UPDATES

ട്രെന്‍ഡിങ്ങ്

സര്‍ഫാസി നിയമത്തിന്റെ ഇര, പോരാട്ടത്തിനൊടുവില്‍ കിടപ്പാടം തിരിച്ചു പിടിച്ച് ആത്മവിശ്വാസത്തോടെ പ്രീത ഷാജി

ഇടപ്പള്ളി സ്വദേശിയായ പ്രീത ഷാജിയുടെ വീടും സ്ഥലവും ലേലത്തില്‍ വിറ്റ നടപടി ഇന്നലെ ഹൈക്കോടതി റദ്ദാക്കി. വായ്പാ തുകയും പലിശയും ബാങ്കില്‍ തിരിച്ചടച്ചാല്‍ സ്വത്ത് കൈവശം വക്കാം എന്നാണ് കോടതി വിധി

“കോടതി അവസാനം അനുകൂലമായി വിധിച്ചു. എനിക്കെന്റെ കിടപ്പാടം നഷ്ടപ്പെടില്ല. ഇനിയത് ഞാന്‍ തിരിച്ചെടുക്കും. ആരോടൊക്കെയാ നന്ദി പറയണ്ടതെന്നറിയില്ല”, കാലങ്ങള്‍ക്ക് ശേഷം പ്രീത ഷാജിയുടെ മുഖത്ത് ചിരിവിടര്‍ന്നു. കരഞ്ഞുകൊണ്ട് കിടപ്പാടം നഷ്ടപ്പെടുന്നതിന്റെ വേദനകള്‍ മാത്രം പങ്കുവച്ചിരുന്ന പ്രീത ചിരിയോടെ, അങ്ങേയറ്റം ആശ്വാസത്തിലാണ് ഹൈക്കോടതി വിധിയെക്കുറിച്ച് സംസാരിച്ചത്. “നാല്‍പ്പത്തിമൂന്ന് ലക്ഷം ബാങ്കിന് കൊടുക്കണം. ഒന്നരലക്ഷം ലേലത്തില്‍ ഭൂമി വാങ്ങിയയാള്‍ക്കും. എന്നാലും സാരമില്ല. അത് ഞങ്ങള്‍ എങ്ങനെയെങ്കിലും ഒപ്പിച്ചു കൊടുക്കും. വലിയ കടമ്പ കടന്നുകിട്ടി.”

ഇടപ്പള്ളി സ്വദേശിയായ പ്രീത ഷാജിയുടെ വീടും സ്ഥലവും ലേലത്തില്‍ വിറ്റ നടപടി ഇന്നലെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. വായ്പാ തുകയും പലിശയും ബാങ്കില്‍ തിരിച്ചടച്ചാല്‍ സ്വത്ത് കൈവശം വയ്ക്കാം എന്നാണ് കോടതി വിധി. പലിശയടക്കം 43,51,362 രൂപ ബാങ്കില്‍ അടയ്ക്കണം. പണം നല്‍കാന്‍ ഒരു മാസത്തെ സാവകാശവും കോടതി അനുവദിച്ചിട്ടുണ്ട്. മുമ്പ് ഈ ഭൂമിയും വീടും ലേലത്തില്‍ വാങ്ങിയ രതീഷിന് 1,89,000 രൂപ നല്‍കണമെന്നും ഹൈക്കോടതി വിധിച്ചു. പ്രീത ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും റദ്ദാക്കി. എന്നാല്‍ ഒരു മാസത്തിനകം പണമടച്ചില്ലെങ്കില്‍ ബാങ്കിന് വീണ്ടും സ്ഥലം ലേലം ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നു. ലേലനടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭര്‍ത്താവ് എം വി ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

“ലേലം റദ്ദാക്കിയ ഹൈക്കോടതി വിധി സര്‍ഫാസി നിയമത്തിന്റെ കുരുക്കില്‍ പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ആശ്വാസമാവും. കോടതി പറഞ്ഞ പണം തിരിച്ചടച്ച് ഞങ്ങള്‍ തിരികെ ആ വീട്ടില്‍ കയറും,” പ്രീത തുടര്‍ന്നു. നാളുകളായി പ്രീതയും കുടുംബവും സമരത്തിലാണ്. നിരവധി സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിരന്തരം പ്രീതയ്ക്ക് പിന്തുണ നല്‍കി സമരത്തിന് ശക്തിയേകി. ഇതിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ തളരാതെ പൊരുതിയ പ്രീതയ്ക്ക് മുന്നില്‍ ഒടുവില്‍ ഹൈക്കോടതി അലിവുകാട്ടി.

Also Read: എടുക്കാത്ത വായ്പ, ഇപ്പോള്‍ വീടും സ്ഥലവും ജപ്തി; ഈ കുടുംബം ഇല്ലാതാകുന്നതിന് മുമ്പ് മുഖ്യമന്ത്രീ, വാക്ക് പാലിക്കണം

1994-ലാണ് ഷാജി അകന്ന ബന്ധുവായ സാജന് വേണ്ടി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ലോര്‍ഡ് കൃഷ്ണാ ബാങ്കിന്റെ ആലുവാ ശാഖയില്‍ വായ്പാ ജാമ്യം നില്‍ക്കുന്നത്. രണ്ട് ലക്ഷം രൂപ വായ്പയ്ക്ക് ഷാജിയുടെ 22.5 സെന്റ് ഭൂമി ഈട് വച്ചായിരുന്നു ഇത്. 20.75 ശതമാനം പലിശയ്ക്കായിരുന്നു വായ്പ. കടം തിരിച്ചടക്കാതെ വന്നതോടുകൂടി കടബാധ്യത ഷാജിയുടെ മേല്‍ വന്നു ചേരുകയായിരുന്നു. “കടം തിരിച്ചടക്കേണ്ട ബാധ്യത ആയതോട് കൂടി 1997ല്‍ ജാമ്യം വച്ചതില്‍ നിന്നും നാല് സെന്റ് വിറ്റ് ഒരു ലക്ഷം അടച്ചു. എന്നാല്‍ അവര്‍ പറയുന്ന കൊള്ളപ്പലിശ വീട്ടാനുള്ള വരുമാനം ഞങ്ങള്‍ക്കില്ല. ഒരു ഒത്തുതീര്‍പ്പിനും അവര്‍ തയ്യാറായില്ല”, നഷ്ടത്തിലായ ലോര്‍ഡ് കൃഷ്ണ ബാങ്ക് 2007ല്‍ പഞ്ചാബ് ആസ്ഥാനമായുള്ള സെഞ്ചൂറിയന്‍ ബാങ്കില്‍ ലയിക്കുകയും തൊട്ടടുത്ത വര്‍ഷം എച്ച്ഡിഎഫ്സി ബാങ്ക് സെഞ്ചൂറിയന്‍ ബാങ്ക് ഏറ്റെടുക്കുകയും ചെയ്തു. ഇതോടുകൂടി കടബാധ്യത എച്ച്ഡിഎഫ്സി ബാങ്കിലായി. 2010 ആവുമ്പോഴേക്കും ഷാജിയുടേയും കുടുംബത്തിന്റെയും ബാധ്യത ഒരു കോടിയോളം ആയി ഉയര്‍ന്നു. 2013ല്‍ പണയത്തിലുള്ള വീടും പുരയിടവും സര്‍ഫാസി നിയമപ്രകാരം വില്‍ക്കുകയും കടം തിരിച്ചു പിടിക്കുകയും ചെയ്യുക എന്ന തീരുമാനത്തിലേക്ക് ബാങ്ക് എത്തിച്ചേര്‍ന്നു. രണ്ട് ലക്ഷം രൂപയ്ക്ക് ജാമ്യം നിന്ന ഷാജിയും കുടുംബവും രണ്ട് കോടി എഴുപത് ലക്ഷം രൂപയടക്കണമെന്നായി ബാങ്ക്. ബാങ്ക് അധികൃതരും റിയല്‍ എസ്റ്റേറ്റ് മാഫിയയും ചേര്‍ന്ന് കടം പെരുപ്പിച്ച് കാണിച്ച് വീടും പുരയിടവും സ്വന്തമാക്കാന്‍ ശ്രമിച്ചതായാണ് പ്രീത ആരോപിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മാഫിയ 37,80,000 രൂപയ്ക്ക് ലേലത്തില്‍ പിടിച്ച വീടും സ്ഥലവും തിരിച്ച് പിടിക്കാന്‍ 60 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല.

പ്രീതയുടെ വീടും പുരയിടവും ലേലത്തില്‍ പിടിച്ച രതീഷ് നാരായണന്‍ എന്നയാള്‍ 2014-ല്‍ തങ്ങളുടെ വീട്ടില്‍ എത്തിയപ്പോഴാണ് സ്വന്തം കിടപ്പാടം നഷ്ടമായെന്ന വിവരം അറിയുന്നതെന്നാണ് പ്രീതയും ഷാജിയും പറയുന്നത്. 37,80,000 രൂപയ്ക്ക് ആയിരുന്നു രതീഷ് ഇവരുടെ വീടും പുരയിടവും ഓണ്‍ലൈന്‍ ലേലത്തില്‍ പിടിച്ചത്. എന്നാല്‍ അന്ന് രതീഷിനു മുന്നില്‍ ഇവര്‍ പ്രതിഷേധം തീര്‍ത്തു. അതോടെ രതീഷ് മടങ്ങിപ്പോയി. തങ്ങളുടെ വീടും സ്ഥലവും നഷ്ടമായെന്നറിഞ്ഞതോടെ പ്രീതയും ഷാജിയും നിവേദനങ്ങളും പരാതികളുമായി പലയിടത്തും കയറിയിറങ്ങി. തങ്ങള്‍ സ്വാഭാവിക നിയമനടപടികള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നു പറഞ്ഞ് ബാങ്ക് അവരെ കൈയൊഴിഞ്ഞു. വീടും പറമ്പും ജപ്തി ചെയ്യുമെന്നതായതോടെ തങ്ങള്‍ക്കുള്ള പതിനെട്ടര സെന്റ് സ്ഥലത്ത് നിന്ന് ഏഴ് സെന്റ് ബാങ്കിന് നല്‍കാമെന്ന് പറഞ്ഞെങ്കിലും ബാങ്ക് ഭൂമി ഏറ്റെടുക്കാന്‍ തയാറായില്ല. ഇതിനു പിന്നാലെ ബാങ്ക് വീടും സ്ഥലവും ഓണ്‍ലൈന്‍ ലേലത്തിന് വെച്ചു. തങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് പോലും അയച്ചില്ലെന്നും പ്രീത പറയുന്നു. ഓണ്‍ലൈന്‍ ലേലത്തില്‍ ഒരു സ്വകാര്യ വ്യക്തി വീടും പുരയിടവും സ്വന്തമാക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ സങ്കട ഹര്‍ജി നല്‍കിയിട്ടും കാര്യമുണ്ടായില്ല. മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി. ജനപ്രതിനിധികളെ കണ്ട് തങ്ങളുടെ ദയനീയാവസ്ഥ പറഞ്ഞു. പരിഹാരങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് കണ്ടതോടെ വീടിനു മുന്നില്‍ ഒരു കട്ടില്‍ ഇട്ട് അതില്‍ കിടന്ന് പ്രീത സമരം തുടങ്ങി. ഈ സമരം ഒരു വര്‍ഷത്തോളം നീണ്ടിട്ടും ഒരു ഇടപെടലും ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ജപ്തി നടപടികളുമായി ബാങ്ക് അധികൃതര്‍ എത്തിയപ്പോള്‍ പ്രീതയും കുടുംബവും ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് വീട് ഏറ്റെടുക്കാന്‍ നില്‍ക്കാതെ ബാങ്ക് അധികൃതര്‍ മടങ്ങുകയായിരുന്നു. ഇതിനുശേഷം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നിനും ഫലമുണ്ടായില്ല.

Also Read: സർഫാസി നിയമം: കോർപ്പറേറ്റുകൾക്ക് വാജ്പേയി സര്‍ക്കാര്‍ നൽകിയ സമ്മാനം

പാര്‍പ്പിട സംരക്ഷണ സമിതി, സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം, സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനയ്‌ക്കെതിരായ സമരസമിതി, ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധസമിതി എന്നീ സംഘനകളുടെ നേതൃത്വത്തില്‍ നിരാഹാര സമരം ഉള്‍പ്പെടെ പ്രീത ഷാജി വിവിധ സമരങ്ങള്‍ നടത്തിയെങ്കിലും ഒന്നിനും വേണ്ട ഫലം ഉണ്ടായില്ല. 222 ദിവസത്തോളം നടത്തിയ സമരം ഫലം കാണാതെ വന്നപ്പോഴാണ് പ്രീത അനിശ്ചിതകാല നിരാഹാര സമരം നടത്തി. നിരാഹര സമരമാരംഭിച്ച് 19ാം ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ നേരിട്ടിടപെട്ടു. ജില്ലാ ഭരണകൂടം പ്രീതയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ചു. ജപ്തി നടപടികള്‍ നിന്ന് ഒഴിവാക്കാമെന്നും പ്രശ്ന പരിഹാരം കാണാമെന്നും വാഗ്ദാനം നല്‍കിയ സര്‍ക്കാര്‍ പക്ഷെ പിന്നീട് ഒരു നടപടിയും സ്വീകരിച്ചില്ല. അതോടെ പ്രീതയും കുടുംബവും വീണ്ടും സമരമാരംഭിച്ചു. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നു എന്നും സമരത്തിനും ഞങ്ങള്‍ക്കുമൊപ്പം നിന്നവരാണ് ഞങ്ങളുടെ വിജയത്തിന് പിന്നിലെന്നും പ്രീത പറയുന്നു. “അവരില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ എന്നേ തെരുവിലിറങ്ങിയേനെ. ഇത്രയും കാലം ഒന്നിച്ച് ഞങ്ങളോടൊപ്പം നിന്നു. ഈ വിജയം അവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്'”, ബാങ്കില്‍ അടക്കാനുള്ള പണം സ്വരുക്കൂട്ടുകയാണ് ഇനി അടുത്ത ഉദ്യമം. അതിനാവും ഇനി നാളെ മുതലുള്ള ജീവിതമെന്ന് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തില്‍ വിജയം കണ്ട പ്രീത പറയുന്നു.

Also Read: എടുത്തത് 3 ലക്ഷം, തിരിച്ചടച്ചത് 3.40 ലക്ഷം, ഇപ്പോള്‍ ബാങ്കിന് വേണ്ടത് 10 ലക്ഷം, മന്ത്രിയുടെ ഉത്തരവിനും പുല്ലുവില, വീടും ജപ്തി ചെയ്തു; സര്‍ഫാസി നിയമം നാണുവിനോട് ചെയ്യുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍