UPDATES

ആലപ്പാടിന്റെ തൊട്ടടുത്താണ് പൊന്മന; ഇന്ന് കടലെടുത്ത വീടുകള്‍, സ്കൂളുകള്‍; ഈ ഗ്രാമത്തെ ഖനനം തകര്‍ത്തതിങ്ങനെ

ഖനന നിയമങ്ങൾ അപ്പാടെ ലംഘിച്ചുകൊണ്ടാണ് കെ.എം.എം.എൽ ഈ പ്രദേശത്ത് ഖനനം തുടങ്ങിയത്.

“ഞാൻ ജനിച്ചയിടം ഇന്ന് കടലാ. വീടില്ല. വീടില്ലെങ്കിലും എനിക്കൊരു റേഷൻ കാർഡുണ്ട്. ഒരു വീട്ടുപേരുമുണ്ട്. പക്ഷെ, വീടില്ല”, പൊന്മനയിലെ അശാസ്ത്രീയമായ കരിമണൽ ഖനനത്തിന്റെ അനേകം ഇരകളിൽ ഒരാളായ ഭഗവത് സിങ് പറഞ്ഞതാണിത്. അശാസ്ത്രീയമായ ഖനനത്തിനും ചൂഷണത്തിനുമെതിരേ ഒരായുസ്സ് മുഴുവൻ പ്രതിഷേധമുയർത്തിയ ആളാണ്‌ ഭഗവത് സിംഗ്. ഭഗത് സിങ് മാത്രമല്ല, പേരുകൾ ഇനിയുമേറെയുണ്ട്. എവിടെയാണ് വീടെന്നു ചോദിച്ചാൽ കടലിലേക്ക് കൈ ചൂണ്ടേണ്ടി വരുന്നവർ. അവരുടെ വിശാലമായ നെൽപ്പാടങ്ങളും വിശാലമായ തൊഴിലിടങ്ങളും അതിൽ നിന്നുകൊണ്ട് ഒരു ജനത കരുപ്പിടിപ്പിച്ചെടുത്ത സാംസ്കാരിക പൈതൃകവും അവരുടെ ജീവിതം തന്നെയും പെട്ടെന്നൊരു ദിവസം വന്നു ചിതറിത്തെറിപ്പിച്ചു കളഞ്ഞതിന്റെ ഉത്തരവാദിത്വം കെ.എം.എം.എൽ അടക്കമുള്ള സ്വദേശത്തെയും വിദേശത്തെയും സ്വകാര്യ- പൊതുമേഖലാ കമ്പനികൾക്കാണെന്നു തന്നെ പറയേണ്ടി വരും. ആലപ്പാട് തീരദേശ ജനത ഖനനത്തെ എതിർക്കുന്നതും അവരുടെ സമരത്തിന് ഊർജ്ജം കൂടുന്നതും ഖനനമേൽപ്പിച്ച ആഘാതം പൊന്മനയും ഭഗവത് സിങ്ങുമൊക്കെയായി മുന്നിൽ സത്യം പോലെ കിടക്കുന്നതുകൊണ്ടാണ്.

അശാസ്ത്രീയ ഖനനം തകർത്ത പൊന്മന ഗ്രാമം

ആലപ്പാട് പഞ്ചായത്തിനോട് തൊട്ടുചേർന്നു കിടക്കുന്ന പന്മന പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശമാണ് പൊന്മന. ജനവാസമുള്ള വെള്ളനാതുരുത്ത് ഗ്രാമത്തിൽ നിന്നും പൊന്മനയിലേക്ക് പാതിയോളം മാത്രമേ ടാറിട്ട റോഡുള്ളു. പിന്നീടങ്ങോട്ട് മൺപാതയാണ്. മൺപാതയും താണ്ടിയെത്തുമ്പോൾ കാടുപിടിച്ച് കിടക്കുന്ന പൊന്മന ഗ്രാമം കാണാം. ഒരു ദശകം മുൻപ് വരെ ഒരു ജനത ഇവിടെ ജീവിച്ചിരുന്നുവെന്നതിന്റെ അവശേഷിപ്പുകൾ ചിലയിടങ്ങളിലെങ്കിലും ബാക്കിയുണ്ട്. പ്രേതാലയം പോലെ തോന്നിക്കുന്ന ആളൊഴിഞ്ഞ വീടുകൾ. കഴുക്കോലുകൾ ചിതലെടുത്തും ഭിത്തികൾ തകർന്നും നിലം പൊത്താറായ സ്‌കൂളുകൾ, പുസ്തകങ്ങളില്ലാത്ത വായനശാല അങ്ങനെ ജീർണ്ണിച്ച എത്രയോ കാഴ്ചകളുണ്ട് ഇനിയും ഖനനം നടത്താൻ ബാക്കിയായ പൊന്മനയിൽ.

600 ഏക്കർ വിസ്തൃതിയുണ്ടായിരുന്ന പൊന്മനയിൽ 900 കുടുംബങ്ങളുണ്ടായിരുന്നു. ഇന്ന് അവിടെയുള്ളത് മൂന്നു കുടുംബങ്ങൾ മാത്രം. 1500-ഓളം കുട്ടികൾ പഠിച്ചിരുന്ന രണ്ടു സ്‌കൂളുകൾ ഇപ്പോൾ പൂട്ടിക്കിടക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരു യുദ്ധം കഴിഞ്ഞ് ആളൊഴിഞ്ഞുപോയ പ്രദേശം പോലെയാണ് ഇന്ന് പൊന്മന. യഥാർഥത്തിൽ നല്ലൊരു വായനാ സംസ്കാരവും സാഹിത്യചർച്ചകളും നടന്നിരുന്ന, സാക്ഷരതയിൽ മുന്നിട്ടു നിന്നിരുന്ന ഒരു ഗ്രാമത്തിലെ ജനങ്ങളെ സാമ്പത്തികലാഭം മാത്രം മുന്നിൽക്കണ്ട് പലയിടത്തേക്കായി ഓടിച്ചുവിടുകയായിരുന്നു.

പൊന്മനയിലെ ഖനനം

മോണോസൈറ്റ്, ഇൽമനൈറ്റ്, സിർക്കോൺ, റൂട്ടൈൽ, സിൽമനൈറ്റ് തുടങ്ങിയ അപൂർവ്വയിനം ധാതുക്കളുടെ നിക്ഷേപം പൊന്മനയിൽ ഉണ്ടായിരുന്നു. 2002-ഓടെ കെ.എം.എം.എൽ പൊന്മനയിലെ ഭൂമി ഏറ്റെടുക്കാൻ തുടങ്ങി. ഇതോടെ ഭൂവുടമകൾക്ക് ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാത്ത അവസ്ഥയായി. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനു പണം കണ്ടെത്താൻ കഴിയാതെ പലരുടെയും വിദ്യാഭ്യാസം മുടങ്ങി. വലിയ ബുദ്ധിമുട്ടില്ലാതെ ജീവിച്ചുവന്ന ഒരു ജനതയെ പതുക്കെ കമ്പനിക്ക് ഭൂമി കൈമാറ്റം ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തിക്കുകയായിരുന്നു വെന്ന് പന്മന വിട്ടുപോയവർ പറയുന്നു. കിട്ടിയ വിലയ്ക്കാണ് ഭൂമി ഖനനത്തിനായി കമ്പനിക്ക് വിട്ടു കൊടുത്തത്. 2005 ആയപ്പോഴേക്കും ഭൂമി ഏറ്റെടുക്കൽ കമ്പനി പൂർത്തിയാക്കി. അതേസമയം പുനരധിവാസ പാക്കേജുകൾ ഒന്നും തന്നെ കൃത്യമായി തയ്യാറാക്കിയിരുന്നുമില്ല.

തുടർന്ന് ഖനന നിയമങ്ങൾ അപ്പാടെ ലംഘിച്ചുകൊണ്ടാണ് കെ.എം.എം.എൽ ഈ പ്രദേശത്ത് ഖനനം തുടങ്ങിയത്. മൈൻസ് ആൻഡ് മിനറൽസ്, മിനറൽ കൺസഷൻ റൂൾ 1960 , മിനറൽ കൺസർവേഷൻ ആൻഡ് ഡെവലപ്മെന്റ് റൂൾ 1988 എന്നിവ ലംഘിക്കപ്പെട്ടു. കെ.എം.എം.എൽ തന്നെ നിയോഗിച്ച ഓസ്ട്രേലിയൻ കമ്പനിയായ ഓസ്ട്രേലിയൻ മിനറൽ ഡെവലപ്മെന്റ് കമ്പനി തയ്യാറാക്കി നൽകിയ പ്രൊജക്റ്റ് റിപ്പോർട്ട് പ്രകാരം, കടലാക്രമണത്തെ തടയാൻ വേണ്ട മുൻകരുതലുകൾ എടുത്ത ശേഷം ഡീപ് മൈനിങ് ചെയ്യാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ കമ്പനി സ്വീകരിച്ചതാകട്ടെ, ബുൾഡോസർ, ഫ്രണ്ട് എന്റ് ലോഡർ എന്നിവ ഉപയോഗിച്ച് രണ്ടരയടി ഘനത്തിൽ കരയിൽ നിന്നും മണൽ വാരിയെടുക്കുന്ന രീതിയും. വർഷങ്ങളായി ഈ പ്രക്രിയ തുടർന്നതോടെ കടൽ കരയിലേക്ക് കയറിത്തുടങ്ങി. ഏക്കർ കണക്കിന് കൃഷിഭൂമി 100 കണക്കിന് കുടുംബങ്ങളുടെ വീട്, ശ്‌മശാനം, ക്ഷേത്രങ്ങൾ എന്നിവയെല്ലാം കടലിനടിയിലായി. കടലിനും കായലിനും ഇടയിൽ ഉണ്ടായിരുന്ന ദൂരം കുറഞ്ഞു വന്നു. ചിലയിടങ്ങളിൽ കായലും കടലും ഒന്നായിത്തീരുന്ന പ്രതിഭാസവുമുണ്ടായി. ഇങ്ങനെ കര ഏറെയും കടലെടുത്തതോടെ പൊന്മന എന്ന വാർഡ് സർക്കാർ രേഖകളിൽ നിന്നുതന്നെ മാറ്റി. തീരമണലിൽ 10 മീറ്റർ ആഴത്തിൽ ധാതുമണൽ ഉണ്ടെന്നായിരുന്നു കണ്ടെത്തിയത്. ആഴത്തിൽ കുഴിച്ചെടുക്കാതെ മുകളിൽ നിന്ന് മാത്രം മണൽ വാരിയെടുത്തപ്പോൾ അടിയിലായിക്കിടന്ന ബാക്കി ധാതു നിക്ഷേപവും കൂടി കടലിനടിയിലായി. ഇത്തരത്തിൽ കോടികളുടെ ധാതുമണലാണ് കമ്പനികളുടെ അശാസ്ത്രീയ ഖനനവും പിടിപ്പുകേടും മൂലം കടലിൽ പാഴാക്കിക്കളഞ്ഞത്.

സഫലമാകാതെ പോയ പ്രതിരോധങ്ങൾ

അശാസ്ത്രീയ ഖനനത്തിനെതിരെ തീരദേശവാസികൾ സർക്കാരിന് നൽകിയ പരാതികൾക്കും നിവേദനങ്ങൾക്കും കണക്കില്ല. സർക്കാർ തലത്തിൽ പരിഹാരം ലഭിക്കാതെ വന്നതോടെ കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. മനുഷ്യാവകാശ കമ്മീഷനിലും പരാതിപ്പെട്ടു. എന്നാൽ അശാസ്ത്രീയ ഖനനം നിർത്തിവയ്ക്കാൻ തരത്തിൽ ശക്തമായ നടപടികളൊന്നും തന്നെ സർക്കാർ തലത്തിലുണ്ടായില്ല.

അശാസ്ത്രീയ ഖനനത്തിന് പുറമെ മണൽ വിൽപ്പനയും

അശാസ്ത്രീയ ഖനനമേൽപ്പിച്ച ദുരന്തങ്ങൾ കൂടിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് മണൽ വിൽപ്പന കൂടി ഇവിടെ തുടങ്ങിയത്. ഖനന നിയമമനുസരിച്ച് ഖനനം ചെയ്ത് ബാക്കിയാകുന്ന മണൽ അതാത് പ്രദേശം പൂർവസ്ഥിതിയിലാക്കാൻ ഉപയോഗിക്കണം എന്നിരിക്കെ മണൽ വിൽക്കുന്നതിന് സർക്കാർ തന്നെ പാസുകൾ നൽകി. ഒരു പാസിന്റെ മറവിൽ കോടികളുടെ മണലാണ് അവിടെ നിന്നും കടത്തിയത്. ഇതിനും പുറമെ ഖനനം ചെയ്യാത്ത മണൽ കൂടി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് കടത്തിയതായി പിന്നീട് ആരോപണമുണ്ടായി. ഇത്തരത്തിൽ വീടുകളും കൃഷിയിടങ്ങളും നിന്ന സ്ഥലം കുഴിച്ചെടുത്ത മണലാണ് പ്രദേശം പൂർവസ്ഥിതിയിലാക്കേണ്ടതിന് പകരം മറിച്ചു വിട്ടത്. ഇതിന്‌ തടയിടുന്നതിനായി പ്രദേശവാസിയായ ഭഗവത് സിങ് തീരദേശത്തെ മണൽക്കൊള്ളക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. അനുകൂല ഉത്തരവ് വന്നതോടെ 2010-ൽ പാസ് വഴിയുള്ള മണൽ വിൽപ്പന അവസാനിച്ചു. എന്നാൽ ഇപ്പോഴും അനധികൃതമായി മേഖലകളിൽ നിന്നും മണൽ കൊണ്ടുപോകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.

ഇനിയെങ്കിലും ബാക്കിയുള്ള പ്രദേശത്തു പുനരധിവാസം നടത്തുമോ? പൊന്മനക്കാർ ചോദിക്കുന്നു.

പുനരധിവാസം എന്നത് പൊന്മനക്കാരിൽ ഭൂരിഭാഗം പേരുടെയും സ്വപ്നമാണ്. കൊല്ലം ജില്ലയുടെ വിവിധ പ്രദേശങ്ങളിലും ജില്ലയ്ക്കു പുറത്തുമായാണ് പാതിയിലേറെ പേരും താമസിക്കുന്നത്. ജനിച്ച മണ്ണിലേക്ക് എന്നെങ്കിലും തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷ ഉള്ളിലെങ്കിലും കൊണ്ടുനടക്കുന്നവരാണ് പലരും.

“നിങ്ങടെ നാട് പോലെയല്ല ഞങ്ങടെ നാട്. കായലും കടലുമായി വേർതിരിഞ്ഞു കിടക്കുന്നതുകൊണ്ട് അതിനൊരു വ്യത്യസ്തതയുണ്ട്”, 68 കാരനായ ഭഗവത് സിങ് പറഞ്ഞു.

“എന്നും ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. അതിനി സാധിക്കുമോന്നറിയില്ല. എന്റെ അച്ഛനുമമ്മയും ജനിച്ചു വളർന്നു നിദ്ര പ്രാപിച്ച ആ ഭൂമീത്തന്നെ എനിക്കും അലിഞ്ഞു ചേരണം. പക്ഷെ അത് നടക്കുമോയെന്ന് പറയാൻ ഒക്കത്തില്ല. ഇപ്പൊ 68 വയസ്സായി. നാളെ എവിടെക്കിടന്ന് മരിക്കുമെന്ന് അറിയാനൊക്കോ? എങ്കിലും ആ ഭൂമിയോട് അത്രമാത്രം വൈകാരികമായ അടുപ്പമുണ്ട്”, അദ്ദേഹം പറയുന്നു.

അതേസമയം ഖനനവും ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട് കെ.എം.എം.എൽ അധികൃതരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായി ഉത്തരം തരാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.

ആലപ്പാട് ഗ്രാമം കടല്‍ വിഴുങ്ങുന്നുന്നതിനു മുമ്പ് ജനങ്ങള്‍ അവസാന പോരാട്ടത്തിന് തയാറെടുക്കുകയാണ്

ആലപ്പാട്: ഒരു ഗ്രാമം കേരളത്തിന്റെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുകയാണ്; കാത്തിരിക്കുന്നത് കടല്‍ ഇരച്ചു കയറുന്ന മഹാദുരന്തം

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍