UPDATES

ട്രെന്‍ഡിങ്ങ്

ബി.എസ്.എഫ് ജവാനെയും അമ്മയെയും അയല്‍വാസിയായ പൊലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു; അക്രമിച്ചത് ദളിതരായതുകൊണ്ടെന്ന് കുടുംബം

എസ്.സി/എസ്.ടി ആക്ട് പ്രകാരം പൊലീസുദ്യോഗസ്ഥനെതിരെ പരാതി നല്‍കിയിരിക്കുകയാണ് റിനീഷും കുടുംബവും

ശ്രീഷ്മ

ശ്രീഷ്മ

കോഴിക്കോട്ട് ബി.എസ്.എഫ് ജവാനെയും അമ്മയെയും അയല്‍വാസിയായ പൊലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. പതിനേഴു വര്‍ഷമായി ബി.എസ്.എഫില്‍ ജോലി നോക്കുന്ന റിനീഷിനും അമ്മ ശ്രീമതിക്കും, ഞായറാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് നാലു പേരടങ്ങുന്ന സംഘത്തില്‍ നിന്നും മര്‍ദ്ദനം നേരിടേണ്ടിവന്നത്. ദളിത് കുടുംബാംഗങ്ങളാണ് ഇരുവരും. മര്‍ദ്ദിച്ച സംഘത്തിലുള്ളത് പൊലീസുകാരാണെന്നും, അയല്‍വാസിയായ ഒരു പൊലീസുദ്യോഗസ്ഥനാണ് മര്‍ദ്ദനത്തിനു കാരണക്കാരനെന്നുമാണ് റിനീഷിന്റെയും ശ്രീമതിയുടെയും പരാതി. സാരമായ പരിക്കുകളോടെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇരുവരെയും. കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശിയായ റിനീഷ് പഞ്ചാബിലെ ക്യാമ്പില്‍ നിന്നും അവധിയ്‌ക്കെത്തിയതായിരുന്നു. അടുത്ത മാസമാദ്യം തിരികെപ്പോകാനിരിക്കെയാണ് സംഭവം.

റിനീഷും കുടുംബവും പിതൃസഹോദരന്റെ മക്കള്‍ക്കൊപ്പം ഇരുനിലക്കെടിടത്തിലെ രണ്ടു വീടുകളിലായാണ് താമസം. സഹോദരങ്ങള്‍ തമ്മില്‍ ശനിയാഴ്ച രാത്രിയുണ്ടായ ചെറിയ വാക് തര്‍ക്കത്തിലാണ് സംഭവങ്ങളുടെ തുടക്കം. വീടിനകത്തുണ്ടായ, തീര്‍ത്തും സ്വാഭാവികമായ ചെറിയ തര്‍ക്കം മാത്രമായിരുന്നു അത് എന്ന് റിനീഷും സഹോദരന്മാരും പറയുന്നു. എന്നാല്‍, വിഷയത്തില്‍ അനാവശ്യമായി ഇടപെട്ട്, പൊലീസിനെ വിളിച്ചിവരുത്തുകയായിരുന്നു അയല്‍ക്കാരനായ പൊലീസുകാരന്‍ എന്നാണ് റിനീഷിന്റെ സഹോദരങ്ങളിലൊരാളായ രവിയുടെ പക്ഷം. പൊലീസെത്തിയെങ്കിലും, സഹോദരങ്ങള്‍ക്കു തമ്മില്‍ത്തമ്മില്‍ പരാതികളില്ലാതിരുന്നതിനാല്‍ തിരികെപ്പോകുകയായിരുന്നു എന്ന് റിനീഷിന്റെ പിതൃസഹോദരിയുടെ മകനായ രവി പറയുന്നു.

‘ഒരു വീട്ടിലാവുമ്പോള്‍ അമ്മയും മക്കളും തമ്മില്‍ ചെറിയ സംസാരമൊക്കെ ഉണ്ടാവില്ലേ? അങ്ങിനെയൊരും സംഭവമാണ് ഉണ്ടായത്. ചെറിയ വാക്തര്‍ക്കം. അതിനു ശേഷം, അവന്റെ സഹോദരന്‍ വന്നു പ്രശ്‌നമന്വേഷിച്ചപ്പോഴേക്കും അത് കഴിയുകയും ചെയ്തിരുന്നു. തൊട്ടടുത്ത വീട്ടില്‍ ഒരു പൊലീസുകാരന്റെ ഗൃഹപ്രവേശം അടുത്ത ദിവസം നടക്കാനിരിക്കുന്നുണ്ടായിരുന്നു. ഇയാള്‍ ഈ ബഹളം കേട്ട് പൊലീസില്‍ വിവരമറിയിച്ചു. അവര്‍ വീട്ടിലെത്തുകയും ചെയ്തു. എസ്.ഐ.യും മറ്റൊരു പൊലീസുകാരനും വീട്ടില്‍വന്ന് കാര്യമെന്താണെന്നന്വേഷിച്ചു. റിനീഷിന്റെ സഹോദരന്മാരോട് പരാതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഇടയ്ക്കിടെ ഇത്തരം സംസാരങ്ങള്‍ ഉണ്ടാകാറുണ്ട്, ഇത് ഞങ്ങള്‍ക്ക് പ്രശ്‌നമുള്ള കാര്യമൊന്നുമല്ലെന്ന് അവര്‍ പറയുകയും ചെയ്തതാണ്. അവിടെനിന്നും നേരെ പരാതി കൊടുത്ത പൊലീസുകാരന്റെ വീട്ടില്‍ച്ചെന്ന്, അയാളെ റിനീഷ് എന്തെങ്കിലും അസഭ്യം പറഞ്ഞുവോ എന്നും ഇവര്‍ ചോദിച്ചിരുന്നു. അപ്പോള്‍ അയാള്‍ക്കും അത്തരം പരാതികളൊന്നും പറയാനില്ല. സ്വാഭാവികമായും പൊലീസുകാര്‍ തിരിച്ചുപോയി.’

പരാതിയില്ലെന്നു കണ്ട് പൊലീസുദ്യോഗസ്ഥര്‍ മടങ്ങിയ ശേഷമാണ് ഗൃഹപ്രവേശം നടക്കാനിരിക്കുന്ന വീട്ടില്‍ മദ്യപാനസദസ്സ് ഉണ്ടായതെന്നും, അവിടേക്കെത്തിയ പൊലീസുകാരന്റെ പയ്യോളിയില്‍ നിന്നുള്ള ചില സുഹൃത്തുക്കളാണ് പ്രശ്‌നം വഷളാക്കിയതെന്നും രവി പരാതിപ്പെടുന്നുണ്ട്. മദ്യപിച്ച ശേഷം റിനീഷിന്റെ വീട്ടിലുണ്ടായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ഇവര്‍, പൊടുന്നനെ വീട്ടില്‍ കയറിവന്ന് റിനീഷിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഈ സംഘത്തിലുണ്ടായിരുന്നവരെല്ലാം പൊലീസുകാരാണെന്നും ആരോപണമുണ്ട്. ‘ഇവര്‍ വിളിച്ചറിയിച്ചിട്ടും പൊലീസുകാര്‍ റിനീഷിനെ ഒന്നും ചെയ്തില്ലല്ലോ. പട്ടികജാതിക്കാരനായിട്ടും അവനെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചില്ലല്ലോ എന്നതു തന്നെയാണ് അവരുടെ പ്രശ്‌നം. ഈ ചര്‍ച്ച നടക്കുന്നതിനിടെയാണ് രാത്രി ഒരു മണിയ്ക്കും രണ്ടു മണിയ്ക്കും ഇടയിലെപ്പോഴോ റിനീഷ് വീടിനു പുറത്തിറങ്ങിയത്. ആ നേരത്ത് ഈ പൊലീസുകാരന്‍ മരക്കഷണങ്ങളുമായെത്തി അടിച്ചു വീഴ്ത്തുകയായിരുന്നു. ഒപ്പം മറ്റു മൂന്നു പേരും ഉണ്ടായിരുന്നു. സ്വന്തം വീട്ടിലിട്ട് അവനെ ഇവര്‍ വല്ലാതെ മര്‍ദ്ദിച്ചു. റിനീഷിനെ ഉപദ്രവിക്കുന്നതു കണ്ട് തടയാനെത്തിയ അമ്മയെയും ചവിട്ടിത്താഴെയിട്ടു. മുഖത്താണ് റിനീഷിന് പരിക്ക്. കാര്യമായി എന്തോ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതാണ്. അമ്മയ്ക്കും ശരീരവേദനയുണ്ട്. ജാതീയമായ അധിക്ഷേപം തന്നെയാണ് റിനീഷിനും അമ്മയ്ക്കുമെതിരെ ഉണ്ടായിരിക്കുന്നത്. ബി.എസ്.എഫിലെ ജോലിയില്‍ നിന്നും അത്യാവശ്യം തെറ്റില്ലാത്ത ഒരു വീടു തന്നെയാണ് റിനീഷും നിര്‍മിച്ചിരിക്കുന്നത്. അതിന്റേതായ പ്രശ്‌നങ്ങളും ഈ പൊലീസുകാരനുണ്ടെന്നു തോന്നുന്നു. വീടിനകത്ത് സഹോദരങ്ങളോട് മറ്റാരെയും പോലെ തര്‍ക്കിക്കുന്നതൊഴിച്ചാല്‍, പുറത്തൊരാളോടും മോശമായി പെരുമാറാത്തയാളാണ് റിനീഷ്.’

മുഖത്തും ഇടത്തെ വാരിയെല്ലിനുമാണ് റിനീഷിന് സാരമായ പരിക്കുകളുള്ളത്. ശ്രീമതിക്ക് നാഭിക്കും കഴുത്തിനുമാണ് പരിക്ക്. എസ്.സി/എസ്.ടി ആക്ട് പ്രകാരം പൊലീസുദ്യോഗസ്ഥനെതിരെ പരാതി നല്‍കിയിരിക്കുകയാണ് റിനീഷും കുടുംബവും. പരാതി ലഭിച്ചതനുസരിച്ച് ചേവായൂര്‍ പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയുമെടുത്തിരുന്നു. ജാതീയമായ അധിക്ഷേപവും ആക്രമണവുമായി കണക്കാക്കി കേസെടുക്കണമെന്നു തന്നെയാണ് റിനീഷിന്റെയും രവിയുടെയും ആവശ്യം. എന്നാല്‍, ഒത്തുതീര്‍പ്പിനായുള്ള ശ്രമങ്ങള്‍ പൊലീസുദ്യോഗസ്ഥന്‍ നടത്തുന്നുണ്ടെന്നും രവി ചൂണ്ടിക്കാട്ടുന്നു. പരിചയക്കാരായ പലരെയും പറഞ്ഞയച്ച് ഒത്തുതീര്‍പ്പു ചര്‍ച്ചകളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഇനിയൊരു ദളിതനും ഈയവസ്ഥയുണ്ടാകാതിരിക്കാനെങ്കിലുംകേസുമായി മുന്നോട്ടു പോകണമെന്നാണ് രവിയുടെ പക്ഷം. എന്നാല്‍, ചേവായൂര്‍ പൊലീസ് റിനീഷിന്റെ പരാതിയില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അടുത്ത ദിവസം ഇരു കൂട്ടരെയും സ്റ്റേഷനില്‍ ചര്‍ച്ചയ്ക്കു വിളിക്കുമെന്നും, അതുവഴി ഒത്തുതീര്‍പ്പിനു ശ്രമിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ചേവായൂര്‍ പൊലീസ് പറയുന്നു.

സാംബവര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് സതീഷ് പാറന്നൂര്‍, ദളിത് ഫെഡറേഷന്‍ ഭാരവാഹിയായ പി.ടി ജനാര്‍ദ്ദനന്‍, അംബേദ്കര്‍ ജനപരിഷത്ത് പ്രവര്‍ത്തകന്‍ രാമദാസ് വേങ്ങേരി എന്നിവര്‍ റിനീഷിനെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദളിത് സംഘടനകളുടെ പിന്തുണയ്‌ക്കൊപ്പം കേസുമായി മുന്നോട്ടു തന്നെ പോകുമെന്നാണ് രവിയുടെയും റിനീഷിന്റെയും തീരുമാനം. ‘ഇനി മറ്റൊരു ദളിതന് ഈ അനുഭവം വരാന്‍ പാടില്ലല്ലോ. സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ വീട്ടില്‍ക്കയറി തല്ലുക എന്നു പറഞ്ഞാല്‍ വിഷയം തന്നെ മാറിയില്ലേ. റിനീഷിന്റെ ഭാഗത്ത് തെറ്റില്ല എന്നു മനസ്സിലായപ്പോള്‍ പൊലീസുകാരനെ ഞാന്‍ നേരിട്ടു കണ്ട് സംസാരിച്ചിരുന്നു. യൂണിഫോമഴിച്ചാല്‍ ഞാനും നിങ്ങളും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ലെന്നു പറയുകയും ചെയ്തു. തെറ്റുപറ്റിപ്പോയി എന്നു പറഞ്ഞ് കരയുകയാണ് അയാള്‍. പട്ടികജാതിക്കാരനായതുകൊണ്ടല്ലേ? മറ്റു വിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ ഇതായിരിക്കുമോ അവസ്ഥ?‘ രവി ചോദിക്കുന്നു.

ദളിത് സംഘടനാ പ്രവര്‍ത്തകരോടും തെറ്റുപറ്റിപ്പോയി എന്ന തരത്തിലാണ് പൊലീസുദ്യോഗസ്ഥന്‍ സംസാരിച്ചതെന്നും രവി പറയുന്നുണ്ട്. എത്ര കുറ്റബോധമുണ്ടെങ്കിലും നിയമത്തിന്റെ വഴിയില്‍ മുന്നോട്ടുപോകുമെന്നും, ദളിതരോട് എന്തുമാകാം എന്ന പൊതു ബോധത്തിനു മാറ്റം വരണമെങ്കില്‍ ഇത്തരം നിയമപരമായ ചെറുത്തു നില്‍പ്പുകള്‍ അത്യാവശ്യമാണെന്ന് ധാരണയുള്ളതുകൊണ്ടാണ് തങ്ങള്‍ ഈ തീരുമാനത്തിലെത്തിയതെന്നുമാണ് രവിയുടെ പക്ഷം. പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്ന് വിവിധ ദളിത് സംഘടനകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുടുംബത്തിലെ മുതിര്‍ന്ന അംഗമായ രവി തിരുവന്തപുരത്താണ് ജോലി നോക്കുന്നത്. വിവരമറിഞ്ഞ് നാട്ടിലെത്തുകയായിരുന്നു. ഏകമകളുടെ നൂലുകെട്ട് ചടങ്ങിനായി കഴിഞ്ഞ മാസം നാട്ടിലെത്തിയതാണ് റിനീഷ്.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍