UPDATES

ട്രെന്‍ഡിങ്ങ്

വിടില്ല, ശശീന്ദ്രനെ മന്ത്രിയാക്കാന്‍!

എന്‍സിപിയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും ശശീന്ദ്രനെ മന്ത്രിയാക്കാന്‍ അനുവദിക്കില്ലെന്ന നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്

ഹണീട്രാപ്പ് കേസ് പിന്‍വലിക്കണമെന്ന പരാതിക്കാരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മുന്‍മന്ത്രി എകെ ശശീന്ദ്രന്‍. എന്നാല്‍ കേസ് റദ്ദാക്കണമെന്ന ഹര്‍ജി പിന്‍വലിക്കുകയാണെന്ന് പരാതിക്കാരി ഇന്ന് ഹൈക്കോടതിയെ അറിയിച്ചതോടെ തലയില്‍ ഇടിത്തീ വീണ അവസ്ഥയിലായി അദ്ദേഹം. കേസ് തീര്‍പ്പാകുന്നതോടെ മന്ത്രി സ്ഥാനത്തേക്ക് താന്‍ തിരിച്ചെത്തുന്നുവെന്നതിനൊപ്പം പാര്‍ട്ടിയ്ക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനം തിരികെ ലഭിക്കുന്നുവെന്നതും അദ്ദേഹത്തിന്റെ സ്വപ്‌നമായിരിക്കും. എന്നാല്‍ എന്‍സിപിയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും ശശീന്ദ്രനെ മന്ത്രിയാക്കാന്‍ അനുവദിക്കില്ലെന്ന നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

അല്ലെങ്കില്‍ ശശീന്ദ്രന് പകരം മന്ത്രിയായ തോമസ് ചാണ്ടി അനധികൃത ഭൂമി നികത്തില്‍ കേസില്‍ കുരുങ്ങി രാജിവച്ചതിന് തൊട്ടുപിന്നാലെ ഹണീട്രാപ്പ് കേസിലെ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക നല്‍കിയ ഹര്‍ജി എങ്ങനെയാണ് ഇത്ര അപ്രതീക്ഷിതമായി പിന്‍വലിക്കപ്പെട്ടത്? എങ്ങനെയാണ് കേരള കോണ്‍ഗ്രസ് എന്ന തന്റെ അസ്ഥിത്വം വിട്ട് എന്‍സിപിയില്‍ ചേരാന്‍ ബാലകൃഷ്ണ പിള്ള തീരുമാനമെടുക്കുന്നത്? തോമസ് ചാണ്ടി രാജിവച്ചതോടെ തന്നെ ശശീന്ദ്രന് വീണ്ടും മന്ത്രിയാകാനുള്ള അവസരം ഒരുങ്ങിയതാണ്. അദ്ദേഹത്തിനെതിരായ കേസ് റദ്ദാക്കണമെന്ന് പരാതിക്കാരി ഹര്‍ജിയും നല്‍കിയതോടെ അത് ഉറപ്പിക്കാനുമായി. കാരണം പാര്‍ട്ടിയുടെ ആകെയുള്ള രണ്ട് എംഎല്‍എമാരില്‍ ആദ്യം ആരാണോ കുറ്റവിമുക്തരാകുന്നത് അയാള്‍ മന്ത്രിയാകുമെന്നാണല്ലോ തീരുമാനം. തോമസ് ചാണ്ടിയ്‌ക്കെതിരായ കേസ് അടുത്തകാലത്തൊന്നും തീരുന്ന ഒന്നല്ലെന്ന രീതിയിലാണ് കേസിന്റെ ഇപ്പോഴത്തെ പോക്കും. എന്തിന് രാജിവയ്ക്കുന്നതിന് മുമ്പ് ചാണ്ടിയെ പരമാവധി സംരക്ഷിക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ തന്നെ അദ്ദേഹത്തെ ഇപ്പോള്‍ തള്ളിപ്പറയുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഈവര്‍ഷം ആദ്യം തന്നെ ശശീന്ദ്രന്റെ പട്ടാഭിഷേകം വീണ്ടുമുണ്ടാകുമെന്ന് കരുതിയിരിക്കുകയായിരുന്നു അദ്ദേഹമുള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ അഭ്യുദയകാംഷികള്‍.

എകെ ശശീന്ദ്രന് തിരിച്ചടി; ഹണീട്രാപ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു

അതിനിടെയാണ് ബാലകൃഷ്ണ പിള്ളയും സംഘവും എന്‍സിപിയിലേക്ക് ചേക്കാറാനൊരുങ്ങുന്നതായി വാര്‍ത്ത വന്നത്. ഈമാസം മുംബൈയില്‍ വച്ച് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി പിള്ള കൂടിക്കാഴ്ച നടത്തുന്നുവെന്നും അദ്ദേഹത്തോടൊപ്പം എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനുമുണ്ടായിരിക്കുമെന്നുമാണ് വാര്‍ത്തകള്‍ വന്നത്. രണ്ട് എംഎല്‍എമാരുണ്ടെങ്കിലും എന്‍സിപിയ്ക്ക് ഒഴിഞ്ഞു കിടക്കുന്ന മന്ത്രിസ്ഥാനത്തേക്ക് പാര്‍ട്ടിയുടെ ഏക എംഎല്‍എയും മകനുമായ കെബി ഗണേഷ് കുമാറിനെ എത്തിക്കാനുള്ള നീക്കമാണ് പിള്ള നടത്തുന്നതെന്ന് അന്നേ ഒരു കരക്കമ്പി പരക്കുകയും ചെയ്തതാണ്. ഈ നീക്കം വിജയിച്ചിരുന്നെങ്കില്‍ എന്‍സിപി മന്ത്രിയായി ഗണേഷ് എത്താനുള്ള സാധ്യത വളരെയധികവുമായിരുന്നു. പിള്ളയുടെ ഈ നീക്കത്തിന് അനുകൂലമായി പാര്‍ട്ടിക്കുള്ളില്‍ തന്നെ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്നു വാര്‍ത്ത പരന്നിരുന്നു. ആ കറുത്ത കൈകള്‍ ആരുടേതാണെങ്കിലും ഗണേഷ് എന്‍സിപിയിലേക്ക് വന്നാല്‍ ശശീന്ദ്രന്‍ മന്ത്രിയാകില്ലെന്ന് വ്യക്തമായ ധാരണയുള്ളയാണെന്ന് ഉറപ്പ്. എന്നാല്‍ 2017 ഡിസംബര്‍ 30ന് കൊച്ചിയില്‍ നടന്ന എന്‍സിപി നേതൃയോഗത്തില്‍ പിള്ളയുമായി സഹകരിക്കുന്നതിനെതിരെ ഭൂരിപക്ഷം നേതാക്കളും നിലപാടെടുത്തതോടെ പിള്ളയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുകയായിരുന്നു. പിള്ളയുമായി ശരദ് പവാറിനെ കാണാനിരുന്ന പീതാംബരന്‍ പോലും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. എന്‍സിപിയുമായി സഹകരിക്കുന്നതിന് കേരള കോണ്‍ഗ്രസ് ബി ഉള്‍പ്പെടെ പല പാര്‍ട്ടികളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പീതാംബരന്റെ അവകാശവാദം. പിള്ളയുമായി ഔപചാരിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ആരെങ്കിലും അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോയെന്ന് അറിയില്ലെന്നുമുള്ള സൂചനയും പീതാംബരന്‍ നല്‍കുന്നുണ്ട്.

ഇതേ നേതൃയോഗത്തില്‍ തന്നെ കോടതിയില്‍ നിന്നും അനുകൂല ഉത്തരവുണ്ടായാല്‍ ശശീന്ദ്രനെ തന്നെ മന്ത്രിയാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനങ്ങള്‍ എടുത്ത് ഒരാഴ്ച തികയുന്നതിന് മുമ്പ് ശശീന്ദ്രന്റെ കേസ് അടുത്തകാലത്തൊന്നും തീരുമാനമാകാനുള്ള സാധ്യതകള്‍ ഇല്ലാതായിരിക്കുന്നു. അതായത് ശശീന്ദ്രന്‍ മന്ത്രിയാകരുതെന്ന് ആരൊക്കെയോ തീരുമാനിച്ചുറച്ചിട്ടുണ്ടെന്ന് വ്യക്തം.

പിള്ളേച്ചന്റെ അതിമോഹം, മകന്റെയും

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍