UPDATES

ട്രെന്‍ഡിങ്ങ്

ബിഷപ്പിന് ഇന്ന് നോട്ടീസ് അയയ്ക്കും; അറസ്റ്റിലേക്ക് നീങ്ങുന്നതായി സൂചന

ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായമെത്രാൻ മാർ തോമസ് തറയിൽ രംഗത്തെത്തി.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം കേരള പൊലീസ് എടുത്തതായി സൂചന. ഇന്ന് ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേരും. ഈ യോഗത്തിനു ശേഷം നോട്ടീസ് നൽകും. ജലന്ധർ പൊലീസ് മുഖാന്തിരമോ ഇമെയിൽ വഴിയോ ആണ് നോട്ടീസ് നൽകുക. ചുരുങ്ങിയ സമയത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ പൊലീസ് ആവശ്യപ്പെടും. ചോദ്യം ചെയ്യലിനു ശേഷമായിരിക്കും അറസ്റ്റ്. ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. കന്യാസ്ത്രീ പരാതി നല്‍കിയിട്ട് ഇന്നേക്ക് 77 ദിവസം കഴിഞ്ഞു.

ബിഷപ്പിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചുവെന്ന് വൈക്കം ഡിവൈഎസ്‌പി അറിയിച്ചു. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം.

അതെസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് കന്യാസ്ത്രീകളെ പിന്തുണച്ചെത്തിയ മുതിർന്ന കോൺഗ്രസ്സ് നേതാവ് വിഎം സുധീരൻ ആവശ്യപ്പെട്ടു. സഭയെ പ്രതിസ്ഥാനത്തു നിറുത്താനാണ് ബഹുമാനപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബഹുമാനപ്പെട്ട ബിഷപ്പ് പൊലീസിന് കീഴടങ്ങണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

സഹായവുമായി ചങ്ങനാശ്ശേരി സഹായമെത്രാൻ

ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായമെത്രാൻ മാർ തോമസ് തറയിൽ രംഗത്തെത്തി. ആരോപിതൻ മെത്രാനോ വൈദികനോ ആയാൽ അന്വേഷണവും വിചാരണയുമില്ലാതെ കുറ്റവാളിയെ പ്രഖ്യാപിക്കുന്നതാണ് കേരളാ മോഡൽ എന്ന് തറയിൽ ആരോപിച്ചു. കുറ്റം തെളിയുന്നതു വരെ ഫ്രാങ്കോ മുളയ്ക്കൽ നിരപരാധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രൂപതയെ ഇല്ലായ്മ ചെയ്യാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് ജലന്ധർ രൂപത രംഗത്തെത്തി. കന്യാസ്ത്രീയുടെ മൊഴിയുടെ വിശ്വാസ്യത രൂപത ചോദ്യം ചെയ്തു.

പൊലീസിന്റെ പക്കലുള്ളത് ശക്തമായ തെളിവുകൾ

ഫ്രാങ്കോ മുളയ്ക്കലിന്റെ കുറ്റം തെളിയിക്കാൻ പൊലീസിന് പ്രയാസപ്പെടേണ്ടി വരില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാങ്കോയ്ക്കെതിരെ ശക്തമായ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫ്രാങ്കോയുടെ മൊഴിയില്‍ സാരമായ വൈരുദ്ധ്യമുണ്ട്. കന്യാസ്ത്രീയുടെ രഹസ്യമൊഴിയും നാടുക്കുന്ന് മഠത്തിലെ സന്ദർശക രജിസ്റ്ററും കൂടാതെ കന്യാസ്ത്രീയെ വൈദ്യപരിശോധന നടത്തിയതും ശക്തമായ തെളിവാണ് പൊലീസിന്. കന്യാസ്ത്രീയെ അറിയില്ലെന്നാണ് ബിഷപ്പ് ആദ്യം മൊഴി നൽകിയത്. പിന്നീട് പീഡനം നടന്ന മഠത്തിൽ താമസിച്ചിട്ടില്ലെന്നും മൊഴി നൽകി. ഈ രണ്ടു മൊഴിയും തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.

കന്യാസ്ത്രീയുടെ കേസിൽ പൊലീസ് ഇതുവരെയെടുത്ത നടപടികൾ വിശദീകരിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നാളെയാണ് ഇതിന്റെ തിയ്യതി. നോട്ടീസ് നൽകിയാൽ പൊലീസിന് കോടതിയിൽ പിടിച്ചു നിൽക്കാൻ കഴിയും.

അതെസമയം ഹൈക്കോടതി ജങ്ഷനിൽ കന്യാസ്ത്രീകൾ നടത്തുന്ന നിരാഹാരസമരം അഞ്ചാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍