UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനുഷ്യാവകാശ ദിനത്തിലെ കേരള പോലീസ് സന്ദേശങ്ങൾ

Avatar

റിബിന്‍ കരിം

ഞങ്ങൾ കാത്തിരിക്കുന്നു 
ആരുടെതാണ് അടുത്ത ഊഴം? 
ഞങ്ങളിലാരുടേതാണ് ? 
ഒരു നെടുവീർപ്പിടാൻ പോലുമാകാതെ
ഞരങ്ങിക്കൊണ്ടിരിക്കുന്ന 
എന്റെ സുഹൃത്തുക്കളിൽ ആരുടേതെങ്കിലുമാണോ?
അതോ, ഒരധിക നേരം ഒരപരിചതന്റെ
മുഖംമൂടി അണിയാനാവാതെ പോയ 
എന്റെ തന്നെയോ? 
ബലിക്കൽപ്പുരയിൽ ഞങ്ങൾ കാത്തിരിക്കുന്നു 
ആരുടെതാണ് അടുത്ത ഊഴം? – കക്കയത്ത് നിന്നുള്ള കുറിപ്പുകൾ. 
 
ഒരു തലമുറയുടെ ആയുഷ്കാലം മുപ്പതുവര്‍ഷമാണെന്നു പറയാറുണ്ട്‌. അങ്ങനെയെങ്കില്‍ അടിയന്തിരാവസ്ഥയുടെ ഒരു തലമുറ കഴിഞ്ഞു പോയിരിക്കുന്നു. പത്രമാസികാദികളില്‍ അനുസ്മരണങ്ങളായി, അഭിമുഖങ്ങളായി, വിശകലനങ്ങളായി, നിരീക്ഷണങ്ങളായി അതിന്റെ ആഘോഷങ്ങള്‍ കാണാനുണ്ട്‌. 1975 ജൂണ്‍ 25-ആം തീയതിയാണ്‌ രാജ്യത്ത്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്‌. പതിനെട്ടു മാസങ്ങള്‍ക്കു ശേഷം തികച്ചും കാല്‍പ്പനികമായി വന്നതു പോലെ തന്നെ അതവസാനിച്ചു.
 
മനുഷ്യവകാശദിനമായി ആചരിക്കുന്ന ഡിസംബർ പത്ത് നാം ആഘോഷിച്ചത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനത്തിന് മൂകസാക്ഷ്യം വഹിച്ചുകൊണ്ടാണ്, നിലമ്പൂർ കാട്ടിൽ പോലീസ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റ ശവസംസ്കാരം മന:പൂർവ്വം വൈകിപ്പിക്കുന്നു എന്നാരോപിച്ച് കുപ്പു ദേവരാജിന്റ സഹോദരൻ ശ്രീധരന്റ കോളറിൽ കയറിപ്പിടിക്കുന്ന പോലീസ് അസി. കമ്മീഷണർ പ്രേംദാസിന്റെ ചിത്രമാണ് അത്. മരിച്ച് കിടക്കുന്നയാളെ അവസാനമായി ഒന്ന് കാണാനും മാന്യമായി ശവസംസ്കാരം നടത്തുന്നതിനുമുള്ള അവകാശം ഏതൊരു മനുഷ്യന്റെ ബന്ധുക്കൾക്കും സ്വന്തക്കാർക്കും നിഷേധിക്കുന്നത് മനുഷ്യാവകാശ നിഷേധം തന്നെയാണ് എന്ന തിരിച്ചറിവ് ഇല്ലാത്ത ഒരു നിയമപാലകൻ ആയിരിക്കും ഈ മനുഷ്യാവകാശ ദിനത്തിലെ ഏറ്റവും വലിയ ദുരന്തം.
 
ആമുഖത്തിൽ സൂചിപ്പിച്ച അടിയന്തിരാവസ്ഥയ്ക്കും നമുക്കും ഇടയിൽ നാല്പതു വർഷത്തിന്റെ ദൂരം ഉണ്ട്; ഈ ദൂരം ഇനിയും തിരിച്ചറിയാത്ത ഒരേ ഒരു വിഭാഗം ചിലപ്പോൾ പോലീസ് സേന മാത്രമായിരിക്കും. പഴയ ജയറാം പടിക്കലിന്റെ ആരാധക വൃന്ദം കേരളീയ സമൂഹത്തിൽ ഉണ്ട് എന്നത് മാത്രമല്ല, ഒരു ഇടതുപക്ഷ ഭരണകാലത്തു പോലും അവർ ആക്റ്റീവ് ആണ് എന്നതാണ് ഏറെ ഭയപ്പെടുത്തുന്നത്. ഇന്ന് ജീവിച്ചിരിക്കുന്നതിൽ പോലീസ് ഭീകരത ഏറെ അനുഭവിച്ച നേതാക്കളാണ് ഭരണമുന്നണിയിൽ ഉള്ളത്. അതുകൊണ്ട് തന്നെ പോലീസ് രാജിന്റെ ഭീകരതയെക്കുറിച്ചോ അവരുടെ അതിക്രമങ്ങളെക്കുറിച്ചോ അവർക്കു ക്ലാസ്സ് എടുക്കേണ്ടി വരില്ല എന്നു തന്നെയാണ് ഒരു ഇടതു സഹയാത്രികൻ എന്ന നിലയിൽ എന്റെ ധാരണ.
 
ഒരു രാഷ്ട്രത്തിന്റെ നിര്‍ണായകമായ ചരിത്രസന്ധിയില്‍ അവിടത്തെ മനുഷ്യാവകാശങ്ങളുടെ അവസ്ഥ എന്താണ്? ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍, കൊളോണിയല്‍ ആധിപത്യങ്ങള്‍ കുടഞ്ഞെറിഞ്ഞിട്ട് ഏഴ് പതിറ്റാണ്ടോളമായിട്ടും എന്തേ ഇങ്ങനെയൊരു ചോദ്യം? ഇതിന്റെ ഉത്തരങ്ങള്‍ തേടിയുള്ള യാത്രയാണ് ഓം പ്രകാശ് ദ്വിവേദിയും ജൂലി രാജനും ചേര്‍ന്ന് എഡിറ്റ് ചെയ്ത ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ പോസ്റ്റ് കൊളോണിയല്‍ ഇന്ത്യ എന്ന കൃതി.
 
വിദ്യാഭ്യാസക്കച്ചവടം മുതല്‍, സാമൂഹികനീതിയുടെയും പൊതു മണ്ഡലത്തിലെ അക്രമങ്ങളുടെയും ഭിന്നശേഷിയുടെയും ഭിന്ന ലൈംഗികതയുടെയും പ്രശ്നങ്ങള്‍വരെ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ വായിച്ചെടുക്കാനും മനസ്സിലാക്കാനും അവലോകനം ചെയ്യാനും ശ്രമിക്കുന്നു ഈ കൃതി. ഇന്ത്യയില്‍ ഇന്ന് വര്‍ഗ–വര്‍ണ–ലിംഗ അടിസ്ഥാനത്തില്‍ വലിയതോതില്‍ നടക്കുന്ന മനുഷ്യാവകാശങ്ങളുടെ ധ്വംസനം പലതും കാണാതെ പോകുന്നത് നൂറ്റാണ്ടുകളുടെ ആവര്‍ത്തനത്തിലൂടെ അവയ്ക്ക് കൈവന്ന പാരമ്പര്യമെന്ന സാധുതയിലൂടെയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രം തന്നെ നാം പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ടെന്ന വിലയിരുത്തലില്‍ നിന്നാണ് ഈ കൃതി തുടങ്ങുന്നത്. 
 
 
പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് ആദ്യമായി സടകുടഞ്ഞെണീറ്റ രാഷ്ട്രങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സ്വാതന്ത്യ്രപ്പിറവി ഒരു മനുഷ്യാവകാശ യുഗത്തിന്റെ പിറവിയായി പല രാഷ്ട്രീയനിരീക്ഷകരും പ്രതീക്ഷയോടെ കണ്ടിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ മുഖമുദ്രയായി കണ്ട മതേതര ദേശീയതയും സമത്വവും തുല്യാവകാശങ്ങളും ഒക്കെ ഭരണഘടന എന്ന ആദര്‍ശ സങ്കല്‍പ്പത്തില്‍ ഒതുങ്ങിയപ്പോള്‍ പൊട്ടിപ്പുറപ്പെട്ടത് ജാതിയുടെയും മതത്തിന്റെയും ലൈംഗികതയുടെയും മറ്റും പേരിലുള്ള അക്രമങ്ങളും അവകാശ ഭസ്മീകരണങ്ങളുമായിരുന്നു. അവ കെട്ടിപ്പൊക്കിയ മേല്‍ക്കോയ്മകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടത് സ്ത്രീകളും ദളിതരും ജാതി–മത ന്യൂനപക്ഷങ്ങളും ഭിന്ന ലൈംഗികരും ഒക്കെയായിരുന്നു. ഇതോടൊപ്പം ഇന്ത്യന്‍ സാമ്പത്തികക്കുതിപ്പിന്റെ ഗുണഭോക്താക്കള്‍ ഏറെക്കുറെ ഉന്നതവര്‍ഗവും മധ്യവര്‍ഗവുമാണെന്ന് നിസ്സംശയം തെളിഞ്ഞിരിക്കെ താഴേത്തട്ടിലുള്ളവരുടെ വിദ്യാഭ്യാസവും ആരോഗ്യവും പാര്‍പ്പിടവും എന്തിന് ശുദ്ധവായുവും വെള്ളവും വരെ ആര് ഉറപ്പാക്കുമെന്ന ചോദ്യം പ്രസക്തമാകുന്നു. ഇത് മനുഷ്യാവകാശലംഘനമായിത്തന്നെ കാണേണ്ടിയിരിക്കുന്നു എന്ന വാദമാണ് ഈ പുസ്തകത്തിലെ പ്രബന്ധങ്ങള്‍ മുമ്പോട്ടുവയ്ക്കുന്ന ആശയം. ഇതോടൊപ്പം രാഷ്ട്രസുരക്ഷ എന്ന മുടന്തന്‍ന്യായം ഉപയോഗിച്ച് ഇന്ത്യന്‍ അതിര്‍ത്തികളിലും തര്‍ക്കഭൂമികളിലും അധിവസിക്കുന്ന ലക്ഷോപലക്ഷം ജനങ്ങള്‍ അനുഭവിക്കുന്ന ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ പേടിപ്പെടുത്തുന്നതാണെന്നും പുസ്തകം ആരോപിക്കുന്നു.
 
1986-ലെ മനുഷ്യാവകാശ നിയമം, മനുഷ്യാവകാശത്തെ ഇങ്ങനെയാണ് നിര്‍വചിക്കുന്നത്: “മനുഷ്യാവകാശങ്ങള്‍ എന്നാല്‍ ജീവന്‍, സ്വാതന്ത്ര്യം, സമത്വം, അന്തസ് എന്നിവയെ സംബന്ധിച്ച് ഓരോ മനുഷ്യനും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍, അഥവാ ഇന്ത്യയിലെ കോടതികള്‍ക്ക് നടപ്പാക്കാവുന്ന അന്താരാഷ്ട്ര കരാറുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന അവകാശങ്ങള്‍ എന്നാണര്‍ത്ഥം.” നമ്മുടെ മഹത്തായ ഇന്ത്യന്‍ ഭരണഘടനയുടെ 21-ആം അനുച്ഛേദം ജീവിക്കാനുള്ള മൗലികാവകാശം ഓരോ പൗരനും ഉറപ്പുനല്‍കുന്നുണ്ട്. മൗലികമായ അവകാശം എന്നതിനപ്പുറം പൗരന്റെ ജീവിക്കാനുള്ള അവകാശം, വിശാലമായ മനുഷ്യാവകാശങ്ങള്‍ കൂടി ഉള്‍പ്പെട്ട മേഖലയാണ്. അതുപോലെത്തന്നെ സ്വാതന്ത്ര്യം, സമത്വം, ചൂഷണത്തില്‍നിന്നുള്ള സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം, ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശം തുടങ്ങിയവയെല്ലാം തന്നെ മനുഷ്യാവകാശങ്ങളുമാണെന്നാണ് പറഞ്ഞുവരുന്നത്.
 
എന്നാല്‍, നമ്മുടെ വര്‍ത്തമാനകാല ഇന്ത്യന്‍ പരിസരങ്ങളില്‍ പൗരന്റെ മനുഷ്യാവകാശങ്ങളായ മൗലികാവകാശങ്ങള്‍ പോലും ഹനിക്കപ്പെടുന്ന ഒരു ദയനീയ പരിതസ്ഥിതിയാണ് സംജാതമായിട്ടുള്ളതെന്ന ഭീതിതമായ വര്‍ത്തമാനം ജനാധിപത്യ-മതേതര ഇന്ത്യയുടെ ഭാവി അപകടപ്പെടുത്തുന്നതാണെന്ന കാര്യം അവിതര്‍ക്കിതമാണ്.
 
യുദ്ധത്തിൽ കൊല്ലപ്പെടുന്ന ശത്രുവിന്റെ മൃതദേഹത്തോടു പോലും ആദരവോടെ പെരുമാറണമെന്നാണ് അന്താരാഷ്ട്ര നിയമം. സ്വന്തം രാജ്യത്തെ ഒരു പൗരൻ, അയാളുടെ രാഷ്ട്രീയമോ അയാൾ പ്രതിനിധീകരിക്കുന്ന സംഘടനയുടെ ഇടപെടലുകളോ എല്ലാം പരിഗണിച്ചാല്‍ പോലും അയാളുടെ മൃതശരീരത്തോട്, അത് അവസാനമായി ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന അയാളുടെ കുടുംബത്തോട് പോലീസ് കാണിച്ച കുറ്റകരമായ പ്രവർത്തിക്കു യാതൊരു ന്യായീകരണവും ഇല്ല. ആയിരം വാക്കുകള്‍ക്ക് പകരമാണ് ഒരു ചിത്രമെന്നാണ് പറയാറുള്ളത് എങ്കിൽ മനുഷ്യാവകാശത്തിന്റെ ഇന്ത്യൻ അവസ്ഥയുടെ നേർക്കാഴ്ചയാണ് ആ ചിത്രം എന്ന് പറയേണ്ടി വരുന്നതിൽ അതിയായ ദു:ഖമുണ്ട്.
 
നാം നിരന്തരം ഉപയോഗിക്കുന്നതും എന്നാൽ വിരളമായി മനസിലാക്കുന്നതുമായ ഒരു പദപ്രയോഗമാണ്‌ മനുഷ്യാവകാശങ്ങൾ. മനുഷ്യാവകാശങ്ങളെ സംബന്ധിച്ച ചർച്ചകളിലെല്ലാം നാം കേൾക്കുന്നത്‌ പൗരാവകാശങ്ങളെക്കുറിച്ചും പൊതു സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ചർച്ചകളാണ്‌. രാഷ്ട്രം അനുവദിക്കുമ്പോൾ മാത്രമാണ്‌ സിവിൽ റൈറ്റ്സ് അവകാശങ്ങളുണ്ടാകുന്നത്‌. മറ്റ്‌ വാക്കുകളിൽ പറഞ്ഞാൽ സിവിൽ അവകാശങ്ങൾ മുകളിൽ നിന്ന്‌ അധികാരകേന്ദ്രം സമ്മാനമായി തരുന്നതാണ്‌. ഇത്തരം അവകാശങ്ങളുടെ കാര്യത്തിൽ വ്യക്തിയും രാഷ്ട്രവും തമ്മിൽ ഒരു ബന്ധമുണ്ട്‌. സ്ഥലകാലങ്ങൾക്കനുസൃതമായി ഇത്തരം അവകാശങ്ങൾ മാറുന്നു എന്ന്‌ വിവക്ഷ. എന്നാൽ, സിവിൽ അവകാശങ്ങൾക്ക്‌ വിരുദ്ധമായി മനുഷ്യാവകാശങ്ങൾ സാർവലൗകികമായ സദാചാര തത്വങ്ങളുടെ അടിസ്ഥാനത്തിൽ താഴെ നിന്ന്‌ ഉയർന്നുവരുന്നവയാണ്‌. ലോകമെമ്പാടും സ്വീകാര്യമായ ഈ അവകാശങ്ങൾ എല്ലാ മനുഷ്യജീവനുമുള്ള തുല്യമായ മൂല്യത്തെ അംഗീകരിക്കുവാനാണ്‌ ശ്രമിക്കുന്നത്‌. ഏതെങ്കിലും ഭരണസംവിധാനത്തിന്റെ ചപല താൽപര്യങ്ങൾക്ക്‌ മനുഷ്യാവകാശങ്ങളെ വിധേയമാക്കാനാവില്ല.
 
 
നിലമ്പൂര്‍ കരുളായിയിലെ വനമേഖലയിലുണ്ടായ പൊലീസ് വെടിവയ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു . സംഭവം വലിയ വിവാദമാവുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരിക്കുന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഭോപ്പാലിലോ തെലുങ്കാനയിലോ അല്ല ഇത്തവണ കേരളമാണ് വ്യാജ ഏറ്റുമുട്ടൽ കൊലപാതകം എന്ന മനുഷ്യാവകാശ ധ്വംസനത്തിന് ആരോപണവിധേയമായിരിക്കുന്നത്; അതും ഒരു ഇടതുപക്ഷ ഭരണത്തിന് കീഴിൽ; പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കുന്ന സംസ്ഥാനത്തിൽ. ഇതിനെത്തുടർന്ന് ചർച്ചകൾ കൂടുതലും മുന്നോട്ടു പോയത് മവോയിസ്റ്റ്‌/നക്സൽ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചുള്ള ഫാക്ച്വൽ ഡോക്കുമെന്റേഷനും മാവോയിസ്റ് ഗ്രൂപ്പുകൾ നടത്തിയിട്ടുള്ള കൊലപാതകങ്ങളേയും ചുറ്റിപ്പറ്റിയാണ്. കടുത്ത വിയോജിപ്പാണ് ഈ സ്ഥിതിവിശേഷത്തോടുള്ളത്. മാവോയിസ്റ് രാഷ്ട്രീയം ചർച്ച ചെയ്യരുത് എന്നല്ല മറിച്ച് അതിനേക്കാൾ ഭീകരമായ ഒരു വിഷയം മുന്നിൽ ഉണ്ട്. അതിനെ തമസ്കരിച്ചു മുന്നോട്ടു പോകുന്നത് ഒരുതരം കൈ കഴുകലാണ്; ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുന്ന ഒരു പ്രവണതയാണത്.
 
ശൈഥില്യം, ക്രമത്തിന് വേണ്ടിയുള്ള, വ്യവസ്ഥകള്‍ക്കുള്ള ആഗ്രഹം സൃഷ്ടിക്കും. അതുകൊണ്ടാണ്, അടിയന്തിരാവസ്ഥക്കാലത്ത് ജീവനക്കാര്‍ കൃത്യസമയത്ത് ഓഫീസിലെത്തുന്നതും ട്രെയിനുകള്‍ കൃത്യമായി ഓടുന്നതും അടിയന്തിരാവസ്ഥയുടെ ഗുണഫലങ്ങളായി ഇന്ത്യന്‍ പൊതുബോധം സ്വീകരിച്ചത്. പൊതുവെ ഏറ്റുമുട്ടൽ കൊലപാതകങ്ങളും അതിന്റെ അന്വേഷണങ്ങളും ഒന്നും പൊതുബോധത്തിന് വലിയ താത്പര്യമുള്ള വിഷയങ്ങളല്ല; കാരണം മിക്കവാറും അവർ കൊല്ലപ്പെടേണ്ടവർ തന്നെയാണ് എന്ന ബോധം ഇതിനോടകം ഭരണകൂടം പൊതുബോധത്തെ ധരിപ്പിച്ചു വെച്ചിരിക്കും. ജനസ്വാധീനമുള്ള പല പത്രമാധ്യമങ്ങളും ബുദ്ധിജീവികളും അക്കാലത്ത് ഈ ധാരണകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ക്രമത്തിന് വേണ്ടിയുള്ള, ഈ ആഗ്രഹ സാഫല്യത്തിന്റെ സാധ്യത ഒരു ടോട്ടാലിറ്റേറിയന്‍ അധികാരവ്യവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു നമ്മുടെ പൊതുബോധം. സംവാദത്തേക്കാള്‍ അനുസരണയാണ് കരണീയം എന്ന ഫാസിസ്റ്റ് തത്വം നമ്മുടെ പൊതുബോധത്തിലാകെ പടരാന്‍ തുടങ്ങി. ഇവിടെയാണ് മുകളിൽ ഉദ്ദരിച്ച കക്കയം കവിത പ്രസക്തമാകുന്നത്. നമ്മുടെ ഊഴം വരുന്നത് വരെ മാത്രമേ അനുസരണ എന്ന അടിമത്തത്തിന് ആയുസുള്ളൂ എന്നത് കൂടി ചരിത്രം ഒരു റഫറൻസായി എടുത്ത് ഓർമയിൽ സൂക്ഷിക്കുക. ഇത് കേരള സമൂഹമാണ് എന്നത് കൂടി ഓർക്കുക; ജനകീയ അവകാശ സമരങ്ങള്‍ക്ക് ശബ്ദവും രൂപവും നല്കിയ സമൂഹം, ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ജനാധിപത്യ അന്തരീക്ഷവും മതേതരത്വ മൂല്യങ്ങളും അവകാശപ്പെടാനാകുന്ന സംസ്ഥാനം. മനുഷ്യാവകാശങ്ങളെയും വ്യക്തി സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള പുതിയ ധാരണകളാല്‍ ലോകം സ്വയം നവീകരിക്കാൻ ശ്രമിക്കുമ്പോൾ നാം മാത്രം പിന്നോട്ട് നടക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന വലിയ നീതികേടാണ്.
 

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍