UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാഥ കഴിഞ്ഞു, ഇനി സിപിഐഎമ്മിന് പരീക്ഷണകാലം

Avatar

കെ എ ആന്റണി

പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ച് ഇന്നലെ ശംഖുമുഖത്ത് സമാപിച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ മുഖ്യധാരാ പാര്‍ട്ടികള്‍ സംഘടിപ്പിച്ച രാഷ്ട്രീയ യാത്രകള്‍ക്ക് പര്യവസാനമായി. ഇനിയങ്ങോട്ട് ചടുലമായ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കുള്ള സമയമാണ്.

നവകേരള മാര്‍ച്ച് ആരംഭിച്ച ഘട്ടത്തിലുണ്ടായിരുന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്ക് ചില മാറ്റങ്ങള്‍ വന്നു ഭവിച്ചുവെന്നത് സിപിഐഎം നേതൃത്വത്തെ മാത്രമല്ല ഇടതു മുന്നണിയെ മൊത്തത്തില്‍ അസ്വസ്ഥമാക്കുന്നുണ്ടാകണം. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രതിയായ കതിരൂര്‍ മനോജ് വധക്കേസും അരിയില്‍ ഷുക്കൂര്‍ വധക്കേസും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഉണ്ടാക്കുന്ന തലവേദന നിസ്സാരമല്ല. അതിനിടയിലാണ് വീണ്ടും കണ്ണൂരില്‍ ഒരു ആര്‍ എസ് എസുകാരന്‍ കൂടി കൊല്ലപ്പെട്ടത്. പാപ്പിനിശേരി അരോലില്‍ ഇന്നലെ രാത്രി വൈകി നടന്ന കൊലപാതകം സിപിഐഎം പാര്‍ട്ടി നേതൃത്വവുമായി ബന്ധമൊന്നുമില്ലെന്ന് തല്‍ക്കാലം പൊലീസും പാര്‍ട്ടി നേതൃത്വവും പറയുന്നുണ്ടെങ്കിലും ബിജെപി, ആര്‍ എസ് എസ് നേതൃത്വം ഈ കൊലപാതകത്തെ വീണുകിട്ടിയ ഒരു അവസരമായി ഉപയോഗിക്കുന്നുണ്ട്. കോണ്‍ഗ്രസും യുഡിഎഫും അതേ പല്ലവി തന്നെ ആവര്‍ത്തിക്കുമ്പോള്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലെ പൂര്‍ണ ഉത്തരവാദിത്വം സിപിഐഎമ്മിന്റെ തലയില്‍ വന്ന് വീഴുന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.

ആര്‍ എസ് എസ് തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് സിബിഐ പ്രവര്‍ത്തിക്കുന്നത് എന്ന് പറയുമ്പോഴും പി ജയരാജന്‍ പ്രതിയായ കതിരൂര്‍ മനോജ് വധക്കേസിന്റെ ഗതി തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ സിപിഐഎം നേതൃത്വത്തിന് ആശങ്കയുണ്ട്. തന്നെയുമല്ല ജയരാജന്‍ അറസ്റ്റിലാകുന്നതോടെ കഴിവുറ്റ ഒരു സംഘാടകന്റെ അഭാവമാണ് ജില്ലയില്‍ ഈ തെരഞ്ഞെടുപ്പ് വേളയില്‍ സിപിഐഎമ്മിന് ഉണ്ടാകാന്‍ പോകുന്നത്.

സിപിഐഎം ബംഗാള്‍ ഘടകം സ്വീകരിച്ചിട്ടുള്ള നിലപാടാണ് ആ പാര്‍ട്ടിയുടെ കേരള ഘടകത്തെ ആശങ്കപ്പെടുത്തുന്ന മറ്റൊന്ന്. മമത ബാനര്‍ജിയെ തറപറ്റിച്ച് വീണ്ടുമൊരു തിരിച്ചു വരവിനുള്ള അവസാന അടവ് എന്ന രീതിയിലാണ് ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന ശക്തമായ വാദം അവിടത്തെ സഖാക്കള്‍ മുന്നോട്ടു വയ്ക്കുന്നത്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിയും ഈ വാദത്തോട് യോജിക്കുന്നുണ്ട്. കേരളത്തില്‍ വി എസ് അച്യുതാനന്ദനും യെച്യൂരിക്കും ബംഗാള്‍ സഖാക്കള്‍ക്കും ഒപ്പമാണ്.

ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നത് കേരളത്തില്‍ സിപിഐഎമ്മിന് ഏറെ ദോഷം ചെയ്യുമെന്ന കേരള ഘടകത്തിന്റെ വാദത്തില്‍ കഴമ്പില്ലാതെയില്ല. കേരളത്തില്‍ മുഖ്യശത്രുവായ കോണ്‍ഗ്രസിനെ ബംഗാളില്‍ മിത്രമാക്കുന്നതിന്റെ യുക്തി എത്ര കണ്ട് കേരള വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നതാണ് ഇവിടത്തെ സഖാക്കളെ കുഴക്കുന്ന പ്രധാന പ്രശ്‌നം.

സോളാറും ബാര്‍ കോഴ കേസുമൊക്കെ തുടക്കത്തില്‍ നല്‍കിയ അനുകൂല സാഹചര്യം ഇപ്പോള്‍ അതേ അവസ്ഥയില്‍ നിലനില്‍ക്കുന്നില്ല. അതിനിടയിലാണ് ബംഗാളില്‍ കോണ്‍ഗ്രസുമായി ഐക്യത്തിനുള്ള പുറപ്പാട്. ഇതിന്റെ മെച്ചം കേരളത്തില്‍ കോണ്‍ഗ്രസിനു മാത്രമല്ല ബിജെപി മുന്നോട്ടു വയ്ക്കുന്ന മൂന്നാം മുന്നണിക്കും ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുമ്മനം രാജഖേരന്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ എന്‍ഡിഎ ഇത്തവണ പത്തിലേറെ സീറ്റുകളില്‍ പ്രതീക്ഷ വയ്ക്കുന്നുണ്ട്.കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന് ഒപ്പം ബംഗാളിലെ സിപിഐഎം കോണ്‍ഗ്രസ് ബാന്ധവവും കുമ്മനവും കൂട്ടരും പ്രചാരണായുധമാക്കും.

ജെഎന്‍യു പ്രശ്‌നത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാടിലെ ഇരട്ടനീതിയും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ രോഹിത് വെമുല ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളുമൊക്കെ കേരളത്തിലെ ക്യാമ്പസുകളിലും മോദി വിരുദ്ധ വികാരം ഉണര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം രാജ്യമെമ്പാടും വളര്‍ന്നുവരുന്ന അസഹിഷ്ണുതാ വാദം കൂടി ചേര്‍ത്ത് യുവ വോട്ടര്‍മാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താമെന്ന് സിപിഐഎമ്മും ഇടതുപക്ഷവും കരുതുന്നു. എന്നാല്‍ ഈ വിഷയങ്ങളെ ചൊല്ലിയുള്ള യുവതലമുറയുടെ പ്രതിഷേധത്തിന്റെ ഗുണഭോക്താക്കള്‍ കോണ്‍ഗ്രസും യുഡിഎഫും കൂടിയാണെന്ന കാര്യം വിസ്മരിച്ചുകൂട. ഹൈദരാബാദ് സര്‍വകലാശാലയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഇടപെടല്‍ രാഷ്ട്രീയപരമായി വളരെ വലിയ നേട്ടമാണ് കോണ്‍ഗ്രസിന് നല്‍കിയത്. ജെഎന്‍യു പ്രശ്‌നത്തിലും കോണ്‍ഗ്രസും അതിന്റെ വിദ്യാര്‍ത്ഥി സംഘടനയും എടുത്തിട്ടുള്ള സമീപനവും കേന്ദ്രത്തില്‍ മോദിയെ എതിര്‍ക്കാന്‍ മതേതര ശക്തികള്‍ ഒരുമിക്കേണ്ടതുണ്ടെന്നും അത്തരം ഒരു നീക്കത്തിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് ആണ് കഴിയുക എന്ന ചിന്തകള്‍ക്കുമാണ്. പക്ഷേ നടക്കാനിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ആകയാല്‍ ഇത്തരം ഒരു വാദത്തിന് അത്ര പ്രസക്തി പോര. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാണുന്നവര്‍ പോലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അവരെ കൈവിടുന്ന സാഹചര്യം പണ്ടും ഉണ്ടായിട്ടുണ്ട്. അതു തന്നെയാണ് ഈ വിഷയത്തില്‍ സിപിഐഎമ്മിനും ഇടതു മുന്നണിക്കും നല്‍കുന്ന പ്രത്യാശ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍