UPDATES

ക്വാറിക്കെതിരെ സമരം ചെയ്ത സേതുവിനെ അടച്ചത് മാനസികരോഗാശുപത്രിയില്‍; ഇങ്ങനെയാണ് നമ്മള്‍ നീതി നടപ്പാക്കുന്നത്

നീതി തരാത്ത സമൂഹത്തോട് നിരന്തരം കലഹിക്കുന്നതാണ് എന്റെ സ്വാതന്ത്ര്യം; മനുഷ്യനും പ്രകൃതിക്കും ദ്രോഹം ചെയ്യുന്നവനാണ് ശരിക്കും മാനസികരോഗിയെന്നും സേതു

ക്വാറികള്‍ക്കെതിരെ ഒറ്റയാള്‍ സമരം നടത്തുന്ന സേതുവിനെ കാണാന്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി സെക്രട്ടറിയേറ്റ് പടിക്കല്‍ അന്വേഷിച്ചു ചെന്നിരുന്നെങ്കിലും  കഴിഞ്ഞിരുന്നില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് അദ്ദേഹം ആത്മഹത്യാശ്രമത്തിന് കേസില്‍ പെട്ട് തിരുവനന്തപുരം ജില്ലാ ജയിലിലാണെന്നാണ്. എന്നാല്‍ പിന്നീടറിഞ്ഞത് സേതുവിനെ ജയിലില്‍നിന്നും ഊളന്‍പാറ മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു എന്നും. മുളക്കലത്തുകാവ് തോപ്പില്‍ പ്രവര്‍ത്തിക്കുന്ന എ.കെ.ആര്‍ ക്രഷര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം തീര്‍ക്കുന്ന സാമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തണം എന്നാവശ്യപ്പെട്ടാണ് സേതു സമരം ആരംഭിക്കുന്നത്. ഒരാഴ്ച്ചകാലത്തെ ജയില്‍, ആശുപത്രി പരീക്ഷണഘട്ടം കഴിഞ്ഞ് സേതു പൂര്‍വാധികം ശക്തിയോടെ, പോരാട്ട വീര്യത്തോടെ സെക്രട്ടറിയേറ്റ് പടിക്കലെ സമരപ്പന്തലില്‍ തിരിച്ചെത്തിയിരിക്കുന്നു. സേതു സമരം തുടരുകയാണ്.

അഴിമുഖം ഈ വിഷയത്തില്‍ ആദ്യ വാര്‍ത്ത തയ്യാറാക്കുമ്പോള്‍ സേതുവിനോട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. സേതുവിനെകാണാന്‍ ഉച്ചയോടെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരസ്ഥലത്തെത്തുമ്പോള്‍ കത്തുന്ന വെയിലത്ത് സേതു മയക്കത്തിലാണ്. സേതു കിടക്കുന്നതിന്റെ പിന്നില്‍ കെട്ടിയിരിക്കുന്ന പോസ്റ്ററില്‍, സമരം 371 ദിവസം എന്നെഴുതിയിരിക്കുന്നുണ്ട്. സേതുവിനെ വിളിക്കുന്നതിനുമുമ്പ് കണക്കുകൂട്ടിനോക്കി. 371 ദിവസം എന്നുപറയുമ്പോള്‍ 1 വര്‍ഷവും 6 ദിവസവും. അതെ നീതി നിഷേധത്തിന്റെ നീണ്ടയൊരു കാലയളവുതന്നെയാണത്. സേതുവിന്റെ ഭാര്യയുടെ കുഴിഞ്ഞ കണ്ണുകള്‍, അനാഥരല്ലാതെ അനാഥത്വം വേട്ടയാടുന്ന സേതുവിന്റെ മക്കള്‍. എന്തിനാണീ മനുഷ്യന്‍ ത്യാഗം സഹിച്ച് പോരാടുന്നത്. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. ഓരോ തവണയും ജയിലില്‍നിന്ന് കൂടുതല്‍ പോരാട്ട വീര്യത്തോടെ തിരികെ സമരമുഖത്തേക്കെത്തുന്നത്. സംശയങ്ങള്‍ക്ക് മറുപടിയുമായി സേതു സംസാരിക്കാന്‍ തുടങ്ങി.

മിനിയാന്ന് ജയിലിന്നിറങ്ങിയേയുള്ളൂ. നേരെ ഇങ്ങോട്ടുപോന്നു. ജയിലില്‍ പിടിച്ചിടുന്നത് അവരുടെ ജോലിയാണെന്നാണവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ നീതി തരാത്ത സമൂഹത്തോട് നിരന്തരം കലഹിക്കുന്നതാണ് എന്റെ സ്വാതന്ത്ര്യം. ഞാന്‍ ഇനിയും മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. മരണം എന്നതിനെ ഭയമില്ലാതായിരിക്കുന്നു. വീട്ടില്‍ ഇരുന്നാലും അതു തന്നെയാണല്ലോ അവസ്ഥ. ക്വാറിയില്‍നിന്ന് പറന്നുവരുന്ന കല്ല്. അല്ലായെങ്കില്‍ ക്വാറിക്കാര് പറഞ്ഞുവിടുന്ന ഗുണ്ടകള്‍. അതൊക്കെ മുന്നില്‍ കാണുന്നതോണ്ടായിരിക്കണം മരണം എന്നത് തമാശയായി തോന്നുന്നത്. നീതി ആവശ്യമായിരിക്കുന്നത് എനിക്ക് മാത്രമല്ല. ഒരു ജനതയ്ക്ക് മുഴുവനായാണ്. അതിനുവേണ്ടി മരണത്തെ മുഖത്തോടുമുഖംനോക്കി സമരം നടത്താന്‍ സന്തോഷമേയുള്ളു.

ഇപ്പോള്‍ ജയിലിലാണ് ക്വാറിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന സേതു

ഇത് രണ്ടാമത്തെ തവണയാണ് ഇവിടെനിന്നവര്‍ ജയിലിലേക്ക് കൊണ്ടുപോകുന്നത്. എന്നാല്‍ ഇത്തവണ മാനസികമായി തളര്‍ത്തുന്ന തരത്തിലെ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നെ ഊളന്‍പാറ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഭ്രാന്തനല്ലാത്ത ഒരുവനെ ഭ്രാന്തനാക്കാനുള്ള ശ്രമത്തെ എത്തരത്തിലാണ് നമുക്ക് അംഗീകരിക്കാനാവുക. മാനസികാരോഗ്യകേന്ദ്രത്തിലെ അന്തരീക്ഷവും കുത്തിവെപ്പും മറ്റും മാനസികരോഗമില്ലാത്ത ഒരാളെപ്പോലും മാനസികരോഗി ആക്കും. ട്രൗസര്‍ മാത്രമിട്ട് മാനസികരോഗികള്‍ക്കിടയില്‍ മൂന്നുദിവസം കഴിഞ്ഞപ്പോളുണ്ടായ അവസ്ഥ എങ്ങനെയാണ് വിവരിക്കേണ്ടതെന്ന് എനിക്കറിയില്ല. എന്നെ അവിടെ മൂന്നുദിവസമാണ് കിടത്തിയത്. അതിനുള്ള കാരണം ജയിലില്‍ നിരാഹാരം കിടന്നു എന്നതാണെന്നാണ് പോലീസുകാര്‍ പിന്നീട് പറഞ്ഞത്. മനുഷ്യനും പ്രകൃതിക്കും ദ്രോഹം ചെയ്യുന്നവനാണ് ശരിക്കും മാനസികരോഗി എന്നെനിക്ക് വിളിച്ചുപറയണമെന്നുതോന്നി. ഞാന്‍ ശരിയായ വഴിക്കാണോ നീങ്ങുന്നതെന്നും, ശരിയായ ഉദ്ദേശ്യലക്ഷ്യത്തോടെയാണോ സമരം തുടരുന്നതെന്നോ എന്ന കാര്യത്തിലെനിക്ക് സംശയമില്ല. ഞാന്‍ ശരിയായ രീതിയില്‍ മുന്നോട്ടുപോകുന്നതിലാണ് ഭരണകൂടം എന്നെ ഭയക്കുന്നത്. അവരെന്നെ മാനസികരോഗിയാക്കാന്‍ ശ്രമിക്കുന്നത്.

മാധ്യമങ്ങളെപ്പറ്റി പറയുകയാണെങ്കില്‍, അവരുടെ ആവശ്യം ജനനന്മയാണെന്ന് പറയാന്‍ കഴിയില്ല. അവര്‍ക്കുവേണ്ടത് പൈസയുണ്ടാക്കാന്‍ വേണ്ടിയുള്ള വാര്‍ത്തകള്‍ മാത്രമാണ്. ഇത്തരം വാര്‍ത്തകള്‍ പത്രങ്ങളില്‍ നല്‍കിയാല്‍ കിട്ടുന്നതിനെക്കാള്‍ മാഫിയകള്‍ നല്‍കും, പിന്നെന്തിനാണ് അവര്‍ വാര്‍ത്ത നല്‍കുന്നത്. അന്വേഷിക്കാന്‍ ഏതെല്ലാമോ പത്രക്കാര്‍ വന്നു. പക്ഷെ വാര്‍ത്ത എവിടെയും കണാനില്ല. അതാണ് അവസ്ഥ. ആരെയും വിശ്വാസമില്ലാതായിരിക്കുന്നു. ഒന്നിലും വിശ്വാസമില്ലാതായിരിക്കുന്നു. എനിക്കറിയാം ഞാന്‍ പോരാടുന്നത് എന്റെ നാട്ടുകാര്‍ക്ക്കൂടി വേണ്ടിയാണെന്ന്. എന്നാല്‍ നാട്ടുകാര്‍ വരെ എന്റെ കൂടെയില്ല. ഒറ്റയാള്‍പോരാട്ടം എത്രകാലം നീണ്ടുപോകുമെന്നറിയില്ല. എങ്കിലും മുന്നോട്ടുതന്നെ പോകാനാണ് തീരുമാനം.

നാട്ടുകാരെയോര്‍ത്ത് സങ്കടമുണ്ട്. ക്വാറിക്കാരുടെ കയ്യില്‍നിന്നും പണംപറ്റി മൗനമായിരിക്കുമ്പോള്‍ അവരറിയുന്നില്ല അവര്‍ ചെയ്യുന്നത് എത്രമാത്രം നീചമായ പ്രവൃത്തിയാണെന്ന്. സമരം തുടങ്ങി ഒരുവര്‍ഷത്തിനിടെ എന്തെല്ലാം സംഭവിച്ചിരിക്കുന്നു. വീട്ടിലെ അവസ്ഥ ദയനീയമായിരിക്കുന്നു. നാട്ടില്‍നിന്ന് പലയിടത്തുനിന്നും വധഭീഷണി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മാനസികരോഗിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം. അങ്ങനെ എന്തെല്ലാം സംഭവിച്ചിരിക്കുന്നു. വീട്ടിലെ അവസ്ഥയെപ്പറ്റി മനസ്സിലാക്കാത്തതോണ്ടാണ് ഞാന്‍ ഇവിടെ സമരവുമായി മുന്നോട്ട് പോകുന്നതെന്നാണ് ചിലര്‍ പറയുന്നത്. അത് അവരുടെ വാദമായിരിക്കണം. ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നതിനാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഒരു ജനാധിപത്യരാജ്യത്ത് ജനങ്ങള്‍ക്ക് നീതി കിട്ടണമെങ്കില്‍ എന്താണ് ചെയ്യേണ്ടത്. എല്ലാവര്‍ക്കുമറിയാം നീതി എന്താണെന്നും, അത് ആര്‍ക്കൊക്കെ നിഷേധിക്കപ്പെടുന്നു എന്നതെല്ലാം. പക്ഷെ ആര്‍ക്കും ആര്‍ക്കുവേണ്ടിയും സംസാരിക്കാന്‍ സമയമില്ല. ഇവിടെ സെക്രട്ടറിയേറ്റിനുമുന്നിലെ സര്‍വ്വരും നീതി എന്താണെന്നു ചോദിച്ചാല്‍ ചിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. സര്‍ക്കാരുകള്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അത് ഏത് സര്‍ക്കാര്‍ ആണെങ്കിലും ഒരേപോലെതന്നെയാണ്. പാവപ്പെട്ടവന്‍ എന്നും പാവപ്പെട്ടവന്‍ തന്നെയായി നിലനില്‍ക്കണമെന്നാണ് സര്‍ക്കാരുകളുടെ ആവശ്യം”– സേതു പറഞ്ഞു നിര്‍ത്തി.

നീതി തീണ്ടാപാടകലെയാണെന്നറിഞ്ഞിട്ടും സമരം നടത്തുന്ന ഒരു മനുഷ്യന്‍. കണ്ടില്ലെന്നു നടിക്കുന്ന കുറേയേറെ പ്രമുഖര്‍. അച്ഛന് നീതി കിട്ടാനും ഒരു മടങ്ങിവരവിനുമായി കാത്തിരിക്കുന്ന മക്കള്‍. നാളത്തേയ്ക്ക് വേവിക്കാന്‍ അരി കണ്ടെത്താന്‍ ഓടി നടക്കുന്ന ഒരമ്മ. നമുക്ക് വളരെയേറെ തിരക്കാണ് നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി സംസാരിക്കാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍