നിങ്ങളെന്തിനാണ് ഞങ്ങള്‍ മൂന്നു സ്ത്രീകളുടെ സമരത്തെ പേടിക്കുന്നത്?
ഇന്നലെ (വ്യാഴാഴ്ച) അര്‍ദ്ധരാത്രിയോടടുത്ത് മൂന്നാര്‍ മാര്‍ക്കറ്റ് റോഡില്‍ ഗാന്ധി സ്‌ക്വയറിനടുത്ത് പൊമ്പുളൈ ഒരുമൈ താത്കാലികമായി കെട്ടിയുണ്ടാക്കിയ സമരപന്തലില്‍ നടന്ന അനിഷ്ടസംഭവങ്ങള്‍ ചില കാര്യങ്ങള്‍ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. അത് പൊമ്പുളൈ ഒരുമൈയെ പൂര്‍ണമായി തകര്‍ക്കുക, അല്ലെങ്കില്‍ ശിഥിലീകരിക്കുക, ഹൈജാക്ക് ചെയ്യുക എന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യവും കൂടി ഉള്‍പ്പെടുന്നതാണ്. 2015 ലെ സമരത്തിനുശേഷം നിര്‍ജീവമാവുകയോ ഇല്ലാതാവുകയോ ചെയ്ത പ്രസ്ഥാനമല്ല പൊമ്പുളൈ ഒരുമൈ. അതു പലരീതിയില്‍ കൈയടക്കല്‍ ശ്രമത്തിനു വിധേയമായെങ്കിലും നിലനില്‍ക്കുന്ന തൊഴിലാളി പ്രശ്‌നങ്ങള്‍ ആ സംഘടനയെ ഇന്നും സജീവമായി നിലനിര്‍ത്തുന്നു. കൂലി, ബോണസ് വര്‍ദ്ധനവിനും ജീവിതസാഹചര്യങ്ങളുടെ മാറ്റത്തിനുമായി ഉടലെടുത്തതായിരുന്നു ആ സമരം.
എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പൊമ്പുളൈ ഒരുമൈ ഒരിക്കല്‍ കൂടി കേരളത്തിന്റെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. അതിനു പിന്നാലെയാണ് ഇന്നലെ രാത്രിയില്‍ നടന്ന സംഭവങ്ങളും. എന്താണ് മൂന്നാറില്‍ നടക്കുന്നത്? ഗോമതിക്കും കൗസല്യക്കും രാജേശ്വരിക്കും പറയാനുള്ളത്.
സമരം പൊളിക്കാന്‍ നോക്കുന്ന സിപിഎം
ഞങ്ങള്‍ മൂന്നു പെണ്ണുങ്ങള്‍ സമരം നടത്തിയാല്‍ എന്തു സമരം എന്നു കളിയാക്കുന്നവരാണ് സിപിഎം. ആ സിപിഎം തന്നെയാണ് ഞങ്ങളുടെ സമരത്തെ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്. അതാണ് ഇന്നലെ രാത്രി കണ്ടത്.
ഇന്നലെ എട്ടുമണി കഴിഞ്ഞാണു സംഭവങ്ങളുടെ തുടക്കം. സമരപന്തലില്‍ ഉള്ള ആം ആദ്മി പാര്‍ട്ടി നേതാവ് സിആര്‍ നീലകണ്ഠന്റെ ചര്‍ച്ച കൈരളി ചാനല്‍ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. ഈ സമയത്താണ് പന്തലിന്റെ പിറകില്‍ കെട്ടിയിരുന്ന ബാനര്‍ ഇടതു വശത്തായി കെട്ടാനായി അഴിക്കുന്നത്. തണുത്ത കാറ്റ് അടിച്ചു കയറുന്നതിനു ഒരു മറ എന്നാണു ഞങ്ങള്‍ ഉദ്ദേശിച്ചത്. പക്ഷേ ബാനര്‍ അഴിക്കുന്നത് അപ്പാടെ കാമറയില്‍ പകര്‍ത്തി ഞങ്ങള്‍ സമരത്തിന്റെ മുദ്രാവാക്യം മാറ്റി, സമരം പൊളിഞ്ഞു എന്ന രീതിയിലൊക്കെ വാര്‍ത്ത വരികയായിരുന്നു അപ്പോള്‍ തന്നെ.
ഞങ്ങള്‍ മനസില്‍പോലും ആലോചിക്കാത്ത കാര്യങ്ങളാണ്. കൊടുംതണുപ്പത്താണ് ഞങ്ങള്‍ കിടക്കുന്നത്. കുറച്ച് ആശ്വാസം കിട്ടാനാണ് ആ ബാനര്‍ അഴിച്ച് സൈഡിലേക്ക് കെട്ടിയത്. ഞങ്ങള്‍ക്ക് സാധാരണ തൊഴിലാളി സ്ത്രീകളാണ്. ഒരുപക്ഷേ ഞങ്ങള്‍ ചെയ്ത അബദ്ധമായിരിക്കാമത്. ചുറ്റും നില്‍ക്കുന്നവര്‍ ഏതെല്ലാം തരത്തിലുള്ളവരാണെന്നും അവര്‍ എന്തൊക്കെയാണു നോക്കിയിരിക്കുന്നതെന്നും ഞങ്ങള്‍ക്കറിയില്ലല്ലോ.
ബാനര്‍ അഴിച്ച വാര്‍ത്ത പുറത്തു വന്നതും ആം ആദ്മിക്കാരോട് നിരാഹരം അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത വന്നതും സിപിഎമ്മുകാരെ സന്തോഷിപ്പിച്ചു കാണണം. അവര്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. പെട്ടെന്നാണ് കുറേപ്പേര്‍ പന്തലിലേക്ക് കയറി വന്നത്. ചില ചാനലുകളില്‍ പറയുന്നതുപോലെ അവര്‍ നാട്ടുകാരല്ല, പന്തലിന്റെ ഉടമകളുമല്ല. അവര്‍ സിപിഎം നേതാക്കളാണ്. സോജന്‍, ബാലചന്ദ്രന്‍, അബ്ബാസ്, മാരിയപ്പന്‍ എന്നിവരെ ഞങ്ങള്‍ക്കറിയാം. അവര്‍ പറയുന്നത് മൂന്നാറിലെ കാര്യം മൂന്നാറുകാര്‍ക്ക് നോക്കാനറിയാം. ആശയവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു തീര്‍ത്തോളാം എന്നൊക്കെയാണ്. ആം ആദ്മിക്കാരോടാണവര്‍ പറയുന്നത്. ഈ സോജനും മറ്റും തോട്ടം തൊഴിലാളികളുമായി എന്തുബന്ധം? അവര്‍ റിസോര്‍ട്ട് ഉടമകളും സിപിഎം നേതാക്കളുമാണ്. അവര്‍ പന്തലുപൊളിക്കാനും കസേര തകര്‍ക്കാനുമൊക്കെ നോക്കിയത് ഈ സമരം പൊളിക്കാന്‍ വേണ്ടിയാണ്. ഞങ്ങള്‍ക്കതു മനസിലാകും.
മണിക്കെതിരേ സമരം ചെയ്യുന്നവരെ അവര്‍ ശരിയാക്കും എന്നാണ് വെല്ലുവിളിക്കുന്നത്. അവരുടെ വെല്ലുവിളി ഞങ്ങളെ പേടിപ്പിക്കില്ല. ഇവിടെ കിടന്നു ചാകേണ്ടി വന്നാലും മണി മാപ്പു പറയാതെ ഞങ്ങള്‍ പോകില്ല. അതവര്‍ക്കും അറിയാം. അതുകൊണ്ടാണ് പല രീതിയിലും ഞങ്ങളെ തകര്‍ക്കാന്‍ നോക്കുന്നത്. മൂന്നു പെണ്ണുങ്ങള്‍ എന്നു ഞങ്ങളെ കളിയാക്കിയില്ലേ. ഇപ്പോഴെന്താ അവര്‍ മൂന്നു പെണ്ണുങ്ങളെ പേടിക്കുന്നത്? സമരം ചെയ്യുന്നത് ഒരു പെണ്ണായാലും അതു സമരം തന്നെയാണ്. മണിപ്പൂരില്‍ അവര് (ഇറോം ഷര്‍മിള) ഒറ്റയ്ക്കല്ലേ വര്‍ഷങ്ങളോളം സമരം ചെയ്തത്. ഇവിടെ മൂന്നുപേരെങ്കില്‍ മൂന്നുപേര്‍ ഞങ്ങള്‍ സമരം ചെയ്യും. ഇതു പൊമ്പുളൈ ഒരുമൈ സമരമാണ്. ഞങ്ങളെ തോല്‍പ്പിക്കാനും കീഴടക്കാനും ആരും ശ്രമിക്കേണ്ടതില്ല.
ആരുടെയും പിന്തുണ വേണ്ടെന്നു പറഞ്ഞിട്ടില്ല, പക്ഷേ ഈ സമരം പെമ്പുളൈ ഒരുമൈയുടേതു മാത്രമാണ്
ഞങ്ങള്‍ ഇവിടെ സമരം ആരംഭിച്ചതിനു പിന്നാലെ പല സംഘനകളും രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങള്‍ക്കു പിന്തുണയുമായി വന്നു. സമരത്തെ പിന്തുണയ്ക്കാന്‍ വരുന്നവരോട് നിങ്ങളുടെ പിന്തുണ വേണ്ടായെന്നു ഞങ്ങള്‍ പറഞ്ഞിട്ടില്ല. മണിയുടെ വാക്കുകള്‍ മൊത്തം സ്ത്രീകളെയുമാണ് അപമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമരത്തെ പിന്തുണയ്ക്കാന്‍ ആര്‍ക്കും വരാം. പക്ഷേ ഇതിനൊപ്പം കൃത്യമായി ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ സമരം പൊമ്പുളൈ ഒരുമൈ നടത്തുന്ന സമരമാണ്. മൂന്നു സ്ത്രീകളല്ലേ സമരത്തിനുള്ളൂ, ഇതല്ല യഥാര്‍ത്ഥ പൊമ്പുളൈ ഒരുമൈ തുടങ്ങി പല ആക്ഷേപങ്ങളും ഉയര്‍ത്തുന്നുണ്ടെങ്കിലും അതിനെല്ലാമുള്ള വ്യക്തമായ മറുപടി ഞങ്ങള്‍ നല്‍കുന്നുണ്ട്.
ആക്ഷേപങ്ങള്‍ മാത്രം എല്ലാവരും കേള്‍ക്കുകയും ഞങ്ങള്‍ക്കു പറയാനുള്ളത് എല്ലാവരിലും എത്താതെ പോകുന്നുമുണ്ടായിരിക്കാം. അതുകൊണ്ട് രണ്ടു കാരണങ്ങള്‍ പറയാം, ഒന്ന്, ഏപ്രില്‍-മേയ് മാസങ്ങളിലാണ് തോട്ടങ്ങളില്‍ കൂടുതല്‍ പണി നടക്കുന്നത്. ഈ ദിവസങ്ങളില്‍ ഞങ്ങളെടുക്കുന്ന ജോലിക്കനുസരിച്ചാണ് ബോണസ് കിട്ടുന്നത്. ബോണസ് എന്നു പറയുമ്പോള്‍, ആ പണം ഞങ്ങള്‍ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു കൂടി നിങ്ങള്‍ അറിയണം. മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍, പെണ്‍കുട്ടികള്‍ പ്രായമാകുമ്പോള്‍ നടത്തുന്ന ചടങ്ങ്, എന്നുവേണ്ട ഒരു കട്ടില്‍ വാങ്ങാന്‍ പോലും പലിശയ്ക്ക് കടം വാങ്ങേണ്ടവരാണ് തൊഴിലാളികള്‍. ഈ കടങ്ങള്‍ തീര്‍ക്കാനും മറ്റു പല കാര്യങ്ങള്‍ നടത്താനുമൊക്കെ ബോണസ് പണം ആണ് ഞങ്ങളുടെ ആശ്രയം. അതുകൊണ്ട് തന്നെ ഈ മാസങ്ങളിലെ തൊഴില്‍ വിട്ട് സമരത്തിന് ഇറങ്ങുക സാധാരണ തൊഴിലാളി സ്ത്രീകളെ സംബന്ധിച്ച് കഴിയില്ല. അതുമാത്രമല്ല, ടാറ്റയും എല്ലാ ട്രേഡ് യൂണിയന്‍കാരും തൊഴിലാളികളെ ഭീഷണിപ്പെടുത്തി വച്ചിരിക്കുകയാണ്. സമരത്തിനു പോയാലോ ലീവ് എടുത്താലോ ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്നാണ് ഭീഷണി. 2015 ലെ സമരത്തിനു പിന്നാലെ പലരെയും അവര്‍ പിരിച്ചു വിട്ടിട്ടുണ്ട്. ഞങ്ങള്‍ യൂണിയന്‍ നേതാക്കളായതുകൊണ്ടു മാത്രം ഡിസ്മിസ് ചെയ്യാതെ സസ്‌പെന്‍ഷനുകള്‍ തരുന്നുവെന്നുമാത്രം.
രണ്ടാമത്തെ കാര്യം, ഈ സമരം നടത്തുന്നവര്‍ തന്നെയാണ് യഥാര്‍ത്ഥ പൊമ്പുളൈ ഒരുമൈക്കാര്‍. സംഘടന രൂപീകരിച്ചപ്പോള്‍ തൊട്ടുള്ള ജനറല്‍ സെക്രട്ടറിയാണ് ഈ സമര പന്തലില്‍ ഇരിക്കുന്ന രാജേശ്വരി, സംഘടനയുടെ വൈസ് പ്രസിഡന്റായ കൗസല്യയും സമരത്തിലുണ്ട്. ഇതല്ല യഥാര്‍ത്ഥ പൊമ്പുളൈ ഒരുമൈ എന്നു പറയുന്ന മുന്‍ പ്രസിഡന്റ് ലിസി സണ്ണിയും സ്റ്റെല്ല മേരിയും മാസങ്ങളായി സംഘടനയോട് സഹകരിക്കുന്നില്ല. സംഘടനയില്‍ നിന്നും ഒന്നരലക്ഷം രൂപ തട്ടിച്ചതായി ലിസി സണ്ണിക്കെതിരേ പരാതിയുണ്ട്. ഇവര്‍ ഒന്നോ രണ്ടോ പേര്‍ പറയുന്നതല്ല വാസ്തവം. ഈ സമര പന്തലില്‍ പലനേരങ്ങളിലായി തൊഴിലാളി സ്ത്രീകള്‍ വന്നുപോകുന്നുണ്ട്. അവര്‍ ഞങ്ങള്‍ക്കൊപ്പം ഇരിക്കാത്തത് ഭയം കൊണ്ടുമാത്രമാണ്. രണ്ടു മൂന്നു മാസങ്ങള്‍ കഴിഞ്ഞാണ് ഇതുപോലൊരു സമരം ഇവിടെ നടക്കുന്നതെന്നു കരുതുക; ഇതായിരിക്കില്ല സ്ഥിതി.
ഇങ്ങനെയൊരു സാഹചര്യത്തിനു നടുവിലാണ് ഞങ്ങളുടെ സമരം നടക്കുന്നത്. അതുകൊണ്ട് തന്നെ പിന്തുണയുമായി വരുന്ന ആരെയും ഞങ്ങള്‍ തിരിച്ചയച്ചില്ല. ബിജെപിക്കാര്‍ വന്നു. ഞങ്ങള്‍ക്കൊപ്പം ഇരിക്കുന്നതില്‍നിന്നും അവരെ ഞങ്ങള്‍ തടഞ്ഞില്ല, പിന്തുണയുമായി വരുന്നവരോട് സംസാരിക്കാനും ഒപ്പം ഇരുത്താനും ഞങ്ങള്‍ എന്തിനു മടിക്കണം. പക്ഷേ ഇവിടെയിരുന്ന് അവര്‍ അവരുടേതായ സമരം നടത്തരുത്. ഞങ്ങളെ പിന്തുണച്ച് സമരം നടത്തണമെങ്കില്‍ ഇവിടെ നിന്നും മാറി ഒരു പന്തല്‍കെട്ടി സമരം നടത്തട്ടെ. മൂന്നാറില്‍ പെമ്പുളൈ ഒരുമൈ നടത്തുന്ന സമരത്തെ പിന്തുണച്ച് മറ്റു ജില്ലകളില്‍ സമരം നടക്കുന്നുണ്ട്. ഈ സമരം തിരുവനന്തപുരത്തേക്കു മാറ്റാമെന്നു പറഞ്ഞ ബിജെപി നേതാവ് ശോഭ സുരേന്ദ്രനോടും ഞങ്ങള്‍ പറ്റില്ലെന്നു പറഞ്ഞത് ഇതു പൊമ്പുളൈ ഒരുമൈ സമരമാണ്, ഇതു നടക്കേണ്ടത് ഇവിടെയാണ് എന്നുള്ളതുകൊണ്ടാണ്. ഈ സമരത്തെ ആരും ഇന്നുവരെ ഹൈജാക്ക് ചെയ്തിട്ടില്ല. ആരെങ്കിലും ഈ സമരം ഏറ്റെടുക്കാന്‍ വന്നിട്ടുണ്ടെങ്കില്‍ അവരെ സ്‌നേഹത്തോടെ തടയുകയും ചെയ്തിട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടി ആദ്യ പൊമ്പുളൈ ഒരുമൈ സമരകാലം തൊട്ട് ഞങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരാണ്. അവര്‍ പലരീതിയിലും സഹായിച്ചിട്ടുമുണ്ട്. അതല്ലാതെ ആം ആദ്മി പാര്‍ട്ടിയാണ് പൊമ്പുളൈ ഒരുമൈക്കാര്‍ എന്നു പറയാന്‍ സാധിക്കില്ല. ഇവിടെയവര്‍ പിന്തുണയുമായി എത്തിയപ്പോളും ഞങ്ങള്‍ക്കു സന്തോഷമായിരുന്നു. പിന്തുണ മാത്രമാണ് ഞങ്ങള്‍ അവരില്‍ നിന്നും പ്രതീക്ഷിച്ചത്. അവര്‍ക്ക് ഈ സമര പന്തലില്‍ സ്ഥലം നല്‍കിയതും പിന്തുണക്കുന്നവര്‍ എന്ന അടിസ്ഥാനത്തില്‍ മാത്രമാണ്. പക്ഷേ ചില തെറ്റിദ്ധാരണകള്‍ അതോടെ പ്രചരിക്കപ്പെട്ടു. അതു തിരുത്താന്‍ അവര്‍ ശ്രമിച്ചുമില്ല. ചില ഘട്ടങ്ങളില്‍ ഈ സമരം ആം ആദ്മി സമരമെന്ന നിലയില്‍ പ്രചരിക്കപ്പെട്ടു. ആരോടും സമരപന്തലില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. പക്ഷേ മനസിലാക്കി പെരുമാറുക എന്നത് ഒരോരുത്തരുടെയും മര്യാദയാണ്.
നിരാഹര സമരം കിടക്കരുതെന്നു ഞങ്ങള്‍ അവരോട് പറഞ്ഞതാണ്. അങ്ങനെ വേണമെങ്കില്‍ അതു വേറൊരു പന്തല്‍ കെട്ടി അവിടെയാകാം. പക്ഷേ പലതവണ ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടും ഈ സമരപന്തല്‍ തന്നെ അവര്‍ ഉപയോഗിച്ചു. അതുകൊണ്ടാണ് അവരോട് നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടേണ്ടി വന്നത്. നിരാഹാരം അവസാനിപ്പിക്കുക എന്നതുമാത്രാണ് ആവശ്യപ്പെട്ടത്. അവരോട് സമരത്തില്‍ നിന്നും ഇറങ്ങിപ്പോകാനല്ല പറഞ്ഞത്. ഞങ്ങളെ പിന്തുണയ്ക്കുന്നവരോട് അതുവേണ്ടെന്നു പറയേണ്ടതില്ലല്ലോ. സിആര്‍ നീലകണ്ഠന്‍ സാര്‍ ഞങ്ങളുടെ ആവശ്യപ്രകാരം ഇന്നലെ നിരാഹാരം അവസാനിപ്പിച്ചെങ്കിലും മറ്റൊരാള്‍ നിരാഹരം കിടക്കുമെന്ന് അവര്‍ അറിയിച്ചു. ഇത്തരം നീക്കങ്ങള്‍ ഞങ്ങളുടെ സമരത്തെയാണ് ദുര്‍ബലപ്പെടുത്തുക എന്ന് അവരെ വീണ്ടും ഓര്‍മിപ്പിക്കുകയാണ്.
പൊമ്പുളൈ ഒരുമൈ സമരം തുടങ്ങുന്നത്
മാധ്യമങ്ങളിലടക്കം വരുന്ന വാര്‍ത്തകളില്‍ തെറ്റുകളുണ്ട്. എന്തിനാണ് ഇപ്പോള്‍ ഇങ്ങനെയൊരു സമരം എന്നതാണ് എല്ലാവരും ചോദിക്കുന്നത്. ഭൂമി പ്രശ്‌നമാണോ, മന്ത്രി മണി മാപ്പു പറയലാണോ സമരത്തിന്റെ ആവശ്യമെന്ന് അവര്‍ ചോദിക്കുന്നു. ഈ സമരത്തിന്റെ യഥാര്‍ത്ഥ കാരണം ഞങ്ങളെ അപമാനിച്ച വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പരസ്യമായി മാപ്പ് പറയുക തന്നെയാണ്. എന്നാല്‍ മണി ഏതു സാഹചര്യത്തില്‍ പൊമ്പുളൈ ഒരുമൈ സമരക്കാരെ കുറിച്ച് അശ്ലീലകരമായ പരാമര്‍ശം നടത്തി എന്നതും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എംഎം മണി യാദൃശ്ചികമായി അത്തരമൊരു പ്രസ്താവന നടത്തിയതല്ല, മണി ഇതിനു മുമ്പും ഇതുപോലെയുള്ള ആക്ഷേപങ്ങളും ശകാരങ്ങളും പൊമ്പുളൈ ഒരുമൈക്കാര്‍ക്കതിരേ നടത്തിയിട്ടുണ്ട്. എന്നാല്‍ ശനിയാഴ്ച നടത്തിയ പ്രസംഗത്തില്‍ ഞങ്ങള്‍ക്കെതിരേ ഉയര്‍ത്തിയ ആക്ഷേപത്തിനു പിന്നില്‍ കയ്യേറ്റമൊഴിപ്പിക്കലും ഭൂമി ഏറ്റെടുക്കലും എന്ന കാരണം ഉണ്ടായിരുന്നു.
ടാറ്റയും കയ്യേറ്റമാഫിയകളും അനധികൃതമായും നിയമ വിരുദ്ധമായും കയ്യടക്കിവച്ചിരിക്കുന്ന സര്‍ക്കാര്‍ തോട്ടം ഭൂമി നിയമനിര്‍മാണത്തിലൂടെ ഏറ്റെടുത്ത് ഒരേക്കര്‍ കൃഷിഭൂമി ഓരോ തോട്ടം തൊഴിലാളി കുടുംബത്തിനും വിതരണം ചെയ്യുക എന്ന ആവശ്യം ഞങ്ങള്‍ ഉയര്‍ത്തിയിരുന്നു. മിനിമം കൂലി 600 രൂപയാക്കുക, ബോണസ് 20 ശതമാനമാക്കുക, തോട്ടം നിയമങ്ങള്‍ പരിഷ്‌കരിക്കുക, തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഒരുക്കുക, തോട്ടം തൊഴിലാളികള്‍ക്കും കുടുംബത്തിനും മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമര പ്രക്ഷോഭങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ പൊമ്പുളൈ ഒരുമൈ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൂന്നാര്‍ മാര്‍ക്കറ്റ് റോഡില്‍ ഒരു യോഗം വിളിക്കുകയും ചെയ്തു. എന്നാല്‍ വേദിക്കായും മൈക്ക് അനുമതിക്കായും പലതവണ മൂന്നാര്‍ സിഐ ഓഫിസില്‍ കയറി ഇറങ്ങിയെങ്കിലും ഞങ്ങള്‍ക്ക് വേദി അനുവദിക്കുകയോ മൈക്ക് അനുമതി നല്‍കുകയോ ചെയ്തില്ല. പകരം പാണ്ടി പെണ്ണുങ്ങള്‍ എന്റെ കണ്‍മുന്നില്‍ നിന്നും പൊയ്ക്കോ തുടങ്ങി അപമാനകരമായ വാക്കുകള്‍ പറഞ്ഞ് ഞങ്ങളെ അധിക്ഷേപിച്ചു വിടുകയായിരുന്നു മൂന്നാര്‍ സിഐ സാം ജോസഫ്.
ഇത്തരമൊരു അനുഭവം ഉണ്ടായതിന്റെ പിന്നാലെ ഭാവി നടപടികളെ കുറിച്ച് ആലോചിക്കാനായി പൊമ്പുളൈ ഒരുമൈ എക്‌സിക്യൂട്ടീവ് യോഗം ശനിയാഴ്ച കൂടിക്കൊണ്ടിരിക്കുന്ന സമയത്താണ് ചാനലില്‍ മന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ഇടവരുന്നത്. ഞങ്ങളെ മാത്രമല്ല എല്ലാ സ്ത്രീകളെയുമാണ് മണി അപമാനിച്ചത്. അങ്ങനെയൊരു മന്ത്രി മാപ്പ് പറയാതെ രക്ഷപ്പെടാന്‍ പാടില്ലെന്ന ഉറച്ചാണ് ഞങ്ങള്‍ പ്രതിഷേധവുമായി റോഡില്‍ ഇറങ്ങുന്നത്. പൊലീസ് ഞങ്ങളെ ഉപദ്രവിച്ചു. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ രാജേശ്വരിയുടെ കൈ പിടിച്ചു തിരിച്ചു. എന്തൊക്കെ തന്നെ നേരിടേണ്ടി വന്നാലും മന്ത്രി മണിയെ കൊണ്ടു മാപ്പ് പറയിക്കാതെ ഞങ്ങള്‍ പിന്നോട്ടില്ലെന്നു തീരുമാനിക്കുകയും ഞായറാഴ്ച മുതല്‍ നിരാഹാരസമരം ആരംഭിക്കുകയുമായിരുന്നു.
തെറ്റിദ്ധാരണകള്‍ പരത്തുകയാണ്
ഇപ്പോള്‍ നടക്കുന്ന സമരം ഭൂമിക്കുവേണ്ടിയുള്ളതാണോ അതോ മണിയെ കൊണ്ടു മാപ്പ് പറയിക്കാനാണോ എന്നാണു ഞങ്ങള്‍ക്കു നേരെ പലരും പലരീതിയില്‍ ചോദിക്കുന്നത്. ആദ്യം തന്നെ ഒരുകാര്യം പറയട്ടെ, ഭാഷ ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ ഒരു പ്രശ്‌നമാണ്. മലയാളം ഞങ്ങള്‍ക്ക് കുറച്ചൊക്കെ പറയാന്‍ അറിയുമെങ്കിലും നിങ്ങള്‍ പറയുന്ന അതേ അര്‍ത്ഥത്തില്‍ മനസിലാക്കിയെടുക്കാനും നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടി മലയാളത്തില്‍ വ്യക്തമായി തിരിച്ചു പറയാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പലപ്പോഴും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ കാരണം ഭാഷ തന്നെയാണ്. ഞങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഞങ്ങള്‍ പറഞ്ഞതിനെ തെറ്റായ രീതിയില്‍ എടുക്കാനും ഭാഷ കാരണമാണ്.
ഇപ്പോള്‍ മൂന്നാര്‍ ടൗണില്‍ നടന്നുവരുന്ന സമരം മന്ത്രി എംഎം മണി മാപ്പ് പറയുക എന്നതിനുവേണ്ടി തന്നെയാണ്. പക്ഷേ മണി എന്തുകൊണ്ട് ഞങ്ങളെ അധിക്ഷേപിച്ചു എന്നതിനു കാരണമാണ് ഞങ്ങള്‍ ഉയര്‍ത്തിയ ഭൂമി സമരം. സമരപന്തലില്‍ കെട്ടിയ ബോര്‍ഡില്‍ വ്യക്തമായി ഞങ്ങള്‍ അത് മലയാളത്തിലും തമിഴിലും എഴുതിയിട്ടുണ്ട്. നിങ്ങള്‍ക്കു മലയാളം വായിക്കാന്‍ അറിയാവുന്നവര്‍ക്ക് ആ ബോര്‍ഡ് വായിച്ചാല്‍ ഈ സമരം എന്തിനാണെന്നും വ്യക്തമാകും. ഒരു തൊഴിലാളി കുടുംബത്തിന് ഒരേക്കര്‍ ഭൂമി ആവശ്യപ്പെട്ട് ഏപ്രില്‍ 22 ന് പൊമ്പുളൈ ഒരുമൈ സമരപ്രഖ്യാപനം നടത്തി. തൊട്ടടുത്ത ദിവസം ഏപ്രില്‍ 23 നു മന്ത്രി എം എം മണി പൊമ്പുളൈ ഒരുമൈയെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാന്‍ ശ്രമിച്ചത് നിയമവിരുദ്ധമായി 80,000 ഏക്കറിലധികം ഭൂമി കൈയടക്കി വച്ചിരിക്കുന്ന ടാറ്റയേയും കൈയേറ്റ മാഫിയകളെയും സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും ഭൂമി, പാര്‍പ്പിടം, 600 രൂപ മിനിമം കൂലി, 20 ശതമാനം ബോണസ് എന്നിവ ആവശ്യപ്പെട്ട് പോരാടുക തന്നെ ചെയ്യും. പെമ്പുളൈ ഒരുമൈയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സ്ത്രീ വിരുദ്ധ, തൊഴിലാളി വിരുദ്ധ, ദളിത് വിരുദ്ധ പ്രസ്താവന നടത്തിയ എം എം മണി രാജിവയ്ക്കുക. ഇതാണ് ഞങ്ങളുടെ സമരപന്തലിലെ ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഇതില്‍ കാര്യങ്ങള്‍ വ്യക്തമാണെന്നു തോന്നുന്നു. ഈ സമരം മണി മാപ്പു പറയുകയോ രാജിവയ്ക്കുകയോ ചെയ്യുക എന്നതും മണി അങ്ങനെയൊരു പ്രസ്താവന നടത്തുന്നത് ഞങ്ങള്‍ ഉയര്‍ത്തിയ ഭൂമി പ്രശ്‌നത്തിന്റെ മേലാണെന്നും ആ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നുമാണ് ഞങ്ങള്‍ പറയുന്നത്.