UPDATES

പ്രീത ഷാജിയുടേത് കിടപ്പാടം തിരിച്ചുപിടിച്ച ഒരു വീട്ടമ്മയുടെ പോരാട്ടം മാത്രമല്ല, ബാങ്കുകള്‍ നടത്തുന്ന കൊള്ളയ്ക്കെതിരെ ഒരു സമൂഹം നടത്തുന്ന പോരാട്ടത്തിലെ ആദ്യ ചുവടാണ്

പാര്‍പ്പിട സംരക്ഷണ സമിതി, സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം, സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനയ്ക്കെതിരായ സമരസമിതി, ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധസമിതി, ജനാധിപത്യ മനുഷ്യാവകാശ പ്രസ്ഥാനം എന്നീ സംഘനകളുടെ നേതൃത്വത്തില്‍ നിരാഹാര സമരം ഉള്‍പ്പെടെ നടത്തി

ഒരു മാസത്തിനുള്ളില്‍ 44 ലക്ഷം രൂപ ബാങ്കില്‍ കെട്ടി വയ്ക്കണം. അത്രയും തുക നല്‍കാനായില്ലെങ്കില്‍ വീടും കിടപ്പാടവും ബാങ്കിന് സ്വന്തമാവും. ഇതായിരുന്നു ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയ്ക്ക് തന്റെ വീടും പറമ്പും തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി നല്‍കിയ ഒടുവിലത്തെ വ്യവസ്ഥ. ഇത്രയും തുക സാധാരണക്കാരായ പ്രീതയ്ക്കും ഷാജിയ്ക്കും ഒരു മാസത്തിനുള്ളില്‍ സ്വരൂപിക്കാന്‍ കഴിയുമോ എന്നതായിരുന്നു വിധിയ്ക്ക് പിന്നാലെ വന്ന സംശയം. എന്നാല്‍ വിധി വന്നതിന് പിന്നാലെ പ്രീതയെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ ആത്മവിശ്വാസത്തിലായിരുന്നു. ഭൂമിയും വീടും തനിക്ക് സ്വന്തമായി എന്ന് തന്നെ ഉറപ്പിച്ച അത്രയും ആത്മവിശ്വാസവും സന്തോഷവും. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രീത അന്ന് മനസ്സ് തുറന്ന് ചിരിക്കുകയായിരുന്നു. സ്വാഭാവികമായ സംശയത്തില്‍, “നിങ്ങള്‍ക്ക് ഒരു മാസത്തിനുള്ളില്‍ ഇത്രയും വലിയ തുക സംഘടിപ്പിക്കാനാവുമോ?” എന്ന് ചോദിച്ചു. ഒരു നിമിഷം പോലും കാത്തിരിക്കാതെ ഉത്തരം വന്നു, “അത് കിട്ടും. അതുണ്ടാവും. കോടതി ഒന്നയഞ്ഞു എന്ന് തോന്നിയപ്പോള്‍ തന്നെ ഞങ്ങള്‍ പലയിടത്തു നിന്നുമായി കുറച്ച് കുറച്ച് പൈസ കൂട്ടിവച്ചിട്ടുണ്ട്. പത്ത് പതിനഞ്ച് ലക്ഷമുണ്ട്. ബാക്കിയുണ്ടാക്കണം. പക്ഷെ അതും കിട്ടുമെന്നേ. ഞങ്ങളുടെ കൂടെ നില്‍ക്കുന്ന എല്ലാവരും അതിന് വേണ്ടിയുള്ള ഓട്ടം തുടങ്ങിക്കഴിഞ്ഞു. എന്ത് വന്നാലും കിടപ്പാടം വിട്ടുകൊടുക്കില്ല. കോടതി ഇത്രയും കനിവ് കാട്ടി. ഇനി അത് ഞങ്ങള്‍ക്ക് കിട്ടും”,  ആത്മവിശ്വാസത്തോടെയുള്ള ആ മറുപടിയിലുണ്ടായിരുന്നു അവര്‍ക്കുള്ള പിന്തുണയും ശക്തിയും.

അഞ്ച് വര്‍ഷം മുമ്പ് ആരുടേയും കണ്ണില്‍ പെടാത്ത പ്രീതയുടേയും ഷാജിയുടേയും വ്യക്തിപരമായ പ്രശ്‌നം മാത്രമായിരുന്നു അത്. സര്‍ഫാസി നിയമത്തിനെതിരെ ധൈര്യ പൂര്‍വം രംഗത്ത് വന്നുള്ള സമരം ആദ്യമാരും കാര്യമായി എടുത്തില്ല. എന്നാല്‍ പിന്നീട് കേരളം മുഴുവന്‍ പ്രീത ഷാജിയേയും അവര്‍ നടത്തുന്ന പോരാട്ടത്തിന്റേയും നേരറിഞ്ഞു. ഒടുവില്‍ കിടപ്പാടം തിരികെ ലഭിക്കുമ്പോള്‍ അത് പ്രീതയുടെ മാത്രം വിജയമല്ല. നാട്ടുകാരും സംഘടനകളും എല്ലാം ഒന്നിച്ച് നിന്ന് പോരാടിയതിന്റെ വിജയമാണ്. പ്രീതയുടെ വാക്കുകളില്‍ പറഞ്ഞാല്‍, “ഇതൊന്നും എന്റെ വിജയമല്ല. എന്റെ കൂടെ ഊണും ഉറക്കവും കളഞ്ഞ് നിന്നവരുടെ വിജയമാണ്. അവരോടൊന്നും എത്ര നന്ദി പറഞ്ഞാലും തീരില്ല. ഒരാളും അറിയാത്ത, തെരുവില്‍ ഇറങ്ങേണ്ടിയിരുന്ന എനിക്കും കുടുംബത്തിനും വേണ്ടി ഒരു ലാഭവും നോക്കാതെ ഒപ്പം നിന്ന് പോരാടിയവരുടെ വിജയമാണ്. അവരുടെ പ്രയത്‌നം കൊണ്ട് മാത്രമാണ് ഇത് സംഭവിച്ചത്”. സര്‍ഫാസി നിയമത്തിലെ കാണാക്കുരുക്കുകള്‍ക്കെതിരെ ജനങ്ങള്‍, ജനകീയ കൂട്ടായ്മ നേടിയ വിജയം കൂടിയാണ് പ്രീതയ്ക്ക് തിരിച്ചുകിട്ടിയ കിടപ്പാടം. ഒടുവില്‍ ബാങ്കില്‍ കെട്ടിവയ്ക്കാനുള്ള പണം ഹൈക്കോടതി നിര്‍ദ്ദേശിച്ച സമയ പരിധിക്ക് മുമ്പ് തന്നെ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച് നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും വീണ്ടും മാതൃകയായി.

മാര്‍ച്ച് 15ന് മുമ്പായി തുക അടയ്ക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ആ ദിവസമെത്താന്‍ കാത്തു നില്‍ക്കേണ്ടി വന്നില്ല പ്രീതയ്ക്ക്. 5 ദിവസം കൊണ്ട് പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച പണം ഉപയോഗിച്ച് ഡി ഡി നല്‍കി എച്ച്ഡിഎഫ്സി ബാങ്കുമായുള്ള ഇടപാട് അവസാനിപ്പിച്ചു. 43.5 ലക്ഷം രൂപ ബാങ്കിനും, 1.89 ലക്ഷം രൂപ ലേലം കൊണ്ടയാള്‍ക്കും നല്‍കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. സര്‍ഫാസി നിയമത്തിന്റെ ബലത്തില്‍ ഇടപ്പള്ളി സ്വദേശിയായ പ്രീത ഷാജിയുടെ വീടും സ്ഥലവും എച്ച്ഡിഎഫ്‌സി ബാങ്ക് ലേലത്തില്‍ വില്‍ക്കുകയായിരുന്നു. ശക്തമായ ജനകീയ പ്രക്ഷോഭമാണ് സ്വകാര്യ ബാങ്കിനെതിരെ ഉയര്‍ന്നു വന്നത്. ഈ നടപടി ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ക്രൗഡ് ഫണ്ടിങ്ങിനുള്ള ശ്രമം നടന്നത്. 24 ദിവസത്തിനകം തുക അടയ്ക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഓട്ടോറിക്ഷാ ഡ്രൈവറായ ഷാജിക്ക് ഇത്രയും വലിയൊരു തുക കുറഞ്ഞ സമയത്തിനുള്ളില്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ തുക കണ്ടെത്താന്‍ തീരുമാനമായത്. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ മഞ്ഞുമ്മല്‍ സ്വദേശി മനു മൂന്ന് ലക്ഷം രൂപ നല്‍കി ക്രൗഡ് ഫണ്ടിങ്ങിന് തുടക്കമിട്ടു. അത്ഭുതാവഹമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടായത്. സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി സഹായിക്കാന്‍ ഏതാനും വീട്ടമ്മമാരും സന്നദ്ധരായി രംഗത്തു വന്നു. എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ കളമശേരി ബ്രാഞ്ചില്‍ തുറന്ന അക്കൗണ്ടിലൂടെ പണം സ്വരൂപിക്കുകയായിരുന്നു.

1994-ലാണ് ഷാജി അകന്ന ബന്ധുവായ സാജന് വേണ്ടി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ലോര്‍ഡ് കൃഷ്ണാ ബാങ്കിന്റെ ആലുവാ ശാഖയില്‍ വായ്പാ ജാമ്യം നില്‍ക്കുന്നത്. രണ്ട് ലക്ഷം രൂപ വായ്പയ്ക്ക് ഷാജിയുടെ 22.5 സെന്റ് ഭൂമി ഈട് വച്ചായിരുന്നു ഇത്. 20.75 ശതമാനം പലിശയ്ക്കായിരുന്നു വായ്പ. കടം തിരിച്ചടക്കാതെ വന്നതോടുകൂടി കടബാധ്യത ഷാജിയുടെ മേല്‍ വന്നു ചേരുകയായിരുന്നു. കടം തിരിച്ചടക്കേണ്ട ബാധ്യത ആയതോട് കൂടി 1997ല്‍ ജാമ്യം വച്ചതില്‍ നിന്നും നാല് സെന്റ് വിറ്റ് ഒരു ലക്ഷം അടച്ചു. എന്നാല്‍ ബാങ്ക് അടക്കണമെന്ന് നിര്‍ദ്ദേശിച്ച കൊള്ളപ്പലിശ അടക്കാന്‍ ഷാജിക്കോ പ്രീതക്കോ ആവുമായിരുന്നില്ല. നഷ്ടത്തിലായ ലോര്‍ഡ് കൃഷ്ണ ബാങ്ക് 2007ല്‍ പഞ്ചാബ് ആസ്ഥാനമായുള്ള സെഞ്ചൂറിയന്‍ ബാങ്കില്‍ ലയിക്കുകയും തൊട്ടടുത്ത വര്‍ഷം എച്ച്ഡിഎഫ്‌സി ബാങ്ക് സെഞ്ചൂറിയന്‍ ബാങ്ക് ഏറ്റെടുക്കുകയും ചെയ്തു. ഇതോടുകൂടി കടബാധ്യത എച്ച്ഡിഎഫ്‌സി ബാങ്കിലായി. 2010 ആവുമ്പോഴേക്കും ഷാജിയുടേയും കുടുംബത്തിന്റെയും ബാധ്യത ഒരു കോടിയോളം ആയി ഉയര്‍ന്നു. 2013ല്‍ പണയത്തിലുള്ള വീടും പുരയിടവും സര്‍ഫാസി നിയമപ്രകാരം വില്‍ക്കുകയും കടം തിരിച്ചു പിടിക്കുകയും ചെയ്യുക എന്ന തീരുമാനത്തിലേക്ക് ബാങ്ക് എത്തിച്ചേര്‍ന്നു. രണ്ട് ലക്ഷം രൂപയ്ക്ക് ജാമ്യം നിന്ന ഷാജിയും കുടുംബവും രണ്ട് കോടി എഴുപത് ലക്ഷം രൂപയടക്കണമെന്നായി ബാങ്ക്. ബാങ്ക് അധികൃതരും റിയല്‍ എസ്റ്റേറ്റ് മാഫിയയും ചേര്‍ന്ന് കടം പെരുപ്പിച്ച് കാണിച്ച് വീടും പുരയിടവും സ്വന്തമാക്കാന്‍ ശ്രമിച്ചതായാണ് പ്രീത ആരോപിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മാഫിയ 37,80,000 രൂപയ്ക്ക് ലേലത്തില്‍ പിടിച്ച വീടും സ്ഥലവും തിരിച്ച് പിടിക്കാന്‍ 60 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

പ്രീതയുടെ വീടും പുരയിടവും ലേലത്തില്‍ പിടിച്ച രതീഷ് നാരായണന്‍ എന്നയാള്‍ 2014-ല്‍ തങ്ങളുടെ വീട്ടില്‍ എത്തിയപ്പോഴാണ് സ്വന്തം കിടപ്പാടം നഷ്ടമായെന്ന വിവരം അറിയുന്നതെന്നാണ് പ്രീതയും ഷാജിയും പറയുന്നത്. 37,80,000 രൂപയ്ക്ക് ആയിരുന്നു രതീഷ് ഇവരുടെ വീടും പുരയിടവും ഓണ്‍ലൈന്‍ ലേലത്തില്‍ പിടിച്ചത്. എന്നാല്‍ അന്ന് രതീഷിനു മുന്നില്‍ ഇവര്‍ പ്രതിഷേധം തീര്‍ത്തു. അതോടെ രതീഷ് മടങ്ങിപ്പോയി. തങ്ങളുടെ വീടും സ്ഥലവും നഷ്ടമായെന്നറിഞ്ഞതോടെ പ്രീതയും ഷാജിയും നിവേദനങ്ങളും പരാതികളുമായി പലയിടത്തും കയറിയിറങ്ങി. തങ്ങള്‍ സ്വാഭാവിക നിയമനടപടികള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നു പറഞ്ഞ് ബാങ്ക് അവരെ കൈയൊഴിഞ്ഞു. വീടും പറമ്പും ജപ്തി ചെയ്യുമെന്നതായതോടെ തങ്ങള്‍ക്കുള്ള പതിനെട്ടര സെന്റ് സ്ഥലത്ത് നിന്ന് ഏഴ് സെന്റ് ബാങ്കിന് നല്‍കാമെന്ന് പറഞ്ഞെങ്കിലും ബാങ്ക് ഭൂമി ഏറ്റെടുക്കാന്‍ തയാറായില്ല. ഇതിനു പിന്നാലെ ബാങ്ക് വീടും സ്ഥലവും ഓണ്‍ലൈന്‍ ലേലത്തിന് വെച്ചു. തങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് പോലും അയച്ചില്ലെന്നും പ്രീത പറയുന്നു. ഓണ്‍ലൈന്‍ ലേലത്തില്‍ ഒരു സ്വകാര്യ വ്യക്തി വീടും പുരയിടവും സ്വന്തമാക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ സങ്കട ഹര്‍ജി നല്‍കിയിട്ടും കാര്യമുണ്ടായില്ല. മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി. ജനപ്രതിനിധികളെ കണ്ട് തങ്ങളുടെ ദയനീയാവസ്ഥ പറഞ്ഞു. പരിഹാരങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് കണ്ടതോടെ വീടിനു മുന്നില്‍ ഒരു കട്ടില്‍ ഇട്ട് അതില്‍ കിടന്ന് പ്രീത സമരം തുടങ്ങി. ഈ സമരം ഒരു വര്‍ഷത്തോളം നീണ്ടിട്ടും ഒരു ഇടപെടലും ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ജപ്തി നടപടികളുമായി ബാങ്ക് അധികൃതര്‍ എത്തിയപ്പോള്‍ പ്രീതയും കുടുംബവും ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് വീട് ഏറ്റെടുക്കാന്‍ നില്‍ക്കാതെ ബാങ്ക് അധികൃതര്‍ മടങ്ങുകയായിരുന്നു. ഇതിനുശേഷം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നിനും ഫലമുണ്ടായില്ല.

പാര്‍പ്പിട സംരക്ഷണ സമിതി, സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം, സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനയ്ക്കെതിരായ സമരസമിതി, ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധസമിതി, ജനാധിപത്യ മനുഷ്യാവകാശ പ്രസ്ഥാനം എന്നീ സംഘനകളുടെ നേതൃത്വത്തില്‍ നിരാഹാര സമരം ഉള്‍പ്പെടെ പ്രീത ഷാജി വിവിധ സമരങ്ങള്‍ നടത്തിയെങ്കിലും ഒന്നിനും വേണ്ട ഫലം ഉണ്ടായില്ല. 222 ദിവസത്തോളം നടത്തിയ സമരം ഫലം കാണാതെ വന്നപ്പോഴാണ് പ്രീത അനിശ്ചിതകാല നിരാഹാര സമരം നടത്തി. നിരാഹര സമരമാരംഭിച്ച് 19ാം ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ നേരിട്ടിടപെട്ടു. ജില്ലാ ഭരണകൂടം പ്രീതയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ചു. ജപ്തി നടപടികള്‍ നിന്ന് ഒഴിവാക്കാമെന്നും പ്രശ്‌ന പരിഹാരം കാണാമെന്നും വാഗ്ദാനം നല്‍കിയ സര്‍ക്കാര്‍ പക്ഷെ പിന്നീട് ഒരു നടപടിയും സ്വീകരിച്ചില്ല. അതോടെ പ്രീതയും കുടുംബവും വീണ്ടും സമരമാരംഭിച്ചു. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നു എന്നും സമരത്തിനും ഞങ്ങള്‍ക്കുമൊപ്പം നിന്നവരാണ് ഞങ്ങളുടെ വിജയത്തിന് പിന്നിലെന്നും പ്രീത പറയുന്നു. സമരത്തിനിടയില്‍ പ്രവര്‍ത്തകരില്‍ പലരും അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ അതൊന്നും സമരവീര്യം തകര്‍ത്തില്ല. മാര്‍ച്ചുകളും, പ്രതിഷേധ പ്രകടനങ്ങളും, കണ്‍വന്‍ഷനുകളുമായി പ്രതിഷേധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ കോടതി ഉപാധിയോടെ ബാങ്കിന്റെ ലേല നടപടി റദ്ദാക്കി. പണം തിരിച്ചടച്ചാല്‍ സ്വത്ത് കൈവശം വക്കാന്‍ പ്രീതയ്ക്ക് കഴിയുമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. നൂറ് കണക്കിന് മനുഷ്യരുടെ കൂട്ടായ്മയിലൂടെ ആ കടമ്പയും കടന്ന് പ്രീതയും ഷാജിയും തങ്ങളുടെ സ്വന്തമായ വീട് തിരിച്ചുപിടിച്ചിരിക്കുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍