UPDATES

ട്രെന്‍ഡിങ്ങ്

ദാസ്യപ്പണി വിവാദ നായകന്‍ എഡിജിപി സുധേഷ്‌കുമാറിന് ഉന്നത പദവി നല്‍കി സര്‍ക്കാര്‍; ഗവാസ്കര്‍ കേസിന് എന്തു സംഭവിച്ചു?

ദാസ്യപ്പണി ചെയ്യുന്നവരാരായിരുന്നാലും തക്ക നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്ക്

ദാസ്യപ്പണി വിവാദത്തില്‍ പ്രതിക്കൂട്ടിലായ എഡിജിപി സുധേഷ്‌കുമാര്‍ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. ദാസ്യപ്പണി ചെയ്യുന്നവരാരായിരുന്നാലും തക്ക നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വാക്കിലൊതുങ്ങി. സായുധ സേനാ ബറ്റാലിയന്‍ എഡിജിപി ആയിരിക്കെ നിരവധി ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടും സുധേഷ്‌കുമാറിന് വീണ്ടും ഉയര്‍ന്ന പദവി നല്‍കിയാണ് സര്‍ക്കാര്‍ തീരുമാനം. എഡിജിപിയുടെ മകള്‍ ഡ്രൈവറായിരുന്ന ഗവാസ്‌കറെ മര്‍ദ്ദിച്ച കേസ് ഇപ്പോഴും നടപടിയില്ലാതെ നീളുമ്പോള്‍ ട്രാന്‍സ്‌പോര്‍ട് കമ്മീഷണറായി സുധേഷ്‌കുമാറിനെ നിയമിക്കുന്നതില്‍ സേനയ്ക്കുള്ളില്‍ അതൃപ്തി രൂക്ഷമാണ്. ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ പോലും ഉദ്യോഗസ്ഥര്‍ നടപടികള്‍ നേരിടേണ്ടി വരുമ്പോള്‍ കുറ്റം ചെയ്തതിനും കുറ്റകൃത്യം ന്യായീകരിച്ചതിനും പ്രത്യക്ഷത്തില്‍ തെളിവുണ്ടായിരിക്കെ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാത്തതിലും സേനയില്‍ ചിലര്‍ക്ക് അമര്‍ഷമുണ്ട്. കീഴ്ജീവനക്കാരെ ദാസ്യപ്പണി ചെയ്യിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന തരത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ട ഉദ്യോഗസ്ഥനാണ് സുധേഷ്‌കുമാര്‍.

നിലവില്‍ കോസ്റ്റല്‍ പോലീസ് എഡിജിപിയാണ് സുധേഷ്‌കുമാര്‍. ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ കെ പത്മകുമാറിന് പകരക്കാരനായാണ് സുധേഷിനെ നിയമിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. നേരത്തെ ദാസ്യപ്പണി വിവാദത്തെ തുടര്‍ന്ന് സായുധസേനാ ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് സുധേഷ്‌കുമാറിനെ നീക്കിയിരുന്നു. പിന്നീട് കോസ്റ്റല്‍ സുരക്ഷാ ചുമതല നല്‍കുകയായിരുന്നു.

ക്യാമ്പ് ഫോളോവറായിരുന്ന ഗവാസ്‌കര്‍ എന്ന പോലീസുകാരനെ സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചതായുള്ള കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. 2018 ജൂണ്‍ 14ന് സുധേഷ്‌കുമാറിന്റെ ഡ്രൈവര്‍ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ സ്‌നിഗ്ദ്ധ ദേഹോപദ്രവം ഏല്‍പ്പിച്ച് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാണ് കേസ്. കനകക്കുന്നില്‍ പ്രഭാതസവാരിയ്ക്ക് കൊണ്ടുപോയി തിരിച്ച് വരുന്ന വഴിയില്‍ വാഹനത്തില്‍ വച്ച് സ്‌നിഗ്ദ്ധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്നെ മര്‍ദ്ദിച്ചുവെന്നായിരുന്ന ഗവാസ്‌ക്കറുടെ പരാതി. മര്‍ദ്ദനത്തില്‍ ഗവാസ്‌ക്കറിന്റെ കശേരുക്കള്‍ക്ക് ക്ഷതമേറ്റിരുന്നു. എഡിജിപിയുടെ മകളെ പ്രതിയാക്കി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം വിവാദമായതോടെ കേസ് പിന്‍വലിക്കാന്‍ എഡിജിപി സുധേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ഗവാസ്‌ക്കര്‍ വെളിപ്പടുത്തിയിരുന്നു. കേസുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചതോടെ ഗവാസ്‌ക്കറിനെതിരെ സുധേഷ്‌കുമാറും മകളും പരാതി നല്‍കി. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഗവാസ്‌ക്കര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എന്നാല്‍ തന്നെ കേസില്‍ കുടുക്കിയതാണെന്ന് കാണിച്ച് ഗവാസ്‌ക്കര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അതോടെ അശ്രദ്ധമായി ഡ്രൈവ് ചെയ്തതിനാലാണ് ഗവാസ്‌ക്കറുടെ തലയ്ക്ക് പരിക്ക് പറ്റിയതെന്നും തന്റെ മകള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കാണിച്ച് സുധേഷ്‌കുമാര്‍ ഡിജിപിയ്ക്ക് കത്ത് നല്‍കി. മകളെ ന്യായീകരിച്ച് എത്തിയ എഡിജിപിയ്‌ക്കെതിരെ അന്ന് മര്‍ദ്ദനമേറ്റ ഡ്രൈവര്‍ ഗവാസ്‌ക്കറും സേനയിലെ മറ്റ് ചിലരും ആരോപണങ്ങളുന്നയിച്ചിരുന്നു. ഡിജിപിയ്ക്ക് നല്‍കിയ കത്തില്‍ പറഞ്ഞ കാര്യങ്ങളും നേരത്തെ സുധേഷ്‌കുമാര്‍ ഉന്നയിച്ചിരുന്ന കാര്യങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ പ്രതിരോധം തീര്‍ക്കുക എന്നത് മാത്രമാണ് എഡിജിപിയുടെ ലക്ഷ്യമെന്നായിരുന്നു പോലീസ് സേനയിലുള്ളവരുടെ സംസാരം. ഇതിനിടെ ഹൈക്കോടതി ഗവാസ്‌ക്കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു.

പരാതിയില്‍ ഉറച്ച് നിന്ന് കേസുമായി മുന്നോട്ട് പോയ ഗവാസ്‌ക്കര്‍ക്ക് പിന്തുണയുമായി നിരവധി പോലീസുകാര്‍ എത്തി. പട്ടിയെ കുളിപ്പിക്കുന്നതും വീട്ടുസാധനങ്ങള്‍ വാങ്ങിപ്പിക്കുന്നതും വീട്ടുജോലികള്‍ ചെയ്യിക്കുന്നതുമടക്കം കീഴുദ്യോഗസ്ഥരെക്കൊണ്ട് ദാസ്യപ്പണിയാണ് എഡിജിപിയും കുടുംബവും ചെയ്യിക്കുന്നതെന്ന് പോലീസ് സേനയിലെ പലരും പരാതിപ്പെട്ടു. ഇത് ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവച്ചു. പോലീസ് സേനയിലെ തന്നെ ദാസ്യപ്പണി ചര്‍ച്ചയായി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ദാസ്യപ്പണി ചെയ്യരുതെന്ന് പോലീസ് ക്യാമ്പ ഫോളോവേഴ്‌സ് അസോസിയേഷന്‍ നിര്‍ദ്ദേശം നല്‍കി. ക്യാമ്പ് ഫോളോവേഴ്‌സിന്റെ വിവരങ്ങള്‍ ഡിജിപി ആവശ്യപ്പെട്ടു. സുധേഷ്‌കുമാറിന്റെ കുടുംബാംഗങ്ങള്‍ ഗവാസ്‌ക്കറെക്കൊണ്ട് വീട്ടുവേല ചെയ്യിച്ചിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗവും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് സുധേഷ്‌കുമാറിന്റെ സ്ഥാനം തെറിക്കുന്നത്.

അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഇതേവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഗവാസ്‌ക്കര്‍ പറയുന്നതിങ്ങനെ ‘ഞാനന്വേഷിക്കുമ്പോള്‍ അന്വേഷണം പൂര്‍ത്തിയായെന്ന് പറയും. മാധ്യമങ്ങളോടും കോടതിയിലും അന്വേഷണം കഴിഞ്ഞില്ലെന്ന് പറയും. ഒരുപാട് തവണ കേസ് സെറ്റില്‍ ചെയ്യാന്‍ വന്നു. വീ്ട്ടില്‍ വന്ന് മാപ്പ് പറയാമെന്ന് പറഞ്ഞു. എന്നാല്‍ എന്നോട് സ്വകാര്യമായി പറണ്ട, പൊതുവായി മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പിന്നീടാണ് എനിക്കെതിരെ അവര്‍ കേസ് കൊടുക്കുന്നത്. എനിക്കതിരെ ആക്ഷന്‍ എടുത്തോ എന്ന് ചോദിച്ച് നിരന്തരം വിവരാവകാശ രേഖ ചോദിച്ച് അപേക്ഷകള്‍ എത്തുന്നുണ്ട്. ഈ പ്രശ്‌നം മാധ്യമങ്ങളില്‍ വന്ന് ഇത്ര വിവാദമായതുകൊണ്ടാണ്. ഇല്ലെങ്കില്‍ ആദ്യം ഞങ്ങള്‍ക്ക് സസ്പന്‍ഷന്‍ തരും. എന്നിട്ടേ അന്വേഷണം നടക്കൂ.കേസില്‍ ആദ്യം എനിക്ക് കൂട്ടുനിന്നവര്‍ പലരും ഇപ്പോള്‍ പേടിച്ചിട്ട് മിണ്ടുന്നില്ല. ദിവസക്കൂലി ജീവനക്കാരായതുകൊണ്ട് ജോലികളയാന്‍ എളുപ്പമാണല്ലോ. ഞങ്ങള്‍ അടിമകളല്ലേ? അടിമത്വം ഇതേവരെ മാറിയില്ലല്ലോ? രണ്ട് കേസുകളും ഇപ്പോള്‍ കോടതിയിലാണ്.’

ഗവാസ്‌ക്കറുടെ പരാതിയ്ക്ക് പിന്നാലെ എഡിജിപി സുധേഷ്‌കുമാറിന്റെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത് വന്നു. ബറ്റാലിയന്‍ എഡിജിപിയായിരിക്കെ സുധേഷ്‌കുമാര്‍ മകളുടെ പഠനത്തിനുള്ള പുസ്തകങ്ങളും സിറോക്‌സ് മിഷ്യനുമുള്‍പ്പെടെ സര്‍ക്കാര്‍ ചെലവില്‍ വാങ്ങിയെന്ന ആരോപണം പലരും ഉന്നയിച്ചു. മലയാളികളോട് പുച്ഛത്തോടെയും പരിഹാസത്തോടെയും മാത്രം സംസാരിക്കുന്ന ഉത്തരേന്ത്യക്കാരന്‍ എന്ന ആക്ഷേപവും ഉയര്‍ന്നുകേട്ടു. മകളുടെ കായിക പരിശീലനത്തിന് വനിതാ പോലീസ് ഉദ്യോഗസ്ഥ, വീട്ടുജോലി ചെയ്യുന്നതടക്കം കീഴുദ്യോഗസ്ഥര്‍, ഔദ്യോഗിക വാഹനം കൂടാതെ നാല് സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളും സുധേഷ്‌കുമാറിനെതിരെ പറഞ്ഞുകേട്ടു. ജീവനക്കാരെ വീട്ടുവേല ചെയ്യിക്കുന്നത് എഡിജിപിയുടെ അറിവോടെയാണെന്നും ഇതിന് തയ്യാറാകാതിരുന്ന 12 ക്യാംപ് ഫോളോവര്‍മാരെ പിരിച്ചുവിട്ടുവെന്നും രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഭാര്യയും മകളും ബന്ധുക്കളും ഔദ്യോഗിക വാഹനം തുരുപയോഗം ചെയ്യുന്നു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദാസ്യപ്പണി വിവാദം സര്‍ക്കാരിനും വലിയ തലവേദനയായി. ദാസ്യപ്പണി ചെയ്യിക്കുന്നത് എത്ര ഉന്നതനായാലും കര്‍ശന നടപടി സ്വീകരിക്കും എന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. കഴിഞ്ഞ ജൂണ്‍ 18ന് ശബരിനാഥന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. എന്നാല്‍ അത്തരത്തില്‍ ഒരു ഉദ്യോഗസ്ഥനാണ് ഗതാഗത വകുപ്പ് കമ്മീഷണര്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. പോലീസ് സേയിലും ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും സുധേഷ്‌കുമാറിനോട് എതിര്‍പ്പുണ്ടായിരുന്നിട്ടും സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തതിനെതിരെയാണ് ചില പോലീസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം. എന്നാല്‍ പോലീസ് കുപ്പായത്തിന് പുറത്തുള്ള ചുമതല നല്‍കുക വഴി സര്‍ക്കാര്‍ മാതൃകാപരമായാണ് വിഷയത്തില്‍ ഇടപെട്ടിരിക്കുന്നതെന്ന വാദവുമുണ്ട്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍