UPDATES

News

പോളിങ് സമയം അവസാനിച്ചു, 75 ശതമാനം പോളിങ്

Avatar

അഴിമുഖം പ്രതിനിധി

മൂന്നുമാസത്തോളം നീണ്ടു നിന്ന പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവില്‍ കേരളം ഇന്ന് വിധിയെഴുതി. വൈകിട്ട് ആറര മുതല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങുമെങ്കിലും യഥാര്‍ത്ഥ ജനവിധി അറിയാന്‍ ഇനിയും രണ്ടു നാള്‍ കൂടി കാത്തിരിക്കണം.

സോളാര്‍ മുതല്‍ സോമാലിയ വരെ പ്രചാരണ വിഷയമായ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം 78 വരെ പോയേക്കുമെന്നാണ് സൂചന. 2011-ലേക്കാള്‍ കൂടുതല്‍ പോളിങ് എല്ലാ ജില്ലകളിലും രേഖപ്പെടുത്തി. പോളിങ് സമയം അവസാനിച്ച ആറ് മണിവരെ 75 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പല ബൂത്തുകളിലും വോട്ടെടുപ്പ് അവസാനിച്ചിട്ടില്ല. ആറുമണിവരെ ബൂത്തിലെത്തിയവര്‍ കൂടെ വോട്ടു ചെയ്യുമ്പോള്‍ അന്തിമ പോളിങ് ശതമാനം വര്‍ദ്ധിക്കും. കഴിഞ്ഞ തവണ 75.1 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. തിരുനന്തപുരം 70.5 ശതമാനം, കൊല്ലം 72.2 ശതമാനം, പത്തനംതിട്ട 65 ശതമാനം, കോട്ടയം 74.2 ശതമാനം, ആലപ്പുഴ 75.7 ശതമാനം, ഇടുക്കി 69 ശതമാനം, എറണാകുളം 74.4 ശതമാനം, തൃശൂര്‍ 74.5 ശതമാനം, പാലക്കാട് 73.2 ശതമാനം, മലപ്പുറം 70.2 ശതമാനം, കോഴിക്കോട് 75.5 ശതമാനം, വയനാട് 72.7 ശതമാനം, കണ്ണൂര്‍ 75.5 ശതമാനം, കാസര്‍ഗോഡ് 72 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.

പതിവിന് വിപരീതമായി ഇടത്, വലതു മുന്നണികളെ പോലെ തന്നെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യവും ഇക്കുറി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന ബിഡിജെഎസ് വോട്ടുകളിലാണ് ബിജെപിയുടെ പ്രതീക്ഷയത്രയും. ഈ പ്രതീക്ഷ തന്നെയാകണം ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ പോളിങ് ശതമാനം ഉയരാന്‍ ഇടയാക്കിയതും.

കേരളത്തില്‍ ഇടത് തരംഗമാണെന്ന് വിഎസ് അച്യുതാനന്ദനും പിണറായി വിജയനുമൊക്കെ പറയുമ്പോള്‍ കേരളം ഇക്കുറി ചരിത്രം തിരുത്തിയെഴുതുമെന്നാണ് എകെ ആന്റണിയുടെ അവകാശ വാദം. അഞ്ച് വര്‍ഷം യുഡിഎഫ്, അഞ്ച് വര്‍ഷം എല്‍ഡിഎഫ് എന്ന പതിവ് കേരളത്തിലെ വോട്ടര്‍മാര്‍ തെറ്റിക്കുമെന്നാണ് ആന്റണിയുടെ പ്രതീക്ഷ. അതേസമയം ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ ദിശ തന്നെ മാറ്റുമെന്ന് കുമ്മനം രാജശേഖരനും ഒ രാജഗോപാലും അവകാശപ്പെടുന്നു.

പ്രചാരണ വേളയിലെ വാക്‌പോര് ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും വോട്ടെടുപ്പ് ദിനത്തിലും തുടര്‍ന്നു. വോട്ട് ചെയ്ത് ബൂത്തില്‍ നിന്നും പുറത്തിറങ്ങിയ പിണറായി വിജയന്‍ ഇനിയൊരു ജിഷ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് പറഞ്ഞപ്പോള്‍ വടകരയിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമക്ക് നേര്‍ക്കുണ്ടായ കയ്യേറ്റത്തെ കുറിച്ച് പറഞ്ഞ് ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു. കാലത്ത് പെയ്ത മഴ തിരുവന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പോളിങ് തുടക്കത്തില്‍ മന്ദഗതിയിലാക്കിയെങ്കിലും പിന്നീട് ഉയര്‍ന്നു.

കേരളത്തില്‍ മൊത്തത്തില്‍ വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കനത്ത പോളിങ് നടന്നത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴയില്‍ അടക്കം പാലക്കാട് ജില്ലയിലെ ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും നല്ല പോളിങ് ഉണ്ടായി. എന്നാല്‍ ലീഗ് ഉരുക്കുകോട്ടയായ മലപ്പുറത്ത് രാവിലെ പ്രതീക്ഷിച്ച രീതിയില്‍ വോട്ടര്‍മാര്‍ ബൂത്തിലെത്താതിരുന്നത് വലതു, ഇടത് മുന്നണികളെ ഞെട്ടിച്ചിരുന്നു. ഇത് കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുന്നത് മുസ്ലിം ലീഗിനേയും യുഡിഎഫിനേയുമാണ്. വൈകുന്നേരത്തോടെ പോളിങ് ത്വരിതഗതിയിലേക്ക് മാറി. കഴിഞ്ഞ തവണ 74 ശതമാനത്തോളമാണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്.

കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കിലും പാലക്കാട് ജില്ലയിലെ കോങ്ങാടും കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് അടുത്ത കാവിലും പാറയിലും ആയുധധാരികളായ ചിലരെ കണ്ടുവെന്ന വാര്‍ത്ത വോട്ടര്‍മാര്‍ക്കിടയില്‍ ഭീതി പടര്‍ത്തി. ഇവര്‍ മാവോയിസ്റ്റുകളാണെന്ന സംശയത്താല്‍ കേന്ദ്ര സേന വനമേഖലകളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നാലുപേര്‍ കുഴഞ്ഞു വീണ് മരിച്ച സംഭവും ഉണ്ടായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍