UPDATES

ഷുഹൈബിന്റെ ചോരയുടെ ഗന്ധം മാഞ്ഞില്ല; കണ്ണൂരില്‍ തുടരുന്ന അരുംകൊല

ഇന്നലത്തെ കൊലപാതകങ്ങൾ നടന്നത് പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലെ പള്ളൂരിലാണെങ്കിലും മാഹിയും പള്ളൂരുമൊക്കെ കണ്ണൂരിന്റെ ഭാഗം പോലെ തന്നെയാണ്

കെ എ ആന്റണി

കെ എ ആന്റണി

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അരുംകൊല ചെയ്യപ്പെട്ട മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് എസ് പി ഷുഹൈബിന്റെ ചോരയുടെ ഗന്ധം അന്തരീക്ഷത്തിൽ നിന്നും പോയിട്ടില്ല. അതിനു മുൻപ് തന്നെ കണ്ണൂർ വീണ്ടും അശാന്തമാകുന്നതിന്റെ സൂചനയാണ് ഇന്നലെ രാത്രി കണ്ണൂർ ജില്ലയോട് ചേർന്ന് കിടക്കുന്ന മാഹിയിലെ പള്ളൂരിൽ നടന്ന സി പി എം, ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങൾ നൽകുന്നത്. കഷ്ടിച്ചു ഒരു മണിക്കൂറിനിടയിലാണ് രണ്ടു കൊലപാതകങ്ങളും നടന്നതെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

മാഹി മുൻ നഗരസഭ അംഗവും സി പി എം മാഹി ലോക്കൽ കമ്മിറ്റി അംഗവുമായ കണ്ണിപ്പൊയിൽ ബാബുവും ഓട്ടോ ഡ്രൈവറും ബി ജെ പി പ്രവർത്തകനുമായ ഷമേജുമാണ് ഇന്നലെ രാത്രി രാഷ്ട്രീയ അക്രമിസംഘങ്ങളുടെ കൊലക്കത്തിക്ക് ഇരയായത്. രാത്രി ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് ഒരു സംഘം അക്രമികൾ ബാബുവിനെ പതിയിരുന്നു ആക്രമിച്ചു കൊലപ്പെടുത്തിയെതെന്നാണ് പോലീസ് നൽകുന്ന വിവരം. ബാബു ആക്രമിക്കപ്പെട്ടു അധികം വൈകാതെ തന്നെ ഷമേജും ആക്രമിക്കപ്പെടുകയായിരുന്നു. രണ്ടു വര്‍ഷം മുൻപ് പയ്യന്നൂരിൽ അരങ്ങേറിയ കൊലപാതകങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഇന്നലത്തെ കൊലപാതകങ്ങളും. അന്ന് സി പി എം പ്രവർത്തകൻ ധനരാജിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി കഷ്ടി ഒരു മണിക്കൂർ തികയുന്നതിനു മുൻപ് തന്നെ ബി എം എസ് പ്രവർത്തകനായ സി കെ രാമചന്ദ്രനെ മറ്റൊരു സംഘം കൊല ചെയ്യുകയായിരുന്നു.

ഇന്നലത്തെ കൊലപാതകങ്ങൾ നടന്നത് പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലെ പള്ളൂരിലാണെങ്കിലും മാഹിയും പള്ളൂരുമൊക്കെ കണ്ണൂരിന്റെ ഭാഗം പോലെ തന്നെയാണ്. അതുകൊണ്ടു തന്നെ മാഹിയിലും പള്ളൂരിലുമൊക്കെ എന്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടായാലും അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നത് തൊട്ടടുത്ത പ്രദേശങ്ങളായ ചൊക്ലി, ചമ്പാട്, പാനൂർ, തലശ്ശേരി എന്നിവിടങ്ങളിലെ ജനങ്ങളാണ്. പതിവ് പോലെ സി പി എമ്മിന്റെയും ബി ജെ പി യുടെയും കണ്ണൂർ നേതൃത്വം തങ്ങളുടെ പ്രവർത്തകരുടെ കൊലപാതകങ്ങളെ അപലപിച്ചും എതിർ കൊലപാതകത്തിൽ തങ്ങൾക്കു യാതൊരു വിധ അറിവോ പങ്കോ ഇല്ലെന്ന പ്രസ്താവനയുമായും രംഗത്ത് വന്നു കഴിഞ്ഞു.

ഇനിയെങ്കിലും ഇത്തരം പ്രസ്താവനകൾ അവസാനിപ്പിച്ചു നാട്ടിൽ എങ്ങിനെ ശാന്തിയും സമാധാനവും ഉറപ്പു വരുത്താൻ കഴിയുമെന്ന് രാഷ്ട്രീയ വൈരം മാറ്റി വെച്ച് നേതാക്കൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മാത്രമേ ഇത്തരുണത്തിൽ പറയാനുള്ളു (പലതവണ പറഞ്ഞതാണെങ്കിലും). പക്ഷെ സി പി എം ആരോപിക്കുന്നതുപോലെ അത്തരം ഒരു നീക്കത്തിന് ബി ജെ പി -ആർ എസ് എസ് നേതൃത്വം തയ്യാറല്ല എന്നത് കണ്ണൂരിന്റെ കാര്യത്തിൽ ഒരു വസ്തുതയാണ്. രണ്ടു വര്‍ഷം മുൻപ് പയ്യന്നൂരിൽ എന്നതുപോലെ തന്നെ ഇന്നലെ പള്ളൂരിലും കൊലപാതകം തുടങ്ങിവെച്ചത് അവർ തന്നെയാണ്. സി പി എം ഭരണത്തിന് കീഴിൽ ബി ജെ പിക്കാര്‍ക്കും ആർ എസ് എസുകാർക്കും രക്ഷയില്ലെന്ന സ്ഥിരം മുറവിളിക്കു ഊർജം പകരുകയെന്നത് തന്നെയാണ് അവരുടെ ലക്ഷ്യമെന്നത് വ്യക്തം. അവരുടെ പ്രകോപനത്തിൽ വീണുപോകുന്ന സി പി എം പക്ഷെ ഒരു കാര്യം മറന്നു പോകുന്നുണ്ട്. സംഘപരിവാറിന് കേരളത്തിൽ നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും ഈ കൊല്ലും കൊലയും തുടര്‍ന്നാല്‍ നഷ്ടം സംഭവിക്കുക ഭരിക്കുന്ന തങ്ങളുടെ പാർട്ടിക്കാണെന്നുമുള്ള കാര്യം.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍