തൊഗാഡിയയെ ലക്ഷ്യം വച്ചതിനു പിന്നില്‍

ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്തുവന്നത് കേരളത്തെ ട്രാപ് ചെയ്തതിന്റെ യാഥാര്‍ഥ്യം

തന്ത്രിയുമായുള്ള ‘ഗൂഢാലോചന’; ശ്രീധരന്‍പിള്ള പ്രതിരോധത്തില്‍; ആഞ്ഞടിച്ച് സിപിഎമ്മും കോണ്‍ഗ്രസ്സും

മാധ്യമങ്ങളില്‍ ‘സിപിഎം ഫ്രാക്ഷന്‍’; ബിജെപി എംപിയുടെ ചാനല്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു: ശ്രീധരന്‍ പിള്ള

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

സൂക്ഷിക്കണം, ഇതൊരു വല്ലാത്ത കാലമാണ്; ആര് ആരെ എപ്പോൾ കൊല്ലുമെന്ന് പറയാൻ പറ്റാത്ത കാലം

മാധ്യമ സ്വാതന്ത്ര്യത്തിനായി ഘോരഘോരം വാദിക്കുന്ന നേതാക്കള്‍ക്ക് ജേര്‍ണലിസ്റ്റുകളെ തല്ലുകയും തെറിവിളിക്കുകയും ചെയ്ത അണികളോട് എന്താണ് പറയാനുള്ളത്?

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍