UPDATES

കുറ്റക്കാരനെങ്കില്‍ മകന്‍ ശിക്ഷിക്കപ്പെടണം. എന്തിനെന്നെ വേട്ടയാടുന്നു? വാടക വീട് ഒഴിയാന്‍ പോലീസ് ഭീഷണിയെന്ന് ഗോമതി

രാഷ്ട്രീയക്കാര്‍ക്കും മാഫിയകള്‍ക്കും അവര്‍ക്ക് കൂട്ടു നില്‍ക്കുന്ന പൊലീസിനും എതിരേ പ്രതികരിച്ച ഒരു സ്ത്രീയായ തനിക്കെതിരേ നടക്കുന്ന ഈ അന്യായങ്ങള്‍ അവസാനിപ്പിക്കണമെന്നും തനിക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം കിട്ടണമെന്നും ഗോമതി

കുറ്റക്കാരനെങ്കില്‍ എന്റെ മകന്‍ ശിക്ഷിക്കപ്പെടണം…ഞാനെപ്പോഴും പറയുന്നത് അതാണ്..പിന്നെ എന്തിനാണ് അവര്‍ എന്നെയിങ്ങനെ ദ്രോഹിക്കുന്നത്? അവര്‍ പ്രതികാരം ചെയ്യുകയാണ്…എന്നെ നശിപ്പിക്കണം അവര്‍ക്ക്…

കേരളത്തിന്റെ സമര ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിയ മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ നയിച്ച പൊമ്പുളൈ ഒരുമൈ സമരത്തിന് നേതൃത്വം വഹിച്ച ഗോമതിയുടെ വാക്കുകളാണിത്. പ്രതിഷേധവും സ്വയംപ്രതിരോധവും ഒപ്പം നിസഹായതയും നിറഞ്ഞ വാക്കുകള്‍.

പൊലീസിന്റെ ഭാഗത്തു നിന്നും തനിക്കു നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാനസിക പീഡനങ്ങള്‍ക്കെതിരേയാണ് ഗോമതി സംസാരിക്കുന്നത്. പൊലീസിനൊപ്പം രാഷ്ട്രീയക്കാര്‍ക്കും ഭൂമാഫിയാക്കാര്‍ക്കും കാണണം തന്റെ തകര്‍ച്ചയെന്ന് ഗോമതി പറയുന്നു.

കൂലിക്കു വേണ്ടി ഞങ്ങള്‍ നടത്തിയ സമരം. ഭൂമിക്കുവേണ്ടി ഞങ്ങള്‍ നടത്തുന്ന സമരം, രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും കള്ളത്തരങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരേ ഉയര്‍ത്തുന്ന പ്രതിഷേധം; ഇതെല്ലാമാണ് അവര്‍ എന്നെ വേട്ടയാടാന്‍ കാരണം. ജീവിക്കാന്‍ സമ്മതിക്കാതെ, ജോലി ചെയ്യാന്‍ സമ്മതിക്കാതെ, ഇപ്പോഴിതാ ഒരു കൂരയ്ക്ക് കീഴില്‍ താമസിക്കാന്‍ പോലും സമ്മതിപ്പിക്കാതെ അവരെന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്…

എന്റെ മകന്റെ പേരില്‍ കേസ് ഉണ്ട്. അവന്‍ ഇപ്പോള്‍ റിമാന്‍ഡിലുമാണ്. അവന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഞാനെപ്പോഴും അതു തന്നെയാണ് പറയുന്നത്. പക്ഷേ, ആ കേസിന്റെ പേരില്‍ എന്നെയെന്തിനാണ് പൊലീസ് ഉപദ്രവിക്കുന്നത്? പൊലീസ് കാരണം വാടക വീട് ഒഴിഞ്ഞുകൊടുക്കേണ്ട അവസ്ഥയിലാണ് ഞാന്‍.

മൂന്നു ദിവസത്തെ സമയം വീട്ടുടമയോട് ചോദിച്ചിട്ടുണ്ട്. അതു കഴിഞ്ഞാല്‍ ഇറങ്ങണം. വേറെ എവിടെയെങ്കിലും. അവിടെയും അവര്‍ എന്നെ ജീവിക്കാന്‍ അനുവദിക്കുമോ? പൊലീസും രാഷ്ട്രീയക്കാരും ചേര്‍ന്നാണ് എനിക്കെതിരേ നില്‍ക്കുന്നത്.

മണിയുടെ മാപ്പ് മാത്രമല്ല പ്രശ്നം; ഇത് ഭൂമിക്ക് വേണ്ടിയും ജാതി അടിമത്തത്തിനും എതിരെയുള്ള സമരം

മൂന്നാര്‍ ലക്ഷംവീട് കോളനിയിലായിരുന്നു കഴിഞ്ഞ ഒന്നര വര്‍ഷമായി ഗോമതിയും മകനും വാടകയ്ക്ക് താമസിച്ചു പോന്നിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ഗോമതിയുടെ മകനെതിരേ കേസ് വരികയും അയാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയുമാണ്. പൊലീസ് ഇപ്പോള്‍ ഗോമതിയ്ക്ക് വീട് വാടകയ്ക്ക് നല്‍കിയിരുന്ന വ്യക്തിയോട് എത്രയും വേഗം ഗോമതിയെ ഒഴിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ആവശ്യപ്പെടുകയല്ല, ഭീഷണിപ്പെടുത്തിയാണ് പൊലീസ് തന്നെ അവിടെ നിന്നും പുറത്താക്കാന്‍ വീട്ടുടമയെ സമ്മതിപ്പിച്ചതെന്നാണ് ഗോമതി പറയുന്നത്. എന്നോട് വ്യക്തിപരമായ ഒരു പ്രശ്‌നവും അവര്‍ക്ക് ഇല്ല. എന്നാല്‍ പൊലീസിനെ പേടിയാണ്, അതുകൊണ്ട് വീട് ഒഴിയാന്‍ പറഞ്ഞതെന്നും ഗോമതി പറയുന്നു.

അവര്‍ ഫോണില്‍ പറഞ്ഞതിന്റെ റെക്കോര്‍ഡ് എന്റെ കൈയില്‍ ഉണ്ട്. എന്നെ പറഞ്ഞു വിട്ടില്ലെങ്കില്‍ മകന്റെ പേരില്‍ കേസ് ഉണ്ടാക്കുമെന്നൊക്കെയാണ് പൊലീസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. അതോടെ അവര്‍ പേടിച്ചു. കേസ് പ്രശ്‌നവുമൊക്കെ വേറെ എവിടെയെങ്കിലും നിന്ന് നടത്തിക്കോ, തത്കാലം ഇവിടെ നിന്നും പോയ്‌ക്കോ എന്നാണ് വീട്ടുടമ പറഞ്ഞത്. ഞാനവരോട് മൂന്നു ദിവസത്തെ സമയം ചോദിച്ചിട്ടുണ്ട്. അത് കഴിഞ്ഞ് ഇറങ്ങണം. ആ വീട്ടില്‍ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നും അതുകൊണ്ട് ആ വീട്ടില്‍ ഞാന്‍ താമസിക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നൊക്കെയാണ് പൊലീസ് പറയുന്നത്. എന്റെ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവനല്ലേ കുറ്റക്കാരന്‍, അവന്റെ അമ്മയായ ഞാനും അതില്‍ പങ്കാളിയാണോ? അല്ലെങ്കില്‍ തന്നെ വീട്ടില്‍ നിന്നും ഇറക്കി വിടീപ്പിച്ചൊക്കെയാണോ പൊലീസ് കേസ് അന്വേഷിക്കേണ്ടത്? ഗോമതി ചോദിക്കുന്നു.

ഭൂമി പ്രശ്‌നം ഉയര്‍ത്തി സമരം ആരംഭിച്ചപ്പോള്‍ മുതല്‍ എനിക്കെതിരേ ഇവിടുത്തെ രാഷ്ട്രീയക്കാരും പൊലീസും തിരിഞ്ഞതാണ്. രണ്ടാം പൊമ്പുളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് സി ഐ സാം ജോസിനെതിരേ ഞാന്‍ പരാതി നല്‍കിയിരുന്നു. എന്റെ ഫോണ്‍ തട്ടിപ്പറിച്ചു വാങ്ങുകയും ജാതിപ്പേര് വിളിച്ച് അക്ഷേപിച്ചതിനുമൊക്കെ എതിരേ ഞാന്‍ പരാതി കൊടുത്തിരുന്നു. കേസ് കൊടുത്തപ്പോള്‍ ഒത്തുതീര്‍പ്പിന് വിളിച്ചു. പക്ഷേ, ഞാന്‍ സമ്മതിച്ചില്ല. ഇതിന്റെയൊക്കെ വിരോധം പൊലീസിന് എന്നോടുണ്ട്. പിന്നെ ഇവിടെ ഭൂമി കയ്യേറിയവരില്‍ പൊലീസുകാരും ഉണ്ട്. എന്റെ സമരം അവര്‍ക്കും കൊള്ളും. ഞാനിപ്പോള്‍ കേരളത്തില്‍ എവിടെ ഭൂമസരം നടന്നാലും അവിടെ പോകും. തോട്ടം തൊഴിലാളിയായ ഞാന്‍ എന്തിനാണ് വേറെ സ്ഥലത്ത് സമരത്തിനു പോകുന്നതെന്നാണ് പൊലീസ് ചോദിക്കുന്നത്. എന്നെ പങ്കെടുപ്പിക്കരുതെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. ഞാനാണെങ്കില്‍ കേരളം മുഴുവന്‍ നടക്കുന്ന ഭൂസമരങ്ങളില്‍ പങ്കെടുക്കുകയാണ്. അവരുടെയെല്ലാം സഹായം എനിക്കും വേണം. മൂന്നാറിലെ ഭൂമി പ്രശ്‌നം ഒറ്റയ്ക്കാണെങ്കിലും മുന്നോട്ടു കൊണ്ടുപോകും. അപ്പോള്‍ എല്ലാവരുടെയും സഹായം വേണം. അതിനുവേണ്ടിയാണ് ഞാന്‍ നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് പൊലീസിനും രാഷ്ട്രീയക്കാര്‍ക്കും എന്നോട് വെറുപ്പ്. അവരെന്റെ കിടപ്പാടം പോലും നഷ്ടമാക്കിയതും അതുകൊണ്ട് തന്നെയാണ്. എന്നെയവര്‍ ഒത്തിരി കഷ്ടപ്പെടുത്തുന്നുണ്ട്. ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നു പറയാം. പക്ഷേ, ഞാന്‍ പോരാടും… ഗോമതി പറഞ്ഞു നിര്‍ത്തുന്നു.

മൂന്നാര്‍: സമരം പൊളിക്കുന്നവര്‍, ഏറ്റെടുക്കുന്നവര്‍, മാധ്യമങ്ങള്‍ കേള്‍ക്കുക: ഗോമതി സംസാരിക്കുന്നു

മകനെതിരെയുള്ള കേസ് അന്വേഷണത്തിന്റെ പേരില്‍ പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് കാണിച്ച് സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് ഗോമതി പരാതി നല്‍കിയിരുന്നു. 2018 മാര്‍ച്ച് 24 ന് തന്റെ മകനെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇതേ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമെന്ന പേരില്‍ പൊലീസ് തനിക്കെതിരേയും മാനസിക പീഡനം നടത്തുകയാണ്. ഞാന്‍ താമസിക്കുന്ന വാടക വീട്ടില്‍ മൂന്നാര്‍ എസ് ഐ സജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആറു തവണയാണ് എത്തിയത്. ഓരോ തവണയും വരുമ്പോഴും അവര്‍ പറയുന്നത് അന്വേഷണത്തിന്റെ ഭാഗമായാണ് വന്നതെന്നാണ്. 2018 ഏപ്രില്‍ 26 ആം തീയതി വീണ്ടും എത്തിയ പൊലീസ് എന്നെ വീട്ടില്‍ നിന്നും ഇറക്കി വിടണമെന്ന് പറഞ്ഞു വീട്ടുടമയെ മനപൂര്‍വം ഭീഷണിപ്പെടുത്തി. കഴിഞ്ഞ ഒരുമാസത്തോളമായി പൊലീസ് എന്നെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വളരെ മോശമായ രീതിയിലാണ് പൊലീസുകാര്‍ എന്നോട് പെരുമാറുന്നത്. രാഷ്ട്രീയക്കാരുടെ താത്പര്യവും ഇതിനു പിന്നിലുണ്ട്. ഈ പൊലീസുകാര്‍ക്കെതിരേ സത്വര നടപടിയെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു 2018 ഏപ്രില്‍ 27 ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് ഗോമതി പരാതി നല്‍കിയത്.

"</p "</p

എന്നാല്‍ ഇത്തരമൊരു പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഗോമതി പറയുന്നത്. മാത്രമല്ല, പൊലീസിന്റെ ഭീഷണി തനിക്കെതിരേ വര്‍ദ്ധിച്ചു വരികയാണെന്നും ഇവര്‍ പരാതിപ്പെടുന്നു.

താന്‍ നേരിടുന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് ദേവികുളം സബ് കളക്ടര്‍ക്കും ഗോമതി പരാതി നല്‍കി. മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കാനാണ് സബ് കളക്ടര്‍ ഓഫിസില്‍ നിന്നും നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും പറയുന്നു. കളക്ടര്‍ക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഗോമതി. രാഷ്ട്രീയക്കാര്‍ക്കും മാഫിയകള്‍ക്കും അവര്‍ക്ക് കൂട്ടു നില്‍ക്കുന്ന പൊലീസിനും എതിരേ പ്രതികരിച്ച ഒരു സ്ത്രീയായ തനിക്കെതിരേ നടക്കുന്ന ഈ അന്യായങ്ങള്‍ അവസാനിപ്പിക്കണമെന്നും തനിക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം കിട്ടണമെന്നുമാണ് ഗോമതി എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നത്.

2017 ഏപ്രിലില്‍ പൊമ്പുള്ളൈ ഒരുമൈയുടെ നേതൃത്വത്തില്‍ മൂന്നാറിലെ ടാറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരേക്കര്‍ വീതം തൊഴിലാളികള്‍ക്ക് നല്‍കണം എന്ന് പറഞ്ഞു സമരം നടത്തിയതു മുതല്‍ സര്‍ക്കാരും പോലീസും പലവിധത്തില്‍ ഗോമതിയുടെ വ്യക്തി ജീവിതത്തെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളേയും ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് മാധ്യമപ്രവര്‍ത്തകനായ സന്തോഷ് കുമാര്‍ പറയുന്നത്. 17 കള്ളക്കേസുകള്‍ ആണ് അവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കൂടാതെ ‘തീവ്രവാദി’കളുടെ പിന്തുണയോടെ ഗോമതി ടാറ്റ തോട്ടംഭൂമി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് ടാറ്റ കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ കേസ്. അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമായ ഈ കേസ് ഹൈക്കോടതി തള്ളി.

സമരം നടന്ന അന്നു മുതല്‍ സി പി എമ്മും, പോലീസും, സ്‌പെഷ്യല്‍ ബ്രാഞ്ചും, റിസോര്‍ട്ട് മാഫിയകളും അടങ്ങുന്ന നെക്‌സസ് ചേര്‍ന്ന് അവരെ ഭീഷണിപ്പെടുത്തുകയും രാത്രിയില്‍ വീട് ആക്രമിക്കുകയും രാഷ്ട്രീയ ജീവിതത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ നിരവധി തവണ പോലീസ് മേധാവിക്കും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ല എന്ന് മാത്രമല്ല നിരന്തരം പോലീസ് ഭീഷണി കൂടുകയും ചെയ്യുന്നുണ്ട്. മൂന്നാര്‍ സി ഐ സാം ജോസിനെതിരെ ഗോമതി നല്‍കിയ പരാതി അവര്‍ പോലും അറിയാതെ പോലീസ് ക്ലോസ് ചെയ്തു. പൊമ്പുളൈ ഒരുമൈ പ്രവര്‍ത്തകരെ ജാതീയമായ അധിക്ഷേപിച്ചതിന്റെ പേരില്‍ സി ഐക്കെതിരെ നല്‍കിയ പരാതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനൊക്കെയുള്ള പ്രതികാരമായിട്ടാണ് ഇപ്പോള്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്നും ഗോമതിയെ ഇറക്കി വിടണമെന്നും അല്ലാത്ത പക്ഷം കേസ് എടുത്ത് അറസ്റ്റ് ചെയ്യുമെന്നും വീട്ടുടമസ്ഥരെ പോലീസ് ഭീക്ഷണിപ്പെടുത്തുന്നത്. ഇതിനെതിരെ കളക്ടര്‍ക്കും, ഡിജിപിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാന്‍ പോകുകയാണവര്‍.

ഗോമതിയുടേത് ബിജെപി സ്പോണ്‍സര്‍ നാടകം; യഥാര്‍ത്ഥ പൊമ്പുളൈ ഒരുമൈ ഞാനാണ്: ലിസി സണ്ണി സംസാരിക്കുന്നു

മൂന്നാറിലെ ഭൂ രാഷ്ട്രീയം ഉന്നയിച്ചു കൊണ്ട് സംസ്ഥാനത്തെ ആദിവാസി-ദളിത് സമരത്തിലും പൊതു സമരങ്ങളിലും ജി ഗോമതി സജീവമാകുന്നുണ്ട്. ഇതാണ് പോലീസിന്റെയും ഈ അവിശുദ്ധ കൂട്ടുകെട്ടിന്റേയും ഇപ്പോഴത്തെ പ്രകോപനത്തിന്റെ കാരണം. ക്രിമിനല്‍ സംഘമായ മൂന്നാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കും മൂന്നാറില്‍ നിരവധി പ്രദേശങ്ങളില്‍ അനധികൃതമായും നിയമവിരുദ്ധമായും ഭൂമി ഉണ്ടെന്നതാണ് ജി ഗോമതിയോടുള്ള വൈരാഗ്യത്തിന്റെ പ്രധാന കാരണം. ടാറ്റയേയും കൈയ്യേറ്റക്കാരേയും റിസോര്‍ട്ട് ഭൂമാഫിയകളേയും സഹായിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരത്തെ തന്നെ അവരെ ഇല്ലാതാക്കാനും രാഷ്ട്രീയമായി തകര്‍ക്കാനും ശ്രമിക്കുന്നുണ്ട്./em> സന്തോഷ് കുമാര്‍ പറഞ്ഞു.

പൊമ്പുളൈ ഒരുമൈ പോലെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട സമരത്തിന് നേതൃത്വം നല്‍കിയ ഒരു സ്്ത്രീയ്‌ക്കെതിരേ പൊലീസ്-രാഷ്ട്രീയ-ഭൂ മാഫിയ സംഘങ്ങളുടെ നേതൃത്വത്തില്‍ അപകടകരമായ നീക്കം നടക്കുന്നുണ്ടെങ്കില്‍, അവര്‍ക്ക് ജീവിക്കാനുള്ള അവസരം പോലും നഷ്ടപ്പെടുത്തുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെട്ട് ഗോമതിക്ക് നീതി ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെങ്കില്‍ സമൂഹം ഗോമതിയുടെ കാര്യത്തില്‍ ഇടപടണമെന്നുമാണ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളവര്‍ ഒരേസ്വരത്തില്‍ പറയുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍