‘ഈ കേസ് നിലനില്‍ക്കില്ലെന്നൊക്കെ ഞങ്ങള്‍ക്കറിയാം. പക്ഷേ, സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഭയപ്പെടുത്താനുള്ള ശ്രമമാണ്.’ വിദ്യാര്‍ത്ഥിനികള്‍
പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ വീണ്ടും അധികൃതര്‍ നടപടികളെടുക്കുന്നതായി പരാതി. ഹോസ്റ്റല്‍ രജിസ്റ്ററില്‍ വ്യക്തമായി രേഖപ്പെടുത്താതെ ഗോവയിലേക്ക് യാത്ര ചെയ്തു എന്ന കാരണം കാണിച്ച് കഴിഞ്ഞയാഴ്ചയാണ് ഹോസ്റ്റല്‍ അധികൃതര്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അപമാനകരമായ പ്രചാരണങ്ങളും വ്യക്ത്യധിക്ഷേപങ്ങളും നടത്തിയിരുന്നത്. ഗോവയില്‍ ക്ലാസ് ടൂറിലായിരുന്ന സീനിയര്‍ ബാച്ചിലെ സുഹൃത്തുക്കളെ കാണാനായി തനിച്ചു യാത്ര ചെയ്തു പോയി എന്നതിന്, ‘സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറി’ എന്നതടക്കമുള്ള ആരോപണങ്ങളാണ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അസിസ്റ്റന്റ് വാര്‍ഡന്‍ ഉയര്‍ത്തിയിരുന്നത്. വാര്‍ഡന്റെ വ്യക്ത്യധിക്ഷേപത്തിനെതിരെ വിദ്യാര്‍ത്ഥിനികള്‍ ഡീനിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ മാനനഷ്ടം ആരോപിച്ച് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഹോസ്റ്റലിലെ അസിസ്റ്റന്റ് വാര്‍ഡന്‍. [പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളെ വ്യക്തിഹത്യ ചെയ്ത് ഹോസ്റ്റല്‍ അധികൃതര്‍; ഗോവയില്‍ പോയി ‘സ്ത്രീത്വത്തെ അപമാനിച്ചെ’ന്ന് പ്രചരണം]
അപരിഷ്‌കൃതമായ ഹോസ്റ്റല്‍ നിയമങ്ങള്‍ തെറ്റിച്ച് യാത്ര ചെയ്തു എന്ന പേരില്‍, തങ്ങളെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ കഥകള്‍ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമിടയില്‍ പ്രചരിപ്പിച്ചതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന രണ്ടു വിദ്യാര്‍ത്ഥിനികള്‍ അസിസ്റ്റന്റ് വാര്‍ഡനെതിരെ ഡീനിന് പരാതി നല്‍കുന്നത്. ഹോസ്റ്റല്‍ നിയമങ്ങള്‍ക്ക് വിധേമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ വിശദീകരണം നല്‍കേണ്ടിവരും എന്ന നിലപാട് ആദ്യമേ എടുത്തിരുന്ന ഡീന്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധ്യാപിക കൂടിയായ അസിസ്റ്റന്റ് വാര്‍ഡനെതിരെയുള്ള പരാതിയില്‍ അന്വേഷണം നടത്തുകയോ നടപടികള്‍ കൈക്കൊള്ളുകയോ ചെയ്തിരുന്നില്ല. ഇതില്‍ അതൃപ്തരായ വിദ്യാര്‍ത്ഥിനികള്‍ രണ്ടു പേരും തങ്ങള്‍ക്കെതിരായി കോളേജില്‍ പ്രചരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ വിശദീകരിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ എഴുതിയിട്ടിരുന്നു. വിദ്യാര്‍ത്ഥിനികളുടെ കുറിപ്പുകള്‍ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ഈ കുറിപ്പുകളിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് അധ്യാപിക മാനനഷ്ടമാരോപിച്ച് പരാതി നല്‍കിയിരിക്കുന്നത്.
അസിസ്റ്റന്റ് വാര്‍ഡന്റെ പരാതി കൈയില്‍ കിട്ടിയിട്ടുണ്ടെന്നും, കേസ് രജിസ്റ്റര്‍ ചെയ്യാതെ ഒത്തുതീര്‍പ്പിലെത്തണമെന്നും നിര്‍ദ്ദേശിക്കാനായി കഴിഞ്ഞ ദിവസം ഇരുവരെയും ഡി.വൈ.എസ്.പി ഓഫീസിലേക്ക് വിളിച്ചിരുന്നതായും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. തങ്ങള്‍ക്കു പറയാനുള്ളതൊന്നും കേള്‍ക്കാതെ, അധ്യാപികയോട് മാപ്പു പറയണമെന്നും പോസ്റ്റുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുകയാണ് ഡി.വൈ.എസ്.പി ചെയ്തതെന്നുമാണ് വിദ്യാര്‍ത്ഥിനികളുടെ പക്ഷം. ‘ഫേസ്ബുക്കില്‍ ഞങ്ങള്‍ ഇട്ട പോസ്റ്റില്‍ വാസ്തവവിരുദ്ധമായ ഒരു കാര്യം പോലുമില്ല. ഹോസ്റ്റലില്‍ നടന്ന കാര്യങ്ങള്‍ മാത്രമേ പോസ്റ്റുകളിലും പറഞ്ഞിട്ടുള്ളൂ. അതിനെതിരെയാണ് അസിസ്റ്റന്റ് വാര്‍ഡന്‍ മാനനഷ്ടം ആരോപിച്ച് പരാതി കൊടുത്തിരിക്കുന്നത്. പോസ്റ്റില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വാസ്തവം ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാതെ ഈ പരാതിയില്‍ എങ്ങനെ കേസെടുക്കാനാണ്? വൈത്തിരി സ്റ്റേഷനിലോ മറ്റോ നല്‍കാതെ പരാതി നേരിട്ട് ഡി.വൈ.എസ്.പിക്കാണ് നല്‍കിയിരിക്കുന്നത്. അസിസ്റ്റന്റ് വാര്‍ഡന് പരിചയമുള്ള ആളാണോ ഡി.വൈ.എസ്.പി എന്നു പോലും സംശയമുണ്ട്. അല്ലാതെ ഞങ്ങളെ ഇത്തരമൊരു പരാതിയുടെ പേരില്‍ നേരിട്ട് ഡി.വൈ.എസ്.പി ഓഫീസിലേക്കൊന്നും വിളിപ്പിക്കില്ലല്ലോ. ഞങ്ങളുടെ ഭാഗം കേള്‍ക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. ഇതുവരെ കേസെടുത്തിട്ടില്ല എന്നാണ് പറഞ്ഞത്‘ വിദ്യാര്‍ത്ഥിനികളിലൊരാള്‍ പറയുന്നു.
തങ്ങളോട് സംസാരിച്ച ഡി.വൈ.എസ്.പി ഹോസ്റ്റല്‍ നിയമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കേണ്ട അധ്യാപികയുടെ ഉത്തരവാദിത്തെയും കുറിച്ച് ഉപദേശിക്കുകയല്ലാതെ, തങ്ങള്‍ക്കെതിരായി അധ്യാപിക ഹോസ്റ്റലില്‍ പ്രചരിപ്പിച്ച തെറ്റായ കഥകളെക്കുറിച്ച് വിശദീകരിക്കാനുള്ള സാവകാശം പോലും നല്‍കിയില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ അസാന്നിധ്യത്തില്‍ നടന്ന ഹോസ്റ്റല്‍ ജനറല്‍ ബോഡി മീറ്റിംഗിനെക്കുറിച്ചും, അതില്‍ നടത്തിയ അപമാനകരമായ പരാമര്‍ശങ്ങളെക്കുറിച്ചുമുള്ള ആരോപണങ്ങള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ അധ്യാപിക പാടേ നിഷേധിക്കുകയും ചെയ്തു. തങ്ങളെക്കുറിച്ച് അധ്യാപിക മോശമായി സംസാരിച്ചതിന് സാക്ഷികളുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ സൂചിപ്പിച്ചെങ്കിലും, അധ്യാപിക ഇതു നിഷേധിച്ചതോടെ അധ്യാപികയുടെ മാത്രം പക്ഷം പിടിക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നും പരാതിയുണ്ട്. ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റുകളില്‍ തന്റെ പേര് പരാമര്‍ശിച്ചതാണ് മാനനഷ്ടത്തിന് പരാതി കൊടുക്കാനുള്ള കാരണമെന്ന് അധ്യാപിക പറഞ്ഞതോടെ, പോസ്റ്റുകളിലൊന്നില്‍ പരാമര്‍ശിച്ചിട്ടുള്ള പേരു മാത്രം മാറ്റാമെന്ന് വിദ്യാര്‍ത്ഥിനികള്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍, വാസ്തവവിരുദ്ധമായി ഒന്നും പോസ്റ്റുകളിലില്ല എന്നുറപ്പുള്ളതിനാല്‍, പോസ്റ്റു പിന്‍വലിക്കാനോ അധ്യാപികയോട് മാപ്പു പറയാനോ തയ്യാറല്ലെന്നും വിദ്യാര്‍ത്ഥിനികള്‍ നിലപാടെടുത്തിരുന്നു.
Read: ലേഡീസ് ഹോസ്റ്റലുകളിലെ ‘വഴിതെറ്റി’ നടക്കുന്ന പെൺകുട്ടികൾ സംസാരിക്കുന്നു
കോളേജ് ക്യാംപസിനകത്തും മാതാപിതാക്കള്‍ക്കിടയിലും തങ്ങള്‍ക്കെതിരായി അപവാദ പ്രചരണങ്ങള്‍ നടത്തിപ്പോന്നിരുന്ന അസിസ്റ്റന്റ് വാര്‍ഡന്‍, നിലവില്‍ പൊലീസിലും മറ്റുമുള്ള സ്വാധീനം കാണിച്ച് ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പക്ഷം. മറ്റു വിദ്യാര്‍ത്ഥിനികള്‍ക്കിടയിലും അപവാദ പ്രചരണം നടത്തിയിട്ടുള്ളതിനാല്‍, ഹോസ്റ്റല്‍ നിയമങ്ങളെ അനുസരിച്ചില്ല എന്ന പേരില്‍ കോളേജിനകത്തും മറ്റു വിദ്യാര്‍ത്ഥികളുടെ പിന്തുണ ഇവര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഏതാനും ചില അധ്യാപകര്‍ പിന്തുണയ്ക്കുന്നതൊഴിച്ചാല്‍, കോളേജ് യൂണിയന്‍ പോലും വിദ്യാര്‍ത്ഥിനികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയിട്ടില്ല. വിഷയം ക്യാംപസ്സിനകത്തു നിന്നും പുറത്തേക്കു കൊണ്ടുപോയെന്ന കാരണം കാണിച്ചാണ് യൂണിയന്‍ ഇടപെടാത്തതിനെ ന്യായീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു. കോളേജിന്റെ പേരിന് കളങ്കം വന്നു എന്ന തരത്തില്‍ ‘കോളേജ് വികാരം’ ഇളക്കിവിട്ടും തങ്ങള്‍ക്കെതിരെ നീക്കങ്ങളുണ്ടാകുന്നതായി വിദ്യാര്‍ത്ഥിനികള്‍ ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷ അനുഭാവിയായ അധ്യാപികയ്ക്കെതിരെ നീങ്ങാന്‍ ഇടതുപക്ഷ സംഘടനയുടെ കോളേജ് യൂണിയന്‍ താല്‍പര്യപ്പെടാത്തതായിരിക്കാം പ്രധാന കാരണമെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം, ഡി.വൈ.എസ്.പി ഓഫീസില്‍ വിദ്യാര്‍ത്ഥിനികളെ വിളിപ്പിച്ചു നടത്തിയ ഒത്തുതീര്‍പ്പു ശ്രമം പൂര്‍ണമായി വിജയിക്കാത്തതിനാല്‍, ഇന്ന് വൈത്തിരി സ്റ്റേഷനില്‍ ഹാജരാകാനുള്ള നോട്ടീസും ലഭിച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. ‘വൈത്തിരി സ്റ്റേഷനില്‍ നിന്നും പൊലീസുകാര്‍ ഹോസ്റ്റലിലെത്തി നാളെ ഹാജരാകണമെന്ന് നോട്ടീസ് തന്നിട്ടുണ്ട്. തനിക്ക് അധികാരത്തിലുള്ള നാലാളെ അറിയാമെന്ന് കാണിക്കാനുള്ള അസിസ്റ്റന്റ് വാര്‍ഡന്റെ ശ്രമം തന്നെയാണിത്. ഈ കേസ് നിലനില്‍ക്കില്ലെന്നൊക്കെ ഞങ്ങള്‍ക്കറിയാം. പക്ഷേ, സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഭയപ്പെടുത്താനുള്ള ശ്രമമാണ്. ഇവരുടെ അപവാദപ്രചരണം കാരണം കുട്ടികളും ഞങ്ങള്‍ക്ക് പിന്തുണയായില്ല. കാര്യങ്ങള്‍ പുറത്തെത്തിച്ചില്ലായിരുന്നെങ്കില്‍ ഇടപെട്ടേനെ എന്നു പറഞ്ഞ് യൂണിയനും കൈയൊഴിഞ്ഞു. പാരന്റ്സ് മീറ്റിംഗിനൊക്കെ ഇനി ആരുടെയും കാര്യത്തിലിടപെടില്ല എന്നു പറഞ്ഞ് കരച്ചിലായിരുന്നു അസിസ്റ്റന്റ് വാര്‍ഡന്‍. അന്ന് എല്ലാ പ്രശ്നങ്ങളും ഒത്തുതീര്‍പ്പാക്കി എന്നു കരുതിയിരിക്കുമ്പോഴാണ് ഇപ്പോള്‍ ഈ മാനനഷ്ടക്കേസ് വരുന്നത്. ഞങ്ങളോടുള്ള വൈരാഗ്യം തന്നെയാണ് കാര്യം.ഞങ്ങളെക്കുറിച്ച് മീറ്റിംഗില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ അവര്‍ നിഷേധിക്കുകയാണ്. ഹോസ്റ്റല്‍ ഗ്രാന്റ് ഇവര്‍ തടഞ്ഞുവച്ചു എന്ന പേരില്‍ നേരത്തേയും ഇവരുടെ പേരില്‍ പരാതിയുയര്‍ന്നിട്ടുള്ളതാണ്. അന്ന് പ്രശ്നമുണ്ടാക്കിയ ഒരു കുട്ടിയെ റൂമില്‍ വിളിച്ച് ശകാരിക്കുകയും ചെയ്തിരുന്നു. ഗ്രാന്റ് ആറേഴു മാസം പിടിച്ചുവച്ചു എന്നായിരുന്നു അന്നത്തെ പരാതി. ‘
മാര്‍ച്ച് ആദ്യവാരമാണ് ഹോസ്റ്റലിലെ ‘മൂവ്മെന്റ് രജിസ്റ്ററില്‍’ ആലപ്പുഴയ്ക്ക് പോകുന്നുവെന്ന് രേഖപ്പെടുത്തി വിദ്യാര്‍ത്ഥിനികള്‍ സഹപാഠിയുടെ സഹോദരിയുടെ വിവാഹത്തിനു തിരിക്കുന്നത്. എന്നാല്‍, കോഴിക്കോട് റെയില്‍വേസ്റ്റേഷനിലെത്തിയപ്പോള്‍, സീനിയര്‍ ബാച്ചിലെ സുഹൃത്തുക്കള്‍ ക്ലാസ് ടൂറിന്റെ ഭാഗമായി ഗോവയിലെത്തിയിട്ടുണ്ടെന്നറിഞ്ഞ് ആലപ്പുഴയിലേക്കുള്ള യാത്ര മാറ്റിവച്ച് ഗോവയ്ക്കു തിരിക്കുകയായിരുന്നു. ഗോവയിലെത്തി സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചതിനു ശേഷം രാത്രി താമസിക്കുന്ന ഹോട്ടലിലെത്തിയ വിദ്യാര്‍ത്ഥിനികളെ ടൂര്‍ സംഘത്തിനൊപ്പമുണ്ടായിരുന്ന അധ്യാപകന്‍ തിരിച്ചറിയുകയും ഹോസ്റ്റലില്‍ വിവരമറിയിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ പിറ്റേന്ന് ഹോസ്റ്റലില്‍ തിരിച്ചെത്തുന്നതിനു മുന്‍പായിത്തന്നെ, അടിയന്തിര ജനറല്‍ബോഡി യോഗം വിളിച്ച ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്‍, വിദ്യാര്‍ത്ഥികളോടു പറഞ്ഞത് വാസ്തവവിരുദ്ധമായ കഥകളായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ രണ്ടുപേരും ‘സ്ത്രീത്വത്തിന് അപമാനകരമായ രീതിയില്‍’ ആണ് പെരുമാറിയിരിക്കുന്നതെന്നും, അവരെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നുവെന്നുമായിരുന്നു അധ്യാപികയുടെ പരാമര്‍ശം. ഇവരുടെ വീടുകളില്‍ വിളിച്ച് തെറ്റിദ്ധാരണാജനകമായി വാര്‍ത്തകള്‍ കൈമാറുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥിനികള്‍ സ്വതന്ത്രമായി സഞ്ചരിച്ചതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതി ആദ്യമേ വിദ്യാര്‍ത്ഥിനികള്‍ ഉയര്‍ത്തിയിരുന്നു. തങ്ങളെ നേരിട്ടു വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാതെ, ജനറല്‍ ബോഡി യോഗം വിളിച്ച് തങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചതിലും ഇവര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഒറ്റയ്ക്ക് ഗോവയില്‍പ്പോയ വിദ്യാര്‍ത്ഥിനികളുടേത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നായിരുന്നു ഹോസ്റ്റല്‍ അധികൃതരുടെ പക്ഷം. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ക്ലാസ് ടൂറുകളില്‍ പങ്കെടുക്കാന്‍ യാതൊരു തടസ്സങ്ങളുമില്ലാതെ ആണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ നിന്നു പോകാറുള്ളിടത്താണ്, വിദ്യാര്‍ത്ഥിനികള്‍ക്കു മാത്രം ഇത്തരം അപവാദപ്രചരണങ്ങള്‍ നേരിടേണ്ടിവന്നിരിക്കുന്നത്.
കേരള വര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പെറ്റീഷനില്‍ വിധി പ്രസ്താവിച്ച്, കേരള ഹൈക്കോടതി ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് നിര്‍ണായകമായ പല നിരീക്ഷണങ്ങളും നടത്തിയത് ദിവസങ്ങള്‍ക്കു മുന്‍പാണ്. വിധിയനുസരിച്ച് വിദ്യാര്‍ത്ഥിനികളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാതെയുള്ള സമയക്രമം നിശ്ചയിക്കുന്നതുമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കെതിരെ കേരളവര്‍മ്മയിലെ വിദ്യാര്‍ത്ഥിനികള്‍ ഇപ്പോഴും പോരാട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ ചേര്‍ത്തുവായിക്കപ്പെടേണ്ടതാണ് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ തനിച്ചു നേരിടുന്ന ഹോസ്റ്റല്‍ പ്രതിസന്ധി. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന ഹോസ്റ്റല്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചില്ല എന്ന പേരില്‍ വിദ്യാര്‍ത്ഥിനികളെ ഒറ്റപ്പെടുത്തുകയും, ഡി.വൈ.എസ്.പിയുടെ അടുക്കല്‍പ്പോലും വിളിച്ചുവരുത്തി മാനസികമായി സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വീണ്ടും അരങ്ങേറുന്നത്, ഹോസ്റ്റല്‍ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില്‍ത്തന്നെയാണ്. ഒറ്റയ്ക്ക് ഗോവയിലേക്ക് യാത്ര ചെയ്തുവെന്നതിന് ‘സ്ത്രീത്വത്തിന് അപമാനകരമായ കാര്യങ്ങള്‍’ ചെയ്യുന്നവരാക്കി വിദ്യാര്‍ത്ഥികളെ മാറ്റുന്ന ഹോസ്റ്റല്‍ അധികൃതര്‍ക്കൊപ്പം ചേര്‍ന്ന് പൊലീസുദ്യോഗസ്ഥരും നിലപാടെടുക്കുന്നതോടെ, വിദ്യാര്‍ത്ഥിനികളും ഏറെ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.