UPDATES

ട്രെന്‍ഡിങ്ങ്

പിണറായിയുടെ ചില ഗുഡ് സര്‍ട്ടിഫിക്കറ്റുകള്‍; കോണ്‍ഗ്രസിന്റെ തളര്‍ച്ചയും ബിജെപിയുടെ കണ്‍ഫ്യൂഷനും

പ്രതിപക്ഷ സ്ഥാനത്തിന് വേണ്ടി കോണ്‍ഗ്രസും ബി ജെ പിയും നടത്തുന്ന അടവുകളും തന്ത്രങ്ങളും ആയിരിക്കും വരുന്ന അഞ്ചു വര്‍ഷം കേരള രാഷ്ട്രീയത്തെ സജീവമാക്കുക

സിപിഎം ജനങ്ങളിൽ നിന്ന് അകലുന്നതായി തോന്നുന്ന വിഷയങ്ങളിൽ പാർട്ടിയെ തള്ളിപ്പഞ്ഞ് ജനങ്ങളോടൊപ്പവും എന്നാൽ തെരെഞ്ഞെടുപ്പ് കാലത്ത് മറ്റെല്ലാ അഭിപ്രായവ്യത്യാസവും മാറ്റിവച്ച് പാര്‍ട്ടിയോടൊപ്പവും നിലയുറപ്പിക്കുന്ന നേതാവാണ് വിഎസ് അച്യുതാനന്ദൻ. പത്തു വർഷമായി സിപിഎമ്മിൽ നിന്നു ഒരേ ഒരു വാർത്ത മാത്രമാണ് പുറത്തുവന്നുകൊണ്ടിരുന്നത്. വിഎസ്-പിണറായി അധികാര വടം വലി. ചിലപ്പോൾ വിഎസ് ജയിച്ചതായി നമുക്ക് തോന്നും. മറ്റു ചിലപ്പോൾ പിണറായി നേടിയതായും. ജനങ്ങൾ പാർട്ടിക്കെതിരെ തിരിയുമെന്നു തോന്നിയാൽ ആദ്യം ആ ആയുധം പാർട്ടിക്കെതിരെ പ്രയോഗിക്കുന്നത് വി എസ് അച്യുതാനന്ദൻ ആയിരിക്കും. കിളിരൂർ വി ഐ പി വിവാദം മുതൽ എം എം മണിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണം എന്ന കത്ത് അടക്കം പരിശോധിക്കുക. പ്രതിപക്ഷം മരത്തിൽ കാണുമ്പോള്‍ വിഎസ് മാനത്തു കാണും. തൽക്കാലം ആ വാർത്തകൾ പാർട്ടിക്കെതിരായി മാധ്യമങ്ങൾ കാണിക്കുമെങ്കിലും വിശാലമായ അർത്ഥത്തിൽ പരിശോധിച്ചാൽ വിഎസ് ചെയ്തത് സിപിഎമ്മിന് ഗുണകരമായിട്ടാണ് ഭവിക്കുന്നത്. “ഇങ്ങനെയൊക്കെ ആണെങ്കിലും വിഎസിനെ പോലുള്ളവർ ഈ പാർട്ടിയിൽ ഉണ്ടല്ലോ” എന്ന ആശ്വാസമാകും പൊതുസമൂഹത്തിന് ഉണ്ടാകുക. ഇതുപോലുള്ള ഒരു ആശ്വാസമാണ് ബിജെപിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കമലിനോട് രാജ്യം വിട്ടുപോകാൻ പറയുന്ന എഎൻ രാധാകൃഷ്ണനെ പോലുള്ള വർഗീയ വാദികൾ ഉണ്ടെങ്കിലും ചെഗുവേരയെ ഇഷ്ടപ്പെടുന്ന സികെ പദ്മനാഭനെ പോലുള്ള ആളുകളും ബിജെപിയിൽ ഉണ്ടല്ലോ എന്ന ചിന്തയാണ് ഇപ്പോൾ കേരള സമൂഹത്തിനുള്ളത്. പിണറായി പോലും സികെപിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകി. ഇത്തരം മികച്ച സർട്ടിഫിക്കറ്റുകൾ ദൂരവ്യാപകമായി ബിജെപിക്ക് ഗുണം ചെയ്തേക്കാം.

ഇത്തവണ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപി പേടിയാണ് ഇടതു പാർട്ടികൾക്ക് ഗുണം ചെയ്തത്. ആലപ്പുഴ ജില്ലയിലെ അരൂർ നിയോജക മണ്ഡലത്തിലെ കാര്യം തന്നെ എടുക്കാം. ഈഴവ വിഭാഗത്തിന് മേൽക്കൈയുള്ള പ്രദേശത്ത് ബിഡിജെഎസ് സ്ഥാനാർഥി അനിയപ്പൻ കാടിളക്കിയാണ് പ്രചാരണം നടത്തിയത്. ഇതിന്റെ പ്രയോജനം കിട്ടിയത് സിപിഎമ്മിനായിരുന്നു. സിപിഎം സ്ഥാനാർഥി എഎം ആരിഫിന്റെ ഭൂരിപക്ഷം 38,519. മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. കെ ആർ ഗൗരിയമ്മ പോലും ഇത്രയും ഭൂരിപക്ഷത്തിൽ അവരുടെ സിപിഎം സുവർണ കാലത്ത് പോലും വിജയിച്ചിട്ടില്ല.

പത്തു വര്‍ഷം കേരള ഭരണം ലക്ഷ്യമിടുന്ന പിണറായി ഈ ബി ജെ പി പേടിയെ തന്നെയായിരിക്കും ആയുധമാക്കാന്‍ ശ്രമിക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പൂർണമായും തളരണം. ഈ സംഘപരിവാര്‍ പേടി തുടര്‍ന്നാല്‍ കോൺഗ്രസ്സ് 20 സീറ്റിൽ താഴെ ഒതുങ്ങും. ബിജെപി സീറ്റ് ഒന്നിൽ നിന്ന് അഞ്ചിലേക്കുയർത്തിയാലും നേട്ടം കൊയ്തെടുക്കുന്നത് പിണറായി വിജയനായിരിക്കും. അടുത്ത അഞ്ചുവർഷവും പിണറായിയുടെ കൈകളിൽ സുരക്ഷിതം. പാർട്ടി സെക്രട്ടറി പദവിയിൽ കോടിയേരി ബാലകൃഷ്ണൻ സന്തോഷവാനും മറ്റൊരു പിബി അംഗം എംഎ ബേബി ഇതിനകം പാർട്ടിയിൽ അപ്രസക്തനായും മാറിയതിനാൽ പിണറായിക്കു വെല്ലുവിളിയുടെ വിദൂര സാധ്യത പോലുമില്ല.

താഴെത്തട്ടിൽ സംഘപരിവാർ ആളെണ്ണം വർദ്ധിപ്പിക്കുന്നു എന്നത് വസ്തുതയാണ്. പക്ഷെ ഇവരെ നയിക്കാൻ യോഗ്യരായ നേതാക്കൾ ഇല്ലാത്തതാണ് ബിജെപിയെ കേരളത്തിൽ വലയ്ക്കുന്നത്. നോട്ട് പ്രതിസന്ധി വിഷയത്തിൽ ചാനൽ ചർച്ചയിൽ വെറും കോമാളികളായി ബിജെപി വക്താക്കൾ മാറി. സഹകരണ വിഷയത്തിൽ നാടിന്റെ ട്രെൻഡ് അറിയാതെ നിലപാട് എടുത്തു. ഇത്തരം നേതാക്കളെ വച്ച് വഴിമുട്ടിയ കേരളത്തിന് വഴികാട്ടാൻ ബിജെപിക്കാവില്ല. സ്വന്തം വഴിയറിയാതെ നിൽക്കുന്ന ഇവർ എങ്ങനെ കേരളത്തെ വഴികാട്ടും? അതോടൊപ്പം അനുയോജ്യരായ സഖ്യകക്ഷികളെ കിട്ടാത്തതും ബിജെപിയെ ധര്‍മ്മസങ്കടത്തില്‍ ആക്കുന്നുണ്ട്.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‍ ഉമ്മന്‍ ചാണ്ടി മാറി നില്‍ക്കുന്നതും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയ്ക്ക് (കഴിഞ്ഞ പ്രതിപക്ഷ നേതാവ് വിഎസിന്റെ പെര്‍ഫോമന്‍സ് ഓര്‍ക്കുക) വേണ്ടത്ര ഉയരാന്‍ കഴിയാത്തതും വിഎം സുധീരന് സംഘടനയെ മെരുക്കിയെടുക്കാന്‍ സാധിക്കാത്തതും കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയിട്ടുണ്ട്. ഒപ്പം യുഡിഎഫിലെ മറ്റു പാര്‍ട്ടികള്‍ പൂര്‍ണ്ണമായും നിശ്ചലരാണ്. വേണമെങ്കില്‍ മുസ്ലീംലീഗിന് ഇത്തിരി പിണറായി ഭക്തി ഇല്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ പിണറായി സര്‍ക്കാരിനെതിരെ സമരം ചെയ്യണോ അതോ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ആകെ കുഴപ്പത്തിലായ നരേന്ദ്ര മോദിക്കെതിരെ സമരം ചെയ്യണമോ എന്ന ആശയകുഴപ്പവും വിട്ടു മാറാത്തതുകൊണ്ട് സമരങ്ങളും ക്ലച്ച് പിടിക്കുന്നില്ല. കൂടാതെ ഗ്രൂപ്പ് യുദ്ധം തെരുവിലേക്ക് വലിച്ചിക്കപ്പെട്ടതും നാണക്കേടായി. ആകെ ആശ്വാസം കെ എസ് യു പിള്ളേര്‍ നടത്തുന്ന സ്വാശ്രയ സമരം മാത്രം.

എന്തായാലും പ്രതിപക്ഷ സ്ഥാനത്തിന് വേണ്ടി കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന അടവുകളും തന്ത്രങ്ങളുമായിരിക്കും വരുന്ന അഞ്ചു വര്‍ഷം കേരള രാഷ്ട്രീയത്തെ സജീവമാക്കുക എന്ന കാര്യത്തില്‍ സംശയമില്ല. പിണറായിയുടെ ചില ഗുഡ് സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങനെ വര്‍ക്കൌട്ടാകും എന്നേ നോക്കേണ്ടതുള്ളൂ.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

Avatar

സി ബി ശ്രീനിവാസ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍