UPDATES

ഓഫ് ബീറ്റ്

രക്ഷാപ്രവർത്തനം ഇനി സൈന്യമോ സർക്കാരോ നടത്തേണ്ടതില്ല; എല്ലാം ഫ്രറ്റേണിറ്റിക്കാർ ചെയ്തോളും!

‘ഗൗരവം’ ബോധ്യപ്പെടാത്ത ചെക്ക് പോസ്റ്റിലുള്ളവർ പക്ഷെ ഫ്രറ്റേണിറ്റിക്കാരെ അകത്തുവിട്ടില്ല. കാലാവസ്ഥ മോശമാണെന്നും സർക്കാരിന്റെയോ സൈന്യത്തിന്റെയോ ഭാഗമല്ലാത്ത ആരും അകത്തു കയറേണ്ടെന്ന് അവർ പറഞ്ഞു.

അതിശക്തമായ കാറ്റിലും മഴയിലും ഉരുൾപൊട്ടലിലും പെട്ട് പാലക്കാട് നെല്ലിയാമ്പതി ഒറ്റപ്പെട്ടിരുന്നു. ഇവിടെ കുടുങ്ങിയവരിൽ ചിലർ ഗർഭിണികളാണെന്ന വിവരവും അധികൃതർക്ക് കിട്ടുകയുണ്ടായി. ഇവരെ ഹെലികോപ്റ്ററുകളിലല്ലാതെ പുറത്തെത്തിക്കാനാകില്ല. എന്നാൽ, കാലാവസ്ഥ അങ്ങേയറ്റം പ്രതികൂലമായ കാലാവസ്ഥയിൽ ഹെലികോപ്റ്റർ കുടുങ്ങിക്കിടക്കുന്നവരുടെ അരികിലെത്തിക്കാനാകാതെ സൈന്യം പ്രതിസന്ധിയിലായി.

ഇന്ന് ഉച്ചയോടെ കാലാവസ്ഥ അനുകൂലമായതോടെ സൈന്യം അടക്കമുള്ള രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററുകൾ നെല്ലിയാമ്പതിയിലെത്തിച്ചു. വൈദ്യസഹായം ആവശ്യമുള്ളവരെ ആകാശമാർഗം പുറത്തെത്തിച്ചു.

കഴിഞ്ഞ രണ്ടുദിവസമായി പരാജയപ്പെട്ട ദൗത്യമാണ് സൈന്യം ഇന്ന് വിജയിപ്പിച്ചെടുത്തത്. കനത്ത മൂടൽമഞ്ഞിനെ വകഞ്ഞുമാറ്റിയാണ് നെല്ലിയാമ്പതിയിലെ പാടഗിരി മൈതാനത്തിറങ്ങിയത്. വൈദ്യസഹായം ആവശ്യമുള്ള ആറുപേരുമായി സൈന്യത്തിന്റെ ഹെലികോപ്റ്റർ കഞ്ചിക്കാട്ടെ ഹെലിപ്പാഡിൽ വന്നിറങ്ങി.

സൈന്യവും കേരള സർക്കാരും സ്ഥലം എംഎൽഎ അടക്കമുള്ളവരും അതീവജാഗ്രതയോടെ രക്ഷാപ്രവർത്തന നീക്കങ്ങൾ നടത്തവെയാണ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്ന ഒരു സംഘടന ചില അവകാശവാദങ്ങളുമായി രംഗത്തെത്തുന്നത്. ഫ്രറ്റേണിറ്റി പാലക്കാട് ജില്ലാ പ്രസിഡണ്ടിന്റെ ഫോണിലേക്ക് തങ്ങളുടെ ‘സേവനം’ ആവശ്യപ്പെട്ട് ഒരു കോൾ 20ാം തിയ്യതി വന്നുവെന്നാണ് ഹാരിസ് നെന്മാറ എന്നയാളുടെ പേജ് അവകാശപ്പെടുന്നത്. ആരാണ് വിളിച്ചതെന്ന് പോസ്റ്റ് വെളിപ്പെടുത്തുന്നില്ല. കുറച്ച് നഴ്സിങ് വിദ്യാർത്ഥികളെയും ഒരു ഫിസിയോ തെറാപ്പിസ്റ്റിനെയും കൂട്ടി അവർ നെല്ലിയാമ്പതിയിലേക്ക് ചെല്ലുകയാണ്. ഗർഭിണികളാണ് ക്യാമ്പിൽ ഗുരുതരമായ അവസ്ഥ നേരിടുന്നത് എന്നത് മനസ്സിലാക്കിയാകണം ഫിസിയോ തെറാപ്പിസ്റ്റിനെ കൂടെ കൂട്ടിയത്.

എന്തായാലും ഇവരെല്ലാവരും കൂടി നേരെ നെന്മാറയിലെ പോത്തുണ്ടി ചെക്ക് പോസ്റ്റിനു മുന്നിലെത്തി വിഷയം അവതരിപ്പിച്ചു. തങ്ങൾക്ക് മാത്രം അറിയാവുന്ന ‘വിഷയത്തിന്റെ ഗൗരവം’ പോത്തുണ്ടി ചെക്ക് പോസ്റ്റിലുള്ളവരെ ധരിപ്പിച്ചു.

‘ഗൗരവം’ ബോധ്യപ്പെടാത്ത ചെക്ക് പോസ്റ്റിലുള്ളവർ പക്ഷെ ഫ്രറ്റേണിറ്റിക്കാരെ അകത്തുവിട്ടില്ല. കാലാവസ്ഥ മോശമാണെന്നും സർക്കാരിന്റെയോ സൈന്യത്തിന്റെയോ ഭാഗമല്ലാത്ത ആരും അകത്തു കയറേണ്ടെന്ന് അവർ പറഞ്ഞു.

ഉടൻ തന്നെ ഫ്രറ്റേണിറ്റിയുടെ ജില്ലാ പ്രസിഡണ്ട് താലൂക്ക് ഓഫീസിലേക്ക് വിളിക്കുന്നു. ഉദ്യോഗസ്ഥർ ഫ്രറ്റേണിറ്റിക്ക് അനുകൂലമായി പ്രതികരിച്ചു. ഫ്രറ്റേണിറ്റിക്കാർക്കൊപ്പം 16 പേരടങ്ങുന്ന റാപ്പി‍ഡ് ആക്ഷൻ ഫോഴ്സിനെ വിടാമെന്ന് താലൂക്കോഫീസിലുള്ളവര്‍ ഉടൻ സമ്മതിച്ചു. പക്ഷെ, സത്യസന്ധതയില്ലാത്ത ഉദ്യോഗസ്ഥർ വാക്ക് പാലിച്ചില്ല. ഫ്രറ്റേണിറ്റിക്കാരെ കൂട്ടാതെ സൈന്യത്തിന്റെ ഹെലികോപ്റ്റർ നെല്ലിയാമ്പതിയിലേക്ക് പറന്നു. റോഡുമാർഗമുള്ള രക്ഷാപ്രവർത്തനം എംഎൽഎയുടെ നേതൃത്വത്തിൽ നടന്നു. ഫ്രറ്റേണിറ്റിയുടെ നഴ്സിങ് വിദ്യാർത്ഥികളും ഒരു ഫിസിയോ തെറാപ്പിസ്റ്റും അടങ്ങുന്ന പതിനാറംഗ വിദഗ്ധസംഘം അവഗണിക്കപ്പെട്ടു.

ഹാരിസ് നെന്മാറ ചില ഗൗരവമേറിയ പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്. തങ്ങൾക്ക് നെല്ലിയാമ്പതിയിലേക്ക് കയറാൻ കിട്ടാതിരുന്ന അനുവാദം എങ്ങനെയാണ് എംഎൽഎയും ഉദ്യോഗസ്ഥരും അടങ്ങിയ സംഘത്തിന് കിട്ടിയത്? മലയാളികൾ മറുപടി പറയേണ്ടതാണ്.

കഴിഞ്ഞദിവസത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളിലൊന്ന് ക്യാമ്പുകളിലെ രാഷ്ട്രീയ ഇടപെടലായിരുന്നു. ചിലർ തങ്ങളുടെ പാർട്ടി അടയാളങ്ങളുമായി ക്യാമ്പുകളിൽ കയറാൻ ശ്രമിക്കുന്നുണ്ടെന്നും അത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പുകൾ ഇപ്പോൾ ഒരു വീടു പോലെയാണ് പ്രവർത്തിക്കുന്നത്. അതിനകത്ത് ജാതിമതരാഷ്ട്രീയങ്ങളില്ല. എല്ലാവരും ഒത്തൊരുമയോടെ നിൽക്കുന്നു. ഈ സാഹചര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Avatar

വാനവരമ്പന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍