UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഞ്ചവടിപ്പാലം: ഉദ്ദിഷ്ടകാര്യത്തിന് ഉപകാര വിജയന്‍

Avatar

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ പിണറായി വിജയന്റെ ജലഛായ ചിത്രം കണ്ടതായി ഒരു രഹസ്യ വിവരം കിട്ടിയിട്ടുണ്ട്. ഇതെങ്ങനെ വന്നെന്ന അന്വേഷണം തകൃതിയായി നടക്കുകയാണ്. മുഖ്യമന്ത്രി കസേരയ്ക്ക് മുമ്പ് പ്രതിപക്ഷ നേതാവാകാനുളള അവസരം പിണറായി വിജയന് നിഷേധിക്കപ്പെട്ടതിനാല്‍ ടിയാന്‍ അവിടെ താമസിച്ചിട്ടില്ല. കൈയ്യിലിരുപ്പിന്റെ ഫലമായി ഒന്നിടവിട്ട തവണകളില്‍ പ്രതിപക്ഷ സ്ഥാനം ജനം കല്‍പ്പിച്ചു നല്‍കാറുണ്ടെങ്കിലും കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലം കന്റോണ്‍മെന്റ് ഹൗസ് കുടികിടപ്പവകാശം പോലെ വച്ചനുഭവിച്ചത് വി.എസായിരുന്നു. കന്റോണ്‍മെന്റ് ഹൗസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പിണറായിക്ക് പെരുവിരലില്‍ നിന്നൊരു തരിപ്പ് മേലേക്ക് കയറാന്‍ വേറെ കാരണമൊന്നും വേണ്ടല്ലോ.

രമേശ് ‘ഭാഗ്യ’ത്തല
അപ്പോ എങ്ങനെ വന്നീ ജലഛായ ചിത്രം. സൈഡ് ബഞ്ചിലിരുന്ന് കളി കാണുന്നതിനിടയില്‍ വീണു കിട്ടിയ കെ.പി.സി.സി അധ്യക്ഷ പദവി പോലെ മത്സരിച്ച എ ഗ്രൂപ്പുകാരില്‍ ഭൂരിപക്ഷവും തോറ്റു എന്ന ഒറ്റ കാരണത്താല്‍ മാത്രം പ്രതിപക്ഷ നേതൃപദവി വന്നു ഭവിച്ച രമേശ് ‘ഭാഗ്യ’ത്തല സ്ഥാപിച്ചതാണീ ചിത്രം എന്നാണ് അറിയുന്നത്. അതില്‍ കുറ്റം പറയേണ്ട കാര്യമില്ല, ചെന്നിത്തലയല്ല, ആരായാലും വച്ചു പോകും. അമ്മാതിരി ഗതികേടില്‍ നില്‍ക്കുമ്പോഴാണ് രക്ഷകനായി വിജയന്‍ അവതരിച്ചത്. കന്റോണ്‍മെന്റ് ഹൗസില്‍ മാത്രം പോരാ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലെ ഭിത്തികളില്‍ നിരനിരയായിരിക്കുന്ന നേതാക്കളുടെ കൂട്ടത്തിലും വിജയേട്ടന്റെ ചിത്രം, സോറി വിജയന്‍ സാറിന്റെ ചിത്രം വയ്‌ക്കേണ്ടതാണ്.

വി.എസ് പൂച്ച നാടുനീളെ നടന്ന് അമറിയും ഫെയ്‌സ്ബുക്കിലൂടെ മാന്തിയും നാട്ടുകാര്‍ വോട്ടിംഗ് യന്ത്രത്തിലൂടെ കുത്തിയും തുടര്‍ ഭരണക്കുടം പൊട്ടിച്ചതോടെ ആകെ ഗതികേടിലും കഷ്ടകാലത്തിലും ആയിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടിക്കുളളിലെ അടിക്കു മാത്രമാണ് പഞ്ഞമില്ലാതിരുന്നത്. ഇവിടെ പോയാലെന്ത് അവിടെയുണ്ടെന്ന് പറയാന്‍ ഇന്ത്യയില്‍ ഒരിടത്തു നിന്നും നല്ലതൊന്നും കേള്‍ക്കാനില്ലെന്ന് മാത്രമല്ല വരുന്നതൊക്കെയും തലയില്‍ മുണ്ടിട്ട് മുങ്ങേണ്ട വാര്‍ത്തകളും വിശേഷങ്ങളുമായിരുന്നു. അരുണാചലില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അപ്പാടെ വീടു വിട്ട് ബി.ജെ.പിയുടെ സംബന്ധ വീട്ടില്‍ താമസമാക്കി. മക്കളില്‍ ചിലര്‍ പിഴച്ചു പോകുന്നത് സാധാരണമാണ്. പക്ഷെ മക്കള്‍ അപ്പാടെ പിഴച്ചാല്‍ അത് വളര്‍ത്തുദോഷമല്ലാതെ മറ്റൊന്നുമല്ല. കോണ്‍ഗ്രസിന്റെ ഒരേയൊരു രക്ഷകനായ സോണിയാ പുത്രനില്‍ നിന്നും പ്രതീക്ഷയുളള നീക്കം കാണാനില്ലെന്ന് മാത്രമല്ല, അബദ്ധ പഞ്ചാംഗങ്ങള്‍ വാല്യം കണക്കിന് ഇറങ്ങുന്നുണ്ടു താനും.

 

ഇതിനിടയിലാണ് കേരളത്തിലും ബി.ജെ.പി ഇടിച്ചു കയറുന്നത്. വിരിയാതെ മണ്ണടിയുമെന്ന് കരുതിയ ഒരു താമര നിയമസഭയില്‍ വിരിഞ്ഞു. മോദിയുടെ പടമടിച്ച് ചുമരില്‍ പതിച്ച് മത്‌സരിച്ച് പല പഞ്ചായത്ത് വാര്‍ഡുകളിലും ജയിച്ചു കയറി. സംസ്ഥാന തലത്തില്‍ കൊളളാവുന്ന നേതാക്കളില്ല എന്ന ഒറ്റ കാരണത്താല്‍ മാത്രം തഴച്ചു വളരാനാവുന്നില്ലെങ്കിലും കോണ്‍ഗ്രസിന്റെ വോട്ടു പാടത്തിലെ താമര കൃഷി കണ്ടില്ലെന്ന് നടിക്കാവുന്ന അവസ്ഥയിലല്ല കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസില്‍ നിന്നും പ്രതിപക്ഷ സ്ഥാനം ബി.ജെ.പി തട്ടിയെടുക്കുമോയെന്ന ശങ്കയും വന്നു തുടങ്ങിയിരുന്നു.

അടിയെന്ന് എഴുതിക്കാണിച്ചാല്‍ തന്നെ അയല്‍ സംസ്ഥാനത്ത് എത്തുന്ന കോണ്‍ഗ്രസുകാര്‍ക്ക് സമരം കൊഴുപ്പിക്കലില്‍ മിടുക്കു തീരെ കുറവാണ്. കഴിയുന്നതും ഖദര്‍ ഉടയാതെയുളള പ്രസ്താവനാ സമരങ്ങളോടാണ് പണ്ടേ അവര്‍ക്കിഷ്ടം. ചുവപ്പന്മാരെയും കാവിക്കാരെയും പോലെ കണ്ട കാക്കിക്കാരുടെ അടി കൊളളാന്‍ തക്ക മണ്ടന്മാരൊന്നുമല്ല കോണ്‍ഗ്രസുകാര്‍. മലബാറിലാണെങ്കില്‍ ചുവപ്പും കാവിയും തമ്മില്‍ തലവെട്ടി കളിച്ച് ഇരുപക്ഷത്തെയും ആരാധകരെ കോരിത്തരിപ്പിക്കുന്നുമുണ്ട്. സംഭവം ഡബ്യൂ.ഡബ്യൂ.എഫിലെ ക്യാമറയ്ക്ക് മുന്നിലെ ഇടി പോലെയാണെങ്കിലും ഇതു കണ്ട് ആര്‍പ്പു വിളിച്ചു നില്‍ക്കുന്ന കാണികള്‍ക്ക് ഇടയില്‍ നിന്ന് സമാധാന സമ്മേളനം നടത്തിയത് കൊണ്ടൊന്നും കാര്യമില്ലെന്ന് കോണ്‍ഗ്രസുകാരും തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു.

 

 

ഇങ്ങനെയൊക്കെ എല്ലാം കൊണ്ടും കഷ്ടപ്പാടും ദുരിതവും, പോരാത്തതിന് നേതാക്കള്‍ തമ്മിലുളള കുശുമ്പും കുന്നായ്മയും തമ്മില്‍ത്തല്ലും കൊണ്ട് നടുവൊടിഞ്ഞ് നില്‍ക്കുമ്പോഴാണ് സാക്ഷാല്‍ വിജയാവതാരം കടാക്ഷിച്ചത്.

സ്വാശ്രയത്തില്‍ ചുമ്മാ ഒരാഴ്ച നിരാഹാരം കിടന്ന് പത്രത്തിലും ചാനലിലും പടോം വരുത്തി എഴുന്നേറ്റു പോകാമെന്ന് കരുതിയിരുന്ന യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തെ പ്രകോപിപ്പിച്ച് ഈ നിലയിലാക്കിയത് പിണറായി വിജയനാണ്. നിയമസഭ തുടങ്ങും മുമ്പേ ഒരു ചര്‍ച്ചയ്ക്ക് വിളിച്ച് ഓരോ ചായയും ബിസ്‌കറ്റും കൊടുത്ത്, ഒന്നു വിരട്ടി വിട്ടിരുന്നെങ്കില്‍ അന്നേ അവര്‍ സമരം നിര്‍ത്തി പോയേനെ. അതിനു പകരം നിയമസഭയിലും പുറത്തും പ്രതിപക്ഷത്തെ കളിയാക്കിയും പ്രകോപിപ്പിച്ചും സമരത്തില്‍ നിന്ന് പിന്മാറാന്‍ കഴിയാത്ത അവസ്ഥയിലേക്ക് തളളിവിട്ടത് പിണറായി ഒറ്റയൊരാളാണ്. പ്രതിപക്ഷത്തെ ചെറുപ്പക്കാര്‍ നേരെ നിന്ന് കൈചൂണ്ടി ചിലത് ചോദിച്ചപ്പോഴേക്ക്, പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതു മുതല്‍ ചിരിക്കുന്ന സൗമ്യ വിജയനാകാന്‍ അഭിനയ പഠനം തുടങ്ങിയ പിണറായിയുടെ പുളളി തെളിഞ്ഞെങ്കിലും പ്രതിപക്ഷത്തിന് ഇത് നല്‍കിയ ഊര്‍ജ്ജം ചില്ലറയല്ല.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 12 മണ്ഡലങ്ങളില്‍ താമര വിരിയിക്കണമെന്ന് അമിത് ഷാ കോഴിക്കോട് പറഞ്ഞതു മുതല്‍ ആ സ്വപ്‌നത്തില്‍ കോരിത്തരിച്ച് സമരം മറന്നു നിന്ന ബി.ജെ.പിയെ പാടെ പിന്തളളി സമരത്തിനിറങ്ങി പ്രതിപക്ഷത്തെ ഒന്നാമന്‍ കോണ്‍ഗ്രസു തന്നെയാണെന്ന് തെളിയിക്കാനുമായി.

കോളേജ് അടച്ചതോടെ ആകെ ബോറായിരിക്കുമ്പോഴാണ് അപ്പൂപ്പന്‍ മരിച്ചത്, പിന്നെ അടിയന്തിരമായി, പുലകുളിയായി, ആളായി, അനക്കമായി, അങ്ങനെയങ്ങ് അടിപൊളിയായെന്ന് ആരോ പറഞ്ഞതു പോലെയായി കോണ്‍ഗ്രസും. തിരഞ്ഞെടുപ്പിന് തൊട്ടു മുന്നിലല്ലാതെ സമരം നടത്തുന്ന ശീലം കോണ്‍ഗ്രസിനില്ല. പുതിയ ഭരണം വന്നാല്‍ ആദ്യ കൊല്ലം ഖദര്‍ തന്നെ ഊരിവച്ച് പുറംവരവിനുളള വഴി തേടി പോകലാണ് പണ്ടേയുളള പതിവ്. അതെല്ലാം മാറ്റി സമരത്തിനിറങ്ങിയെന്ന് മാത്രമല്ല കേരളത്തില്‍ അങ്ങോളം ഇങ്ങോളം പൊലീസിന്റെ അടിവാങ്ങിയിട്ടും കരഞ്ഞു കൊണ്ടോടാതെ യുവകോണ്‍ഗ്രസുകാര്‍ വീറു കാട്ടി. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രര്‍ത്തകരുടെ ശരീരത്തിലേക്ക് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രേതം കേറിയ പോലെയായിരുന്നു സമരം. സമാധാനം ഒക്കെ വിട്ട് ‘അടിക്കടി, തിരിച്ചടി’ എന്ന മട്ടില്‍ നല്ല ഉഷാറായി സമരം നടത്തി. മുന്നണി വിട്ട മാണിക്കു പോലും സമരം കണ്ട് കൊതിയായിക്കാണും. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വിശ്വാസം വരാഞ്ഞ്, ഇടയ്ക്ക് സമരക്കാരെ തൊട്ടും പിച്ചിയും നോക്കിയാ വിശ്വാസം വരുത്തിയത്. നിയമസഭയില്‍ പിണറായിയെ പേടിച്ചാണിരിപ്പെന്ന പരാതി മാറ്റിയെന്ന് മാത്രമല്ല അഴിമതിയില്‍ കുടുക്കുമോയെന്ന് പേടിയില്ലാതെ യുവ കോണ്‍ഗ്രസുകാര്‍ നേര്‍ക്ക് നേരെ നിന്ന് പിണറായിയെ വെല്ലുവിളിക്കുകയും തനി സ്വരൂപത്തിലേക്ക് മടങ്ങാന്‍ വഴി തുറന്നു കൊടുക്കുകയും ചെയ്തു.

 

പിന്നില്‍ക്കുത്ത് 
സമരത്തില്‍ കരളലിഞ്ഞ് ഫീസ് കുറയ്ക്കാന്‍ തയ്യാറായി വന്ന മാനേജ്‌മെന്റ് പ്രതിനിധികളെ പിണറായി വിരട്ടിയത് കൊണ്ടാണ് സമരം പരാജയപ്പെട്ടതെന്ന് വിലപിക്കുന്ന ചെന്നിത്തലയോട്: ‘ചൊറിയും കുത്തിയിരുന്ന സമയത്ത് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ വഴിയുണ്ടാക്കി തന്നതും പോരാ, സമരം വിജയിപ്പിച്ച് കൂടി തരണമെന്ന് പറയുന്നത് അതിമോഹമാവില്ലേ രമേശാ! 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍