UPDATES

ട്രെന്‍ഡിങ്ങ്

വാട്‌സ്ആപ്പ് ഗ്രൂപ്പുകാര്‍ക്കും ഡിജിപിയെ പൂട്ടാന്‍ കഴിയില്ല; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ആയുധം താഴെവയ്ക്കാതെ സെന്‍കുമാര്‍

സര്‍ക്കാരുമായി ഇനിയൊരു ഏറ്റമുട്ടലിന് ഇല്ലെന്നു പറഞ്ഞാണ് ഡിജിപി കസേരയിലേക്ക് സെന്‍കുമാര്‍ വീണ്ടും കയറിയത്.

പെയിന്റടിയും വാട്‌സ്ആപ് ഗ്രൂപ്പും കൊണ്ട് അവസാനിക്കുന്നില്ല പൊലീസ് ആസ്ഥാനത്തു നിന്നുള്ള പൊട്ടലും ചീറ്റലുകളും; വരുംദിവസങ്ങളിലും തുടരും എന്നു തന്നെയാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നത്. ഒരു ഭാഗത്ത് ഡിജിപി സെന്‍കുമാറും മറുഭാഗത്ത് പൊലീസിലെ ഒരു പ്രബല വിഭാഗവും എന്ന നിലയില്‍ നടക്കുന്ന ഉള്‍പ്പോര് സംസ്ഥാനത്തിന്റെ ക്രമസമാധാന നില സംരക്ഷിക്കുന്ന സേനയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്നിടത്താണ് ജനത്തിന്റെ ആശങ്ക. സര്‍ക്കാരിന്റെ നിലപാടും ഇക്കാര്യത്തില്‍ അത്ര സുതാര്യമല്ല.

സെന്‍കുമാറിനെതിരേ പൊലീസ് ആസ്ഥാനത്ത് തന്നെ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ ഗ്രൂപ്പിനെ, പുനര്‍നിയമനം കിട്ടി സെന്‍കുമാര്‍ ഡിജിപി കസേരയിലേക്ക് വരുന്നതിനും മുന്നേ തന്നെ സജ്ജമാക്കി നിര്‍ത്തിയിരുന്നുവെന്നും ആക്ഷേപമുണ്ട്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായി ടോമിന്‍ തച്ചങ്കരിയും ഐജിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും നിയമിതരായതും അതിന്റെ ഭാഗമായിരുന്നുവെന്നായിരുന്നു അണിയറവര്‍ത്തമാനം. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ അതു ശരിവയ്ക്കുകയും ചെയ്യുന്നു.

സര്‍ക്കാരുമായി ഇനിയൊരു ഏറ്റമുട്ടലിന് ഇല്ലെന്നു പറഞ്ഞാണ് ഡിജിപി കസേരയിലേക്ക് സെന്‍കുമാര്‍ വീണ്ടും കയറിയത്. പുനര്‍നിയമനം കിട്ടിയതോടെ കോടതിവ്യവഹാരങ്ങളും അവസാനിപ്പിച്ചു. എന്നാല്‍ എല്ലാം അവസാനിപ്പിച്ചോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു തന്നെയാണ് ഉത്തരം. ഒരായുധം സെന്‍കുമാര്‍ ഇപ്പോഴും കൈയില്‍ കരുതിയിട്ടുണ്ടെന്നാണറിവ്. അതു പ്രയോഗിക്കേണ്ടി വരികയാണെങ്കില്‍ ദംശനം ഏല്‍ക്കേണ്ടി വരുന്നത് ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കാണ്. പുറ്റിങ്ങല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ സെന്‍കുമാറിനെതിരെ റിപ്പോര്‍ട്ട് തിരുത്തിയതായി വ്യക്തമായിരുന്നു. ഈ സംഭവത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ ആണ്. ഈ വിഷയം ഇപ്പോള്‍ കോടതി മുമ്പാകെ കൊണ്ടുവന്നിട്ടില്ലെങ്കിലും സമയം അവസാനിച്ചിട്ടില്ല. സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്താലും പ്രസ്തുത കേസുമായി സെന്‍കുമാറിനു കോടതിയില്‍ പോകാം. അനുകൂലമായ വിധി സമ്പാദിക്കാനുള്ള സാഹചര്യവുമുണ്ട്. അങ്ങനെ വന്നാല്‍ നളിനി നെറ്റോ കുടുങ്ങും. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ചാലും ഈ കേസ് ഡെമോക്ലസിന്റെ വാള്‍ പോലെ നളിനി നെറ്റോയുടെ തലയ്ക്കുമേല്‍ തൂങ്ങിക്കിടക്കും.

സെന്‍കുമാറിന്റെ ഇപ്പോഴത്തെ ശാന്തതയ്ക്കു പിന്നിലും ഇതേ കേസ് തന്നെയാണെന്നു ചില കേന്ദ്രങ്ങള്‍ പറയുന്നു; ഒരു ഒത്തുതീര്‍പ്പിനായുള്ള ശ്രമം. ഡിജിപി സ്ഥാനത്തു നിന്നു വിരമിച്ചശേഷം മനുഷ്യാവകാശ കമ്മിഷനിലേക്ക് സെന്‍കുമാറിനു നിയമനം ഉണ്ടാകുമെന്ന ധാരണയിലാണ് നളിനി നെറ്റോയ്‌ക്കെതിരേയുള്ള കേസ് മാറ്റിവയ്ക്കുന്നതിനു കാരണമെന്നാണ് പൊലീസിനുള്ളിലെ അണിയറ വര്‍ത്തമാനം. സര്‍ക്കാര്‍ അങ്ങനെയൊരു ധാരണ സെന്‍കുമാറുമായി ഉണ്ടാക്കിയിട്ടുണ്ടെന്നും കേള്‍ക്കുന്നു. ഡിജിപി സ്ഥാനത്തിനു പകരം മനുഷ്യാവകാശ കമ്മിഷന്‍ അംഗവും അഞ്ചുവര്‍ഷത്തെ സര്‍വീസും സെന്‍കുമാറിനു മുന്നില്‍ വച്ചിരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സെന്‍കുമാര്‍ തന്നെ അതു നിഷേധിച്ചിരുന്നു. ആ ധാരണ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നുണ്ടെന്നും ഇപ്പോഴത് ഡിജിപി കസേരയ്ക്കു വേണ്ടിയല്ല, ചീഫ് സെക്രട്ടറിക്കെതിരേയുള്ള കേസിന്റെ അടിസ്ഥാനത്തിലേക്കു മാറിയെന്നുമാണു കേള്‍ക്കുന്നത്.

ഈ വിഷയം ഒരുവഴിയേ നടക്കുമ്പോഴാണ് മറ്റൊരു വഴിയില്‍ പൊലീസ് തലപ്പത്തെ പോര് തുടരുന്നത്. ഡിജിപിയോട് വ്യക്തിപരമായ വിദ്വേഷം പുലര്‍ത്തുന്നവരാണ് അദ്ദേഹത്തിന്റെ തൊട്ടുകീഴില്‍ ഉള്ളത്. അവരുടേതായ ഒരു ഗ്രൂപ്പ് സജീവമായി തന്നെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുമുണ്ട്. വിജിലന്‍സ് മേധാവിയും ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയുമൊക്കെ സെന്‍കുമാറുമായി സംസാരം പോലും ഇല്ലാത്തവരാണെന്നത് പല കേന്ദ്രങ്ങളില്‍ നിന്നും മുന്‍പെ കേട്ടിട്ടുള്ളതാണ്. ഇപ്പോള്‍ ആ അകല്‍ച്ച കൂടിയതായും പറയുന്നു. പക്ഷേ ഡിജിപിയോട് നേരിട്ട് ഏറ്റുമുട്ടി ഏതെങ്കിലും വിഷയത്തില്‍ വിജയം നേടാമെന്നത് അസാധ്യമാണ്; സര്‍ക്കാര്‍ പിന്തുണ ഉണ്ടെങ്കില്‍ പോലും. കാരണം, സെന്‍കുമാറിനെ സര്‍ക്കാരിനു മനസിലായി കഴിഞ്ഞു. കൂടുതല്‍ പരിക്കുകള്‍ മുഖത്തേല്‍ക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ധൈര്യപ്പെടില്ല. അതിനുദാഹരണമായിരിക്കും ടി ബ്രാഞ്ചില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ മാറ്റിയ സംഭവം. കുമാരി ബീന ചീഫ് സെക്രട്ടറിക്കു പരാതി നല്‍കിയെങ്കിലും നിയമപരമായി തന്നെ ഡിജിപിയുടെ ഉത്തരവ് മറകടക്കാനോ റദ്ദാക്കാനോ ചീഫ് സെക്രട്ടറിക്കു കഴിയില്ല.

പോലീസ് ആക്ട് പ്രകാരം സി ഐ, ഡിവൈഎസ്പി, ഐജി, ഡിജിപി തുടങ്ങിയ തസ്തികകളിലാണ് രണ്ടു വര്‍ഷത്തെ സ്ഥിരനിയമനം പറയുന്നത്. ആ കാറ്റഗറിയില്‍ പെടാത്ത ഉദ്യോഗസ്ഥരെ മാറ്റാന്‍ ഡിജിപിക്ക് കഴിയും. ഇങ്ങനെയുള്ള മാറ്റങ്ങള്‍ സാധാരണമാണു താനും. സുപ്രധാന കേന്ദ്രങ്ങളില്‍ രാഷ്ട്രീയതാത്പര്യമനുസരിച്ചുള്ള നിയമനങ്ങള്‍ നടക്കാറുണ്ട്. ഇവിടെയും എന്തെങ്കിലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായാല്‍ പോലും വിജയിക്കാന്‍ സാധ്യത കുറവാണ്. പെയിന്റ് അടി വിവാദത്തിലും സെന്‍കുമാറിന്റെ ആക്ഷന്‍ നിയമപരമായി തന്നെയാണ്. അതിനെ എതിര്‍ക്കാനും ആര്‍ക്കും സാധിക്കില്ല. പെയിന്റ് അടി വിഷയത്തില്‍ ഇനി സ്വന്തം തടി സംരക്ഷിക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. ഇതിനിടയിലെ തച്ചങ്കരിയുടെ വാട്‌സ് ഗ്രൂപ്പ് പ്രവര്‍ത്തനത്തിനും തത്കാലം ഡിജിപി കസേരയിലേക്ക് ഇടപെടല്‍ നടത്താനും കഴിയില്ലെന്നു തന്നെയാണ് കേള്‍ക്കുന്നത്. ഡിജിപി പറയുന്നത് എഡിജിപിയും ഐജിയും കേട്ടേ മതിയാവൂ. എന്നിരുന്നാലും അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാം.

പക്ഷേ ഇതെല്ലാം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഓരോ ദിവസവും പൊലീസ് തലപ്പത്തെ പോരുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടേയിരിക്കും എന്നതാണ്. അതു സംസ്ഥാനത്തിനാകമാനം നാണക്കേടുണ്ടാക്കും. സര്‍ക്കാരാകട്ടെ ത്രിശങ്കുസ്വര്‍ഗത്തിനിടയിലും. കൈമാറ്റാനും പറ്റില്ല, കൈവയ്ക്കാനും കഴിയില്ല എന്ന അവസ്ഥ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍